scorecardresearch

സി ബി ഐയുടെ ചൂണ്ടയില്‍ കുരുങ്ങുമോ 'ട്യൂണ'? എന്താണ് ലക്ഷദ്വീപ് എം പിക്കെതിരായ കേസ്?

എന്‍ സി പിയുടെ എം പിയായ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വസതിയിലും ന്യൂഡല്‍ഹിൽ സർക്കാർ അനുവദിച്ച ഫ്‌ളാറ്റിലും കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു

എന്‍ സി പിയുടെ എം പിയായ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വസതിയിലും ന്യൂഡല്‍ഹിൽ സർക്കാർ അനുവദിച്ച ഫ്‌ളാറ്റിലും കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു

author-image
Deeptiman Tiwary
New Update
Lakshadweep, Mohammed Faizal MP, Tuna exports case

കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റാസിക്കുമെതിരെ സി ബി ഐ കേസെടുത്തിരിക്കുകയാണ്. ശ്രീലങ്കയിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയാണ് ഈ സംഭവമെന്നതു കൗതുകരമാണ്.

Advertisment

എന്‍ സി പിയുടെ എം പിയായ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വീട്ടിലും ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ അനുവദിച്ച ഫ്‌ളാറ്റിലും സി ബി ഐ ചൊവ്വാഴ്ച പരിശോധന നടത്തി. ലക്ഷദ്വീപ്, ഡല്‍ഹി, കോഴിക്കോട് എന്നിവിടങ്ങളിലെ മറ്റു പ്രതികളുടെ വസതികളിലും ഓഫീസുകളിലും പരിശോധന നടന്നു.

എന്താണ് കേസ്?

ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (എല്‍ സി എം എഫ്) ചില ഉദ്യോഗസ്ഥര്‍ ഫെസലുമായി ചേര്‍ന്ന് ടെന്‍ഡറും മറ്റ് നടപടിക്രമങ്ങളും പാലിക്കാതെ ശ്രീലങ്കന്‍ കമ്പനിയായ എസ് ആര്‍ ടി ജനറല്‍ മര്‍ച്ചന്റ്‌സ് ട്യൂണ മത്സ്യം കയറ്റുമതി ചെയ്തുവെന്നും ഇതുവഴി ഫെഡറേഷനു നഷ്ടമുണ്ടാക്കിയെന്നുമാണു കേസ്.

1966-ല്‍ സ്ഥാപിതമായ എല്‍ സി എം എഫ്, ലക്ഷദ്വീപിലെ മുഴുവന്‍ സഹകരണ സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റികളുടെയും ഉന്നത സൊസൈറ്റിയാണ്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ (കൊപ്ര), മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ (മാസ് ട്യൂണ) എന്നിവയുടെ വിപണനത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നോഡല്‍ ഏജന്‍സിയായും ഫെഡറേഷന്‍ അതിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

Advertisment

ഫൈസലിന്റെ സ്വാധീനം ഉപയോഗിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളില്‍നിന്ന് എല്‍ സി എം എഫ് വന്‍തോതില്‍ ട്യൂണ മത്സ്യം സംഭരിച്ചെന്നാണ് ആരോപണം. സംഭരിച്ച മത്സ്യം എല്‍ സി എം എഫ് മറ്റൊരു കയറ്റുമതിക്കാരന്‍ മുഖേന എസ് ആര്‍ ടി ജനറല്‍ മര്‍ച്ചന്റ്‌സിനു നല്‍കിയെന്നും എന്നാല്‍ പണം ലഭിച്ചില്ലെന്നും സി ബി ഐ ആരോപിക്കുന്നു.

എസ് ആര്‍ ടി ജനറല്‍ മര്‍ച്ചന്റ്സ്, എല്‍ സി എം എഫ് എംഡി എംപി അന്‍വര്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

സി ബി ഐയുടെ മിന്നല്‍ പരിശോധന

ലക്ഷദ്വീപില്‍നിന്ന് ശ്രീലങ്കയിലേക്കു മത്സ്യം കയറ്റുമതി ചെയ്തതില്‍ ക്രമക്കേട് നടന്നതായി കഴിഞ്ഞ മാസം വിവരം ലഭിച്ചതായാണു സി ബി ഐ പറയുന്നത്. എല്‍ സി എം എഫ്, ഫിഷറീസ്, പൊതുമരാമത്ത് വകുപ്പുകള്‍, ഖാദി ബോര്‍ഡ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മൃഗസംരക്ഷണ വകുപ്പ് എന്നിവയുള്‍പ്പെടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഒന്നിലധികം വകുപ്പുകളില്‍ കേന്ദ്രഭരണ പ്രദേശത്തെ വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സി ബി ഐ മിന്നൽ പരിശോധന നടത്തി.

എല്‍ സി എം എഫിനും മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടമുണ്ടാക്കിയ സാഹചര്യം വേഗത്തിലാക്കുന്നതില്‍ മുഹമ്മദ് ഫൈസല്‍ നിര്‍ണായക പങ്ക് വഹിച്ചതായി കണ്ടെടുത്ത രേഖകളുടെ സൂക്ഷ്മപരിശോധനയില്‍ വ്യക്തമായതായാണു സി ബി ഐ അവകാശപ്പെടുന്നത്.

സി ബി ഐ പറയുന്നതനുസരിച്ച് ഫൈസലിന്റെ പങ്ക് എന്ത്?

ഫൈസലിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ സി എം എഫ് മത്സ്യം സംഭരിച്ച് എസ് ആര്‍ ടിക്കു വിറ്റതെന്നാണ് സി ബി ഐയുടെ ആരോപണം. മാത്രമല്ല, ഫൈസലിന്റെ അനന്തരവന്‍ മുഹമ്മദ് അബ്ദുള്‍ റാസിക്ക് എസ് ആര്‍ ടിയില്‍ ഔദ്യോഗിക ചുമതല വഹിക്കുന്നതായും സി ബി ഐ ആരോപിക്കുന്നു.

2016-17 വര്‍ഷത്തില്‍, മുഹമ്മദ് ഫൈസലിന്റെ തെറ്റായ ഉറപ്പനുസരിച്ച് ശ്രീലങ്കന്‍ കമ്പനിയായ എസ് ആര്‍ ടി ജനറല്‍ മര്‍ച്ചന്റ്‌സ് ഇംപോര്‍ട്ടേഴ്‌സ് ആന്‍ഡ് എക്‌സ്‌പോട്ടേഴ്‌സ് നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ മാസ് മീന്‍ (ട്യൂണ ഉണക്കിയത്) വാങ്ങാന്‍ തയാറായിരുന്നു. മത്സ്യത്തൊഴിലാളികളില്‍നിന്ന് മാസ് സംഭരിക്കാന്‍ എല്‍ സി എം എഫ് തീരുമാനിക്കുകയും ചെയ്തുവെന്നും മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്ത രേഖകളുടെ സൂക്ഷ്മപരിശോധനയില്‍ വ്യക്തമായതായി സി ബി ഐ പറയുന്നു.

തുടര്‍ന്ന്, ദ്വീപുകളിലെ സഹകരണ സംഘങ്ങള്‍ വഴി ഏകദേശം 287 മെട്രിക് ടണ്‍ മാസ് സംഭരിച്ചു. ഇതിനു നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുമെന്ന് എല്‍ സി എം എഫ് ഉറപ്പുനല്‍കിയതായി സി ബി ഐ ആരോപിക്കുന്നു.

''ടെന്‍ഡറില്ലാതെ മുഹമ്മദ് ഫൈസല്‍ എംപിയുടെ ഉറപ്പിനെ മാത്രം ആശ്രയിച്ച് എല്‍ സി എം എഫിന്റെ അന്നത്തെ മാനേജിങ് ഡയറക്ടറായിരുന്ന എം പി അന്‍വറാണു വിഷയം മുന്നോട്ടുകൊണ്ടുപോയത്,'' സി ബി ഐ എഫ് ഐ ആറില്‍ പറയുന്നു.

''മുഹമ്മദ് ഫൈസലിന്റെ ബന്ധുവായ മുഹമ്മദ് അബ്ദുള്‍ റാസിക് തങ്ങള്‍ ഇടപാടില്‍ എസ് ആര്‍ ടി കൊളംബോയുടെ പ്രതിനിധിയായിരുന്നുവെന്നും രേഖകളുടെ പരിശോധന വെളിപ്പെടുത്തി. മുഹമ്മദ് ഫൈസല്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കൂടാതെ എല്‍ സി എം എഫ് ലിമിറ്റഡ് വഴി, മാസ് കയറ്റുമതിക്കാരായ കൊച്ചിയിലെ ആക്‌സിലറേറ്റഡ് ഫ്രീസ് ഡ്രയിങ് കമ്പനി (എ എഫ് ഡി സി) യെ തീരുമാനിക്കുന്നതില്‍ മുഹമ്മദ് ഫൈസല്‍ പ്രധാന പങ്കുവഹിച്ചു,'' എഫ് ഐ ആര്‍ പറയുന്നു.

പിന്നീട് എന്ത് സംഭവിച്ചു?

കൊച്ചി ആസ്ഥാനമായുള്ള എ എഫ് ഡി സിയുമായി മാസ് കയറ്റുമതിക്കുള്ള നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരാറില്‍ എല്‍ സി എം എഫ്് ഏര്‍പ്പെട്ടതായി സി ബി ഐ ആരോപിക്കുന്നു.

എന്നാല്‍, ശ്രീലങ്കന്‍ കമ്പനിക്കു കയറ്റുമതി ചെയ്ത 10 മെട്രിക് ടണ്ണിന്റെ ആദ്യ ചരക്കിന്റെ തുകയായ 60 ലക്ഷം രൂപ ലഭിച്ചിട്ടില്ലെന്ന് എ എഫ് ഡി സി പറഞ്ഞതോടെ പദ്ധതി തുടര്‍ന്നുപോയില്ല. 'മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാരണം, കരാര്‍ പ്രകാരം എല്‍ സി എം എഫ് വഴി കൂടുതല്‍ മാസ് കയറ്റുമതി നടന്നില്ല,'' എഫ് ഐ ആറില്‍ പറയുന്നു.

എല്‍ സി എം എഫില്‍ കെട്ടിക്കിട്‌ന മത്സ്യം ഒടുവില്‍ ലേലം ചെയ്യേണ്ടിവന്നുവെന്നും ഇതുവഴി ഒന്‍പതു കോടി രൂപയിലധികം നഷ്ടമുണ്ടായെന്നും സി ബി ഐ പറയുന്നു. 14.65 കോടി രൂപയാണു മത്സ്യത്തിനു നേരത്തെ വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍ ലേലത്തില്‍ ലഭിച്ചതു 5.72 കോടി രൂപ മാത്രമാണെന്നാണു സി ബി ഐ പറയുന്നത്.

എന്താണ് ഫൈസലിന്റെ മറുപടി?

''സി ബി ഐ ചില രേഖകള്‍ തേടി. അവര്‍ എന്റെ വീട്ടില്‍ പോലും തിരച്ചില്‍ നടത്തി. എന്നാല്‍ രേഖകള്‍ കണ്ടെടുത്തതു സംബന്ധിച്ച് അവര്‍ ഒരു റിപ്പോര്‍ട്ട് പോലും നല്‍കിയിട്ടില്ല. അവര്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നു നോക്കാം,'' മുഹമ്മദ് ഫൈസല്‍ എം പി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വിഷയത്തില്‍ അഴിമതി നടന്നിട്ടില്ലെന്നു ഫൈസല്‍ നേരത്തെ പറഞ്ഞിരുന്നു. ''നല്ല വില വാഗ്ദാനം ചെയ്തതിനാലാണു മത്സ്യം എസ് ആര്‍ ടിക്കു വിറ്റത്. ഇടനിലക്കാര്‍ പണം സമ്പാദിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരത്തെ ശരിയായ ആനുകൂല്യം ലഭിച്ചിരുന്നില്ല, ''അദ്ദേഹം പറഞ്ഞു.

''സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വഴി വാങ്ങാന്‍ ഞാന്‍ പാര്‍ലമെന്റില്‍ ഒരു പ്രസംഗം പോലും നടത്തി. ലങ്കയിലെ ഒരു വാങ്ങലുകാരനെ ഫെഡറേഷന്‍ കണ്ടെത്തിയിരുന്നു.നല്ല നിരക്കാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. എന്നാല്‍ തുത്തുക്കുടിയിലെ ഇടനിലക്കാരുടെ ചില ഇടപെടല്‍ കാരണം വാങ്ങുന്നയാള്‍ പിന്മാറി. തല്‍ഫലമായി, 250 മെട്രിക് ടണ്‍ മത്സ്യം ഫെഡറേഷന്റെ പക്കലായി. പിന്നീട് പ്രാദേശിക ലേലം നടത്തി തൂത്തുക്കുടിയിലെ ഇടനിലക്കാര്‍ വാങ്ങി. അതില്‍ അഴിമതിയില്ല. അവര്‍ അന്വേഷിക്കട്ടെ, സത്യം പുറത്തുവരും,'' മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

Fishermen Cbi Lakshadweep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: