തിരുവനന്തപുരം: കെ എന്‍ ബാലഗോപാലിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ വ്യക്തിപമരമായ പ്രീതി അല്ല ഭരണഘടനാപരമായ പ്രീതി, സുപ്രീംകോടതി തന്നെ പ്രീതി എന്താണെന്ന് കൃത്യതയോടെ വിശദീകരിച്ചിട്ടുണ്ട്. കൂട്ടുത്തരവാദിത്തത്തോടെയുള്ളതാണ് ഗവര്‍ണര്‍ക്കുണ്ടാകുന്ന പ്രീതി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയില്‍ പ്രീതിയെ സംബന്ധിച്ച് വിശദമാക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ചേര്‍ന്നതല്ല. സാധ്യമായ എല്ലാ നടപടിയും ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്എസിന് അനുകൂലമായി കാര്യങ്ങള്‍ നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍എസ്സിന്റെ അജണ്ട കൈകാരം ചെയ്യാന്‍ ഗവര്‍ണറെ ചുമതലപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ എങ്ങനെ കാര്യങ്ങള്‍ അവര്‍ അനുകൂലമാക്കാമെന്ന് നോക്കുന്നു. ചാന്‍സലറായി ഗവര്‍ണര്‍ എടുക്കുന്ന രിതി ജനാതിപത്യത്തിന് ചേര്‍ന്നതല്ല. ഗവര്‍ണറെ തന്നെ ചാന്‍സലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല, ഗവര്‍ണറുടെ തെറ്റായ നിലപാടിനെ ഭരണഘടനപരമായും ജനാതിപത്യപരമായും എതിര്‍ക്കും. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാട് ഗവര്‍ണര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ചില മാധ്യമങ്ങളെ മാത്രമെ കാണുവെന്നത് ഗവര്‍ണറുടേത് ഫാസിസ്റ്റ് നിലപാടാണ്, ഭരണഘടനാ സ്ഥാനത്ത് നില്‍ക്കുന്ന ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണിത്. പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ഭാഗീകമായി പങ്കെടുത്തത് ശരിയായില്ല. സ്വേഛാധിപത്യ ഫാസിസ്റ്റ് രീതിക്ക് മാധ്യമങ്ങള്‍ നിന്ന് കൊടുത്തത് ശരിയായില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമാണുള്ളതെന്നും പ്രതിപക്ഷ നേതാവിന്റേത് എല്ലാം നിസാരവത്കരിക്കുന്ന അടവ് നയമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കോപ്പയിലുള്ള കൊടുങ്കാറ്റ്, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത്രയും ഗൗരവതരമായ പ്രശ്‌നമുണ്ടായിട്ട് അതിനെ നിസാരവവല്‍ക്കരിക്കുകയാണ് അദ്ദേഹം.
മന്ത്രി ബാലഗോപാലിന്റെ പ്രസംഗം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്ന പരാമര്‍ശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണ് ധനമന്ത്രി നടത്തിയതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രസംഗത്തില്‍ ഗവര്‍ണറെ ധനമന്ത്രി അപമാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.