scorecardresearch

മന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ?

ഗവര്‍ണര്‍ ഏകപക്ഷീയമായി ഒരു മന്ത്രിയെ സര്‍ക്കാരില്‍നിന്ന് പുറത്താക്കിയ സംഭവം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല

ഗവര്‍ണര്‍ ഏകപക്ഷീയമായി ഒരു മന്ത്രിയെ സര്‍ക്കാരില്‍നിന്ന് പുറത്താക്കിയ സംഭവം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല

author-image
WebDesk
New Update
Arif Mohammed Khan, KN Balagopal, Pinarayi Vijayan, Kerala Universities, CPM

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ 'ഭരണഘടനാപരമായ ഉചിതമായ നപപടി' എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കിയിരിക്കുകയാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്യപ്രതിജ്ഞാ ലംഘനവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകിടം മറിക്കുന്ന തരത്തിലുള്ള പ്രസംഗവും ചൂണ്ടിക്കാട്ടിയുള്ളതാണു ബാലഗോപാലിനെതിരായ ഗവര്‍ണറുടെ കത്ത്.

Advertisment

''ബാലഗോപാല്‍ എന്റെ പ്രീതി അനുഭവിക്കുന്നത് ഇല്ലാതാക്കി''യെന്നും അതിനാല്‍ ''അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയം പരിഗണിച്ച് ഭരണഘടനാപരമായ ഉചിതമായ നടപടി സ്വീകരിക്കണം,'' എന്നുമാണു ഒക്ടോബര്‍ 25 ന് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്.

മന്ത്രി പ്രീതി നഷ്ടപ്പെടുത്തി എന്നതുകൊണ്ട് ഗവര്‍ണര്‍ അര്‍ഥമാക്കുന്നത് എന്ത്?

ഗവര്‍ണര്‍ വിശദമായി പറഞ്ഞിട്ടില്ലെങ്കിലും ധനമന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായാണു തോന്നുന്നത്.

Advertisment

''മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണറുടെ ഓഫിസിന്റെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ പ്രീതി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ക്ഷണിച്ചുവരുത്തും,'' എന്ന്
ഒക്ടോബര്‍ 17 ന് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ പോസ്റ്റില്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഗവര്‍ണര്‍ക്കു ഭരണഘടന 'സ്വേച്ഛാധിപത്യ അധികാരങ്ങള്‍' നല്‍കുന്നില്ലെന്നും സര്‍ക്കാരിനെതിരായ ആരിഫ് മുഹമ്മദ് ഖാന്റെ 'രാഷ്ട്രീയ പക്ഷപാതിത്തം' തുറന്നുകാട്ടപ്പെട്ടു എന്നുമാണു സി പി എം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിച്ചത്.

ഗവര്‍ണറുടെ ട്വീറ്റിനോട് ശക്തമായി ഭാഷയിലാണു മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. ഗവര്‍ണറുടെ അധികാരങ്ങള്‍ വളരെ പരിമിതമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. ഭരണഘടനയ്ക്കും നിലവിലുള്ള നിയമസംവിധാനത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നും ആ ദിശയിലേക്കു നീങ്ങുമെന്നും ആരെങ്കിലും പ്രഖ്യാപിച്ചാല്‍ അതു ശരിയാണെന്നു പറയാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ പ്രീതിയുള്ളപ്പോള്‍ മാത്രം മന്ത്രിമാര്‍ ചുമതല വഹിക്കുമെന്നു ഭരണഘടനയില്‍ പറയുന്നില്ലേ?

അതെ. 'ഗവര്‍ണറുടെ പ്രീതിയുള്ള സമയത്ത് മന്ത്രിമാര്‍ ചുമതല വഹിക്കും' എന്നാണു ഭരണഘടനയുടെ അനുച്‌ഛേദം 164 (1) പറയുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത് ഈ വ്യവസ്ഥയാണ്.

എന്നാല്‍, ഒരു മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ഈ വ്യവസ്ഥ അര്‍ത്ഥമാക്കുന്നിലെന്നാണു സുപ്രീം കോടതി ഭരണഘടനയുടെ ഒരു പുതിയ പുനര്‍വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയത്. ഗവര്‍ണര്‍ ഏകപക്ഷീയമായി ഒരു മന്ത്രിയെ സര്‍ക്കാരില്‍നിന്ന് പുറത്താക്കിയ സംഭവം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഇഷ്ടാനുസരണം പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്ന് 'ഗവര്‍ണറുടെ പ്രീതി' എന്ന് പരാമര്‍ശിക്കുന്ന വ്യവസ്ഥ അര്‍ത്ഥമാക്കുന്നില്ലെന്നു ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി ഇന്ത്യന്‍ എക്സ്പ്രസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.

''സര്‍ക്കാരിനു സഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം ഗവര്‍ണര്‍ക്കു തന്റെ പ്രീതിയുണ്ടാകും. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ രാജിവയ്ക്കാന്‍ വിസമ്മതിക്കുമ്പോള്‍ മാത്രമേ ഗവര്‍ണര്‍ക്കു തന്റെ പ്രീതി പിന്‍വലിക്കാന്‍ കഴിയൂ. തുടര്‍ന്ന് അദ്ദേഹം തന്റെ പ്രീതി പിന്‍വലിച്ച് സര്‍ക്കാരിനെ പിരിച്ചുവിടുന്നു,'' ആചാരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവര്‍ണര്‍ക്കു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ കഴിയില്ലെന്നും അതു ഭരണഘടനാപരമായ വ്യവസ്ഥയാണെന്നും ആചാരി വ്യക്തമാക്കിയിരുന്നു.

അപ്പോള്‍ ഒരു മന്ത്രിയുടെ പെരുമാറ്റത്തില്‍ ഗവര്‍ണര്‍ക്കു പ്രയാസമുണ്ടായാല്‍ എന്തു ചെയ്യാന്‍ കഴിയും?

ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചതുപോലെ ഒരു മന്ത്രി ഗവര്‍ണറുടെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ അന്തസ് ഇടിച്ചുതാഴ്ത്തിയാല്‍, അത്തരം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജ്ഭവന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാമെന്ന് ആചാരി പറഞ്ഞു. ''മന്ത്രി ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുകയോ അദ്ദേഹത്തോട് അനാദരവ് കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം,'' ആചാരി പറഞ്ഞു.

ഇതാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തതെങ്കിലും അദ്ദേഹത്തെ അനുസരിക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയില്ല. ഗവര്‍ണറുടെ ആവശ്യം അദ്ദേഹം നിരസിച്ചിട്ടുമുണ്ട്. ''ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള എന്റെ പ്രതീക്ഷയും വിശ്വാസവും ഇപ്പോഴും അചഞ്ചലമായി തുടരുന്നു. വിഷയത്തില്‍ തുടര്‍നടപടികളൊന്നും ആവശ്യമില്ലെന്നു ഗവര്‍ണര്‍ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു,'' ഗവര്‍ണറുടെ കത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Governor Pinarayi Vijayan Kn Balagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: