ന്യൂഡൽഹി:  രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും (ഐസിഎംആർ) ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും (എൻഡിഎംസി) ശേഖരിച്ച കണക്കുകളിൽ വൈരുദ്ധ്യം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് ഏജൻസികളും ശേഖരിച്ച കണക്കുകളിലാണ് വൈരുദ്ധ്യങ്ങളുള്ളത്.

കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന സംസ്ഥാന ഹെൽത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഐസിഎംആറിന്റെയും എൻഡിഎംസിയുടെയും കണക്കുകളിൽ പൊരുത്തക്കേടുകളുള്ളതായി ശ്രദ്ധയിൽ പെട്ടത്. ഏപ്രിൽ 26 രാവിലെ എട്ടുമണി വരെയുളള കണക്കുകൾ പ്രകാരം രാജ്യത്ത് 26, 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് എൻഡിഎംസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ കാലയളവിൽ 27, 583 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് ഐസിഎംആറിന്റെ കണക്ക്. രണ്ട് ഏജൻസികളുടെയും കണക്കുകൾ തമ്മിൽ 1087 രോഗികളുടെ എണ്ണത്തിലാണ് വ്യത്യാസമുള്ളത്.

Also Read: കോവിഡ് മരണം: നഗരങ്ങളിൽ മുന്നിൽ മുംബൈ, തൊട്ടുപിന്നിൽ അഹമ്മദാബാദ്

രാജ്യത്തെ എട്ട് മേഖലകളിൽ നിന്നുള്ള രോഗികളുടെ എണ്ണത്തിൽ മാത്രമാണ് ഐസിഎംആറിന്റെയും എൻഡിഎംസിയുടെയും കണക്കുകൾ തമ്മിൽ യോജിപ്പുള്ളത്. അഞ്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദമൻ ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെയും കണക്കുകളാണിവ. ഇതിൽ 12 പേർക്ക് രോഗം പിടിപെട്ട മേഘാലയയിൽ മാത്രമാണ് രണ്ടിലധികം കോവിഡ് കേസുകളുള്ളത്. കോവിഡ് കേസുകളൊന്നുമില്ലാത്തവയാണ് ഈ എട്ടു പ്രദേശങ്ങളിൽ നാലെണ്ണം.

21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഡിഎംസിയുടെ കണക്കുകളിലേതിനേക്കാൾ കൂടുതലാണ് ഐസിഎംആറിന്റെ കണക്ക് പ്രകാരമുള്ള രോഗികളുടെ എണ്ണം. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ അന്തരം. 8848, 3809, 770 എന്നിങ്ങനെയാണ് ഐസിഎംആറിന്റെ കണക്കുകൾ പ്രകാരം ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. എന്നാൽ എൻഡിഎംസി കണക്കുകൾ പ്രകാരം ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 7628, 3071, 611എന്നിങ്ങനെയാണ് കോവിഡ് ബാധിതുടെ എണ്ണം.

മഹാരാഷ്ട്രയിൽ രണ്ട് ഏജൻസികളും പറയുന്ന കണക്കുകളിൽ 1220 കേസുകളുടെ അന്തരമാണുള്ളത്. നാഗാലാൻഡിൽ നിന്നുള്ള കണക്കുകളിലാണ് ഏറ്റവും കുറഞ്ഞ വ്യത്യാസമുള്ളത്. ഒരു രോഗിയുടെ എണ്ണത്തിൽ മാത്രമാണ് സംസ്ഥാനത്തെ കണക്കുകളിലെ വ്യത്യാസം.  ഐസിഎംആർ രേഖകൾ പ്രകാരം നാഗാലാൻഡിൽ ഒരാൾക്ക് കോവിഡ് ബാധിച്ചതായി പറയുന്നു. എന്നാൽ സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് എൻഡിഎംസിയുടെ കണക്ക്.

Also Read: ഇന്ത്യയിൽ മേയ് പകുതിയ്ക്ക് ശേഷം പുതിയ കോവിഡ് കേസുകൾ ഉണ്ടാകില്ല: പഠനം

ഡൽഹിയിലും ഏഴ് സംസ്ഥാനങ്ങളിലും എൻഡിഎംസിയുടെ കണക്കുകൾ ഐസിഎംആറിന്റെ കണക്കുകളേക്കാൾ കൂടുതലാണ്. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകളിലാണ് വ്യത്യാസം കൂടുതൽ. ഐസിഎംആർ കണക്കുകൾ പ്രകാരം ഡൽഹിയിൽ 2155 രോഗികളാണ്. എന്നാൽ എൻഡിഎംസിയുടെ കണക്കുകളിൽ ഇത് 2625 ആണ്.

മധ്യപ്രദേശിൽ 2096 രോഗികളുള്ളതായി എൻഡിഎംസിയുടെ കണക്കുകളിൽ പറയുന്നു. 2155 പേർ എന്നാണ് ഐസിഎംആറിന്റെ കണക്ക്. യുപിയിൽ എൻഡിഎംസിയുടെ കണക്കിൽ 1793 പേർക്കാണ് കോവിഡ്. ഐസിഎംആറിന്റെ കണക്കുകൾ പ്രകാരം 1572 പേർക്കും.

Read More: Covid-19 data in doubt as ICMR records 1,087 more patients than NCDC

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook