scorecardresearch

കോവിഡ് വാക്സിൻ ആദ്യം ആർക്കൊക്കെ, വിതരണം എന്നു മുതൽ? അറിയേണ്ടതെല്ലാം

കോവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്നു നടന്നു. എന്നാൽ വാക്സിൻ എന്ന് എത്തുമെന്ന അറിയിപ്പ് ഔദ്യോഗികമായി സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല

Covid Vaccine, കോവിഡ് വാക്സിൻ, Vaccine Kerala, കേരളത്തിൽ കോവിഡ് വാക്സിൻ, Kerala Dry Run, കോവിഡ് വാക്സിൻ ഡ്രെെ റൺ കേരള, IE Malayalam, ഐഇ മലയാളം

രാജ്യത്ത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ കുത്തിവയ്പിനുള്ള ഡ്രൈ റൺ പൂർത്തിയായിരിക്കുകയാണ്.  കോവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ആണ് ഡ്രൈ റൺ.തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലായി നടത്തിയ ഡ്രൈറൺ വിജയകരമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.  ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡിന്റെയും ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെയും അടിയന്തിര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ച അനുമതി നൽകിയിരിക്കുകയാണ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡി‌എസ്‌കോ) ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐയുടെ തീരുമാനം. ഏതാനും ദിവസത്തിനുള്ളിൽ തന്നെ വാക്സിൻ വിതരണം ആരംഭിക്കാൻ സാധിച്ചേക്കും.

ആദ്യം വാക്സിൻ ലഭിക്കുന്നത് ആർക്ക്

മുൻഗണനാ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വാക്സിൻ വിതരണം നടത്തുക. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് മുന്‍ഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുക. പിന്നീട് വാക്‌സിൻ കിട്ടുന്ന അളവിൽ മറ്റുള്ളവർക്കും നൽകും.

Read More: ഇന്ത്യയിൽ ഓക്സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ

മുൻഗണനാ ലിസ്റ്റിൽ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകുക. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ ഇതിൽ ഉൾപ്പെടുന്നു.ആദ്യഘട്ടത്തിൽ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആരോഗ്യ പ്രവർത്തകർക്ക് ശേഷം വയോജനങ്ങളാണ് മുൻഗണന ലിസ്റ്റിലുള്ളത്. അവർക്ക് കൊടുക്കണമെങ്കിൽ 50 ലക്ഷത്തോളം വാക്‌സിൻ വേണ്ടിവരും.

നമ്മുടെ ആവശ്യകതയ്ക്കനുസരിച്ച് വാക്‌സിൽ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാവശ്യമായ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണെന്നും സർക്കാർ അറിയിച്ചു.

ഏത് വാക്സിൻ,എന്ന് മുതൽ?

ഔദ്യോഗികമായി വാക്സിൻ എന്ന് എത്തുമെന്ന അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഉടൻ തന്നെ കോവിഡ്-19 വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം സംസ്ഥാനത്ത് വാക്സിൻ എത്താൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Read More: രണ്ടോ മൂന്നോ ദിവസത്തിനകം കോവിഡ് വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി; വാക്സിൻ വിതരണ റിഹേഴ്‌സലിൽ പങ്കെടുത്തു

കോവിഷീൽഡ് വാക്‌സിനാണ് വിതരണത്തിനെത്തുക. ഓക്സ്ഫഡ്-യൂണിവേഴ്സിറ്റിയും മരുന്നു കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമിക്കുന്നത്. വാക്സിനിന്റെ ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നടത്തിയിരുന്നു.

കോവിഷീൽഡ് വാക്‌സിൻ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വാക്‌സിൻ എടുക്കുന്നതിന് ആശങ്ക വേണ്ടെന്നും ചിട്ടയായ വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡ്രൈ റൺ

കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന മോക് ഡ്രിൽ ആണ് ഡ്രൈറൺ. വാക്സിൻ കുത്തിവയ്ക്കുന്ന പ്രക്രിയ ഒഴികെ വാക്സിൻ വിതരണത്തിനുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണിന്റെ ഭാഗമായി നടത്തുന്നു. എത്രത്തോളം കുറ്റമറ്റ രീതിയിലും വിജയകരമായും വാക്സിൻ വിതരണം നടത്താൻ സാധിക്കുമെന്ന് ഡ്രൈ റണ്ണിലൂടെ മനസ്സിലാക്കാൻ സാധിക്കും.

വാക്‌സിൻ രജിസ്‌ട്രേഷൻ മുതൽ ഒബ്‌സർവേഷൻ വരെ കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് സംസ്ഥാനത്ത് ഡ്രൈ റൺ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ആശുപത്രികളിൽ ഡ്രൈ റൺ നടന്നു.  ഡിസംബർ 28,29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രെെ റൺ നടത്തിയിരുന്നു.

Read More: വാക്സിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കിംവദന്തികൾ അവഗണിക്കണമെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ നാല് ജില്ലകളിലാണ് ഡ്രൈറൺ സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് ഡ്രൈ റണ്ണിന്റെ വാക്‌സിനേഷന്‍ സൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

വെയിറ്റിങ് റൂമില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഇരിപ്പിടം അനുവദിക്കുകയും അവിടെ നിന്ന് ഓരോരുത്തരെ വാക്‌സിനേഷന്‍ റൂമിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു. വാക്‌സിന്‍ നല്‍കിയശേഷം നിരീക്ഷണ മുറിയിലേക്കു മാറ്റും. അരമണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ പുറത്തേക്ക് പോകാന്‍ അനുവദിക്കൂ.

രാവിലെ ഒൻപതു മുതൽ 11 രെയായിരുന്നു ഡ്രൈ റൺ നടന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. ഡ്രൈ റൺ വിജയകരമായിരുന്നെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ

വാക്സിൻ വിതരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും സംസ്ഥാനത്ത് നടത്തിയതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വാക്‌സിൻ ലഭിച്ചുകഴിഞ്ഞാൽ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയിൽ തയാറെടുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയ ശീതീകരണ ഉപകരണങ്ങൾക്ക് പുറമേ സംസ്ഥാനവും ശീതീകരണ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വാക്‌സിൻ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കുന്നതിനായി ജില്ലകളിൽ വാക്കിങ് കൂളറുകൾ പോലുള്ള സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നൽകുന്നതിനായി വാക്‌സിനേറ്റർമാരെയും വാക്‌സിൻ സെഷൻ സൈറ്റുകളും കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. വാക്‌സിൻ സെഷൻ സൈറ്റുകൾക്ക് പുറമെ ഔട്ട് റീച് സെഷനുകളും മൊബൈൽ ഇമ്മ്യൂണൈസേഷൻ ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട് .

രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാവും വാക്‌സിൻ വിതരണം നടത്തുക. പരിശീലനം ലഭിച്ച ജീവനക്കാരുംവാക്സിനേറ്ററും വാക്സിനേഷൻ സൈറ്റിൽ ഉണ്ടായിരിക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid vaccination and dry run in kerala

Best of Express