/indian-express-malayalam/media/media_files/uploads/2020/08/explained-fi-1.jpg)
ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനെകയുടെ കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. വാക്‌സിന്‍ ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളില്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യ ആഗോള പരീക്ഷണങ്ങളുടെ ഭാഗമാകുന്നത് പ്രധാനമാണ്.
എന്തുകൊണ്ട് ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നു?
ഈ പുതിയ വൈറസ് എങ്ങനെയാണ് വിവിധ ജന സമൂഹങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യയും ലോകവും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി, ഇന്ത്യ രാജ്യത്തെ എല്ലാ ആശുപത്രികളില്‍ നിന്നുമുള്ള കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു രജിസ്ട്രി തുടങ്ങിയിട്ടുണ്ട്. എങ്ങനെ ചികിത്സാ തന്ത്രങ്ങള്‍ മെച്ചപ്പെടുത്താം എന്ന് മനസ്സിലാക്കുന്നതിനാണ് ഇത്.
വലിയതും വിവിധവുമായ ജന സമൂഹത്തില്‍ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന് അറിയുന്നതിനാണ് വാക്‌സിനുകളും മരുന്നുകളും മൂന്നാം ഘട്ട പരീക്ഷണത്തില്‍ ശ്രമിക്കുന്നത്. കൂടാതെ, ജനങ്ങളില്‍ ഈ വാക്‌സിന്‍ എന്തെങ്കിലും വിപരീത ഫലം സൃഷ്ടിക്കുന്നുണ്ടോയെന്നും പരിശോധിക്കും.
Read Also: കോവിഡ് കാല മൊറട്ടോറിയം: ഭവന വായ്പ പലിശയും ഇഎംഐയും കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ആഗോള ജനസമൂഹത്തിനുവേണ്ടിയാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. അതിനാലാണ്, ഇപ്പോള്‍ യുകെ, ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിന് പേരില്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. യുഎസിലം പരീക്ഷണം ആരംഭിക്കുന്നുണ്ട്. ഇതില്‍ ചില രാജ്യങ്ങളില്‍ ബഹു വംശീയ, വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന ജനതകള്‍ ഉണ്ടെങ്കിലും മുന്‍കാലങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.
ലോകത്തേറ്റവും കൂടുതല്‍ ജന സംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ 140 കോടി ജനങ്ങളുണ്ട്. ഈ പരീക്ഷണങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭാഗമാകുന്നത് നിര്‍ണ്ണായകമാണ്. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഇനിയും പതിനായിരക്കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചേക്കാം.
എവിടെ നിന്നാണ് എസ് ഐ ഐ ചിത്രത്തിലേക്ക് കടന്ന് വന്നത്?
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ). സ്വീഡിഷ്-ബ്രിട്ടീഷ് ഫാര്‍മ വമ്പന്‍മാരായ അസ്ട്രാസെന്‍കയുമായി ബന്ധമുള്ള ഈ കമ്പനിയാണ് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്കു വേണ്ടി കോവിഡ്-19 വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യ സര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ അനുസരിച്ച് രാജ്യത്ത് വിപണനം ചെയ്യാന്‍ പോകുന്ന ഏതൊരു പുതിയ വാക്‌സിനും ഇവിടെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയിരിക്കണം.
Read in English: രക്ത പരിശോധനയിലൂടെ അര്‍ബുദം നേരത്തെ കണ്ടെത്താം; രോഗ ചികിത്സയില്‍ പ്രത്യാശ
മരുന്ന് നിര്‍മ്മാണ കരാറിലെ പങ്കാളിയായ എസ് ഐ ഐ ലക്ഷക്കണക്കിന് ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുക മാത്രമല്ല ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതിനുള്ള ചുമതല കൂടി വഹിക്കുന്നു.
എസ് ഐ ഐയ്ക്ക് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതോടെ പൂനെ കേന്ദ്രമായ ഈ സ്ഥാപനം ഇന്ത്യയിലെ വാക്‌സിന്‍ വികസിപ്പിക്കുന്ന മത്സരത്തിന്റെ മുന്നിലെത്തി. കൂടാതെ, താമസിയാതെ തന്നെ ഇന്ത്യയിലെ അപകട സാധ്യതയുള്ള വിഭാഗങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചു.
ഇന്ത്യയില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണം തുടരുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സൈഡസ് കാഡിലയുടെ സൈകോവ് ഡിയ്ക്കും മുമ്പ് എസ് ഐ ഐയ്ക്ക് ഇന്ത്യയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ പരീക്ഷണം ആരംഭിക്കാന്‍ സാധിക്കും.
ഇനിയെന്ത്?
രാജ്യത്ത് 18 ഇടങ്ങളിലായി 1,600 പേരില്‍ കോവിഷീല്‍ഡിന്റെ പരീക്ഷണം സെറം നടത്തും. എഎസ്ഡി1222, ചാഡോക്‌സ് 1 എന്‍കോവ്-19 എന്ന സാങ്കേതിക പദമുള്ള വാക്‌സിന് നല്‍കിയ പേരാണ് കോവിഷീല്‍ഡ്.
അതേസമയം, എപ്പോള്‍ പരീക്ഷണം ആരംഭിക്കുമെന്നത് വ്യക്തമല്ല. ഡ്രഗ് കണ്‍ട്രോളറുടെ അനുമതി കിട്ടിക്കഴിഞ്ഞാലുടന്‍ ഓഗസ്റ്റില്‍ തന്നെ പരീക്ഷണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ എസ് ഐ ഐ സിഇഒ അഡാര്‍ പൂനവാല പറഞ്ഞിരുന്നു. അതേസമയം, പരീക്ഷണം നടത്തുന്ന സ്ഥലങ്ങള്‍ക്ക് എത്തിക്‌സ് കമ്മിറ്റിയുടെ അനുവാദം ലഭിക്കുകയും പരീക്ഷണത്തിന് തയ്യാറാകുന്നവരെ കണ്ടെത്തുകയും വേണം.
ഡല്‍ഹി, ജോദ് പൂര്‍ എന്നിവിടങ്ങളിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പരീക്ഷണ വേദിയായേക്കും. കൂടാതെ, ദേശീയ ബയോഫാര്‍മ ദൗത്യവും ഗ്രാന്‍ഡ് ചലഞ്ച് ഇന്ത്യ പദ്ധതിയും (സര്‍ക്കാരിന്റേയും ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റേയും പങ്കാളിത്തോട് കൂടിയുള്ള പദ്ധതി) ചേര്‍ന്ന് കണ്ടെത്തിയ ഇടങ്ങളിലും പരീക്ഷണം നടത്തും.
Read Also: കോവിഡ്: 10 ദിവസവും കഴിഞ്ഞ് ആര്‍ക്കൊക്കെ ഐസോലേഷന്‍ വേണം? പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
ഹരിയാനയിലെ പല്‍വാലിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പൂനെയിലെ കെഇഎം ആശുപത്രി, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജ് എന്നിവ പരീക്ഷണ വേദികളാകും.
പൂനെയിലെ ഭാരതി ആശുപത്രിയിലും ജഹാംഗീര്‍ ക്ലിനിക്കല്‍ ഡെവലെപ്‌മെന്റ് സെന്ററിലും പരീക്ഷണം നടത്താന്‍ സാധ്യതയുണ്ട്.
Read in English: The significance of having the Oxford phase-III vaccine trials in India
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us