സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ഒലയുടെ പുതിയ പ്രഖ്യാപനം വളരെ പ്രതീക്ഷയോടെയാണു വാഹനലോകം സ്വീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്രവാഹന ഇക്കോസിസ്റ്റം രൂപപ്പെടുത്തിയ ഒല ഇലക്ട്രിക് നാലുചക്ര വാഹന വിഭാഗത്തിലേക്കു കടക്കുകയാണ്. കാര്‍ 2024 ല്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കമ്പനി സ്ഥാപകനും സി ഇ ഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞത്.
ഒല കാര്‍ ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് അഗർവാൾ അവകാശപ്പെട്ടിരിക്കുന്നത്. രണ്ട് വാഹന പ്ലാറ്റ്ഫോമുകളും ആറ് വ്യത്യസ്ത കാറുകളും വികസിപ്പിക്കാന്‍ ഒല പദ്ധതിയിടുന്നുണ്ടെന്നും ഇവയെല്ലാം വിപുലീകരിക്കുന്ന തമിഴ്നാട്ടിലെ ജിഗാ ഫാക്ടറിയില്‍ നിര്‍മിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.
ഒലയുടെ ഇലക്ട്രിക് കാറിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ എന്തൊക്കെ?
വാഹനത്തെക്കുറിച്ച് അധികമൊന്നും വിവരങ്ങള്‍ ഒല പുറത്തുവിട്ടിട്ടില്ല. രണ്ട് പ്രധാന സവിശേഷതകള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഒറ്റ ചാര്‍ജില്‍ 500 കിലോ മീറ്റര്‍ പരിധി, നാല് സെക്കന്‍ഡിനുള്ളില്‍ കാര്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കും എന്നിവയാണവ. ടാറ്റയുടെ നെക്സോണ്‍ ഇ വി കാറിന്റെ പരിധി 437 കിലോ മീറ്ററാണ്. ഈ കാര്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നത് ഏകദേശം 9.4 സെക്കന്‍ഡ് കൊണ്ടാണ്.
എന്നാല്‍, ടാറ്റ നെക്സോണ്‍ കോംപാക്റ്റ് എസ് യു വിയാണെന്നതും ഒലയുടെ പുതിയ കാറിന്റെ ഫോം ഫാക്ടര്‍ സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം ജൂലൈയില്‍ അഗര്‍വാള്‍ പങ്കിട്ട ടീസര്‍ ചിത്രം ഹാച്ച്ബാക്ക് കാറിനെയാണു സൂചിപ്പിക്കുന്നത്.
ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്ന് ഒല കുറച്ച് മാസങ്ങളായി സൂചന നല്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കില്ലെന്ന ടെസ്ല മേധാവി ഇലോണ്‍ മസ്കിന്റെ ട്വീറ്റിനോട് അഗര്‍വാള്‍ പ്രതികരിച്ചിരുന്നു. ‘നന്ദി, പക്ഷേ നന്ദിയില്ല,’ എന്നായിരുന്നു ഭവിഷ് അഗര്‍വാളിന്റെ പ്രതികരണം.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം 2019 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ”കാറുകൾ വിൽക്കാനും സർവീസ് നടത്താനും ഞങ്ങൾക്ക് അനുമതിയില്ലാത്ത ഒരു സ്ഥലത്തും ടെസ്ല നിർമാണ പ്ലാന്റ് സ്ഥാപിക്കില്ല,” എന്നായിരുന്നു ഇലോൺ മസ്കിന്റെ ട്വീറ്റ്. എന്നാൽ ആദ്യം രാജ്യത്ത് നിര്‍മാണ കേന്ദ്രം സ്ഥാപിക്കണമെന്ന് നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.
ഒലയുടെ ബാറ്ററി നിര്‍മാണ പദ്ധതികള്‍ എന്തൊക്കെയാണ്?
ഇന്ത്യയില്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ) പദ്ധതി പ്രകാരം കരാര്‍ ഒപ്പിട്ടതായി ഒല കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 80,000 കോടി രൂപയുടെ സെല്‍ പി എല്‍ ഐ പദ്ധതിക്കു കീഴില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഒരേയൊരു ഇന്ത്യന്‍ ഇലക്ട്രിക് മൊബിലിറ്റി കമ്പനി ഇതാണെന്നു കമ്പനി അറിയിച്ചു.
ഒരു ബാറ്ററി മൊഡ്യൂള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച അഗര്‍വാള്‍ ഇത് ഒല ഇലക്ട്രിക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നു പറഞ്ഞിരുന്നു. ഏതെങ്കിലുമൊരു ഇന്ത്യന്‍ വാഹന ഒറിജിനല്‍ എക്യുപ്മെന്റ് നിര്‍മാതാക്കളുടെ (ഒ ഇ എം) കാര്യത്തിലും ആദ്യത്തേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ”അര്‍ധചാലകം, സൗരോര്‍ജം, ഇലക്ട്രോണിക്, മറ്റ് നിര്‍മാണ വിപ്ലവങ്ങള്‍ നമുക്ക് നഷ്ടമായി. എന്നാല്‍ ലോകമെമ്പാടുമുള്ള എല്ലാവരും ഇപ്പോള്‍ ഇലക്ട്രിക് സെല്ലുകളും ബാറ്ററികളും ഉപയോഗിച്ച് തുടങ്ങുന്നു. നാം ഇപ്പോള്‍ നിക്ഷേപിച്ചാല്‍ വിപണിയെ നയിക്കാന്‍ കഴിയും,” അദ്ദേഹം പറഞ്ഞു.
ഒല ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിലെ പ്രകടനം എങ്ങനെ?
ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ് എ ഡി എ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021-22ല്‍ (ഏപ്രില്‍-മാര്‍ച്ച്) ഇരുചക്ര വാഹന ഇ വി വിഭാഗത്തില്‍ 0.79 ശതമാനം വിപണി വിഹിതമാണ് ഒല ഇലക്ട്രിക്കിനുള്ളത്. 32 ശതമാനത്തിലധികം വിപണി വിഹിതവുമായി ഹീറോ മോട്ടോകോര്പ്പാണു മുന്നില്‍. 2022 ജൂലൈയില്‍ ഒലയുടെ വിപണി വിഹിതം 0.34 ശതമാനമാണെന്നു എഫ് എ ഡി എയുടെ പുതി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇരുചക്രവാഹനങ്ങള്‍ക്കു തീപിടിച്ച ഡസന്‍ കണക്കിനു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ 1400-ലധികം ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിക്കുന്നതായി ഏപ്രിലില്‍ ഒല അറിയിച്ചിരുന്നു. മാര്‍ച്ചില്‍ പൂനെയിലെ തിരക്കേറിയ സ്ഥലത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഒല സ്കൂട്ടറിനു തീപിടിച്ചിരുന്നു. ഇതിനെ ‘ഒറ്റപ്പെട്ട സംഭവം’ എന്നാണു കമ്പനി വിശേഷിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറിനുശേഷം രാജ്യത്ത് രണ്ട് ഡസനിലധികം ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ചിട്ടുണ്ട്. ഇതുവരെ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചു.
ഒല സ്കൂട്ടര്‍ തീപിടിത്തത്തിനോടുള്ള പ്രതികരണം എന്താണ്?
ഈ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി സെന്റര്‍ ഫോര്‍ ഫയര്‍ എക്സ്പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റി (സി എഫ് ഇ ഇ എസ്) ചുമതലപ്പെടുത്താന്‍ റോഡ് ഗതാഗത മന്ത്രാലയത്തെ പ്രേരിപ്പിച്ചു.
തകരാറുള്ള മുഴുവന്‍ വാഹനങ്ങളും ഉടന്‍ തിരിച്ചുവിളിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഏപ്രിലില്‍, റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഇലക്ട്രിക്കല്‍ വാഹനനിര്‍മാതാക്കള്‍ക്കു നിര്‍ദേം നല്‍കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഗുണനിലവാരം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.