scorecardresearch

ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തെ വയനാട്ടുകാര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?

സമരത്തിന് പിന്നില്‍ ആരെല്ലാം ? ബദല്‍​ മാര്‍ഗ്ഗങ്ങളെന്തെല്ലാം ?

സമരത്തിന് പിന്നില്‍ ആരെല്ലാം ? ബദല്‍​ മാര്‍ഗ്ഗങ്ങളെന്തെല്ലാം ?

author-image
Shaju Philip
New Update
ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തെ വയനാട്ടുകാര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?

കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് എന്‍എച്ച് 766. ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരായ വയനാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഒരാഴ്ചയായി സമാനതകളില്ലാത്ത പ്രതിഷേധത്തിനാണു വയനാട് സാക്ഷ്യം വഹിക്കുന്നത്. രാത്രിയാത്രാ നിരോധനം കഴിഞ്ഞ പത്ത് വര്‍ഷമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ സുപ്രീം കോടതി ഈയടുത്ത് കേന്ദ്രസർക്കാരിനു നൽകിയ നിർദ്ദേശമാണു നിലവിലെ പ്രതിഷേധങ്ങള്‍ക്കു കാരണം.

Advertisment

വനം-പരിസ്ഥിതി മന്ത്രാലയത്തോടും ദേശീയ പാതാ അതോറിറ്റിയോടും ബന്ദിപ്പൂര്‍ റോഡ് പകല്‍ കൂടി അടച്ചിടുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരിക്കുകയാണു സുപ്രീം കോടതി. ബദല്‍ റോഡ് കണ്ടെത്താനാകുമോ എന്നും കോടതി ചോദിച്ചിട്ടുണ്ട്. ഇതോടെ വയനാട് ഒന്നാകെ സമരമുഖത്തേക്ക് ഇറങ്ങുകയായിരുന്നു.

Also Read: ദേശീയപാതയിലെ ഗതാഗത നിയന്ത്രണം: പ്രക്ഷോഭക്കൊടുങ്കാറ്റില്‍ കലങ്ങിമറിഞ്ഞ് വയനാട്

രാത്രിയാത്ര നിരോധിച്ചത് എന്തിന്?

2009 ഓഗസ്റ്റില്‍ കര്‍ണാടകയിലെ ചമരാജ്‌നഗര്‍ ജില്ലാ ഭരണകൂടമാണു ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന എന്‍എച്ച് 766ൽ രാത്രിയാത്ര നിരോധിക്കുന്നത്. വനത്തിലൂടെ കടന്നു പോകുന്ന 19 കിലോമീറ്ററിലാണു നിരോധനം. രാത്രികാലങ്ങളില്‍ മേഖലയില്‍ വാഹനമിടിച്ച് പരുക്കേറ്റ വന്യമൃഗങ്ങളെക്കുറിച്ചുള്ള ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ പ്രെജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം. 30 മിനുറ്റിനിടെ റോഡിലൂടെ 44 വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. രാത്രിയാത്ര വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും ഇതോടെ മൃഗങ്ങള്‍ മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisment

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റേയും കര്‍ണാടക മോട്ടോര്‍ വാഹന നിയമത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു നിരോധനം. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയായിരുന്നു നിരോധനം. ഈ സമയം ഇരുവശത്തും വാഹനങ്ങള്‍ തടയും. രാവിലെ  ആറിനുശേഷം മാത്രമേ യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ.

publive-image

അന്നത്തെ പ്രതികരണം

നിരോധനത്തിനെതിരെ ഇരു സംസ്ഥാനങ്ങളിലേയും ജനപ്രതിനിധികളും വാഹന ഉടമകളും ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍ക്കു പരാതി നല്‍കി. തുടര്‍ന്ന് നിരോധനം റദ്ദാക്കി. പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതോടെ ഇടക്കാല ഉത്തരവിലൂടെ രാത്രിയാത്രാ നിരോധനം വീണ്ടും നിലവില്‍ വന്നു. യാത്രാക്കാരുടെയും വ്യാപാരികളുടെയും താല്‍പ്പര്യങ്ങൾ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞ കോടതി വന്യജീവി സംരക്ഷണം പ്രധാനപ്പെട്ടതാണെന്നു നിരീക്ഷിച്ചു.

2010ല്‍ കോടതി നിരോധനം ശരിവച്ചു. എന്‍എച്ച് 766 നേക്കാള്‍ 35 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരുന്ന ബദല്‍ റോഡും കോടതി നിര്‍ദേശിച്ചു. മാനന്തവാടി വഴി മൈസൂരിലെത്തുന്നതായിരുന്നു ഈ റോഡ്. കര്‍ണാടക സര്‍ക്കാരിനോട് ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കോടതി ആവശ്യപ്പെട്ടു. കുടക് ജില്ലയിലെ ഗോണികുപ്പയിലൂടെ കടന്നുപോകുന്നതാണ് ഈ റോഡ്.

രാത്രിയാത്ര നിരോധനം ഫലം കണ്ടുവോ?

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ പ്രൊജക്ടര്‍ ഡയറക്ടര്‍ തിപ്പയ്യ ബാലചന്ദ്ര പറയുന്നതു നിരോധനത്തിനു ശേഷം കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ്. നിരോധനത്തിനു മുമ്പ് ഒരു വര്‍ഷം 100 മൃഗങ്ങള്‍ വാഹനമിടിച്ച് ചാകുന്നുണ്ടെന്നായിരുന്നു കണക്ക്. നിരോധത്തിനു ശേഷം ഇത് അഞ്ചോ ആറോ ആയി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. റോഡ് തുറന്നാല്‍ ഈ നിരക്ക് വീണ്ടും ഉയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

990.51 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണു മുതുമല വന്യജീവി സങ്കേതവും വയനാട് വന്യജീവി സങ്കേതവും നാഗര്‍ഹോള വന്യജീവി സങ്കേതവും. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ കടന്ന് ആനകള്‍ ഒരു മേഖലയില്‍നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കുന്നു. രാജ്യത്തെ ഏറ്റവും പഴയ കടുവാ സങ്കേതങ്ങളില്‍ ഒന്നാണു ബന്ദിപ്പൂര്‍. 1973 ലാണു കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്നത്. 1984 ല്‍ ദേശീയോദ്യാനമായും പ്രഖ്യാപിച്ചു. 140 കടുവകളും 1600 ആനകളും 25000 മാനുകളുമാണ് ഇവിടെയുള്ളത്.

ബദല്‍ റോഡ്

200 വര്‍ഷമായി ആളുകള്‍ സഞ്ചാരത്തിനായി കൊല്ലഗല്‍-മൈസൂര്‍-കോഴിക്കോട് റോഡ് ഉപയോഗിക്കുന്നുണ്ട്. 1989 ലാണു റോഡിനെ ദേശീയപാതയായി പ്രഖ്യാപിക്കുന്നത്. എന്‍എച്ച് 212 ആയിരുന്ന റോഡ് പിന്നീട് എന്‍എച്ച് 766 ആയി മാറുകയായിരുന്നു. പൂനെ-ബെംഗളൂരു, ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതകള്‍ തുറക്കുകയും ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് റോഡിന്റെ വികസനവും എന്‍എച്ച് 766 നെ കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാക്കി മാറ്റിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കും തിരിച്ചും പല മേഖലകളില്‍ നിന്നുമുള്ളവര്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന റോഡാണിത്.

വയനാടിനെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുണ്ട്. ഇതിലൊന്നു നാഗര്‍ഹോള ദേശീയ പാര്‍ക്കിലൂടെ കടന്നുപോകുന്നതാണ്. 2008 മുതല്‍ ഇവിടെ രാത്രി ആറ് മുതല്‍ രാവിലെ ആറു വരെ യാത്രാ നിരോധനമുണ്ട്. സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു നടപടി. രണ്ടാമത്തെ റോഡിലൂടെ മാത്രമാണു രാത്രിയാത്ര സാധ്യമാവുക. ഈ റോഡിനെക്കുറിച്ചാണു ഹൈക്കോടതി 2010 ല്‍ പരാമര്‍ശം നടത്തിയത്. മാനന്തവാടിയെയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന റോഡ് കര്‍ണാടകയിലെ കുട്ട, ഗോണിക്കുപ്പ, ഹുന്‍സൂര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. ഇതും വനത്തിലൂടെയുള്ളതാണ്.

Read More: ബന്ദിപ്പൂര്‍ വനമേഖലയിലെ ഗതാഗത നിയന്ത്രണം: സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് സമരസമിതി

പ്രതിഷേധത്തിന് പിന്നില്‍ ആരെല്ലാം?

ഓഗസ്റ്റിനു സുപ്രീം കോടതി യാത്രാ നിരോധനം ശരിവയ്ക്കുമ്പോള്‍ കര്‍ണാടകയും തമിഴ്‌നാടും തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ കേരളം നിരോധനം എടുത്തുമാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ദേശീയപാത അതോറിറ്റിയോട് ബദല്‍ റോഡ് നവീകരിക്കാന്‍ ആവശ്യപ്പെട്ട കോടതി കേന്ദ്രത്തോട് എന്‍എച്ച് 766 എന്നന്നേക്കുമായി അടച്ചിടുന്നതിനെക്കുറിച്ചും ആരാഞ്ഞു. ഇതേത്തുടര്‍ന്നാണ് സമരം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 25 മുതലാണു ബത്തേരിയില്‍ നിരാഹാര സമരം ആരംഭിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സംഘടനകളുടെയും വ്യാപാരികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും പിന്തുണ സമരത്തിനുണ്ട്. നിരോധനം വയനാടിന്റെ വികസനത്തെ, പ്രത്യേകിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്കിന്റെ വികസനത്തെ കാര്യമായി ബാധിക്കുമെന്നു ജനങ്ങള്‍ ആശങ്കപ്പെടുന്നു. മാത്രവുമല്ല 35 കിലോമീറ്റര്‍ അകലെയുള്ള ബദല്‍ റോഡ് സമയവും പണവും നഷ്ടപ്പെടുത്തുന്നതാണെന്നും അവര്‍ പറയുന്നു.

Wayanad Bandipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: