/indian-express-malayalam/media/media_files/uploads/2020/04/explained-fi.jpg)
ലോക്ക്ഡൗണ്‍ നീക്കിക്കഴിയുമ്പോള്‍ മധ്യേഷ്യയില്‍ നിന്നുമുള്ള പ്രവാസികളുടെ തിരിച്ചുവരവെന്ന ഒരു പുതിയ വെല്ലുവിളി കേരളം അഭിമുഖീകരിക്കേണ്ടിവരും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസത്തിനുള്ള പ്രാധാന്യം വീണ്ടും ശ്രദ്ധയില്‍ വരികയും അതിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും.
അന്നുമിന്നുമുള്ള പ്രവണതകള്‍
1956-ല്‍ സംസ്ഥാന രൂപീകരണം മുതല്‍ കേരളത്തിന്റെ വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം (ആഭ്യന്തരവും വിദേശത്തേക്കുമുള്ള) കുടിയേറ്റമാണ്. 1941 വരെ ആളുകള്‍ ഇങ്ങോട്ടേക്ക് വരികയായിരുന്നുവെന്ന് പഴയ തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്തെ കണക്കുകള്‍ പറയുന്നു. എന്നാല്‍, തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ ഈ പ്രവണത നാടകീയമായി തിരിയുകയും ഇങ്ങോട്ടേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ പുറത്തേക്ക് പോകുകയും ചെയ്തു. 1971 വരെ, മിക്ക കേരളീയരും ഇന്ത്യയ്ക്കുള്ളില്‍ തന്നെയുള്ള ദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു, ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ പോലുള്ള വളര്‍ന്ന് വരുന്ന നഗരങ്ങളിലേക്കായിരുന്നു കൂടുതല്‍ പേരും പോയിരുന്നത്. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് കാരണം ഇവിടെ സൃഷ്ടിക്കപ്പെട്ട വിദഗ്ദ്ധ, വിദ്യാഭ്യാസമുള്ള വ്യക്തികള്‍ക്കുവേണ്ടിയുള്ള ആവശ്യകത ഉയര്‍ന്നതായിരുന്നു അതിന് ഭാഗികമായ കാരണം.
എന്നിരുന്നാലും, എണ്ണ വില വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് 1970-കളില്‍ ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ വിദേശ തൊഴിലാളികള്‍ക്കുവേണ്ടി തുറന്ന് നല്‍കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രവാസം ആഭ്യന്തരത്തില്‍ നിന്നും വിദേശത്തേക്ക് ഗണ്യമായി മാറി. 1971-81 കാലഘട്ടത്തില്‍ വിദേശത്തേക്കുള്ള കുടിയേറ്റം പരമകാഷ്ഠയിലെത്തിയതായി കാണാം (ഇന്ത്യയുടെ സെന്‍സസ് വിവരങ്ങളില്‍ നിന്നും പരോക്ഷ രീതിയിലൂടെ കണക്കുകൂട്ടിയത്). ഏകദേശം 250,000 പേരാണ് അക്കാലത്ത് പ്രവാസ ജീവിതം വരിച്ചത്. 1980-കളിലും 1990-കളിലും ഈയൊഴുക്ക് തുടര്‍ന്നുവെന്ന് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതിന്റെ ഫലമായി, കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കുടിയേറിയിരുന്നവര്‍ ഇപ്പോള്‍ ഗള്‍ഫിലേക്ക് നീങ്ങിയതായി കാണാം. കേരളത്തില്‍ 1999 വരെ ഒരു വിമാനത്താവളമാണുണ്ടായിരുന്നത്. ഇന്നിപ്പോള്‍ നാലെണ്ണമുണ്ട്. അന്താരാഷ്ട്ര കുടിയേറ്റത്തിന്റേയും സമ്പദ് വ്യവസ്ഥയിലേക്കും സമൂഹത്തിലേക്കും വിദേശ നാണ്യം അയക്കുന്നതിന്റേയും പ്രാധാന്യം വര്‍ദ്ധിച്ചതു കൊണ്ടാണിത്.
കേരള കുടിയേറ്റ സര്‍വേ പറയുന്നത്
കെ സി സഖറിയയും ഞാനും ചേര്‍ന്ന് സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 1998-ല്‍ ആദ്യ കേരള കുടിയേറ്റ സര്‍വേ (കെ എം എസ്) നടത്തിയത് ഈ സാഹചര്യത്തിലാണ്. അന്ന് മുതല്‍ ഞങ്ങള്‍ ആഭ്യന്തരവും അന്താരാഷ്ട്രവുമായ കുടിയേറ്റം, കുടിയേറ്റ ഇടനാഴികള്‍, വിദേശ നാണ്യ വരവ്, സാമ്പത്തിക നേട്ടങ്ങള്‍, സാമൂഹിക ചെലവ് എന്നിവയെ നിരീക്ഷിച്ചു വരുന്നു. ഇതുവരെ എട്ട് തവണ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കി. 2018-ലേതായിരുന്നു അവസാനത്തേത്. വിവിധ സര്‍വേകള്‍ ഞങ്ങളോട് പറഞ്ഞത് പരിശോധിക്കാം.
1998-ലെ ആദ്യ സര്‍വേ സൂചിപ്പിക്കുന്നത് ഏകദേശം 15 ലക്ഷം മലയാളികള്‍ ഇന്ത്യയ്ക്ക് പുറത്ത് വസിക്കുന്നുണ്ടെന്നും 750,000 മുന്‍ പ്രവാസികള്‍ തിരിച്ചുവന്നിട്ടുമുണ്ടെന്നാണ്. ഈ വര്‍ഷങ്ങളില്‍ അവര്‍ ജീവിച്ചത് വിദേശത്തു ജോലി ചെയ്തിരുന്നപ്പോഴുണ്ടാക്കിയ സമ്പാദ്യം, തൊഴില്‍ പരിചയവും വൈദഗ്ദ്ധ്യവും ഉപയോഗിച്ചാണെന്ന് സര്‍വേ കണ്ടെത്തി. ഒരു ദശലക്ഷത്തില്‍ അധികം കുടുംബങ്ങള്‍ കുട്ടികളുടെ പഠനത്തിനായും മറ്റു സാമ്പത്തിക ആവശ്യങ്ങള്‍ക്കായും രാജ്യത്തെ മറ്റുഭാഗങ്ങളിലേക്ക് കുടിയേറിയവരെ ആശ്രയിക്കുന്നുണ്ട്. വിദേശത്തേക്കുള്ള കുടിയേറ്റത്തിന്റെ നട്ടെല്ല് തൃശൂര്‍-മലപ്പുറം മേഖലയിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിങ്ങള്‍ ആയപ്പോള്‍ ആഭ്യന്തര കുടിയേറ്റത്തിന്റേത് മുന്‍ തിരുവിതാംകൂര്‍-കൊച്ചിന്‍ മേഖലയിലെ വിദ്യാഭ്യാസപരമായി മുന്നാക്കം നില്‍ക്കുന്ന ഈഴവ, നായര്‍, സിറിയന്‍ ക്രിസ്ത്യാനികള്‍ എന്നിവരായിരുന്നു.
Read Also: കോവിഡ്-19: രോഗികളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ഐസിഎംആർ, എൻഡിഎംസി രേഖകളിൽ വ്യത്യസ്ത കണക്കുകൾ
കുടിയേറ്റം തിരിച്ചു വരവിനെ ഗര്‍ഭം ധരിക്കുന്നു. ഗള്‍ഫ് യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി, സൗദി അറേബ്യയുടെ നിതാഖാത്ത് നയം എന്നിങ്ങനെ ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും കേരളം പ്രവാസികളുടെ തിരിച്ചുവരവിന് ദൃക്ഷസാക്ഷിയായിട്ടുണ്ട്. ഈ മൂന്ന് സന്ദര്‍ഭങ്ങളും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ അതിജീവിച്ചുവെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. ഉദാഹരണമായി, ആഗോള സാമ്പത്തിക പ്രതിസന്ധി ഗള്‍ഫിനെ ബാധിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ വലിയതോതിലെ പ്രവാസികളുടെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2009-ലെ ഞങ്ങളുടെ പഠനം അനുസരിച്ച് കേവലം 50,000 പേരാണ് തിരിച്ചുവന്നത്.
/indian-express-malayalam/media/media_files/uploads/2020/04/migration1.jpg)
2018-ലെ കെ എം എസ് വിവരങ്ങള്‍ പരിശോധിക്കാം. കേരളത്തില്‍ നിന്നും 21.2 ലക്ഷം മലയാളികള്‍ ലോകമെമ്പാടും പോയിട്ടുണ്ടെന്നാണ് കണക്ക്. 2016-ലെ കെ എം എസ് കണക്കുകൂട്ടില്‍ നിന്നും 149,000 കുറവാണത്. 2013-ലെ കെ എം എസ് കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 278,000 പേരുടെ കുറവുമുണ്ട് (പട്ടിക കാണുക). 2008 മുതല്‍ കുടിയേറ്റത്തിന്റെ തോത് കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു. ചില വര്‍ഷങ്ങളില്‍ കൂടിയിട്ടുണ്ടെന്നും കാണാം. പ്രത്യേകിച്ച് 2011, 2013 വര്‍ഷങ്ങൡ. 2008-11 കാലഘട്ടത്തില്‍ 87,000 പേര്‍ പ്രവാസികളായപ്പോള്‍ 2011-13-ല്‍ 1.2 ലക്ഷം പേര്‍ വരുമിത്.
2013-ന് ശേഷം സര്‍വേകള്‍ക്കിടയിലെ കാലഘട്ടത്തിലെ വളര്‍ച്ച കുറഞ്ഞിട്ടുണ്ട്. സര്‍വേകള്‍ക്കിടയിലെ ഇടവേളകളിലെ കണക്കുകള്‍ വ്യത്യസ്തമാണ്. 1998-2003-ല്‍ 4.7 ലക്ഷം പേരുടെ വര്‍ദ്ധനവുണ്ടായപ്പോള്‍ 2016-18-ല്‍ 1.4 ലക്ഷം പേരുടെ കുറവുണ്ടായി. ആദ്യ നാല് കാലഘട്ടങ്ങളില്‍ വളര്‍ച്ചയും കഴിഞ്ഞ രണ്ട് കാലഘട്ടങ്ങളിലും കുറവും കാണിക്കുന്നു. തുടക്കത്തില്‍ (1998-2003) നമുക്ക് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കാണാം. അത് തുടര്‍ച്ചയായി കുറയുകയും (2011-13-ല്‍ ഒഴിച്ച്) കഴിഞ്ഞ ഘട്ടത്തില്‍ (2013-18) നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.
Read Also: അന്നേ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു; തീരുമാനത്തിന് പിന്നിൽ ഓസിസ് താരമെന്ന് യുവരാജ്
മൊത്തം പ്രവാസികളില്‍ 89.2 ശതമാനം പേരും ഗള്‍ഫ് മേഖലയിലാണ്. തുടക്കം മുതല്‍ യുഎഇയാണ് കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ഇഷ്ട ലക്ഷ്യം. ഏകദേശം 18.9 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വസിക്കുന്നു.
2018-ലെ കെ എം എസിനുശേഷം, കേരളത്തില്‍ പ്രളയങ്ങള്‍ ഉണ്ടാകുകയും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ പ്രവചിക്കുകയും ചെയ്തു. അതിന് കാരണം, വിദേശത്തു നിന്നും വരുന്ന പണം നിക്ഷേപിക്കുന്നത് വീട് വയ്ക്കുന്നതു പോലെയുള്ള നിര്‍മ്മാണ മേഖലയിലാണ്. 2020- ഓടു കൂടി ആറു രാജ്യങ്ങളിലെ (യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്) കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 20 ലക്ഷം എത്താന്‍ സാധ്യതയുണ്ട്് (ഏറ്റവും കൂടുതല്‍ 25 ലക്ഷവും ആയേക്കും). ഗള്‍ഫിലുള്ള നാല് പേരില്‍ ഒരാള്‍ കേരളീയനാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
കോവിഡ്-19-ന് ശേഷമുള്ള കുടിയേറ്റം
ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിന്റേയും പ്രവാസികളുടെ തിരിച്ചുവരവിന്റേയും ഭാവിയെന്താകും. എന്റെ പ്രവചനം ഇനി പറയുന്നവയാണ്. ആദ്യം ഗള്‍ഫിലും പിന്നീട് ഇന്ത്യയിലും വിമാനത്താവളങ്ങള്‍ അടച്ചതുകാരണം തിരികെ പോകാന്‍ കഴിയാത്ത ഒരു ലക്ഷം പ്രവാസികള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. രണ്ടാമതായി, തൊഴില്‍ വിസ ഉണ്ടെങ്കിലും ഏകദേശം 30,000 ത്തോളം പേര്‍ക്ക് ഗള്‍ഫിലേക്ക് പോകാന്‍ സാധിക്കില്ല. പുതിയ പ്രവാസികള്‍ ആകേണ്ടിയിരുന്നവര്‍ ആണിത്. മൂന്നാമതായി, യാത്രകള്‍ അനുവദിക്കുമ്പോള്‍ 2020 മെയ് മാസത്തോടെ പ്രവാസികളുടെ, കൂടുതലും ആശ്രിതരായവര്‍, ആദ്യഘട്ട തിരിച്ചുവരവ് ആരംഭിക്കും. എണ്ണവില എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ എത്തിയിട്ടുള്ളതടക്കമുള്ള കോവിഡ് പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. അവിടത്തെ നയങ്ങള്‍ മാറുന്നതോടെ മിക്ക മേഖലകളിലും വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകും. അതിനാല്‍, സെപ്തംബറിന് മുമ്പ് മറ്റൊരു ഒരു ലക്ഷം പേരും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.
പ്രധാന പങ്കുവഹിക്കാന്‍ പോകുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഏതൊരുഘട്ടത്തിലും, കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം പേര്‍ അല്ലെങ്കില്‍ രണ്ട് ലക്ഷം പേര്‍ രേഖകളില്ലാതെ ആ രാജ്യങ്ങളിലെത്തിയവരാണ്. അടുത്തിടെ, കുവൈറ്റ് രേഖകളില്ലാതെ രാജ്യത്തെത്തിയവര്‍ക്ക് പൊതുമാപ്പ് നല്‍കിയിരുന്നു. ഒരു പിഴയും അടയ്ക്കാതെ രാജ്യം വിടാന്‍ അവസരം നല്‍കി. രേഖകളില്ലാത്ത തൊഴിലാളികളെന്ന തലവേദന ഒഴിവാക്കാന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും പൊതുമാപ്പ് നല്‍കിയാല്‍ മറ്റൊരു മൂന്ന് ലക്ഷം പേരും ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയേക്കാം. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഈ പ്രധാന വെല്ലുവിളി കൂടെ പരിഗണിക്കണം. എന്നിരുന്നാലും, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും പ്രവാസികള്‍ ഒരു പ്രധാനഘടകമായതിനാല്‍ ഒരു കോവിഡ് അനന്തര ലോകത്തില്‍ അന്താരാഷ്ട്ര കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വമായ നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്ത് പ്രവാസികളെ സംബന്ധിച്ച് ഫലപ്രദമായ നയം രൂപീകരിക്കുന്നതിന് സാധാരണ നില കൈവരിച്ചശേഷം എത്രയും വേഗം ഒരു സമഗ്രമായ കേരള കുടിയേറ്റ സര്‍വേ നടത്തണം എന്ന് കേരള സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നിയന്ത്രണ ലഘൂകരണ തന്ത്രത്തെ കുറിച്ചുള്ള വിദഗ്ദ്ധ സമതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസറാണ് എസ് ഇരുദയ രാജന്‍. 2018-ലെ കേരള കുടിയേറ്റ സര്‍വേയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കോവിഡ്-19-മായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതിയില്‍ അംഗവുമാണ്.
Read in English: An Expert Explains: What is the future of migration from Kerala?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us