scorecardresearch

ഗവർണറുടെ പ്രീതി എന്നാൽ എന്ത്? അത് നഷ്ടമാകുന്നത് എപ്പോൾ?

ബി ജെ പി ഇതര കക്ഷി ഭരിക്കുന്ന കേരളത്തിലും ഗവർണറും സർക്കാരും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുകയാണ്. ഗവർണർക്ക് ഒരു മന്ത്രിയെ തന്നിഷ്ടപ്രകാരം പിരിച്ചുവിടാൻ കഴിയുമോ? ഗവർണറുടെ പ്രീതി എന്ന വാക്ക് കൊണ്ട് എന്താണ് ഭരണഘടന അർത്ഥമാക്കുന്നത്? ഗവർണറുടെ അധികാരങ്ങൾ എന്തൊക്കെ?

kerala governor, Arif mohammed khann, pleasure of governor, pinarayi vijayan, kn balagopal

കുറച്ച് ദിവസങ്ങളായി സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം വിഷയങ്ങൾ മാറി മാറി തുടരുകയാണ്. ഏറ്റവുമൊടുവിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന് മേൽ ഗവർണർ “അപ്രീതി” രേഖപ്പെടുത്തി  മുഖ്യമന്ത്രിക്ക് കത്ത് നൽകി.

സംസ്ഥാന സർക്കാർ നടത്തുന്ന കേരളത്തിലെ സർവകലാശാലയിലെ നിയമനങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാരുമായി തർക്കത്തിലായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഓഫീസിന്റെ അന്തസ് മന്ത്രിമാർ ഇടിച്ചുത്താഴ്ത്തിയെന്നും അവരെ  പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ഒരു ട്വീറ്റിൽ  ഇങ്ങനെ പറഞ്ഞു: “മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണറുടെ പദവിയുടെ അന്തസ് താഴ്ത്തുന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകൾ പ്രീതി പിൻവലിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചുവരുത്തും.”

എന്നാൽ അത് വിവാദമായതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് ആ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു. പിന്നീട് സുപ്രീം കോടതി സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമനം റദ്ദാക്കിയ ഉത്തരവിനെ അടിസ്ഥാനമാക്കി, താൻ തന്നെ നിയമിച്ച് ഒമ്പത് വൈസ് ചാൻസിലർമാരോട് 24 മണിക്കൂർ സമയം പോലും നൽകാതെ രാജിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഇടപെട്ടതോടെ അത് നടപടിക്രമങ്ങളിലേക്ക് നീങ്ങാൻ ഗവർണർ ബാധ്യസ്ഥനായി. അതിന് പിന്നാലെയാണ് ഗവർണർ ധനമന്ത്രി ബാലഗോപാലിനെതിരെ മുഖ്യമന്ത്രിക്ക്  കത്ത് നൽകിയത്.

ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണറുടെ പ്രീതി എന്നതു കൊണ്ട് അർത്ഥമാക്കുന്നത് വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളെ അടിസ്ഥാനമാക്കിയ  പ്രീതിയും അപ്രീതിയും ആണോ. അതോ പാർലമെന്ററി ഭരണസംവിധാനവുമായും ഭരണപരവുമായി  ബന്ധപ്പെട്ടുള്ളതാണോ എന്താണ് ഗവർണറുടെ പ്രീതിയും അപ്രീതിയും. എപ്പോഴാണ് ഗവർണറുടെ പ്രീതി സർക്കാരിന് നഷ്ടമാകുന്നത്. ഇതിന് ഭരണഘടന എന്ത് പറയുന്നു. ഇതേ കുറിച്ചും ഗവർണറുടെ പദവി, അധികാരം എന്നിവയെ കുറിച്ചുമൊക്കെ കോടതിവിധികളും വിവിധ കമ്മീഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ശിൽപ്പിയായ അംബേദ്കറും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവർണർ അപ്രീതി കത്ത് നൽകിയ സാഹചര്യത്തെകുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി പൊളിറ്റിക്കൽ എഡിറ്റർ ലിസ് മാത്യു വിശദീകരിക്കുന്നു.

പാർലമെന്ററി സംവിധാനത്തിൽ ഗവർണർ എന്ത് പങ്കാണ് വഹിക്കുന്നത്?

ഗവർണറുടെ പദവി, ചുമതല, അധികാരങ്ങൾ, വ്യവസ്ഥകൾ എന്നിവ ഭരണഘടനയുടെ ആർട്ടിക്കിൾ 153-161 എന്നിവയിൽ  വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ പദവി യൂണിയനിൽ രാഷ്ട്രപതിയുടെ സ്ഥാനത്തിന് സമാനമാണ്. അദ്ദേഹം സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരത്തിന്റെ തലവനാണ്, ചില കാര്യങ്ങൾ ഒഴിവാക്കി, പാർലമെന്ററി സമ്പ്രദായത്തിന് അനുസൃതമായി, സംസ്ഥാന നിയമസഭയോട്  ഉത്തരവാദിത്തമുള്ള മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നു.

ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ് (കേന്ദ്ര ഗവൺമെന്റിന്റെ ഉപദേശപ്രകാരമാണ് നിയമനം), അതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സുപ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. ഈ തസ്തിക അരാഷ്ട്രീയമായി വിഭാവനം ചെയ്തു; എന്നിരുന്നാലും, പതിറ്റാണ്ടുകളായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ ഗവർണർമാരുടെ പങ്ക് ഒരു തർക്കവിഷയമാണ്. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബില്ലിന് അംഗീകാരം നൽകുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുക അല്ലെങ്കിൽ ഒരു പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ സമയം നിർണ്ണയിക്കുക – അല്ലെങ്കിൽ ഏത് പാർട്ടിയെ ആദ്യം വിളിക്കണം, സാധാരണയായി തൂക്കുസഭയ്ക്ക് ശേഷം – എന്നിങ്ങനെ  ചില അധികാരങ്ങൾ ഗവർണർക്കുണ്ട്. ഇതാണ്   പ്രതിപക്ഷത്തിനെതിരെ മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ ആയുധമാക്കിയത്.

ആർട്ടിക്കിൾ 164(1) പറയുന്നത് “മന്ത്രിമാരുടെ അധികാരം ഗവർണറുടെ പ്രീതിയുടെ അടിസ്ഥാനത്തിലാണ് ” എന്ന്. ഇതിനർത്ഥം ഗവർണർക്ക് ഒരു മന്ത്രിയെ പുറത്താക്കാൻ കഴിയുമെന്നാണോ?

കേരള ഗവർണർ പ്രത്യക്ഷത്തിൽ സൂചിപ്പിച്ചത് ഈ വ്യവസ്ഥയാണ്. “ആർട്ടിക്കിൾ 164 (1) മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നിയമനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. മുഖ്യമന്ത്രിയെ നിയമിക്കുമ്പോൾ ഗവർണർക്ക് ആരുടെയും ഉപദേശം തേടേണ്ടതില്ലെങ്കിലും മുഖ്യമന്ത്രിയുടെ ശുപാർശയിൽ മാത്രമേ മന്ത്രിയെ നിയമിക്കാൻ കഴിയൂ. താൻ തിരഞ്ഞെടുക്കുന്ന ആരെയും മന്ത്രിയാക്കാൻ ഗവർണർക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമേ അദ്ദേഹത്തിന് മന്ത്രിയെ നിയമിക്കാൻ കഴിയൂ, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു.

ഷംഷേർ സിങ് & എ എൻ ആറും (vs)  സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1974), സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞത് ഇങ്ങനെയാണ്: “നമ്മുടെ ഭരണഘടനയുടെ ഈ ബ്രാഞ്ചിലെ നിയമം ഞങ്ങൾ പ്രഖ്യാപിക്കുന്നു, വിവിധ ആർട്ടിക്കിളുകൾക്ക് കീഴിലുള്ള എല്ലാ എക്സിക്യൂട്ടീവുകളുടെയും മറ്റ് അധികാരങ്ങളുടെയും സംരക്ഷകരായ പ്രസിഡന്റും ഗവർണറും ഈ വ്യവസ്ഥകളുടെ ബലത്തിൽ, ചില അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ,  അവരവരുടെ മന്ത്രിമാരുടെ ഉപദേശത്തിന്  അനുസൃതമായി മാത്രമേ അധികാരങ്ങൾ വിനിയോഗിക്കാനാവൂ.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ സഭയിൽ ഭൂരിപക്ഷം ഉണ്ടെന്ന വാദം ഉപേക്ഷിച്ചാലോ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും എന്നാൽ സ്ഥാനമൊഴിയാൻ വിസമ്മതിക്കുകയും ചെയ്താലോ ഈ സാഹചര്യങ്ങൾ ഉണ്ടാകാം, കൂടാതെ “രാജ്യത്തിന്റെ ആവശ്യപ്രകാരം സഭയുടെ പിരിച്ചുവിടൽ ആവശ്യമായി വരുന്ന സാഹചര്യത്തിലോ” ഇത്തരം അസാധാരണ സാഹചര്യങ്ങൾ രൂപപ്പെടാം  എന്നാൽ മൂന്നാമത്തെ സാഹചര്യത്തിൽ പോലും, ഭരണസംവിധാനത്തിലെ തലവൻ (പ്രസിഡന്റ് അല്ലെങ്കിൽ ഗവർണർ) “രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒഴിവാക്കണം, അദ്ദേഹത്തിന്  പ്രധാനമന്ത്രി (മുഖ്യമന്ത്രി) ഉപദേശം നൽകണം, ആ നടപടിയുടെ ഉത്തരവാദിത്തം അവസാനം  ഏറ്റെടുക്കണം,” കോടതി വിധിയിൽ വ്യക്തമാക്കി.

നബാം റെബിയയും മറ്റും Vs ഡെപ്യൂട്ടി സ്പീക്കർ ആൻഡ് അദേഴ്സ്  (2016) എന്ന കേസിൽ ബി ആർ അംബേദ്കറുടെ നിരീക്ഷണങ്ങൾ സുപ്രീം കോടതി ഉദ്ധരിച്ചു: “ഭരണഘടന പ്രകാരം ഗവർണർക്ക് സ്വയം നിർവഹിക്കാൻ കഴിയുന്ന ഒരു പ്രവൃത്തിയുമില്ല; പ്രവർത്തനങ്ങളൊന്നുമില്ല. അദ്ദേഹത്തിന് പ്രവർത്തനങ്ങളൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന് ചില കടമകൾ നിർവഹിക്കാനുണ്ട്, ഈ വ്യത്യാസം സഭ മനസ്സിൽ സൂക്ഷിക്കുന്നത്  നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു.”

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് ആരോപിക്കുന്നത് പോലെ ഏതെങ്കിലും ഒരു മന്ത്രി ഗവർണറുടെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ അന്തസ്സ് ഇടിച്ചുതാഴ്ത്തിയതായി തോന്നിയിട്ടുണ്ടെങ്കിൽ, മുഖ്യമന്ത്രിയോട് അക്കാര്യം അന്വേഷിക്കണമെന്ന് പറയാൻ രാജ്‌ഭവന് അധികാരമുണ്ടെന്ന്  ആചാരി പറഞ്ഞു. മന്ത്രി ഗവർണറെ അപകീർത്തിപ്പെടുത്തുകയോ അനാദരവ് കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ, മന്ത്രിയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാമെന്നും ആചാരി പറഞ്ഞു.

ഗവർണറുടെ “പ്രീതി” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ തന്നിഷ്ടംപോലെ  പിരിച്ചുവിടാൻ ഗവർണർക്ക് അവകാശമുണ്ടെന്ന് ഇതിനർത്ഥമില്ലെന്ന് ആചാരി പറഞ്ഞു. സർക്കാരിന് സഭയിൽ ഭൂരിപക്ഷം നിലനിൽക്കുന്ന കാലം ഗവർണറുടെ പ്രീതി നിലനിൽക്കും.  സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെടുകയും എന്നാൽ രാജിവെക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഗവർണർക്ക് തന്റെ പ്രീതി പിൻവലിക്കാൻ കഴിയൂ. എന്നിട്ട് ആ  പ്രീതി നഷ്ടമായതായി പറഞ്ഞ്  സർക്കാരിനെ പിരിച്ചുവിടുകയും ചെയ്യാം,” ആചാരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവർണർക്ക് മന്ത്രിയെ നിയമിക്കാനോ പുറത്താക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഭരണഘടനാപരമായ അധികാരം .”

ഗവർണർമാർ വഹിച്ച പക്ഷപാതപരമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ പരിഹരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ നടത്തി?

അടൽ ബിഹാരി വാജ്‌പേയി സർക്കാർ 2000-ത്തിൽ നിയമിച്ച ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷൻ ഗവർണർമാരുടെ തിരഞ്ഞെടുപ്പിൽ കാര്യമായ മാറ്റങ്ങൾ ശുപാർശ ചെയ്തു. അതത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

“സാധാരണയായി അഞ്ച് വർഷത്തെ കാലാവധി പാലിക്കുകയും ഗവർണറെ നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്യേണ്ടത് നിയമനത്തിന് സമാനമായ നടപടിക്രമം പാലിച്ചാണ്, അതായത്, അതത് സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചതിന് ശേഷം.”

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പരിശോധിക്കുന്നതിനായി 1983-ൽ രൂപീകരിച്ച സർക്കാരിയ കമ്മീഷൻ, ഗവർണർമാരുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറുമായും പ്രധാനമന്ത്രി കൂടിയാലോചിക്കണമെന്ന് നിർദ്ദേശിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ 2007-ൽ രൂപീകരിച്ച ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി കമ്മിറ്റി, 2010 മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഉപരാഷ്ട്രപതി, സ്പീക്കർ, ബന്ധപ്പെട്ട മുഖ്യമന്ത്രി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവർണറെ തിരഞ്ഞെടുക്കേണ്ടത് എന്ന്  നിർദ്ദേശിച്ചു.

ഭരണഘടനയിൽ നിന്ന് “പ്രീതി സിദ്ധാന്തം” നീക്കം ചെയ്യാൻ പുഞ്ചി കമ്മിറ്റി ശിപാർശ ചെയ്തു, എന്നാൽ സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് വിരുദ്ധമായി മന്ത്രിമാർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകാനുള്ള ഗവർണറുടെ അവകാശത്തെ ഈ കമ്മിറ്റി പിന്തുണച്ചു. സംസ്ഥാന നിയമസഭയ്ക്ക്  ഗവർണറെ ഇംപീച്ച് ചെയ്യാനുള്ള വ്യവസ്ഥ നൽകണമെന്നും ഈ കമ്മിറ്റി വാദിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Tussle in kerala can governor arif mohammed khan dismiss a state minister