/indian-express-malayalam/media/media_files/uploads/2020/04/electricity.jpg)
രാജ്യത്ത് കൊറോണവൈറസ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനുട്ട് നേരത്തേക്ക് എല്ലാ വൈദ്യുതി ലൈറ്റുകളും ഓഫ് ആക്കിയിട്ട് മറ്റു പ്രകാശ സംവിധാനങ്ങള്‍ തെളിക്കാന്‍ പൗരന്‍മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് വൈദ്യുതി വിതരണ സംവിധാനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുള്ള വാദങ്ങള്‍ ഉയരുന്നു.
ഞൊടിയിട നേരം കൊണ്ട് രാജ്യത്തെ എല്ലാ വൈദ്യുതി വിളക്കുകളും ഓഫാക്കിയാല്‍ വൈദ്യുതി ഗ്രിഡിലെ സപ്ലൈ ഡിമാന്‍ഡ് ക്രമീകരണങ്ങള്‍ തകരാറിലാകുമെന്നും പലയിടത്തും വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ആകാശത്തേക്ക് ടോര്‍ച്ചടിച്ചതു കൊണ്ട് പ്രശ്‌നങ്ങള്‍ മാറില്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു.
അതേസമയം, രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികള്‍ അടിയന്തരഘട്ടം മുന്നില്‍ കണ്ട് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. രാജ്യമെമ്പാടും ജനങ്ങള്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം കുത്തനെ കുറയുന്നതും ഒമ്പത് മിനിട്ടുകള്‍ കഴിഞ്ഞ് വൈദ്യുതി വിളക്കുകള്‍ തെളിക്കുമ്പോള്‍ വൈദ്യുതിയുടെ ഉപഭോഗം കുത്തനെ കൂടുന്നതും ഗ്രിഡുകളില്‍ പ്രതിസന്ധി സൃഷ്ടിക്കും.
താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം കുറച്ചശേഷം ഒമ്പതു മണിക്കുണ്ടാകുന്ന സാഹചര്യത്തിന് അനുസരിച്ച് വൈദ്യുതി വിതരണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും ജല, വാതക വൈദ്യുതി നിലയങ്ങളെ ആശ്രയിക്കുകയാണ് പ്രതിസന്ധി നേരിടുന്നതിനുള്ള ഒരു മാര്‍ഗ്ഗം. ഏതൊരു അടിയന്തര സാഹചര്യം നേരിടുന്നതിനും വേണ്ടി എല്ലാ ജീവനക്കാരോടും ഡ്യൂട്ടിക്ക് ഹാജരാകാനും നിര്‍ദ്ദേശമുണ്ട്. ഗ്രിഡുകള്‍ തകരാറിലായാല്‍ ഗ്രീഡിന്റെ പ്രവര്‍ത്തനവും പുനരാരംഭിക്കാനും പ്രാദേശിക വൈദ്യുത വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിതരണം നിലച്ചാല്‍ വിതരണവും പുനരാരംഭിക്കാന്‍ അനവധി കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്.
Read Also: തന്റെ ജീവത പങ്കാളിയാകാനുള്ള രണ്ട് മാനദണ്ഡങ്ങൾ; മനസ് തുറന്ന് സ്മൃതി മന്ദാന
ദേശീയ ഗ്രിഡ് ഓപ്പറേറ്ററായ പവര്‍ സിസ്റ്റംസ് ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (പൊസോകോ) അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് സംസ്ഥാന, മേഖല, ദേശീയ തലങ്ങളിലെ വിതരണ കേന്ദ്രങ്ങള്‍ക്ക് 30 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച അയച്ചിരുന്നു. വൈദ്യുതി ഉപഭോഗത്തില്‍ പെട്ടെന്നുണ്ടാകുന്ന വന്‍തോതിലെ കുറവും കൂടുതലും കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. ഇന്ന് രാത്രി ലൈറ്റുകള്‍ അണയ്ക്കുമ്പോള്‍ രാജ്യമെമ്പാടും 11,344- 12,879 മെഗാവാട്ടിന്റെ ലോഡ് വ്യതിയാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഈ സംശയങ്ങള്‍ അസ്ഥാനത്താണെന്ന് വൈദ്യുത മന്ത്രാലയം പ്രസ്താവിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകതയിലെ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ വൈദ്യുതി വിതരണ ശൃംഖല ആവശ്യമുള്ള നടപടികളും പ്രോട്ടോക്കോളുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. ലൈറ്റുകള്‍ അണയ്ക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നതെന്നും മറ്റു വൈദ്യുതോകരണങ്ങള്‍ ഓഫ് ചെയ്യാനല്ലെന്നും മന്ത്രാലയം വിശീകരിക്കുന്നുണ്ട്.
സബ് സ്റ്റേഷനുകള്‍, ഹൗസിങ് സൊസൈറ്റികള്‍, ഭവന സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ ഫീഡര്‍, മെയിന്‍ എന്നിവയിലെ സ്വിച്ചുകള്‍ അണയ്ക്കരുതെന്ന നിര്‍ദ്ദേശം പോസോകോ നല്‍കുന്നു.
വൈകുന്നേരം 6.10 മുതല്‍ 8 വരെ ജല വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം കുറയ്ക്കുകയും ആ സമയത്തെ ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യുന്നതിന് താപ, വാതക നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് 8.55 ഓടെ താപ വൈദ്യുത നിലയങ്ങളിലെ ഉല്‍പാദനം 60 ശതമാനമായി കുറച്ചശേഷം സമാന്തരമായി വൈദ്യുത നിലയങ്ങളിലെ ഉല്‍പാദനം ആ സമയത്തെ വൈദ്യുത ഉപഭോഗത്തിനായി വര്‍ദ്ധിപ്പിക്കും. തുടര്‍ന്ന് പ്രാദേശിക, സംസ്ഥാന തലങ്ങളിലെ വൈദ്യുതി വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടശേഷം ജലവൈദ്യുത നിലയങ്ങള്‍ ഈ പ്രക്രിയയില്‍ നിന്നും പിന്‍വലിക്കും.
Read Also: സൗജന്യ റേഷന്‍ ഈ മാസം മുഴുവന്‍ വിതരണം ചെയ്യും: ഭക്ഷ്യമന്ത്രി
താപവൈദ്യുതി നിലയത്തേക്കാള്‍ എളുപ്പം വൈദ്യുതി ഉല്‍പാദനം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാന്‍ സാധിക്കുക ജല, വാതക വൈദ്യുത നിലയങ്ങളിലാണ്. ജല വൈദ്യുത നിലയങ്ങളില്‍ 8.57 മുതല്‍ വൈദ്യുതി ഉല്‍പാദനം കുറച്ചു കൊണ്ടുവരും. വാതക നിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞ തലത്തില്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 9.05 മുതല്‍ താപ വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കും.
ചുരുങ്ങിയ സമയത്തെ ലോഡു വ്യതിയാനങ്ങള്‍ മാനുഷികമായി പ്രതികരിച്ച് ശരിയാക്കാന്‍ സാധിക്കുകയില്ലെന്ന് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ (കെ എസ് ഇ ബി) പ്ലാനിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ മനോജ് ബി. നായര്‍ ബോര്‍ഡിന്റെ ഫേസ് ബുക്കില്‍ കുറിച്ചു. "അപ്പപ്പോള്‍ ഉണ്ടാകുന്ന ലോഡ് വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ഉത്പാദനവും സ്വയമേവ ക്രമീകരിക്കുന്ന സംവിധാനമാണ് എല്ലാ വലിയ ജനറേറ്ററുകളിലും ഉള്ളത്. എന്നാല്‍ എത്രത്തോളം എളുപ്പത്തില്‍ ഉത്പാദനം സ്വയം ക്രമീകരിക്കപ്പെടും എന്നത് പല ജനറേറ്ററുകളിലും വ്യത്യസ്തമായിരിക്കും. പൊതുവില്‍ ജലവൈദ്യുതനിലയങ്ങളില്‍ വളരെ വേഗത്തില്‍ തന്നെ ഇത് ക്രമീകരിക്കപ്പെടുമ്പോള്‍ താപനിലയങ്ങളില്‍ സാമാന്യം പതുക്കെയാകും ഇത് സംഭവിക്കുക," അദ്ദേഹം പറയുന്നു.
ഇതൊക്കെയാണെങ്കിലും മുഴുവന്‍ ലോഡ് വ്യതിയാനവും ഉടനടി ഉത്പാദനം ക്രമപ്പെടുത്തി നേരെയാക്കാന്‍ സാധിക്കണം എന്നില്ല അദ്ദേഹം വിശദീകരിക്കുന്നു. "അതിന് സ്വയം പ്രവര്‍ത്തിക്കുന്നതും മാനുഷിക ഇടപെടല്‍ വേണ്ടതുമായ മറ്റ് വിവിധ മാര്‍ഗ്ഗങ്ങളും ഉണ്ട്. മുന്‍കൂട്ടി പ്രതീക്ഷിക്കുന്ന ലോഡ് മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉത്പാദനം ക്രമീകരിക്കുക (കൂട്ടുകയോ കുറയ്ക്കുകയോ വഴി), ലോഡ് നിര്‍ബന്ധിതമായി ക്രമീകരിക്കുക (ഉദാ: ലോഡ് ഷെഡിംഗ്) എന്നിവ മാനുഷിക ഇടപെടല്‍ വഴി ചെയ്യുന്നവയാണ്. അതേ സമയം റിലേ സംവിധാനങ്ങള്‍ സ്വയമേവ പ്രവൃത്തിക്കുന്നതാണ്."
Read Also: വെെദ്യുതി ദീപങ്ങൾ അണയ്‌ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വേണ്ടത്ര ആലോചനയില്ലാതെ: തോമസ് ഐസക്
ഇന്ന് രാത്രി ഒന്‍പത് മണിക്ക് രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ വസതികളിലെ വൈദ്യുത ഉപഭോഗം കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്നത് നമുക്ക് മുന്‍കൂട്ടി അറിയാം എന്നതാണ് ഏറ്റവും അനുകൂലമായ ഘടകമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. "അതിനനുസരിച്ച് ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്കും (ഉത്പാദന നിലയങ്ങളും സബ്‌സ്റ്റേഷനുകളും സമയാസമയങ്ങളില്‍ നിയന്ത്രിക്കുന്ന, എന്നാല്‍ ഉത്പാദന വിഭാഗവുമായോ, പ്രസരണ വിഭാഗമായോ ബന്ധപ്പെടാതെ നില്‍ക്കുന്ന ഒരുകൂട്ടം എഞ്ചിനീയര്‍മാര്‍ ആണ് ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍), ഉത്പാദന നിലയങ്ങളിലെയും സബ്‌സ്റ്റേഷനുകളിലെയും എഞ്ചിനീയര്‍മാര്‍ക്കും രാത്രി ഒന്‍പത് മണിയ്ക്കും ശേഷം ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷവും ലോഡ് വ്യതിയാനം സംഭവിക്കുമെന്ന് അറിയാം. അതിനുവേണ്ടി അവര്‍ക്ക് തയ്യാറായി ഇരിക്കാം," മനോജ് വിശദീകരിക്കുന്നു.
മറ്റൊരു കാര്യം ഇത്തരം മുന്‍കൂട്ടിയുള്ള ആഹ്വാനപ്രകാരം ഉള്ള ''ലോഡ് ത്രോ ഓഫ്'' ആദ്യമായി അല്ല, എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അവസാന ശനിയാഴ്ച ലോകമെമ്പാടും ''എര്‍ത്ത് അവര്‍'' വര്‍ഷങ്ങളായി ആചരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയില്‍ രാത്രി 08:30 മുതല്‍ 09:30 വരെയുള്ള ഒരുമണിക്കൂര്‍ വൈദ്യുത ദീപങ്ങള്‍ അണയ്ക്കും. ലോകത്ത് പല പ്രമുഖ നഗരങ്ങളിലും എല്ലാ വിളക്കുകളും കേന്ദ്രീകൃതമായി തന്നെ ഓഫ് ചെയ്യുന്നുണ്ട്. ഇത് മാനേജ് ചെയ്യാന്‍ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് കഴിയുന്നുമുണ്ട്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ ആകെ ലോഡ് താരതമ്യേന കുറവാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. "അപ്പോള്‍ വ്യാവസായിക/വാണിജ്യ കേന്ദ്രങ്ങളില്‍ ഒരു ''ലോഡ് ത്രോ ഓഫ്'' ഉണ്ടാകാനില്ല. വൈദ്യുതി ആവശ്യകത കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ രാജ്യത്ത് ഒരു വലിയ പങ്ക് താപവൈദ്യുത നിലയങ്ങള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്, അതേസമയം വേഗത്തില്‍ ലോഡ് വ്യതിയാനം വരുത്താവുന്ന ജലനിലയങ്ങള്‍ പ്രവര്‍ത്തനസജ്ജവും. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമാണ്."
ഈ സമയത്ത് ഉയര്‍ന്ന വോള്‍ട്ടേജ് കാരണം ഉപകരണങ്ങള്‍ കേടാകുമെന്നും അത് തടയുന്നതിനു വീട്ടിലെ മെയിന്‍ സ്വിച്ച് തന്നെ മുന്‍കൂട്ടി ഓഫ് ചെയ്യണമെന്നും രാത്രി 9:15 കഴിഞ്ഞു മാത്രം ഓണ്‍ ചെയ്യണമെന്നുമുള്ള ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ട്. "വീട്ടിലെ ഉപകരണങ്ങള്‍ എല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നത് 240+6% (ഏകദേശം 254 വോള്‍ട്ട്) സ്ഥിരമായി വന്നാലും ഒരു പ്രശ്‌നവും ഉണ്ടാകാത്ത വിധത്തില്‍ ആണെന്ന് മനോജ് പറയുന്നു. ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍, മോട്ടോര്‍ എന്നിവയ്ക്ക് വേണ്ടതിലും കുറഞ്ഞ വോള്‍ട്ടേജ് സ്ഥിരമായി വരുന്നത് ആണ് കൂടുതല്‍ ദോഷകരം. ലോഡ് ത്രോ ഓഫ് കാരണം വരുന്ന വോള്‍ട്ടേജ് 254 ല്‍ കൂടുവാന്‍ സാധ്യത ഇല്ല. അത് ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സബ്‌സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാര്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ പേടിക്കണ്ട കാര്യമില്ല. നമുക്ക് ആ സമയം ഫാന്‍, ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍, മോട്ടോര്‍, ടി.വി തുടങ്ങി എല്ലാ ഉപകരണങ്ങളും ധൈര്യമായി പ്രവര്‍ത്തിപ്പിക്കാം. ഇനി നമ്മള്‍ എല്ലാ ലോഡും ഓഫ് ചെയ്ത് വച്ചാല്‍ അത് സിസ്റ്റത്തില്‍ ഗുണമല്ല ദോഷമാണ് ഉണ്ടാക്കുക," അദ്ദേഹം
ഓര്‍മ്മിപ്പിക്കുന്നു.
കേരളത്തില്‍ 300 മുതല്‍ 350 മെഗാവാട്ട് ലോഡ് വ്യതിയാനം ആണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. "സംസ്ഥാനത്തെ രണ്ട് പ്രധാന നിലയങ്ങളായ ഇടുക്കിയും ശബരിഗിരിയും തന്നെ 500 മെഗാവാട്ട് ലോഡ് വ്യതിയാനം കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണ്."
"ഇനി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഗ്രിഡ് ഓപ്പറേറ്റര്‍മാരെ സഹായിക്കണം എന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് കൂടി പറയാം. നമുക്ക് അത്യാവശ്യം ഇല്ലാത്ത വിളക്കുകള്‍ രാത്രി ഒമ്പത് മണി ആകുന്നതിന് അല്‍പ്പം മുമ്പ് തന്നെ ഓഫ് ചെയ്യുക. അതുപോലെ 9:09 കഴിയുമ്പോള്‍ എല്ലാ വിളക്കുകളും ഒരുമിച്ച് ഓണ്‍ ചെയ്യാതെ കുറച്ച് സമയമെടുത്ത് ഓരോന്ന് ഓരോന്നായി ഓണ്‍ ചെയ്യുക," അദ്ദേഹം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us