പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യെ നിയമവിരുദ്ധ സംഘടനായി പ്രഖ്യാപിച്ചതിനു പിന്നാലെ, രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍ എസ് എസ്)ത്തെയും നിരോധിക്കണമെന്നു രമേശ് ചെന്നിത്തല എം എല്‍ എയും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദും ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്വതന്ത്ര ഇന്ത്യയില്‍ മൂന്നു തവണ ആര്‍ എസ് എസിനെ നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍ എസ് എസില്‍ ചേരാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ നിരവധി സംസ്ഥാനങ്ങള്‍ പല വര്‍ഷങ്ങളിലായി ഈ നിരോധനം പിന്‍വലിച്ചു. 1947 മുതല്‍ ആര്‍ എസ് എസിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ ഹ്രസ്വ ചരിത്രം പരിശോധിക്കാം.
മഹാത്മാഗാന്ധി വധത്തിനുശേഷം
മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്സെ വധിച്ച് ദിവസങ്ങള്‍ക്കുശേഷം, 1948 ഫെബ്രുവരി നാലിന് ആര്‍ എസ് എസിനെ നിരോധിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ‘വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനാണ്’ നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ അന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
”രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അംഗങ്ങള്‍ തീവയ്പ്, കവര്‍ച്ച, കൊള്ള, കൊലപാതകം എന്നിവ ഉള്‍പ്പെടുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ രീതികള്‍ അവലംബിക്കാനും തോക്കുകള്‍ ശേഖരിക്കാനും സര്‍ക്കാരിനെതിരെ അസംതൃപ്തി സൃഷ്ടിക്കാനും പൊലീസിനും സൈന്യത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ആളുകളെ ഉദ്‌ബോധിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി,”പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാര്‍ നേരത്തെ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കുകയും സംഘടനയെ നിരോധിക്കാതിരിക്കുകയും ചെയ്തപ്പോള്‍, ‘ദോഷകരമായ’ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഏറ്റവും പുതിയതും വിലപ്പെട്ടതുമായ നഷ്ടം ഗാന്ധിജി തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍, അക്രമം വീണ്ടും പ്രത്യക്ഷപ്പെടുന്നതു തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനുള്ള ആദ്യപടിയായി സംഘത്തെ ‘നിയമവിരുദ്ധ സംഘടനയായി’പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
നിരോധനം പിന്‍വലിക്കാന്‍ ആര്‍ എസ് എസ് നിരവധി അഭ്യര്‍ഥനകള്‍ നടത്തിയിരുന്നു. അന്നത്തെ സര്‍സംഘചാലക് എം എസ് ഗോള്‍വാള്‍ക്കര്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലാഭായ് പട്ടേലിനെ കണ്ടും അദ്ദേഹത്തിനും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനും കത്തെഴുതിയും നിരോധനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥന നടത്തി. ”സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 1948 ഡിസംബര്‍ ഒന്‍പതിനു സ്വയംസേവകര്‍ സത്യാഗ്രഹം ആരംഭിച്ചു,” ആര്‍ എസ് എസ് വെബ്സൈറ്റില്‍ പറയുന്നു.
ഒരു വര്‍ഷത്തിനു ശേഷം 1949 ജൂലൈ 11 നു നിരോധനം പിന്‍വലിച്ചു. നിരോധനം നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ കമ്യൂണിക്കെയില്‍ ഇങ്ങനെ പറയുന്നു: ”യൂണിയന്‍ ഭരണഘടനയോടുള്ള വിശ്വസ്തതയും ദേശീയ പതാകയോടുള്ള ആദരവും ആര്‍ എസ് എസ് ഭരണഘടനയില്‍ കൂടുതല്‍ വ്യക്തമാക്കാമെന്ന് ആര്‍ എസ് എസ് നേതാവ് ഉറപ്പുനല്‍കി. അക്രമപരവും രഹസ്യാത്മകവുമായ മാര്‍ഗങ്ങള്‍ വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കു സംഘത്തില്‍ സ്ഥാനമുണ്ടാവില്ലെന്നും ഉറപ്പുനല്‍കി. ജനാധിപതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടന ആവിഷ്‌കരിക്കുമെന്നും ആര്‍ എസ് എസ് നേതാവ് വ്യക്തമാക്കി.”
1949ലാണ് സംഘത്തിന്റെ ഭരണഘടന തയാറാക്കിയതെന്ന് ആര്‍ എസ് എസ് വെബ്സൈറ്റില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസില്‍ ചേരുന്നതിനു വിലക്ക്
ആര്‍ എസ് എസോ ജമാഅത്തെ ഇസ്ലാമിയോ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതു വിലക്കിക്കൊണ്ട് 1966ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
”രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം സംബന്ധിച്ച സര്‍ക്കാര്‍ നയത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നതിനാല്‍, അക്കാര്യം വ്യക്തമാക്കുന്നു. ഈ രണ്ട് സംഘടനകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം 1964 ലെ കേന്ദ്ര സിവില്‍ സര്‍വീസസ് (പെരുമാച്ചട്ടം) ചട്ടം അഞ്ചിന്റെ ഉപചട്ട (1)ത്തിലെ വ്യവസ്ഥകള്‍ പ്രകാരം എപ്പോഴും വിലക്കുന്നു,” 1966 നവംബര്‍ 30-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഈ ഉത്തരവ് 1970ലും 1980ലും ആവര്‍ത്തിച്ചു. എന്നാല്‍ മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഈ നിരോധനം നീക്കി. കേന്ദ്ര സര്‍ക്കാരിന്റെ പഴയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് 2016ല്‍, അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ നിരോധനം
1975 ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ജൂലൈ നാലിന് ആര്‍ എസ് എസിനെ നിരോധിച്ചു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു പ്രേരണയായ ആര്‍ എസ് എസുമായി ജയപ്രകാശ് നാരായണ്‍ യോജിച്ചതു അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഇന്ദിര പറഞ്ഞിരുന്നു.
നിരോധനത്തിനെതിരെ ആര്‍ എസ് എസ് സര്‍സംഘചാലക് ബാലാസാഹേബ് ദിയോറസ് ഇന്ദിരാ ഗാന്ധിക്കു കത്തെഴുതി. ”നിരോധനത്തിന് ഉത്തരവില്‍ കൃത്യമായ കാരണമൊന്നും പറയുന്നില്ല. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും അപകടമുണ്ടാക്കുന്നതൊന്നും ആര്‍ എസ് എസ് ഒരിക്കലും ചെയ്തിട്ടില്ല. ഹിന്ദു സമൂഹത്തെ മുഴുവന്‍ സംഘടിപ്പിച്ച് ഏകാത്മകവും ആത്മാഭിമാനവുമുള്ളതാക്കുകയെന്നതാണു സംഘത്തിന്റെ ലക്ഷ്യം. സംഘം ഒരിക്കലും അക്രമത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും അക്രമം പഠിപ്പിച്ചിട്ടില്ല. സംഘത്തിന് അത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നില്ല,” അദ്ദേഹം കത്തില്‍ പറഞ്ഞു.
നിരവധി തവണത്തെ ചര്‍ച്ചകള്‍ക്കു ശേഷം, അടിയന്തരാവസ്ഥ അവസാനിച്ചതോടെ 1977 മാര്‍ച്ച് 22-നു നിരോധനം നീക്കി.
ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുള്ള നിരോധനം
1992 ഡിസംബര്‍ ആറിനു അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ 10-ന് ആര്‍ എസ് എസ്. നിരോധിക്കപ്പെട്ടു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ 1993 ജൂണ്‍ നാലിനു നിരോധനം നീക്കി. നിരോധനം ‘നീതിയുക്തമല്ലെ’ന്നു ജസ്റ്റിസ് ബഹ്രി കമ്മിഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.
”ആര്‍ എസ് എസ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കുന്ന വിജ്ഞാപനം നിയമപരമായ ആവശ്യകത പ്രകാരം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി കെ ബഹ്രിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണല്‍ പരിശോധിച്ചു. ജസ്റ്റിസ് ബഹ്രിയുടെ വിധിന്യായം 1993 ജൂണ്‍ 18-ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. തര്‍ക്കനിര്‍മിതി (ബാബറി മസ്ജിദ്) തകര്‍ക്കാന്‍ ഈ സംഘടനകള്‍ (ആര്‍ എസ് എസ്) മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നതിനു വസ്തുനിഷ്ഠമായ തെളിവുകളില്ലെന്നു പി ഡബ്ല്യു-7, മുതിര്‍ന്ന ഐ ബി ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപഗ്രഥിച്ചുകൊണ്ട് ജഡ്ജി വിധിന്യായത്തിലെ എഴുപത്തി ഒന്നാം പേജില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ധവളപത്രവും മുന്‍കൂട്ടി ആസൂത്രണമെന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ ആര്‍ എസ് എസിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ മതിയായ കാരണമില്ലെന്നു ട്രിബ്യൂണല്‍ വ്യക്തമാക്കി,” ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് 2009 ഡിസംബറില്‍ ദി ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതി.