scorecardresearch

യുഎഇയുടെ വിസ നിയമങ്ങളില്‍ മാറ്റം; ടൂറിസ്റ്റുകളേയും തൊഴിലന്വേഷകരേയും എങ്ങനെ ബാധിക്കും?

കഴിഞ്ഞ ഏപ്രിലില്‍ യുഎഇ കാബിനറ്റ് അംഗീകാരം നല്‍കി പുതിയ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഇമിഗ്രേഷൻ, റെസിഡൻസി നയങ്ങൾ പരിഷ്കരിക്കുക എന്ന ലക്ഷ്യമാണുള്ളത്

യുഎഇയുടെ വിസ നിയമങ്ങളില്‍ മാറ്റം; ടൂറിസ്റ്റുകളേയും തൊഴിലന്വേഷകരേയും എങ്ങനെ ബാധിക്കും?

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) അഡ്വാൻസ്ഡ് വിസ സംവിധാനം ഇന്ന് മുതല്‍ (ഒക്ടോബര്‍ 3) പ്രാബല്യത്തില്‍. കഴിഞ്ഞ ഏപ്രിലില്‍ യുഎഇ കാബിനറ്റ് അംഗീകാരം നല്‍കി പുതിയ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഇമിഗ്രേഷൻ, റെസിഡൻസി നയങ്ങൾ പരിഷ്കരിക്കുക എന്ന ലക്ഷ്യമാണുള്ളത്. ടൂറിസ്റ്റുകൾക്കുള്ള ദീർഘകാല വീസകൾ, ഗ്രീൻ വിസയ്ക്ക് കീഴിലുള്ള പ്രൊഫഷണലുകൾക്ക് താമസം, 10 വർഷത്തേക്ക് ഗോൾഡൻ വിസ എന്നിവയാണ് സുപ്രധാന മാറ്റങ്ങള്‍.

“വിദേശികൾക്ക് വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമപ്പുറം, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യുഎഇയിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും മെച്ചപ്പെട്ട സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങള്‍,” റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ നുഐമി മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ പറഞ്ഞു.

എന്താണ് പുതിയ നിയമങ്ങളെന്നും അവ വിനോദ സഞ്ചാരികളേയും യുഎഇയിൽ ജോലി ചെയ്യാനോ താമസിക്കാനോ ആഗ്രഹിക്കുന്നവരേയും എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കാം.

ഗ്രീന്‍ വിസ

2021 സെപ്തംബറിലാണ് ഗ്രീൻ വിസ പ്രഖ്യാപിച്ചത്. ഒരു യുഎഇ പൗരനെയോ തൊഴിലുടമയെയോ ആശ്രയിക്കാതെ തന്നെ, വിദേശികൾക്ക് അഞ്ച് വർഷത്തേക്ക് സ്വയം സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന ഒരു തരം പുതുക്കാവുന്ന-റെസിഡൻസ് വിസയാണിത്. ഫ്രീലാൻസർമാർ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർ, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ അല്ലെങ്കിൽ പങ്കാളികൾ എന്നിവർക്ക് വിസയ്ക്ക് അർഹതയുണ്ട്.

ഗ്രീന്‍ വിസയുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുണ്ട്. മാതാപിതാക്കൾക്ക് 25 വയസ് വരെ ആൺകുട്ടികളെ സ്പോൺസർ ചെയ്യാൻ കഴിയും, മുൻ പ്രായപരിധി വയസായിരുന്നു. അതേസമയം അവിവാഹിതരായ പെൺമക്കൾക്കും ശാരീരിക പരിമിതികള്‍ ഉള്ള കുട്ടികള്‍ക്കും പ്രായം കണക്കിലെടുക്കാതെ താമസം അനുവദിക്കുമെന്ന് യുഎഇ സർക്കാർ ജൂണിൽ വ്യക്തമാക്കിയിരുന്നു.

റസിഡൻസ് പെർമിറ്റ് റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്‌താലും ആറ് മാസം വരെ നീട്ടി ലഭിക്കും.

ഗോള്‍ഡന്‍ വിസ

ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയാണ് യു എ ഇ ഗോള്‍ഡന്‍ വിസ. കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കു പദ്ധതിയില്‍ വിസ അനുവദിക്കുന്ന തരത്തിലാണു ഭേദഗതി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, അസാധാരണമായ കഴിവുള്ള വ്യക്തികള്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, എന്നീ ആറു വിഭാഗങ്ങളിലുള്ളവര്‍ക്കാണു യു എ ഇയുടെ 10 വര്‍ഷ ഗോര്‍ഡന്‍ വിസ ലഭിക്കുക. ഏപ്രിലിലാണു പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി യു എ ഇ പ്രഖ്യാപിച്ചത്.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപക വിഭാഗത്തില്‍ രണ്ടു ദശലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലും നിക്ഷേപിക്കുന്നവര്‍ക്കാണു ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹത. പ്രാദേശിക ബാങ്കില്‍നിന്ന് മോര്‍ട്ട്‌ഗേജ് വഴി വസ്തു വാങ്ങുന്നവര്‍ക്കും ഓഫ് പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്കും അപേക്ഷിക്കാം.

കല, സാംസ്‌കാരികം, ഡിജിറ്റല്‍ ടെക്‌നോളജി സ്‌പോര്‍ട്‌സ്, ഇന്നൊവേഷന്‍, മെഡിസിന്‍, നിയമം തുടങ്ങിയ മേഖലകളിലെ കഴിവുള്ളവര്‍ക്ക് അസാധാരണമായ കഴിവുള്ള വ്യക്തികള്‍ എന്ന വിഭാഗത്തില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ നില, പ്രതിമാസ ശമ്പളം അല്ലെങ്കില്‍ പ്രൊഫഷണല്‍ നിലവാരം എന്നിവ ഈ വിഭാഗത്തില്‍ മാനദണ്ഡമാകുന്നില്ല.

ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍നിന്ന് എന്‍ജിനീയറിങ് സാങ്കേതിക, ലൈഫ് സയന്‍സസ്, നാച്ചുറല്‍ സയന്‍സസ് എന്നിവയില്‍ പി എച്ച ്ഡി അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടിയ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അത്തരം ആളുകളെ എമിറേറ്റ്സ് സയന്റിസ്റ്റ് കൗണ്‍സിലിന്റെ ശിപാര്‍ശ ചെയ്യേണ്ടതുണ്ട്.

സംരംഭകരുടെ വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍ക്കു പുതിയ നിയമങ്ങള്‍ പ്രകാരം അവസരം പ്രയോജനപ്പെടുത്താം. യു എ ഇയില്‍ റജിസ്റ്റര്‍ ചെയ്ത 10 ലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തില്‍ പെടും.

യു എ ഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഏര്‍പ്പെട്ട വിഗദ്ധ തൊഴിലാളികള്‍ക്കാണു ഗോള്‍ഡന്‍ വിസ ലഭിക്കുക. മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍വചിച്ചിരിക്കുന്ന ഒന്നോ അല്ലെങ്കില്‍ രണ്ട് തൊഴില്‍ നിലവാരം പ്രകാരമുള്ള ജോലിക്കു കീഴിലായിരിക്കണം. മിനിമം പ്രതിമാസ ശമ്പളം 30,000 ദിര്‍ഹം വേണം. നേരത്തെ ഇത് 50,000 ദിര്‍ഹം ആയിരുന്നു. തൊഴിലാളികള്‍ ബാച്ചിലേഴ്‌സ് ബിരുദധാരികളായിരിക്കണം.

യു എ ഇ സെക്കന്‍ഡറി സ്‌കൂളിലോ യൂണിവേഴ്‌സിറ്റികളിലോ ഉയര്‍ന്ന സ്‌കോര്‍ നടിയ അസാധാരണ കഴിവുള്ള വിദ്യാര്‍ഥികള്‍ക്കാണ് ആ വിഭാഗത്തില്‍ വിസ ലഭിക്കുക. ലോകത്തിലെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളില്‍ പഠിച്ച പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം.

യു എ ഇക്കു പുറത്ത് പരമാവധി ആറ് മാസമേ കഴിയാവൂയെന്ന നിയന്ത്രണം ഗോള്‍ഡന്‍ വിസയുടെ കാര്യത്തില്‍ ഇല്ല. വിസ ഉടമകള്‍ക്ക് പ്രായം കണക്കിലെടുക്കാതെ അവരുടെ കുടുംബാംഗങ്ങളെയും ഗാര്‍ഹിക ജീവനക്കാരെയും എണ്ണം പരിമിതപ്പെടുത്താതെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും.

ടൂറിസ്റ്റ് വിസകളിലും മാറ്റം

ടൂറിസ്റ്റ് വിസകളുള്ള സന്ദർശകർക്ക് നിയമപരമായി യുഎഇയിൽ പ്രവേശിക്കാനും 60 ദിവസത്തേക്ക് താമസിക്കാനും കഴിയും, നേരത്തെ ഇത് 30 ദിവസമായിരുന്നു.

തുടർച്ചയായി 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ ഫ്ലെക്സിബിൾ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും യുഎഇ അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ, കഴിവുള്ള പ്രൊഫഷണലുകൾക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ എളുപ്പത്തിൽ അനുവദിക്കുന്ന തൊഴിൽ പര്യവേക്ഷണ വിസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ തലത്തിൽ വരുന്നവർക്കും ലോകത്തെ മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും തൊഴിൽ പര്യവേക്ഷണ വിസയ്ക്ക് അർഹതയുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Uaes visa rules changed how they affect tourists job seekers