scorecardresearch

എൽനയുടെ റെസിപ്പിയും രാജിയുടെ കൈപ്പുണ്യവും; ഒന്നാം സ്ഥാനം അടിച്ചെടുത്ത് പോസരു തോരൻ

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്കൂൾ പാചകത്തൊഴിലാളികൾക്കായി നടത്തിയ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിഭവമാണ് 'പോസരു തോരൻ'. ഈ കറിയുടെ ഗുണങ്ങൾ എന്തൊക്കെ? പോസരു തോരൻ എങ്ങനെ തയ്യാറാക്കണം? കൂടുതൽ അറിയാം

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്കൂൾ പാചകത്തൊഴിലാളികൾക്കായി നടത്തിയ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിഭവമാണ് 'പോസരു തോരൻ'. ഈ കറിയുടെ ഗുണങ്ങൾ എന്തൊക്കെ? പോസരു തോരൻ എങ്ങനെ തയ്യാറാക്കണം? കൂടുതൽ അറിയാം

author-image
Bhagyalakshmi G
അപ്‌ഡേറ്റ് ചെയ്‌തു
New Update
Posaru Thoran Leafy Vegetable Recipe

15 തരം ഇലകളാണ് പോസരു തോരനിൽ ചേരുവയായി ഉപയോഗിച്ചിരിക്കുന്നത്.

''ഒരു ചെടി നട്ടാൽ അത് പൂക്കാനും കായ്ക്കാനുമാണ് താമസമുള്ളത്, അതിൽ ഇലകൾ എപ്പോഴും ഉണ്ടാകും. അത് നമ്മൾ കറിയാക്കി മാറ്റുന്നു'' മൂവാറ്റുപുഴക്കടുത്ത് കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂളിലെ അധ്യാപിക എൽനയുടെ വാക്കുകളാണിത്. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ രുചിരം 2024 എന്ന പേരിൽ എറണാകുളം ജില്ലയിൽ വച്ച് സ്കൂൾ പാചകത്തൊഴിലാളികൾക്കായി നടത്തിയ പാചക മത്സരത്തിലെ ജേതാവാണ് എ. ജി. രാജി.

Advertisment

സ്കൂളിലെ പാചക ജീവനക്കാരിയായ എ. ജി. രാജിയുടെ കൈപ്പുണ്യത്തിൽ ഒരുങ്ങിയ 'പോസരു തോര'നായിരുന്നു മത്സരത്തിലെ താരം. പേര് കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. പോഷക സമൃദ്ധം രുചികരം എന്നതിൻ്റെ ചുരുക്ക പേരാണ് 'പോസരു തോരൻ'. സ്കൂളിലെ ഭക്ഷണ വിതരണ ചുമതലയുള്ള എൽന അജിത്കുമാർ എന്ന അധ്യാപികയുടെ റെസിപ്പിയും രാജിയുടെ കൈപ്പുണ്യവും ചേർന്നപ്പോൾ പോസരു തോരൻ ഏവരേയും ഞെട്ടിച്ചു.

''ഇലകൾ ചേർത്ത് കൊടുത്തു തുടങ്ങിയപ്പോൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. ചോറിനൊപ്പവും മുട്ടത്തോരനിലുമാണ് ഇത് ചേർക്കാറുള്ളത്. കുട്ടികൾക്ക് ഈ ഇലകൾ എന്തൊക്കെയാണെന്ന് അറിയാനും താൽപ്പര്യമുണ്ട്,'' എന്ന് രാജി പറയുന്നു. 

Posaru Thoran Green Leafy vegetable Curry Recipe Benefits

Advertisment

വൈകിട്ട് വീട്ടിൽ എത്തിയാൽ എന്തെങ്കിലും സ്നാക്സോ അല്ലെങ്കിൽ ബേക്കറി, ഹോട്ടൽ വിഭവങ്ങളോ ആയിരിക്കും അധികം കുട്ടികളും കഴിക്കുക. അതുകൊണ്ട് ഉച്ചഭക്ഷണം കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നാണ് എൽനടീച്ചറുടെ അഭിപ്രായം. ഭക്ഷണം കഴിക്കാൻ മടികാട്ടുന്ന തൻ്റെ മകനു വേണ്ടി രസകരമായ റെസിപ്പികൾ തയ്യാറാക്കി തുടങ്ങിയതിലൂടെ എൽന കണ്ടെത്തിയ വിഭവമാണ് ഇപ്പോൾ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിലും പ്രധാനി ആയിരിക്കുന്നത്.

കുട്ടികളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് ഇങ്ങനെയൊരു വിഭവം മുമ്പോട്ട് വച്ചത് എന്ന് പ്രധാനാധ്യാപകൻ വിൻസൻ്റ് ജോസഫ് പറയുന്നു. ''ഇലകൾ പ്രത്യേകം ഒരു കറിയായി തയ്യാറാക്കി കൊടുത്താൽ കുട്ടികൾ കഴിക്കാൻ മടികാണിക്കും. അതു കൊണ്ട് ചോറിനൊപ്പം കലർത്തി പുലാവ് പോലെയും മുട്ടയിൽ ചേർത്ത് തോരനാക്കിയും നൽകും. അപ്പോ ഒരു മടിയും കൂടാതെ കഴിക്കും. അത് കൊള്ളാം എന്നവർ വന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷമാണ്'' രാജി പറഞ്ഞു. 

Posaru Thoran Green Leafy vegetable Curry Recipe Benefits  1

ഉപജില്ലാ മത്സരത്തിൽ നിന്ന് വിജയിച്ചാണ് രാജി ജില്ലാ തലത്തിലേക്ക് എത്തിയത്. ഇനി സംസ്ഥാന തലത്തിലുള്ള മത്സരമാണ് ഉള്ളത്. '' അതിനായി  ഇതുപോലെ ജൈവപച്ചക്കറികൾ ഇലവർഗങ്ങൾ എന്നിവ ഉപയോഗിച്ചുള്ള എന്തെങ്കിലും വിഭവമാകും തയ്യാറാക്കുക, അത് തീരുമാനമായിട്ടില്ല.'' എന്ന് രാജി പറയുന്നു. 

മുരിങ്ങയില, പയറില, ചീരച്ചേമ്പില, കോവലില, മത്തയില, തകര, വേലിച്ചീര, സാമ്പാറ്ചീര, പൊന്നാങ്കണ്ണിച്ചീര, കുടങ്ങൽ, ആഫ്രിക്കൻ മല്ലിയില, ചായാമൻസ, ചെറുപയർ മുളപ്പിച്ചത്, കറിവേപ്പില, പൊന്നാരിവീരൻ എന്നിങ്ങനെ 15 തരം ഇലകളാണ് പോസരു തോരനിൽ ചേരുവയായി ഉപയോഗിച്ചിരിക്കുന്നത്.

Posaru Thoran

വിറ്റാമിനുകളും, ആൻ്റി ഓക്സിഡൻ്റുകൾ എന്നിങ്ങനെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി തുടങ്ങി ദഹനാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന ധാരാളം പോഷകങ്ങളാണ് പോസരുതോരനിൽ അടങ്ങിയിരിക്കുന്നത്.

''എല്ലാ ഇലകളിലും ധാരാളം വൈറ്റമിൻ എ, ഫോളേറ്റ്, കാൽസ്യം, എന്നിവയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ആരോഗ്യത്തിന് നല്ലതാണ്. പ്രായപൂർത്തിയായ ഒരു വ്യക്തി ഒരു ദിവസം 100 ഗ്രാം പച്ചില കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദ്ദേശിക്കുന്നത്'' എന്ന് മുൻ സ്റ്റേറ്റ് ന്യൂട്രീഷൻ പ്രോഗ്രാം ഓഫീസർ ഡോ. അനിത മോഹൻ വ്യക്തമാക്കുന്നത്.   

പച്ചിലകൾ പാകം ചെയ്ത് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇല വർഗങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ 'അമിതമായാൽ അമൃതും വിഷം' എന്ന കാര്യം ഓർമയിൽ വയ്ക്കുക. അളവിൽ കൂടുതൽ ഇലകൾ കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പ്രത്യേകിച്ച് മുരിങ്ങയില പോലെയുള്ളവ ഗ്യാസ്, വയറു വീർക്കൽ, വേദന എന്നിങ്ങനെ ദഹനസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. ഇലകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഒരു പരിധി വരെ ദഹന പ്രക്രിയക്ക് നല്ലതാണ് എന്നാൽ അതും അളവിൽ കൂടുതലായാൽ വയറുവീർക്കലിലേയ്ക്ക് നയിക്കും എന്ന് ഡോ. അനിത പറയുന്നു. 

ഇലകൾ പാചകം ചെയ്തെടുത്താൽ ഉടൻ തന്നെ കഴിക്കുന്നതാണ് ഉചിതം. വീണ്ടും ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റിന്  മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ബാക്കി വന്നത് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കാം, പ്രത്യേകിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന കറി റീഹീറ്റ് ചെയ്തെടുക്കാതിരിക്കുക. 

ജൈവ ഭക്ഷണങ്ങൾ അലർജിക്ക് കാരണമാകാറില്ല, എങ്കിലും ചില ഇലകൾ സ്യൂടോ അലർജി (Pseudo Allergy) പോലെയുള്ളവയ്ക്കു കാരണമായേക്കും. വ്യത്യസ്ത ഇനത്തിലുള്ള ഇലകളാണ് പോസരു തോരനിൽ ഉപയോഗിക്കുന്നത് അതിനാൽ ഏതിൽ നിന്നാണ് അലർജി ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കാതെ വന്നേക്കാമെന്നും ഡോ. അനിത വ്യക്തമാക്കുന്നു. 

''എല്ലാ ഇലകളിലും ഓക്സാലിക് ആസിഡിൻ്റെ അംശം അടങ്ങിയിട്ടുണ്ട്. എന്നാൽ അതിൻ്റെ അളവ് ഒരോ ഇലകളിലും കൂടിയും കുറഞ്ഞും വ്യത്യസ്തമായിരിക്കും. ഇത് കാൽസ്യവുമായി ചേർന്ന് പ്രതിപ്രവർത്തിക്കുന്നു. അതിനാൽ ഒരുപാട് ഇലകൾ ചേർന്ന കറി സ്ഥിരമായി കഴിക്കുന്നത് കിഡ്നി സ്റ്റോണിലേക്ക് നയിക്കും.

ഇലകൾ നല്ലതാണ് എങ്കിലും അതിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് ചില സമയങ്ങളിൽ വില്ലനാകാറുണ്ട്. ഓക്സാലിക് ആസിഡിനൊപ്പം അമിതമായി നാരുകൾ ശരീരത്തിൽ എത്തുന്നത് കാൽസ്യത്തിൻ്റെയും ഇരുമ്പിൻ്റെയും ആഗിരണത്തെ സ്വാധീനിക്കുന്നു. അതിനാൽ എല്ലാ ദിവസും ഇത്രയധികം ഇലകൾ കഴിക്കുന്നത് ഉചിതമല്ല. എന്നാൽ ഇലവർഗങ്ങൾ കഴിക്കേണ്ടത് ആവശ്യവുമാണ്'' ഡോ. അനിത മോഹൻ പറയുന്നു.

പാചക മത്സരത്തിലെ താരമായ രാജിയുടെ പോസരു തോരൻ തയ്യാറാക്കി നോക്കൂ:

ചേരുവകൾ

  • മുരിങ്ങയില
  • പയറില
  • ചീരച്ചേമ്പില
  • കോവലില
  • മത്തയില
  • തകര
  • വേലിച്ചീര
  • സാമ്പാർ ചീര
  • പൊന്നാങ്കണ്ണിച്ചീര
  • കുടങ്ങൽ
  • ആഫ്രിക്കൻ മല്ലിയില
  • ചായാമൻസ
  • ചെറുപയർ മുളപ്പിച്ചത്
  • കറിവേപ്പില
  • പൊന്നാരിവീരൻ
  • മഞ്ഞൾപ്പൊടി
  • വെളിച്ചെണ്ണ
  • കടുക്
  • ഉഴുന്ന്
  • ചുവന്നുള്ളി
  • വറ്റൽമുളക്
  • ഉപ്പ്

പാചകം ചെയ്യുന്ന വിധം

ചുവന്നുള്ളി, പച്ചമുളക്, തേങ്ങ ചിരകിയത്, എന്നിവയിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ചതച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് കടുകും ഉഴുന്നും ചേർത്ത് വറുക്കാം. ഉഴുന്നിൻ്റെ നിറം മാറി വരുമ്പോൾ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, കറിവേപ്പിലയും, വറ്റൽമുളകും ചേർത്ത് മൂപ്പിക്കാം. പൊടിയായി അരിഞ്ഞ ഇലകൾ ഇപ്പോൾ ചേർക്കാം. ഇവ നന്നായി വഴറ്റി ചതച്ചു വച്ച ചേരുവകളും ചേർത്തിളക്കി യോജിപ്പിക്കാം. ഇലകൾ വെന്തതിനു ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അടുപ്പിൽ നിന്നും മാറ്റാം. ഇത് ചോറിനൊപ്പമോ അല്ലെങ്കിൽ ചോറിൽ ചേര്‍ത്ത് പുലാവായോ കഴിക്കാവുന്നതാണ്.

Read More

Food Weight Loss Vegetables Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: