Latest News

ദേശീയപാതയിലെ ഗതാഗത നിയന്ത്രണം: പ്രക്ഷോഭക്കൊടുങ്കാറ്റില്‍ കലങ്ങിമറിഞ്ഞ് വയനാട്

ബത്തേരി കേന്ദ്രമായി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം എട്ടുദിവസം പിന്നിടുമ്പോള്‍ അതിന്റെ അലയൊലി വയനാടിനപ്പുറത്തേക്കും എത്തിക്കഴിഞ്ഞു

bandipur traffic ban, ബന്ദിപൂർ യാത്രാനിരോധനം, students protest, people protest, വിദ്യാർഥി പ്രക്ഷോഭം, ബന്ദിപൂർ കടുവ സങ്കേതം, bandipur tiger reserve, ie malayalam, ഐഇ മലയാളം

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ പകല്‍സമയത്തും ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരായ ജനകീയപ്രക്ഷോഭത്തില്‍ കലങ്ങിമറിഞ്ഞ് വയനാട്. ബത്തേരി കേന്ദ്രമായി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം എട്ടുദിവസം പിന്നിടുമ്പോള്‍ അതിന്റെ അലയൊലി വയനാടിനപ്പുറത്തേക്കും എത്തിക്കഴിഞ്ഞു.

വയനാട്ടില്‍നിന്നു കര്‍ണാടക വനമേഖലയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്- ബെംഗളൂരു ദേശീയപാത 766ല്‍ രാത്രിയാത്രാ നിരോധനം ഏറെക്കാലമായി നിലവിലുണ്ട്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുരെയാണു നിലവിലെ ഗതാഗത നിരോധനം. പകല്‍സമയത്തു കൂടി ഗതാഗതം നിരോധിക്കാനാണു പുതിയ നീക്കം. ഇതിനെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആരംഭിച്ച സമരത്തിനു വന്‍ ജനപങ്കാളിത്തമാണുള്ളത്.

സമരം ശക്തിപ്പെടുത്തി വിദ്യാർഥികൾ തെരുവിൽ

ദേശീയപാത 766 മാനന്തവാടി- കുട്ട- ഗോണികുപ്പ വഴി തിരിച്ചുവിട്ട് ഭാവിയില്‍ ദേശീയപാത 766 പൂര്‍ണമായി അടയ്ക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ 14നുള്ളില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിനെ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു ജനകീയ പ്രക്ഷോഭം നടക്കുന്നത്. നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഇന്നലെ ബത്തേരിയില്‍ എത്തിയത്. വയനാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു സമരപ്പന്തലിലെത്താന്‍ സ്വകാര്യ ബസുകള്‍ സൗജന്യയാത്ര ഒരുക്കി. ലോറികളിലും മറ്റു വാഹനങ്ങളിലുമായും വിദ്യാർഥികൾ എത്തി. തിങ്കളാഴ്ച വയനാട്ടിലെ ജനകീയ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ അതിര്‍ത്തി ചെക്പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സമരം കൊടുമ്പിരികൊണ്ടിരിക്കെ ഇന്നലെ വയനാട്ടില്‍നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് എം.പി. രാഹുല്‍ഗാന്ധിയുമായും ചര്‍ച്ച നടത്തി. സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി നാലിനു വയനാട്ടിലെത്തി സമരപ്പന്തലില്‍ നിരാഹാരമിരിക്കും.

ബദല്‍ പാത നിര്‍ദേശം അംഗീകരിക്കില്ലെന്ന് സമര സമിതി

ഗതാഗത നിരോധനം സംബന്ധിച്ച കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കാനിരിക്കെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണു സമരക്കാരുടെ ആവശ്യം. മാനന്തവാടി- കുട്ട- ഗോണിക്കുപ്പ വഴിയുള്ള ബദല്‍ പാത നിര്‍ദേശം അംഗീകരിക്കുന്നില്ലെന്നും ദേശീയപാത 766 ലെ യാത്രാ സ്വാതന്ത്ര്യത്തിനായുള്ള സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നും അനിശ്ചിതകാലസമര സഹായസമിതി കണ്‍വീനര്‍ ടിജി ചെറുതോട്ടില്‍ പറഞ്ഞു.
ദേശീയപാത അടച്ചാലുണ്ടാകുന്ന പ്രത്യാഘാതം ചൂണ്ടിക്കാട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധരായ അഭിഭാഷകരെ സുപ്രീംകോടതിയില്‍ നിയോഗിക്കണമെന്നു നിര്‍ദേശം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അതിനിടെ, രാത്രിയാത്രാ നിരോധന പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തി. ബന്ദിപ്പൂര്‍ വനമേഖലയിലുള്ള ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരേ വയനാട്ടില്‍ വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. വിഷയം പഠിക്കാന്‍ കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു പ്രകാശ് ജാവ്‌ദേക്കര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ തക്കതായ ഇടപെടല്‍ വേണമെന്നു രാഹുല്‍ഗാന്ധി എം.പി മുഖ്യമന്ത്രിയുമായി ഡല്‍ഹില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

വനമേഖലയിലെ റോഡുകള്‍ രാത്രികാലത്ത് അടച്ചിട്ടുകൊണ്ട് 2009 ല്‍ കര്‍ണാടകയിലെ ചാമ്രാജ്നഗര്‍ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. കേരളത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് കലക്ടറുടെ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. ഇതിനെതിരേ പൊതുപ്രവര്‍ത്തകനായ അഡ്വ. ശ്രീനിവാസ ബാബു നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ കേരളം നല്‍കിയ അപ്പീലാണു സുപ്രീംകോടതിയിലുള്ളത്.

രാത്രികാലത്തെ ഗതാഗതനിരോധനം പിന്‍വലിക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ഗതാഗതം അനുവദിക്കുക, വനത്തില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് ഗതാഗതം അനുവദിക്കുക, റോഡിന്റെ വീതി കൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങളാണു കേരളം മുന്നോട്ടുവച്ചത്. ഇതെല്ലാം തള്ളിയാണു ബദല്‍പാത വികസിപ്പിച്ച് പകല്‍സമയത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

യാത്രാനിരോധനം ബാധിക്കുക ആരെയൊക്കെ?

ദേശീയപാത 766 ലെ ഏതുരീതിയിലുള്ള യാത്രാനിരോധനവും ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കുക
മലബാറിന്. രാത്രിയാത്രാ നിരോധനം കാരണം ആളുകള്‍ കഷ്ടപ്പെടുന്നതിനിടെ പകല്‍സമയ നിരോധനം കൂടി വന്നാല്‍ എല്ലാ മേഖലകളും തകരുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ പറഞ്ഞു.

രാജ്യത്തെ പ്രധാന ഐടി ഹബുകളിലൊന്നായ ബെംഗളൂരുവില്‍ ആയിരക്കണക്കിനു മലയാളികളാണു ജോലി ചെയ്യുന്നത്. ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിനു മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നുമുണ്ട്. കേരളത്തില്‍നിന്നുള്ള കച്ചവടക്കാരുമേറെ. ഇവരെയൊക്കെ ഗതാഗത നിരോധനം ദോഷകരമായി ബാധിക്കും.

അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു ചരക്കുനീക്കം നടക്കുന്നതില്‍ പ്രധാനപ്പെട്ടതാണു ദേശീയ പാത 766. കര്‍ണാടകയുമായി ബന്ധപ്പെടുന്ന മലയാളികള്‍ക്കു ബദല്‍ പാതയായ മാനന്തവാടി -കുട്ട- ഗോണിക്കുപ്പ വഴി 50 കിലോമീറ്ററോളം വളഞ്ഞു സഞ്ചരിക്കണം. ബദല്‍ പാതയും വനത്തിലൂടെയാണു കടന്നുപോകുന്നത്.

മൈസൂര്‍, ഗുണ്ടല്‍പേട്ട, ചാമ്രാജ്നഗര്‍, തൃക്കണാംബി മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ പ്രധാന വിപണി മലബാറാണ്. ദേശീയപാത അടച്ചാല്‍ കര്‍ണാടകയിലെ കര്‍ഷകരെയും ബാധിക്കും. അവിടെയുള്ള ജനങ്ങളും സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിലാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Students protest on bandipur traffic ban wayanad nh 766

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com