/indian-express-malayalam/media/media_files/uploads/2019/06/rima-kallingal.jpg)
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വൈറസ് എന്ന ചിത്രം മികച്ച പ്രതികരണത്തോടെ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഒട്ടേറെ പ്രത്യേകതകളുളള ചിത്രം കേരളം അതിജീവിച്ച നിപ്പാ പനി കാലത്തെ കുറിച്ചാണ് വരച്ചുകാട്ടുന്നത്. നിപ്പ ജീവനെടുത്തവരില്‍ ഒരാളാണ് സിസ്റ്റര്‍ ലിനി. ലിനിയായി വേഷമിട്ടത് നടിയും ആഷിഖ് അബുവിന്റെ ഭാര്യയും ആയ റിമ കല്ലിങ്കലായിരുന്നു. തന്റെ സുരക്ഷ കണക്കിലെടുക്കാതെ നിപ്പാ രോഗികളെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയെ ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു.
പറക്കമുറ്റാത്ത രണ്ടുകുരുന്നുകളെയും ജീവനോളം സ്നേഹിച്ച ഭര്‍ത്താവിനെയും അവസാനനിമിഷം ഒരുനോക്കുപോലും കാണാനാവാതെയാണ് ലിനി മരണത്തിന് കീഴടങ്ങിയത്. വൈറസ് എന്ന ചിത്രം തിയറ്ററില്‍ ശ്രദ്ധിക്കപ്പെടുന്നതിനിടെ ലിനിയുടെ ഭര്‍ത്താവ് സജീഷും ചിത്രം കണ്ടു. വൈറസ് ടീമിനൊപ്പം ആണ് അദ്ദേഹം സിനിമ കണ്ടത്. സിനിമ കണ്ടപ്പോള്‍ കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
'സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു,' സജീഷ് തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
Read More: Virus Movie Review: നിപ പോരാളികൾക്ക് സല്യൂട്ട് അർപ്പിച്ച് ‘വൈറസ്’
ആഷിഖ് അബുവിനും ചിത്രത്തിന്റെ ഭാഗമായ മറ്റുളളവര്‍ക്കും സജീഷ് നന്ദി അറിയിക്കുകയും ചെയ്തു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നപ്പോഴും സജീഷ് ലിനിയെ കുറിച്ചും നിപ്പാ കാലത്തെ കുറിച്ചും വാചാലനായിരുന്നു. 'സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ആഷിക് അബു എന്നെ വിളിച്ചിരുന്നു. നിപ്പയാണ് പ്രമേയമെന്നും ഞങ്ങളുടെയൊക്കെ ജീവിതമാണ് സിനിമയാകുന്നതെന്നും പറഞ്ഞിരുന്നു. റിമയാണ് ലിനിയാകുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നോട് നിപ്പാകാലത്തെ പേരാമ്പ്രയെക്കുറിച്ചുമൊക്കെ ചോദിച്ച് മനസിലാക്കിയിരുന്നു. ഖത്തറില്‍ നടത്തിയ ട്രെയ്ലര്‍ ലോഞ്ചില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നാണ് ആദ്യമായി ലിനിയായി റിമയെ കാണുന്നത്,' സജീഷ് പറഞ്ഞു.
'ഒരു നിമിഷം ഞാന്‍ ഞെട്ടിപ്പോയി. ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നി. ഹെയര്‍സ്‌റ്റൈല്‍ ഉള്‍പ്പടെ അവളുടേത് പോലെ തന്നെയായിരുന്നു. ആ നിമിഷത്തെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. അത്ര വൈകാരികമായ നിമിഷമായിരുന്നു. ലിനിയായി വേഷമിട്ട റിമയുടെ ചിത്രമൊന്നും എന്നെ കാണിച്ചിരുന്നില്ല. പെട്ടന്ന് സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും ഷോക്കായി. ട്രെയിലറില്‍ ആ രംഗങ്ങള്‍ കണ്ട കാണികളും കയ്യടിയോടെയാണ് സ്വീകരിച്ചത്,' സജീഷ് പറഞ്ഞു.
Read More: ‘കാറ്റത്തെ കിളിക്കൂട്’ മുതൽ ‘വൈറസ്’ വരെ: രേവതി മിന്നിച്ച വേഷങ്ങള്‍
'ഭീകരമായിരുന്നു നിപ്പാകാലത്തെ പേരമ്പ്രയുടെ അവസ്ഥ. ആശുപത്രിയിലേക്ക് പോകുന്ന നഴ്‌സിനെപ്പോലും ബസില്‍ കയറ്റില്ലായിരുന്നു. കയറ്റിയാലും എല്ലാവരും പേടിച്ച് പുറകോട്ട് മാറിനില്‍ക്കും. ഞങ്ങളുടെ വീട്ടിലുള്ളവരെ അസുഖമായിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അയല്‍വാസികള്‍ പോലും ഒരുപാട് മുന്‍കരുതലുകളൊക്കെ എടുത്തശേഷമാണ് കാണാന്‍ വന്നത്. അത്രയും ഭീതിനിറഞ്ഞ കാലമായിരുന്നു. ഒന്നരമാസത്തോളം ഈ അവഗണന തുടര്‍ന്നു. ഇപ്പോള്‍ പക്ഷെ അതെല്ലാം മാറി. എവിടെപ്പോയാലും ആളുകള്‍ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എന്തെങ്കിലും അസുഖമായിട്ട് ആശുപത്രിയില്‍ പോയാലും കാശ് ഒന്നും ആരും വാങ്ങിക്കാറില്ല. ഞാനിപ്പോള്‍ ലിനിയുടെ വീട്ടിലാണ് താമസം. ലിനിയുടെ അമ്മയ്ക്ക് അപസ്മാരത്തിന്റെ അസുഖമുണ്ട്. ഞാന്‍ വിദേശത്തായിരുന്ന സമയത്ത് ലിനിയായിരുന്നു അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നത്. കുഞ്ഞുങ്ങളും വളര്‍ന്നത് ഇവിടെ തന്നെയാണ്. പെട്ടന്ന് ഒരു പറിച്ചുനടല്‍ അവര്‍ക്കും ബുദ്ധിമുട്ടാണ്. ലിനി പോയ ആദ്യനാളുകളില്‍ മക്കളെ നോക്കാനൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. എന്തുചെയ്യണം? എങ്ങനെ ചെയ്യണം എന്നൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിനിയുടെ രണ്ട് സഹോദരിമാരുണ്ട്, അവരാണ് കുഞ്ഞുങ്ങളെ നോക്കാന്‍ സഹായിച്ചത്. അവരുടെ കരുതലുള്ളത് കൊണ്ടാണ് കുഞ്ഞുങ്ങള്‍ ലിനി ഇല്ലാതായ ആഘാതത്തില്‍ നിന്നും കരകയറിയത്. സജീഷ് പറയുന്നു.
സജീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ "വൈറസ്" സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.
പാർവ്വതി വീണ്ടും ഞെട്ടിച്ചു.
ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.
സിനിമ കാണുന്നതിന് മുൻപ് എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.
❤️
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.