scorecardresearch

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം

ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് മരുന്ന കഴിക്കുന്നവർ വാക്സിൻ സ്വീകരിക്കാമോ? ആന്റിബോഡികൾ എപ്പോൾ വികസിക്കും? സംശയങ്ങൾക്ക് മറുപടിയുമായി എയിംസ് മേധാവി ഡോ.രൺധീപ് ഗുലേറിയ

ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് മരുന്ന കഴിക്കുന്നവർ വാക്സിൻ സ്വീകരിക്കാമോ? ആന്റിബോഡികൾ എപ്പോൾ വികസിക്കും? സംശയങ്ങൾക്ക് മറുപടിയുമായി എയിംസ് മേധാവി ഡോ.രൺധീപ് ഗുലേറിയ

author-image
WebDesk
New Update
India Coronavirus vaccine, India Covid vaccine, Covid vaccination, Covid vaccine FAQs, Indian Express

രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഞായറാഴ്ചയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്.  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.

Advertisment

കോവിഡിനെതിരെ, മുൻ‌ഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള അന്തിമ നടപടികളിലേക്ക് രാജ്യം പ്രവേശിക്കുന്ന സാഹചര്യത്തിൽ എയിംസ് മേധാവി ഡോ.രൺധീപ് ഗുലേറിയയുമായി നടത്തിയ സംഭാഷണം.

? ആർക്ക്, എങ്ങനെയാണ് കോവിഡ് വാക്സിൻ ആദ്യം നൽകുക

ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളുമാണ് മുൻഗണനാ പട്ടികയിലുള്ളത്. അവർക്കാണ് ആദ്യം കുത്തിവയ്പ് നൽകുക. എവിടെ വച്ച് എങ്ങനെയാകും വാക്സിൻ നൽകുക തുടങ്ങിയ കാര്യങ്ങൾ​ ഗുണഭോക്താക്കളെ അവർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരുകളിൽ അറിയിക്കുന്നതായിരിക്കും.

? വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാണോ

വാക്സിൻ സ്വന്തം താൽപ്പര്യമനുസരിച്ച് ആയിരിക്കും. എന്നിരുന്നാലും, നമ്മുടെയും നമ്മുടെ അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയുമെല്ലാം പരിരക്ഷയെ ഓർത്ത് വാക്സിനേഷൻ സ്വീകരിക്കുന്നത് നല്ലതാണ്.

? ആരോഗ്യ വകുപ്പിൽ രജിസ്ട്രേഷൻ നിർബന്ധമാണോ

Advertisment

വാക്സിനേഷന് രജിസ്ട്രേഷൻ നിർബന്ധമാണ്. എവിടെയാണ്, എപ്പോഴാണ് വാക്സിനേഷൻ നടക്കുന്നത് എന്ന കാര്യം രജിസ്റ്റർ ചെയ്തതിനു ശേഷമേ ഗുണഭോക്താവിനെ അറിയിക്കൂ. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടായിരിക്കും.

? വാക്സിനേഷന് ഒരാൾക്ക് എന്തെല്ലാം രേഖകൾ ആവശ്യമാണ്

ഡ്രൈവിങ് ലൈസൻസ്, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ മന്ത്രാലയം നൽകിയ സ്മാർട്ട് കാർഡ്, എം‌എൻ‌ആർഇ‌ജി‌എ ഗ്യാരണ്ടി കാർഡ്, എം‌എൻ‌ആഇർ‌ജി‌എ ജോബ് കാർഡ്, എം‌പിമാരോ എം‌എൽ‌എമാരോ നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാസ്‌പോർട്ട്, പെൻഷൻ രേഖകൾ കേന്ദ്ര / സംസ്ഥാന സർക്കാർ അല്ലെങ്കിൽ പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ സേവന തിരിച്ചറിയൽ കാർഡ്, കൂടാതെ വോട്ടർ ഐഡി കാർഡുകൾ എന്നിവ രജിസ്ട്രേഷനായി ഉപയോഗിക്കാം.

? വാക്സിനേഷൻ തിയതിയെക്കുറിച്ചുള്ള വിവരങ്ങൾ ഗുണഭോക്താക്കൾക്ക് എങ്ങനെ ലഭിക്കും

ഓൺലൈൻ രജിസ്ട്രേഷനെ തുടർന്ന്, വാക്സിനേഷൻ തീയതി, സ്ഥലം, സമയം എന്നിവ വ്യക്തമാക്കിക്കൊണ്ട് ഗുണഭോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും. വാക്സിൻ ഡോസ് ലഭിക്കുമ്പോൾ, ഗുണഭോക്താവിന് എസ്എംഎസ് ലഭിക്കും, കൂടാതെ എല്ലാ ഡോസ് വാക്സിനുകളും നൽകിയ ശേഷം, ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ക്യുആർ  കോഡ് സർട്ടിഫിക്കറ്റും അയയ്ക്കും.

? വാക്സിനേഷൻ കേന്ദ്രത്തിൽ പാലിക്കേണ്ട പ്രതിരോധ നടപടികളും മുൻകരുതലുകളും ഉണ്ടോ?

കോവിഡ് -19 വാക്സിനേഷനു ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും വിശ്രമിക്കണം. ഏതെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതയോ അടുത്തുള്ള എഎൻഎം അല്ലെങ്കിൽ ആശ വർക്കർക്ക് റിപ്പോർട്ട് ചെയ്യണം.

? വാക്സിൻ സുരക്ഷിതമായിരിക്കുമോ

സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം, വാക്സിൻ അനുമതി നൽകുന്നതിന് മുമ്പ് പാലിച്ചിരുന്ന എല്ലാ മുൻകരുതലുകളും ഈ കേസിലും പിന്തുടരും.

? ഇന്ത്യയിൽ അവതരിപ്പിച്ച വാക്സിൻ മറ്റ് രാജ്യങ്ങളിൽ അവതരിപ്പിച്ചതുപോലെ ഫലപ്രദമാകുമോ

അതെ, ഇന്ത്യയിൽ അവതരിപ്പിച്ച കോവിഡ് -19 വാക്സിൻ മറ്റ് രാജ്യങ്ങളിൽ വികസിപ്പിച്ചെടുത്ത ഏതൊരു വാക്സിൻ പോലെ ഫലപ്രദമായിരിക്കും.

? ഒന്നിലധികം വാക്സിനുകളിൽ, ഒന്നോ അതിലധികമോ വാക്സിനുകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ് ?

ലൈസൻസ് നൽകുന്നതിനുമുമ്പ് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച ഡേറ്റ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വിശദമായി പരിശോധിക്കും. അതിനാൽ, ലൈസൻസുകൾ ലഭിക്കുന്ന എല്ലാ കോവിഡ് -19 വാക്‌സിനുകൾക്കും താരതമ്യേന സുരക്ഷിതവും കാര്യക്ഷമവും ആയിരിക്കും. എങ്കിലും, വാക്സിനേഷന്റെ മുഴുവൻ ഷെഡ്യൂളും ഒരേ വാക്സിൻ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത് എന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്. വാക്സിനുകൾ പരസ്പരം മാറിപ്പോകരുത്.

? കോവിഡ് ബാധിതനായ ഒരാൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയുമോ

കോവിഡ് രോഗിയും രോഗലക്ഷണങ്ങൾ ഉള്ളതുമായ ഒരാൾ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ മറ്റുള്ളവർക്ക് രോഗം പകരാൻ സാധ്യതയുണ്ട്. രോഗബാധിതനായ ഒരാൾക്ക് വാക്സിൻ അത്തരമൊരു സാഹചര്യത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് ഞങ്ങൾക്കറിയില്ല. സജീവ കോവിഡ് ബാധിതനോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഉള്ളതോ ആയ ആൾ ലക്ഷണങ്ങൾ മാറിയ ശേഷം 14 ദിവസം കഴിഞ്ഞ് വാക്സിൻ സ്വീകരിക്കുന്നതാകും നല്ലത്.

? സുഖം പ്രാപിച്ച ഒരാൾക്ക് വാക്സിൻ എടുക്കേണ്ടത് ആവശ്യമാണോ

അണുബാധയുടെ മുൻകാല ചരിത്രം പരിഗണിക്കാതെ കോവിഡ് വാക്സിനുകളുടെ പൂർണ ഷെഡ്യൂൾ സ്വീകരിക്കുന്നത് നല്ലതാണ്. രോഗത്തിനെതിരെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ ഇത് സഹായിക്കും.

? ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് മരുന്ന കഴിക്കുന്നവർ വാക്സിൻ സ്വീകരിക്കാമോ?

ഒന്നോ അതിലധികമോ രോഗാവസ്ഥയുള്ള വ്യക്തികൾ ഉയർന്ന അപകടസാധ്യതയുള്ള കൂട്ടത്തിന്റെ ഭാഗമായതിനാൽ വാക്സിനെടുക്കണം. മരുന്നുകൾ വാക്സിൻ ഫലപ്രാപ്തിയെ തടസപ്പെടുത്തുകയില്ല.

? സാധ്യമായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്

മറ്റ് വാക്സിനുകളെ സംബന്ധിച്ചിടത്തോളം, ചില ഗുണഭോക്താക്കൾക്ക് നേരിയ പനി, കുത്തിവയ്പ് നടത്തിയ സ്ഥലത്ത് വേദന, ശരീരവേദന തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. സുരക്ഷിതമായ വാക്സിൻ ഡെലിവറിയിലേക്കുള്ള നടപടികളുടെ ഭാഗമായി കോവിഡ് -19 വാക്സിനുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

? ഒരു വ്യക്തിക്ക് എത്ര ഡോസ് വാക്സിൻ എടുക്കേണ്ടിവരും, ഏത് ഇടവേളയിലാണ് വാക്സിനെടുക്കേണ്ടത്

28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ ആവശ്യമാണ്. വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഇത് എല്ലാവരും എടുക്കേണ്ടതുണ്ട്.

? ആന്റിബോഡികൾ എപ്പോൾ വികസിക്കും? ആദ്യ ഡോസ് എടുത്തതിനുശേഷം? രണ്ടാമത്തെ ഡോസ് എടുത്തതിനുശേഷം? അല്ലെങ്കിൽ പിന്നീട്?

കോവിഡ് -19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ് ആന്റിബോഡികളുടെ സംരക്ഷണ നില സാധാരണയായി വികസിക്കും.

രണ്ടു മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വാക്സിൻ സംഭരിക്കാനും എത്തിക്കാനും ഇന്ത്യക്ക് ശേഷിയുണ്ടോ?

ലോകത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ പദ്ധതികളിലൊന്നാണ് ഇന്ത്യ നടത്തുന്നത്. 26 ദശലക്ഷത്തിലധികം നവജാതശിശുക്കളുടെയും 29 ദശലക്ഷത്തിലധികം ഗർഭിണികളുടെയും വാക്സിൻ ആവശ്യങ്ങൾ നാം ഇതിനകം നിറവേറ്റുന്നു. രാജ്യത്തെ വലുതും വൈവിധ്യപൂർണവുമായ ജനസംഖ്യയ്ക്ക് ഫലപ്രദമായി ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സജ്ജമാക്കുകയും ചെയ്യുന്നു.

Read More: രണ്ട് കോവിഡ് -19 വാക്സിനുകൾക്ക് അനുമതി; ഇനിയെന്ത്?

Read More: കോവിഡ് വാക്സിൻ ആദ്യം ആർക്കൊക്കെ, വിതരണം എന്നു മുതൽ? അറിയേണ്ടതെല്ലാം

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: