രക്ത പരിശോധനയിലൂടെ ചില അര്‍ബുദ രോഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍. നേരത്തേ രോഗം കണ്ടെത്തുന്നതിലൂടെ മരണ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന പഠനം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സിലാണ് പ്രസിദ്ധീകരിച്ചത്.

2007 മുതല്‍ 2014 വരെ 25 വയസ്സിനും 90 വയസ്സിനും ഇടയിലുള്ള 1,23,115 പേരിലാണ് പഠനം നടത്തിയത് ഇവരുടെ രക്തത്തിലെ പ്ലാസ്മ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുകയും അവരില്‍ അര്‍ബുദ രോഗം വരുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. തായ്ഷൗ ലോഞ്ചിറ്റിയൂടിനല്‍ സ്റ്റഡി (ടി ഈഎസ് എല്‍) എന്നാണ് ഈ പഠനം അറിയപ്പെടുന്നത്.

പന്‍സീര്‍ എന്ന രക്ത പരിശോധനയിലൂടെയാണ് ഗവേഷകര്‍ 575 സാമ്പിളുകളില്‍ ഏറ്റവും സാധാരണമായ അഞ്ച് ക്യാന്‍സറുകള്‍ കണ്ടെത്തിയത്. ആമാശയം, അന്നനാളം, വന്‍കുടല്‍, ശ്വാസകോശം, കരള്‍ എന്നീ അര്‍ബുദങ്ങളാണ് കണ്ടെത്തിയത്.

ഈ പഠനത്തില്‍ രോഗ ലക്ഷണമില്ലാത്ത 95 ശതമാനം പേരില്‍ പന്‍സീര്‍ പരിശോധനയില്‍ അര്‍ബുദ സാധ്യത കണ്ടെത്തി. ഇവര്‍ക്ക് പിന്നീട് അര്‍ബുദം ബാധിച്ചു. ഇതിലൂടെ, ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദം കണ്ടെത്താന്‍ കഴിയും.

പരിശോധനയില്‍ എന്താണ് ചെയ്യുന്നത്?

കോശങ്ങളില്‍ അര്‍ബുദ വളര്‍ച്ച ആരംഭിച്ചതും എന്നാല്‍ മറ്റു പരിശോധനകളില്‍ രോഗ ലക്ഷണം കാണിക്കാത്തതുമായ വ്യക്തികളില്‍ രോഗം കണ്ടെത്താന്‍ പന്‍സീര്‍ സഹായിക്കും. എന്നാല്‍ അര്‍ബുദ വളര്‍ച്ച ആരംഭിച്ചിട്ടില്ലാത്തവരില്‍ പിന്നീട് രോഗം വരുമോയെന്ന് അറിയാന്‍ സാധിക്കുകയില്ല.

Read Also: കോവിഡ്: 10 ദിവസവും കഴിഞ്ഞ് ആര്‍ക്കൊക്കെ ഐസോലേഷന്‍ വേണം? പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

ഫസ്റ്റ് ലൈന്‍ സ്‌ക്രീനിങ് പരിശോധനയാണ് പന്‍സീര്‍. ഈ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് തുടര്‍ന്ന് ഒരു റിഫ്‌ളക്‌സ് രക്ത പരിശോധനയും കോശകലകളുടെ ചിത്രങ്ങള്‍ എടുത്ത് പരിശോധന നടത്തിയും അര്‍ബുദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കാം. എന്നാല്‍, ഏത് തരം അര്‍ബുദമാണെന്ന് ഈ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ല.

എന്താണ് പഠനത്തിന്റെ പരിമിതി?

ഈ പഠനത്തില്‍ ആധുനിക പ്ലാസ്മ സംരക്ഷണ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. സാമ്പിളുകള്‍ കേടായിപ്പോയിട്ടുണ്ടാകാം. കൂടാതെ, ഓരോ സാമ്പിളിലും ലഭ്യമായിട്ടുള്ള പ്ലാസ്മയുടെ അളവ് കുറവാണ്. ഇത്തരം പ്രോട്ടോക്കോളുകള്‍ക്ക് 10 മില്ലിലിറ്റര്‍ പ്ലാസ്മയാണ് സാധാരണ വേണ്ടത് എന്നാല്‍ ഒരു മില്ലിലിറ്റര്‍ പ്ലാസ്മയാണ് ലഭ്യമായിരുന്നത്. അത് രോഗം തിരിച്ചറിയുന്നതിന്റെ കഴിവിനെ ബാധിക്കും.

രക്ത പരിശോധനയില്‍ അര്‍ബുദം എങ്ങനെ തിരിച്ചറിയാം?

ഏപ്രിലില്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ രക്ത പരിശോധനയ്‌ക്കൊപ്പം കോശ കലകളുടെ ചിത്രം എടുക്കുന്നതിലൂടെ നേരത്തെ ചില അര്‍ബുദങ്ങള്‍ കണ്ടെത്താം എന്ന് പറഞ്ഞിരുന്നു. എന്നാലിത്, നേരത്തേ അര്‍ബുദമോ രോഗ ലക്ഷണമോ ഇല്ലാത്ത സ്ത്രീകളിലുള്ള പഠനമായിരുന്നു.

ആ പഠനത്തില്‍, ഗവേഷകര്‍ പറയുന്നത് വലിപ്പ വ്യത്യാസമില്ലാതെ എല്ലാ തരം അര്‍ബുദങ്ങള്‍ക്കും രക്തവുമായി ബന്ധമുണ്ടെന്നാണ്. അവയില്‍ നിന്നും ചിലപ്പോള്‍ പ്രോട്ടീനും മറ്റു ജനിതക വസ്തുക്കളും രക്തത്തിലേക്ക് കലരും. അതുവഴി ചില തരം അര്‍ബുദങ്ങള്‍ രക്ത പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയും. ലിക്വിഡ് ബയോപ്‌സി എന്നാണ് ഇതിനെ പറയുന്നത്.

ഈ അര്‍ബുദങ്ങളെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കും. അതിനാല്‍, ചികിത്സ നേരത്തെ ആരംഭിക്കാനും സുഖപ്പെടുത്താനും സാധിക്കും.

എങ്ങനെയാണ് സാധാരണ അര്‍ബുദം കണ്ടെത്തുന്നത്?

ചില ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ വ്യക്തികള്‍ രോഗ പരിശോധനയ്ക്ക് വിധേയമാകും. ലബോറട്ടറി പരിശോധനകള്‍, അര്‍ബുദ ബയോപ്‌സി, സ്‌കാനിങ് തുടങ്ങിയവ മാര്‍ഗങ്ങളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

Read in English: A new study hints at cancer detection through a blood test

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook