scorecardresearch

Latest News

ബന്ദിപ്പൂര്‍ വനമേഖലയിലെ ഗതാഗത നിയന്ത്രണം: സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് സമരസമിതി

പിഴവുകളെക്കുറിച്ച് ഇനിയും പറയുന്നതില്‍ കാര്യമില്ല. പിണറായി സര്‍ക്കാര്‍ ജനകീയപ്രക്ഷോഭത്തെ ഉള്‍ക്കൊള്ളുന്നത് ആശാവഹമാണ്

Wayanad Protest,വയനാട് പ്രതിഷേധം, Bandhupur,ബന്ദിപ്പൂര്‍, Wayanad Traffic Ban,വയനാട് ട്രാഫിക് നിരോധനം, Bathery, ie malayalam,

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് സമരസമിതി. വിഷയത്തില്‍ ഇതുവരെയില്ലാത്ത വിധം ഗുണകരമായ ഇടപെടലാണു പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നാണു സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ജനകീയപ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന സമിതിയുടെ വിലയിരുത്തല്‍.

ജനവികാരം ഉള്‍ക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ആശാവഹമാണെന്നു സമരസമിതി കണ്‍വീനര്‍ ടിജി ചെറുതോട്ടില്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയോളത്തോട് പറഞ്ഞു. ”കോഴിക്കോട്- ബെംഗളൂരു ദേശീയപാത 766ലെ ഗതാഗത നിരോധന കാര്യത്തില്‍ 10 വര്‍ഷത്തിനിടെ വന്ന മൂന്നു സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്തതു പോലെ ചില പിഴവുകളും വരുത്തിയിട്ടുണ്ട്. പിഴവുകളെക്കുറിച്ച് ഇനിയും പറയുന്നതില്‍ കാര്യമില്ല. പിണറായി സര്‍ക്കാര്‍ ജനകീയപ്രക്ഷോഭത്തെ ഉള്‍ക്കൊള്ളുന്നത് ആശാവഹമാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി ചര്‍ച്ച നടത്തിയത് നല്ല കാര്യമാണ്, ” കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുകൂടിയായ ടിജി പറഞ്ഞു.

അതേസമയം വിഷയത്തില്‍ കുറേക്കൂടി വ്യക്തത വേണമെന്നാണു സമരസമിതിയുടെ ആവശ്യം. പാത പൂര്‍ണമായി അടയ്ക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. 14 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അനുകൂലമാണെന്ന ഉറപ്പുകിട്ടണമെന്നു സമരസമിതി ആവശ്യപ്പെടുന്നു. പാത പൂര്‍ണമായി തുറക്കണമെന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നു സമരസമിതിയുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.

Read More: ദേശീയപാതയിലെ ഗതാഗത നിയന്ത്രണം: പ്രക്ഷോഭക്കൊടുങ്കാറ്റില്‍ കലങ്ങിമറിഞ്ഞ് വയനാട്

സുപ്രീം കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുകൂലമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ഉദ്ദേശിച്ച് എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ സംഘം ഡല്‍ഹിയിലാണുള്ളത്. ചെയര്‍മാന്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഭാരവാഹികളുടെ സംഘം ഇന്ന് മന്ത്രി വി. മുരളീധരനെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി ഫോണില്‍ ചര്‍ച്ച നടത്തി. അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാമെന്നു ജാവ്ദേക്കര്‍ ഉറപ്പുനല്‍കിയതായി വി. മുരളീധരന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. വിഷയം പഠിക്കാന്‍ കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു പ്രകാശ് ജാവ്ദേക്കര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സംഘം ഇന്നലെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ഗാന്ധി എം.പിയുമായും ചര്‍ച്ച നടത്തി നടത്തിയിരുന്നു.

അതിനിടെ, സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അനിശ്ചിതകാല സമരം കൂടുതല്‍ ജനപങ്കാളിത്തത്തോടെ എട്ടാം ദിവസം പിന്നിടുകയാണ്. ഗാന്ധിജയന്തി ദിനമായ ഇന്ന് ആയിരത്തിലധികം പേരാണ് ഉപവസിക്കുന്നത്. ഇതിനായി സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയുടെ ഒരു ഭാഗത്ത് നീളത്തില്‍ പന്തലൊരുക്കി. ഇതുവരെ 1.25 ലക്ഷം പേര്‍ സമരത്തിനു പിന്തുണയുമായി എത്തിയെന്നാണു സമരസമിതി നല്‍കുന്ന വിവരം. ചെറുതും വലുതുമായ നിരവധി പ്രകടനങ്ങളാണ് ദിവസവും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തുന്നത്. വിവിധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, വാട്സാപ്പ് കൂട്ടായ്മകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു ജനകീയ കൂട്ടായ്മകള്‍ തുടങ്ങിയവ പിന്തുണയുമായി ഇടതടവില്ലാതെ സമരപ്പന്തലില്‍ എത്തുന്നുണ്ട്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വയനാട് എം.പി. രാഹുല്‍ ഗാന്ധി നാലിനു സമരപ്പന്തലില്‍ നിരാഹാരമിരിക്കും. ഇതോടെ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമെന്നാണു സമരസമിതിയുടെ പ്രതീക്ഷ. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഇന്നു സമരപ്പന്തലിലെത്തി പിന്തുണ അര്‍പ്പിച്ചു.

വയനാട്ടില്‍നിന്നു കര്‍ണാടക വനമേഖലയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന
കോഴിക്കോട്- ബെംഗളൂരു ദേശീയപാത 766ല്‍ രാത്രിയാത്രാ നിരോധനം ഏറെക്കാലമായി നിലവിലുണ്ട്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുരെയാണു നിലവിലെ ഗതാഗത നിരോധനം. പകല്‍സമയത്തു കൂടി ഗതാഗതം നിരോധിക്കാനാണു പുതിയ നീക്കം. പകരം മാനന്തവാടി- കുട്ട- ഗോണികുപ്പ വഴി ഗതാഗതം തിരിച്ചുവിടാനാണു നീക്കം. വനമേഖലയിലെ റോഡുകള്‍ രാത്രികാലത്ത് അടച്ചിട്ടുകൊണ്ട് 2009 ല്‍ കര്‍ണാടകയിലെ ചാമ്രാജ്‌നഗര്‍ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. കേരളത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് കലക്ടറുടെ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. ഇതിനെതിരേ പൊതുപ്രവര്‍ത്തകനായ അഡ്വ. ശ്രീനിവാസ ബാബു നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ കേരളം നല്‍കിയ അപ്പീലാണു സുപ്രീംകോടതിയിലുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Wayanad bandhipur traffic ban protesters believe in kerala government interfere303214