scorecardresearch

സുപ്രീം കോടതി ജാമ്യം നല്‍കിയിട്ടും സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനാവാത്തത് എന്തുകൊണ്ട്?

യുപി പൊലീസിന്റെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു

യുപി പൊലീസിന്റെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു

author-image
WebDesk
New Update
siddique kappan, hathras rape case, PFI, ED

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷം സെപ്റ്റംബര്‍ ഒന്‍പതിനാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കാപ്പന്‍ തടവില്‍ തുടരുകയാണ്.

എന്തുകൊണ്ടാണ് സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാത്തത്?

Advertisment

ദളിത് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യു പിയിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണു സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അശാന്തി സൃഷ്ടിക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് യു എ പി എ വകുപ്പുകള്‍ പ്രകാരമാണു പൊലീസ് കേസെടുത്തത്.

കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നു കാപ്പനെ ജയിലില്‍നിന്നു പുറത്തുവിടാന്‍ വിട്ടയക്കാന്‍ ലഖ്നൗ കോടതി ഉത്തരവിട്ടിരുന്നു. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും ഹാജരാക്കാനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എ എസ് ജെ) അനുരോദ് മിശ്ര ഉത്തരവില്‍ നിര്‍ദേശിച്ചത്.

Advertisment

എന്നാല്‍, ഇ ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ കാപ്പനെ ജയില്‍ അധികൃതര്‍ വിട്ടയച്ചില്ല. ''എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ കാപ്പന്‍ ജയിലില്‍ തുടരും,''എന്ന് ഡി ജി ജയില്‍ പി ആര്‍ ഒ സന്തോഷ് വര്‍മ അന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞിരുന്നു.

ഒരു പ്രതി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളിലും ജാമ്യം നേടിയാല്‍ മാത്രമേ ജയില്‍ മോചിതമാകൂയെന്നാണു നിയമം വ്യക്തമാക്കുന്നത്.

എന്താണ് കാപ്പനെതിരായ ഇ ഡി കേസ്?

യുപി പൊലീസിന്റെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 2021 ഫെബ്രുവരിയില്‍ കാപ്പനും പി എഫ് ഐയുടെ നാല് ഭാരവാഹികള്‍ക്കുമെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സി എഫ് ഐ) ദേശീയ ജനറല്‍ സെക്രട്ടറി കെ എ റൗഫ് ഷെരീഫ് ഗള്‍ഫിലെ പി എഫ് ഐ അംഗങ്ങള്‍ വഴി സ്വരൂപിച്ച ഫണ്ട് നിയമവിരുദ്ധ ഇടപാടുകളിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതായി പറയുന്നു.

പി എഫ് ഐയുടെ അനുബന്ധ സംഘടനയാണ് സി എഫ് ഐ. യു എ പി എ പ്രകാരം സെപ്റ്റംബര്‍ 28ന് ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച പി എഫ് ഐയുടെ അനുബന്ധ സംഘടനകളില്‍ സി എഫ് ഐയും ഉള്‍പ്പെടുന്നു.

2020 ഡിസംബര്‍ 12-ന് കെ എ റൗഫ് ഷെരീഫിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കാപ്പനും ഷെരീഫിനും ഒപ്പം സി എഫ് ഐ ദേശീയ ട്രഷറര്‍ ആതികൂര്‍ റഹ്‌മാന്‍, ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി മസൂദ് അഹമ്മദ്, സി എഫ് ഐ, പി എഫ് ഐ അംഗം മുഹമ്മദ് ആലം എന്നിവര്‍ക്കെതിരെയാണ് ഇ ഡി കുറ്റപത്രം. ആതികൂര്‍ റഹ്‌മാനും മസൂദ് അഹമ്മദും മുഹമ്മദ് ആലമും കാപ്പനൊപ്പം ഹത്രാസിലേക്കു യാത്ര ചെയ്തവരാണ്.

ഇ ഡി യുടെ പ്രോസിക്യൂഷന്‍ പരാതി (കുറ്റപത്രത്തിനു തുല്യം) ഹത്രാസ് കേസില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കെ, ഒരു ഔദ്യോഗിക സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു: ''ഐ പി സി 120-ബി വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി ഏകദേശം 1.36 കോടി രൂപയാണ് നേടിയത്. ഈ തുകയുടെ ഒരു ഭാഗം പി എഫ് ഐ/സി എഫ് ഐ ഭാരവാഹികള്‍/അംഗങ്ങള്‍/പ്രവര്‍ത്തകര്‍ അവരുടെ തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. 2020 ഫെബ്രുവരിയില്‍ ഡല്‍ഹി കലാപത്തിലേക്കു നയിച്ച സി എ എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു ധനസഹായം നല്‍കല്‍, അക്രമത്തിനു പ്രേരണ നല്‍കല്‍, പ്രശ്നങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ മാത്രം അത് ഒതുങ്ങി നിന്നില്ല. സാമുദായിക സൗഹാര്‍ദം തകര്‍ക്കുക, വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുക, ഭീകരത പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഹത്രാസില്‍ പി എഫ് ഐ/സി എഫ് ഐ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് പ്രോസിക്യൂഷന്‍ പരാതിയില്‍ കൂടുതല്‍ വിശദമായി അന്വേഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും അതുണ്ടായി.''

ഈ പണത്തിന്റെ ഒരു ഭാഗം പി എഫ് ഐ/സി എഫ് ഐയുടെ ഭാവി ഉപയോഗത്തിനായി ഭൂമി വാങ്ങുന്നതിനായി ഉപയോഗിച്ചു. മസൂദ് അഹമ്മദിനും അതികുര്‍ റഹ്‌മാനും കെഎ ഷെരീഫ് ഫണ്ട് കൈമാറിയതായി പ്രോസിക്യൂഷന്‍ പരാതിയില്‍ ഇ ഡി ആരോപിച്ചു. ഈ തുക ഉപയോഗിച്ചാണ് മസൂദ് 2.25 ലക്ഷം രൂപയ്ക്ക് ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസിന്റെ പിടിയിലാകുന്നതിനു 15 ദിവസം മുമ്പ് കാര്‍ വാങ്ങിയതെന്ന് ഇ ഡി ആരോപിച്ചു.

''വര്‍ഷങ്ങളായി പി എഫ് ഐയുടെ അക്കൗണ്ടുകളില്‍ 100 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അതിന്റെ വലിയൊരു ഭാഗം പണമായി നിക്ഷേപിച്ചിട്ടതാണെന്നും പ്രോസിക്യൂഷന്‍ പരാതി വ്യക്തമാക്കുന്നു.

''ഈ ഫണ്ടുകളുടെ ഉറവിടവും വിതരണവും അന്വേഷണത്തിലാണ്. എന്‍ ഐ എ അന്വേഷിച്ച 2013ലെ നാറാത്ത് ആയുധ പരിശീലന കേസ് മുതലുള്ള പി എം എല്‍ എ പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ പിഎഫ്‌ഐ തുടര്‍ച്ചയായി ഏര്‍പ്പെടുകയാണ്. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ച്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു യുവാക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ നാറാത്ത് തീവ്രവാദ ക്യാമ്പ് സംഘടിപ്പിച്ച് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പി എഫ് ഐ/എസ് ഡി പി ഐ അംഗങ്ങളെ ശിക്ഷിച്ചിരുന്നു,''ഇ ഡി പറഞ്ഞു.

പി എം എല്‍ എ പ്രകാരം ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

''പി എം എല്‍ എ പ്രകാരം ജാമ്യം ലഭിക്കാന്‍ പൊതുവെ ബുദ്ധിമുട്ടാണ്. കുറ്റക്കാരനല്ലെന്നു ബോധ്യപ്പെട്ടില്ലെങ്കില്‍ കോടതി ജാമ്യം അനുവദിക്കില്ലെന്നു നിയമം അനുശാസിക്കുന്നു. എന്നാല്‍, പതിനാറ്് വയസിനു താഴെയുള്ള അല്ലെങ്കില്‍ സ്ത്രീയോ രോഗിയോ ദുര്‍ബലനോ ആയ ഒരാള്‍ക്ക് പ്രത്യേക കോടതി ഉത്തരവിട്ടാല്‍ ജാമ്യത്തില്‍ വിട്ടയക്കാം,'' പി എം എല്‍ എ 45 (1) വകുപ്പ് പറയുന്നു.

ജാമ്യത്തിന്റെ ഘട്ടത്തിലെ വിചാരണ മുന്‍നിര്‍ത്തി ഈ വ്യവസ്ഥ വിമര്‍ശിക്കപ്പെടുകയും 2017-ല്‍ സുപ്രീം കോടതി അത് റദ്ദാക്കുകയും ചെയ്തു. അതേസമയം, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുടെ (അടുത്തിടെ വിരമിച്ചു) നേതൃത്വത്തിലുള്ള ബഞ്ച് ഈ വ്യവസ്ഥ പുനഃസ്ഥാപിക്കുകയും നിയമത്തിലെ മറ്റു വിവാദ വ്യവസ്ഥകള്‍ ശരിവയ്ക്കുകയും ചെയ്തു.

കാപ്പന് ജാമ്യം അനുവദിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞത് എന്ത്?

''എല്ലാ വ്യക്തികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഹത്രാസ് ഇരയ്ക്കു നീതിക്കുവേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നതും പൊതുശബ്ദം ഉയരുന്നതും. ഇതു നിയമത്തിന്റെ കണ്ണില്‍ കുറ്റമാകുമോ?''കാപ്പന്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നു കലാപത്തിനു പ്രേരിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തുവെന്ന യു പി പൊലീസിന്റെ അവകാശവാദത്തെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു.

ഹര്‍ജിക്കാരന്റെ കസ്റ്റഡി കാലാവധിയും കേസിന്റെ പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണു കാപ്പനു ജാമ്യം അനുവദിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. കാപ്പന്‍ പാസ്പോര്‍ട്ട് അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണമെന്നു ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചു. തന്റെ സ്വാതന്ത്ര്യം ഒരു തരത്തിലും ദുരുപയോഗം ചെയ്യുകയോ വിവാദവുമായി ബന്ധപ്പെട്ട ആരുമാമായും ബന്ധപ്പെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. കാപ്പന്റെ ജാമ്യാപേക്ഷ ഓഗസ്റ്റ് രണ്ടിന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണു കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Uttar Pradesh Siddique Uapa Supreme Court Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: