ഇതുവരെ കണ്ടിട്ടില്ലാത്ത വിദൂര പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയതും തീവ്രവുമായ ഇന്‍ഫ്രാറെഡ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെ ഡബ്ല്യു എസ് ടി) ഉപയോഗിച്ച് പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ചിത്രങ്ങൾ ജ്യോതിശാസ്ത്രത്തിലെ സുപ്രധാന സംഭവത്തെയാണു വിളിച്ചോതുന്നത്. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലുതും ശക്തവുമായ ദൂരദര്‍ശിനിയാണു ജെ ഡബ്ല്യു എസ് ടി.
ഇന്‍ഫ്രാറെഡില്‍ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആകാശഗംഗകളാണ് വെബ്ബിന്റെ കാഴ്ചയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം താരതമ്യേന ചെറിയ പ്രദേശത്തുനിന്നാണു ചിത്രീകരിച്ചിരിക്കുന്നത്. ‘ഭൂമിയില്‍നിന്ന് ഒരാള്‍ കയ്യിലെടുക്കുന്ന ഒരു മണല്‍ തരിയുടെ വലുപ്പമുള്ള ആകാശഭാഗത്തിന്റെ അത്രയുമാണ് വിശാലമായ പ്രപഞ്ചത്തിന്റെ ഈ കഷ്ണം’ എന്നാണ് ആദ്യ ചിതം പുറത്തുവിട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ നാസ പറഞ്ഞത്.
”13 ബില്യണ്‍ വര്‍ഷം മുന്‍പത്തെ, പ്രപഞ്ച ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമുള്ള പ്രകാശമാണിത്. വീണ്ടും പറയട്ടെ, 13 നമുക്ക് 13 ബില്യണ്‍ വര്‍ഷം മുന്‍പുള്ള…ഇതുവരെ ആരും കണ്ടിട്ടില്ലാത്ത സാധ്യതകള്‍ നമുക്കു കാണാന്‍ കഴിയും. … ഇതുവരെ ആരും പോകാത്ത സ്ഥലങ്ങളില്‍ നമുക്ക് പോകാനാവും,” വൈറ്റ് ഹൗസില്‍നിന്ന് ആദ്യ ചിത്രം പുറത്തുവിട്ടുകൊണ്ട് യു എസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾ പൗരസ്ത്യ സമയം (ഇ ടി) ചൊവ്വാഴ്ച രാവിലെ 10.30ന്, അതായത് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (ഐ എസ് ടി) രാത്രി എട്ടിനു നാസയുടെ വെബ്സൈറ്റിലും (http:// http://www.nasa.gov/webbfirstimages) സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുമായി പുറത്തുവിട്ടു. ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.
ചിത്രത്തില്‍ എന്താണ് കാണുന്നത്?
ഒരു കാലത്ത് നമുക്ക് അദൃശ്യമായിരുന്ന ആകാശഗംഗയാണു ‘വെബിന്റെ ഫസ്റ്റ് ഡീപ് ഫീല്‍ഡ്’ എന്ന് വിളിക്കുന്ന ആദ്യ ചിത്രത്തിലുള്ളതെന്നാണു നാസ പറയുന്നത്. നീലയും ഓറഞ്ചും നിറങ്ങളില്‍ സമ്മേളിച്ച് തിളങ്ങുന്ന വസ്തുക്കളാണു ചിത്രത്തിലുള്ളത്. ക്ഷീരപഥത്തിനു സമാനമായ, കറങ്ങുന്ന വിദൂര ഗാലക്സികളാണിവ.
”പ്രകാശം സെക്കന്‍ഡില്‍ 186,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്നു. ആ ചെറിയ ബിന്ദുക്കളിലൊന്നില്‍ നിങ്ങള്‍ കാണുന്ന പ്രകാശം 13 ബില്യണ്‍ വര്‍ഷത്തിലേറെയായി സഞ്ചരിക്കുന്നു,” നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
”ഞങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുകയാണ്. കാരണം ഇത് ആദ്യ ചിത്രം മാത്രമാണ്. ഏകദേശം 13.5 ബില്യണ്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു പോകുന്നു. പ്രപഞ്ചത്തിന് 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഏതാണ്ട് തുടക്കത്തിലേക്കു മടങ്ങുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെബ്ബിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam) എടുത്ത, വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള വിവിധ ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രത്യക്ഷപ്പെട്ട SMACS 0723 എന്ന ആകാശഗംഗ സമൂഹത്തെ ചിത്രം കാണിക്കുന്നു.
ആകാശംഗകളുടെ സമൂഹത്തിന്റെ സംയോജിത പിണ്ഡം ഗുരുത്വാകര്‍ഷണ ലെന്‍സായി പ്രവര്‍ത്തിക്കുകയും പിന്നില്‍ കൂടുതല്‍ വിദൂരതയിലുള്ള ആകാശംഗകളെ വലുതാക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ആദ്യകാല ആകാശംഗകളെ കണ്ടെത്താന്‍ വെബ്ബ് ശ്രമിക്കുന്ന സാഹചര്യത്തില്‍ ആകാശഗംഗകളുടെ പിണ്ഡം, പ്രായം, ചരിത്രം, രൂപഘടന എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ ഇത് ഗവേഷകരെ സഹായിക്കും.
എന്താണ് നാസയുടെ ജെയിംസ് വെബ് ദൂരദര്‍ശിനി?
ജെയിംസ് വെബ് ദൂരദര്‍ശിനി വര്‍ഷങ്ങളായി പണിപ്പുരയിലാണ്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ എസ് എ), കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നിവയുമായി ചേര്‍ന്നാണ് ഈ ദൂരദര്‍ശിനി നാസ വികസിപ്പിക്കുന്നത്. ഇത് 2021 ഡിസംബര്‍ 25-ന് റോക്കറ്റ് മുഖേനെ വിക്ഷേപിച്ച ദൂരദര്‍ശിനി നിലവില്‍ സണ്‍-എര്‍ത്ത് എല്‍ 2 ലാഗ്രാഞ്ച് പോയിന്റ് എന്നറിയപ്പെടുന്ന ബഹിരാകാശ ബിന്ദുവിലാണുള്ളത്. സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
ഭൂമി-സൂര്യന് വ്യവസ്ഥയുടെ പരിക്രമണ തലത്തിലെ അഞ്ച് ബിന്ദുക്കളില്‍ ഒന്നാണ് ലാഗ്രാഞ്ച് പോയിന്റ് 2. ഇറ്റാലിയന്‍-ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസെഫി-ലൂയിസ് ലഗ്രാഞ്ചിന്റെ പേരിലാണ് ഈ പോയിന്റുകള്‍ അറിയപ്പെടുന്നത്. ഭൂമിയും സൂര്യനും പോലെ കറങ്ങുന്ന രണ്ട് ബോഡി സിസ്റ്റത്തിലുള്ള ഈ പോയിന്റുകള്‍ രണ്ട് വലിയ ബോഡികളുടെ ഗുരുത്വാകര്‍ഷണ ശക്തി പരസ്പരം ഇല്ലാതാക്കുന്നത് എവിടെയാണെന്ന് അടയാളപ്പെടുത്തുന്നു. ഈ സ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കള്‍ താരതമ്യേന സ്ഥിരതയുള്ളവയാണ്. ഇവയ്ക്കു നിലനില്ക്കാന് കുറഞ്ഞ ബാഹ്യ ഊര്‍ജമോ ഇന്ധനമോ മതി. നിരവധി ഉപകരണങ്ങളാണു ഈ പോയിന്റുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
സൂര്യനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന രേഖയില്‍ ഭൂമിക്കു തൊട്ടുപിന്നില്‍ സ്ഥിതിചെയ്യുന്ന സ്ഥാനമാണ് എല്‍ 2. ഭൂമിയുമായി സമന്വയിപ്പിച്ച് സൂര്യനെ ചുറ്റുമ്പോള്‍ അതിനെ ഭൂമി സൂര്യനില്‍നിന്ന് സംരക്ഷിക്കും.
ജെയിംസ് വെബ്ബിന്റെ ദൗത്യം എന്ത്?
മഹാവിസ്ഫോടനം (ബിഗ് ബാങ്്) മുതല്‍ താരാപഥങ്ങളുടെ ഉത്ഭവം, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, സൗരയൂഥത്തിന്റെ പരിണാമം എന്നിങ്ങനെ പ്രപഞ്ച ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളും പരിശോധിക്കുന്നതിനാല്‍, ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ‘പ്രപഞ്ചത്തെയും നമ്മുടെ ഉത്പത്തിയെയും മനസിലാക്കാനുള്ള അന്വേഷണത്തില്‍ വലിയ കുതിച്ചുചാട്ടമായിരിക്കുമെന്നാണു നാസ പറയുന്നത്.
വെബ് മുഖേനയുള്ള ശാസ്ത്ര ലക്ഷ്യങ്ങളെ നാല് തീമുകളായി തരംതിരിക്കാം. ആദ്യകാല പ്രപഞ്ചത്തിന്റെ അന്ധകാരത്തില്‍നിന്ന് ആദ്യത്തെ നക്ഷത്രങ്ങളും ഗാലക്സികളും രൂപം കൊള്ളുന്നത് കണ്ടെത്താന്‍ ഏകദേശം 13.5 ബില്യണ്‍ വര്‍ഷങ്ങള്‍ പിന്നോട്ടു സഞ്ചരിക്കുകയെന്നതാണ് ആദ്യത്തേത്.
ഏറ്റവും മങ്ങിയതും പഴയതുമായ ആകാശഗംഗകളെ ഇന്നത്തെ ഗ്രാന്‍ഡ് സ്പൈറല്‍ ആകാശഗംഗകളുമായി താരതമ്യപ്പെടുത്താനും കോടിക്കണക്കിനു വര്‍ഷങ്ങളായി ആകാശഗംഗകള്‍ എങ്ങനെ സമ്മേളിക്കുന്നുവെന്നും മനസിലാക്കുകയുമാണു രണ്ടാം ലക്ഷ്യം. മൂന്നാമതായി, നക്ഷത്രങ്ങളും ഗ്രഹവ്യവസ്ഥകളും എവിടെയാണ് പിറവിയെടുക്കുന്നത് എന്നറിയുക.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷം നിരീക്ഷിക്കുകയും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്റെ ഘടകങ്ങളെ കണ്ടെത്തുകയുമാണു നാലാം ലക്ഷ്യം. നമ്മുടെ സൗരയൂഥത്തിലെ വസ്തുക്കളെക്കുറിച്ചും ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി പഠിക്കും.
31 വര്‍ഷമായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഹബ്ബിള്‍ ദൂരദര്‍ശിനിയുടെ 100 മടങ്ങു കരുത്തുള്ളതാണു ജയിംസ് വെബ്്. ടെലിസ്കോപ്പിലെ വന്‍ സോളര്‍ പാനലുകളാണ് ഊര്‍ജം പുറപ്പെടുവിക്കുന്നത്.
ഹബ്ബിള്‍ പോലുള്ള മുന്‍ തലമുറാ നിരീക്ഷണ ഉപകരണങ്ങളെ അപേക്ഷിച്ച് അതാര്യമായ പൊടിപടലങ്ങള്‍ക്കിടയിലൂടെ നിരീക്ഷിക്കാന്‍ കഴിവുള്ളതാണു ജയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി. ഇന്‍ഫ്രാറെഡ് അല്ലെങ്കില്‍ ‘ഹീറ്റ്’ റേഡിയേഷനോട് സെന്‍സിറ്റീവായ ക്യാമറകളും മറ്റു ഉപകരണങ്ങളും വെബ്ബില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതുമൂലം ഇന്‍ഫ്രാ റെഡ് കിരണങ്ങള്‍ ഉപയോഗിച്ച് ചിത്രമെടുക്കാന്‍ കഴിയും. ഹബ്ബിള്‍ പോലുള്ള മുന്‍ തലമുറാ ദൂരദര്‍ശിനികള്‍ പ്രകാശ, യുവി കിരണങ്ങള്‍ ഉപയോഗിച്ചാണു ചിത്രങ്ങളെടുക്കുന്നത്.
സാധാരണയായി ദൃശ്യമാകുന്ന തരംഗദൈര്‍ഘ്യങ്ങളിലുള്ള പ്രകാശത്തെ ദൈര്‍ഘ്യമേറിയ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലേക്ക് മാറ്റാന്‍ പ്രപഞ്ചത്തിന്റെ വികാസം കാരണമാകുന്നു. സാധാരണയായി മനുഷ്യന്റെ കണ്ണുകള്‍ക്ക് അദൃശ്യമായതാണ് ഈ തരംഗദൈര്‍ഘ്യമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.