scorecardresearch

യു പി ഐ ഇടപാടുകൾക്ക് ഫീസില്ല; ധനമന്ത്രാലയം വ്യക്തമായതിന് കാരണമെന്ത്?

പേയ്മെന്റ് സംവിധാനങ്ങള്‍ക്കു ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ ബി ഐ ചര്‍ച്ചാ പത്രം പുറപ്പെടുവിച്ചതിനു പിന്നാലെയാണു ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്

പേയ്മെന്റ് സംവിധാനങ്ങള്‍ക്കു ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ ബി ഐ ചര്‍ച്ചാ പത്രം പുറപ്പെടുവിച്ചതിനു പിന്നാലെയാണു ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്

author-image
WebDesk
New Update
UPI, UPI charge, UPI free

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) സേവനങ്ങള്‍ക്കു ഒരു തരത്തിലുള്ള ചാര്‍ജും ഈടാക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്ലെന്നു ധനമന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കിയിരിക്കുകയാണ്. പേയ്മെന്റ് സംവിധാനങ്ങള്‍ക്കു ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങള്‍ തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) ചര്‍ച്ചാ പത്രം പുറപ്പെടുവിച്ച് ഒരാഴ്ച തികയുന്നതിനു മുന്‍പാണു ധനമന്ത്രാലയം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

എന്താണ് ആര്‍ ബി ഐ ചര്‍ച്ചാ പത്രത്തിൽ പറഞ്ഞത്?

Advertisment

യു പി ഐ ഇടപാടുകള്‍ക്കായി മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം ഡി ആര്‍) തിരികെ കൊണ്ടുവരണമോയെന്നു ബുധനാഴ്ച പുറത്തിറക്കിയ ചര്‍ച്ചാ പത്രത്തില്‍ ആര്‍ ബ ിഐ ബന്ധപ്പെട്ടവരോട് ചോദിച്ചിരുന്നു. പേയ്മെന്റ് പ്രോസസിങ് സേവനങ്ങള്‍ക്കായി വ്യാപാരി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിന്മേല്‍ ബന്ധപ്പെട്ട ബാങ്കിനു നല്‍കകേണ്ട നിരക്കാണ് എം ഡി ആര്‍.

ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങളുടെ ഫീസ് ഘടനയെക്കുറിച്ച് ഫീഡ്ബാക്ക് തേടുന്ന ചര്‍ച്ചാപത്രത്തില്‍ 40 ചോദ്യങ്ങളാണുള്ളത്. ചര്‍ച്ചാപത്രത്തിന് ഒക്ടോബര്‍ മൂന്നു വരെ പ്രതികരണം നല്‍കാം. ലഭിക്കുന്ന പ്രതികരണങ്ങള്‍ നയങ്ങളും ഇടപെടല്‍ തന്ത്രങ്ങളും രൂപീകരിക്കാന്‍ ഉപയോഗിക്കും. അതേസമയം, ''ഈ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ആര്‍ ബി ഐ ഒരു വീക്ഷണമോ പ്രത്യേക അഭിപ്രായമോ എടുത്തിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു'' എന്ന് ആര്‍ ബി ഐ പറഞ്ഞു.

ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം (ഐ എം പി എസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി) സിസ്റ്റം, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം (ആര്‍ ടി ജി എസ്), യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ ), ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് (പി പി ഐ) പോലുള്ള വിവിധ പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ തുടങ്ങിയ മുഴുവന്‍ പേയ്മെന്റ് സംവിധാനങ്ങളുടെയും ചാര്‍ജുകളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉള്‍പ്പെടുന്നതാണു ചര്‍ച്ചാ പത്രം.

എന്താണ് എം ഡി ആര്‍?

Advertisment

യു പി ഐ ഇടപാടുകളില്‍ എം ഡി ആര്‍ അഥവാ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് ചാര്‍ജ് എന്നത് പേയ്മെന്റ് വ്യവസായത്തിന്റെ ദീര്‍ഘകാല ആവശ്യമാണ്. ഡിജിറ്റല്‍ റീട്ടെയില്‍ പേയ്മെന്റുകളുടെ മറ്റു മിക്ക മോഡലുകളും ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്. നിലവില്‍, യു പി ഐ ഇടപാടുകള്‍ക്കായി സര്‍ക്കാര്‍ 'ചാര്‍ജ് രഹിത ചട്ടക്കൂട്' നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2020 ജനുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്. ഇത് ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും യു പി ഐ ഇടപാടുകള്‍ ചാര്‍ജ് രഹിതാക്കി മാറ്റുന്നു.

ശരാശരി 800 രൂപ മൂല്യം വരുന്ന ഒരു വ്യാപാരി ഇടപാടിന് പണം നല്‍കുന്നയാള്‍, ബെനിഫിഷ്യറി ബാങ്കുകള്‍, തേര്‍ഡ്-പാര്‍ട്ടി ആപ്പ്, നാഷണല്‍ പേയ്‌മെന്റ് ബാങ്ക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) എന്നിങ്ങനെ യു പി ഐ ഇടപാട് പ്രാപ്തമാക്കുന്ന വിവിധ പങ്കാളികള്‍ക്കു രണ്ടു രൂപ ചെലവ് വരുമെന്ന് ആര്‍ ബി ഐ അതിന്റെ ചര്‍ച്ചാ പത്രത്തില്‍ പറയുന്നു.

ജൂലൈയില്‍ 628.84 കോടി യു പി ഐ ഇടപാടുകള്‍ നടന്നതായാണ് എന്‍ പി സി ഐയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 10.63 ലക്ഷം കോടി രൂപയുടേത്. 338 ബാങ്കുകള്‍ യു പി ഐ പ്ലാറ്റ്ഫോമിലുണ്ട്. അടുത്തിടെ, എന്‍ പി സി ഐയുടെ റുപേ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ ആര്‍ ബി ഐ യു പി ഐ സംവിധാനം അനുവദിച്ചിരുന്നു.

എന്തായിരുന്നു സര്‍ക്കാര്‍ വാദം?

യു പി ഐ സേവനങ്ങളെ 'ഡിജിറ്റല്‍ പബ്ലിക് ഗുഡ്' എന്ന് വിശേഷിച്ച ധനമന്ത്രാലയം ചെലവ് ഈടാക്കുന്നതു സംബന്ധിച്ച സേവന ദാതാക്കളുടെ ആശങ്കകള്‍ മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നാണു ഞായറാഴ്ച പറഞ്ഞിരിക്കുന്നത്.

''പൊതുജനങ്ങള്‍ക്കു വലിയ സൗകര്യവും സമ്പദ്വ്യവസ്ഥയ്ക്ക് ഉല്‍പ്പാദനക്ഷമതയും നല്‍കുന്ന ഡിജിറ്റല്‍ പൊതു സേവനമാണു യു പി ഐ. ഇത്തരം സേവനങ്ങള്‍ക്കു യാതൊരു നിരക്കും ഈടാക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്ല. ചെലവ് കണ്ടെത്തുന്നതു സംബന്ധിച്ച സേവന ദാതാക്കളുടെ ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ട്,'' മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.

ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റത്തിനു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നും, ഡിജിറ്റല്‍ പേയ്‌മെന്റുകളും ചെലവ് കുറഞ്ഞതും ഉപയോക്തൃ സൗഹൃദപരവുമായ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷവും സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

യു പി ഐ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികൾ എന്തൊക്കെ?

''മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റത്തിനുള്ള സാമ്പത്തിക സഹായം 2022-23ലും തുടരും. ഇതു ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കും. ചെലവ് കുറഞ്ഞതും ഉപയോക്തൃ സൗഹൃദവുമായ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഈന്നല്‍ നല്‍കും,''2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

റുപേ ഡെബിറ്റ് കാര്‍ഡ്, യു പി ഐ ഇടപാടുകള്‍ എന്നിവയ്ക്കുള്ള ചാര്‍ജ് റീഇംബേഴ്‌സ്‌മെന്റിനായി 200 കോടി രൂപയാണു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 2021-22ല്‍ ഇതിനായി 1500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.

Bank Google Paytm Reserve Bank Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: