/indian-express-malayalam/media/media_files/uploads/2021/04/Sputnik-V-Explain.jpg)
കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പാനല്‍ തിങ്കളാഴ്ച നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണു സ്പുട്നിക് 5. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ബഹുരാഷ്ട്ര മരുന്നു കമ്പനിയായ അസ്ട്രസെനക്കയും ചേര്‍ന്ന വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഇതിനു മുന്‍പ് അനുമതി ലഭിച്ച രണ്ടു വാക്‌സിനുകള്‍.
മോസ്‌കോയിലെ ഗമാലെയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണു സ്പുട്‌നിക് 5 വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യരില്‍ ജലദോഷത്തിന് കാരണമാകുന്ന രണ്ട് വ്യത്യസ്ത അഡെനോവൈറസുകളാണു (എഡി26, എഡി5) വാക്‌സിനില്‍ ഉപയോഗിക്കുന്നത്.
സ്പുട്‌നിക് 5 വാക്‌സിന്‍
ദുര്‍ബലമായ അഡെനോവൈറസുകളാണു വാക്‌സിനില്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ അവയ്ക്കു മനുഷ്യരില്‍ പകരാനും രോഗം ഉണ്ടാക്കാനും കഴിയില്ല. കൊറോണ വൈറസ് സ്‌പൈക്ക് പ്രോട്ടീന്‍ നിര്‍മിക്കുന്നതിനുള്ള കോഡ് വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വൈറസുകള്‍ പരിഷ്‌കരിച്ചു. യതാര്‍ത്ഥ കൊറോണ വൈറസ് ശരീരത്തെ ബാധിക്കാന്‍ ശ്രമിക്കുമ്പോള്‍, ആന്റിബോഡികളുടെ രൂപത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു.
കുത്തിവയ്പിന്റെ രണ്ട് ഷോട്ടുകളിലും പരിഷ്‌കരിച്ച വ്യത്യസ്ത വൈറസുകളാണു സ്പുട്‌നിക്കില്‍ ഉപയോഗിക്കുന്നത്. ഇത് ഇരു ഷോട്ടുകള്‍ക്കും ഒരേ ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന വാക്‌സിനുകളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) പറയുന്നു. 21 ദിവസമാണ് സ്പുട്‌നിക്ക് 5ന്റെ ഇരു ഷോട്ടുകള്‍ തമ്മിലുള്ള ഇടവേള.
Also Read: കോവിഡ് രണ്ടാം തരംഗം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?
സ്പുട്‌നിക് വി അതിന്റെ ദ്രാവക രൂപത്തില്‍ -18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. എങ്കിലും കട്ടിയായ-വരണ്ട രൂപത്തില്‍, സാധാരണ റെഫ്രിജറേറ്ററില്‍ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാം. ഇതിനായി പ്രത്യേക കോള്‍ഡ് ചെയിന്‍ സൗകര്യം ഒരുക്കാന്‍ നിക്ഷേപം നടത്തേണ്ട ആവശ്യമില്ല.
സ്പുട്നിക് 5 വാക്‌സിന് അനുമതി നല്‍കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. വാക്‌സിന്റെ ഒരു ഷോട്ടിനു 10 ഡോളറില്‍ താഴെ(750 രൂപയില്‍ താഴെ) യാണ് ആര്‍ഡിഐ്എഫ് നിശ്ചയിച്ചിരിക്കുന്ന വില.
ഇന്ത്യന്‍ പങ്കാളികള്‍
സ്പുട്നിക് 5 വാക്‌സിന്റെ ഇന്ത്യയില്‍ ഉപയോഗത്തിനു ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസാണു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടത്താന്‍ ഡോ. റെഡ്ഡീസുമായി ആര്‍ഡിഎഫ് 2020 സെപ്റ്റംബറിലാണു സഹകരിച്ചുതുടങ്ങിയത്.
ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിഷയ വിദഗ്ധ സമിതി (എസ്ഇസി) വാക്‌സിന്റെ അടിയന്തിര ഉപയോഗ അനുമതിക്കായുള്ള അപേക്ഷ തിങ്കളാഴ്ച അംഗീകരിച്ചു. നേരത്തെ, വാക്‌സിന്‍ സംബന്ധിച്ച അധിക ഡേറ്റ നിര്‍മാതാവില്‍നിന്ന് ഡിസിജിഐ തേടിയിരുന്നു.
സ്പുട്‌നിക് 5നു വേണ്ടി മറ്റ് അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ ആര്‍ഡിഎഫുമായി സഹകരിക്കുന്നുണ്ട്. ഗ്ലാന്‍ഡ് ഫാര്‍മ, ഹെറ്റെറോ ബയോഫാര്‍മ, വിര്‍ചോ ബയോടെക്, പനേസ്യ ബയോടെക്, ബെംഗളൂരു ആസ്ഥാനമായ സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സിന്റെ ബയോഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ സ്റ്റെലിസ് ബയോഫാര്‍മ എന്നിവയാണ് ഈ കമ്പനികള്‍. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 60 കോടി ഡോസാക്കി മാറ്റാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
കാര്യക്ഷമത
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വളരെ തിടുക്കത്തിലായിപ്പോയെന്ന വിമര്‍ശനം ശാസ്ത്ര സമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റഷ്യയില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്റെ ഫലപ്രാപ്തി 91.6 ശതമാനമാണെന്നു ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അനുബന്ധ പഠനം നടത്തിയശേഷം വാക്‌സിന്റെ അടിയന്തിര ഉപയോഗ അംഗീകാരത്തിന് അപേക്ഷിക്കുകയായിരുന്നു.
Also Read: കോവിഡ് വാക്സിനേഷനു ശേഷമുള്ള പ്രതികൂല ഫലങ്ങളും മരണങ്ങളും: ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്
''അനിയന്ത്രിതമായ തിടുക്കത്തിന്റെയും സുതാര്യതയില്ലായ്മയുടെയും പേരില്‍ സ്പുട്‌നിക് 5 വാക്‌സിന്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്ത ഫലം വ്യക്തമാണ്. പ്രതിരോധ കുത്തിവയ്പിന്റെ ശാസ്ത്രീയ തത്വം തെളിയിക്കപ്പെടുന്നു. അതിനര്‍ത്ഥം കോവിഡ് -19 വ്യാപനം കുറയ്ക്കുന്നതിനുള്ള പോരാട്ടത്തില്‍ മറ്റൊരു വാക്‌സിന് ഇപ്പോള്‍ ചേരാമെന്നതാണ്,''റീഡിങ് സര്‍വകലാശാലയിയെ പ്രൊഫസര്‍ ഇയാന്‍ ജോണ്‍സും യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ പോളി റോയിയും (പഠനത്തില്‍ പങ്കാളികളല്ലാത്തവര്‍) ദി ലാന്‍സെറ്റില്‍ എഴുതി.
പരീക്ഷണ കുത്തിവയ്പില്‍ പങ്കാളിയായവര്‍ക്ക് ആദ്യ ഡോസി (rAd26)ന് 21 ദിവസത്തിന് ശേഷം ഒരു ബൂസ്റ്റര്‍ ഡോസ് (rAd5-S) നല്‍കി. മറ്റൊരു അഡെനോവൈറസ് വെക്റ്റര്‍ ഉപയോഗിക്കുന്നത്, ഒരേ വെക്റ്റര്‍ രണ്ടുതവണ ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ശക്തമായ രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് എഴുത്തുകാര്‍ പറഞ്ഞു. ഇത് പ്രാരംഭ വെക്റ്ററിനെ രോഗപ്രതിരോധ സംവിധാനം പ്രതിരോധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അതേസമയം, സ്പുട്നിക് 5 മൂലം ശക്തമായ അലര്‍ജികളൊന്നും പഠനത്തില്‍ കണ്ടെത്തിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.