ന്യൂഡല്‍ഹി: യുണൈറ്റഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് (യുപിഐ) മുഖേനയുള്ള പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പോകുന്ന എന്നപ പ്രചരണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇക്കാര്യം പരിഗണനയിലില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് വളരെയധികം സൗകര്യവും സമ്പദ്വ്യവസ്ഥയ്ക്ക് ഉൽപ്പാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ സമ്പ്രദായമാണ് യുപിഐ എന്ന് ട്വിറ്ററിലൂടെ മന്ത്രാലയം വ്യക്തമാക്കി. യുപിഐ സേവനങ്ങൾക്ക് നിരക്കുകളൊന്നും ഈടാക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ചെലവ് വീണ്ടെടുക്കുന്നതിനുള്ള സേവന ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറയുന്നു.
ഗൂഗിള്‍ പെ, ഫോണ്‍ പെ, പെടിഎം എന്നിങ്ങനെ പണമിടപാടുകള്‍ക്കായി ഏറ്റവുമധികം ജനം ഉപയോഗിക്കുന്ന മാര്‍ഗമാണ് യുപിഐ. നാഷണല്‍ പെയ്മെന്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ജൂലൈ മാസം മാത്രം യുപിഐ ഇടപാടുകളുടെ മൂല്യം 10,62,991.76 കോടിയാണ്. ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്ന ആര്‍ബിഐയുടെ സൂചനയാണ് ആശങ്കയ്ക്ക് കാരണമായത്.
ആശങ്കള്‍ക്ക് കാരണമായതെന്താണ്
‘പണമിടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍’ എന്ന വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റ് 17 ന് അഭിപ്രായങ്ങള്‍ തേടുകയുണ്ടായി, പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2021 ഡിസംബറില്‍ തന്നെ ഇത് പൊതുസമൂഹത്തിന് മുന്നില്‍ പരസ്യമാക്കിയ ഒന്നാണ്. ഈ വര്‍ഷം ഒക്ടോബര്‍ മൂന്നാം തിയതി വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
പടമിടപാടുകള്ക്ക് ഉപയോഗിക്കുന്ന ഇമ്മിഡിയേറ്റ് പെയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്റ്റി) സിസ്റ്റം, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സിസ്റ്റം, യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യുപിഐ) എന്നിവയുടെയെല്ലാം ചാര്‍ജ് സംബന്ധമായ എല്ലാ വശങ്ങളും വിഷയം ഉള്‍ക്കൊള്ളുന്നുണ്ടെന്നാണ് ആര്‍ബിഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
യുപിഐ ഇടപാടുകൾക്ക് സര്‍വീസ് ചാർജ് ഈടാക്കുമോ?
ഇല്ല. പേയ്മെന്റ് സംവിധാനങ്ങളുടേയും ചാർജുകളുടേയും പ്രശ്നത്തെക്കുറിച്ച് ആർബിഐ പൊതുജനങ്ങളുടെ അഭിപ്രായം തേടുകമാത്രമാണ് ചെയ്തത്. പ്രതിദിന യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കണമെന്ന നിര്‍ദേശമില്ല. അതിനാൽ നിങ്ങൾക്ക് ആശങ്കയില്ലാതെ പണമിടപാടുകള്‍ നടത്താവുന്നതാണ്.