From Kattathe Kilikkoodu to Virus, Best Roles of Revathy in Malayalam so far: ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും തെന്നിന്ത്യന്‍ നടിയും പിന്നീട് സംവിധായികയുമായ രേവതി എന്ന ആശാ കേളുണ്ണി. ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം അഭിനയ മികവു തെളിയിച്ച രേവതിയുടെ പ്രധാന ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ അനേകം മലയാള ചിത്രങ്ങളും പെടും എന്നത് കേരളത്തിനു അഭിമാനകരമായ വസ്തുതയാണ്.
‘കാറ്റത്തെക്കിളിക്കൂട്’ മുതല്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയ ‘വൈറസ്’ വരെയുള്ള വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ അവര്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്.
ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ഭരതൻ ആണ്, ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ. തുടർന്ന് മലയാള സിനിമയിൽ നിരവധിയേറെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രേവതി ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്, ആഷിക് അബുവിന്റെ സംവിധാനത്തില്‍ നാളെ റിലീസിനൊരുങ്ങുന്ന ‘വൈറസ്’ എന്ന ചിത്രത്തിലൂടെ.

നിപ വൈറസിനെ കേരളം അതിജീവിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വൈറസ്’ എന്ന ചിത്രത്തിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രേവതിയെത്തുന്നത്. ചിത്രത്തിലെ രേവതിയുടെ ലുക്കും കെ കെ ശൈലജ ടീച്ചറുമായുള്ള സാമ്യവുമെല്ലാം സിനിമാപ്രേമികളുടെ ഇടയില്‍ ചർച്ചയായിരുന്നു.
അതു വരെ പരിചിതമല്ലാത്ത, ഭീതി വിതറിയ ഒരസുഖത്തെ ധൈര്യപൂർവ്വം, നിശ്ചയദാർഢ്യത്തോടെ കൈകാര്യം ചെയ്ത കോഴിക്കോട്ടുകാരും ആരോഗ്യവകുപ്പും എല്ലാറ്റിനും നേതൃത്വം വഹിച്ച് മുൻനിരയിൽ ഉണ്ടായിരുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും എല്ലാം കഥാപാത്രങ്ങളായി എത്തുന്ന ‘വൈറസി’ൽ കരുത്താർന്ന കഥാപാത്രത്തെ തന്നെയാണ് രേവതി അവതരിപ്പിക്കുന്നത്.
ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കുമ്പോൾ മലയാള സിനിമ എന്നുമോർക്കുന്ന രേവതിയുടെ മികച്ച ചില കഥാപാത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.
കാറ്റത്തെ കിളിക്കൂട്
ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആശ എന്ന കഥാപാത്രത്തെയായിരുന്നു രേവതി അഭിനയിച്ചത്. തന്റെ യഥാർത്ഥ പേരിൽ തന്നെ രേവതി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1983-ൽ പുറത്തിറങ്ങിയ ‘കാറ്റത്തെ കിളിക്കൂടിൽ’ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, കെപിഎസി ലളിത എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ടി.ദാമോദരൻ തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ ആയിരുന്നു നിർമ്മിച്ചത്.
ഭരത് ഗോപി അവതരിപ്പിച്ച ഷേക്സ്പിയർ കൃഷ്ണപിള്ള എന്ന കഥാപാത്രത്തിന്റെ ശാന്തസുന്ദരമായ ജീവിതത്തിലേക്ക് അൽപ്പം അസൂയയും പ്രണയിക്കുന്ന ആളോടുള്ള അമിതമായ പൊസ്സസ്സീവ്നെസ്സും സ്വാർത്ഥതയും സംശയവുമായി ഒക്കെ എത്തുന്ന ആശ എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. താൻ പ്രണയിക്കുന്ന ഉണ്ണികൃഷ്ണനോടുള്ള (മോഹൻലാലിന്റെ കഥാപാത്രം) പ്രതികാരം തീർക്കാ പ്രൊഫസർ കൃഷ്ണപ്പിള്ളയോട് കപട പ്രേമം നടിക്കുകയാണ് ആശ. ആശ എന്ന കഥാപാത്രത്തിന്റെ മർമ്മം ഉൾകൊണ്ട് അഭിനയിക്കുന്ന രേവതിയേയാണ് ‘കാറ്റത്തെ കിളിക്കൂടി’ൽ കാണാനാവുക.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ
കമൽ സംവിധാനം ചെയ്ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ എന്ന ചിത്രത്തിലെ കാക്കോത്തി എന്ന കഥാപാത്രം രേവതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. നായകനില്ലാതെ രണ്ടു നായികമാർക്ക് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ കുഞ്ഞു നാളിൽ കുടുംബവുമായി വേർപ്പെടേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്.
രേവതിയും അംബികയും സഹോദരിമാരായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമയിലെ ക്ലാസ്സിക് ചിത്രങ്ങളിലൊന്നാണ്. ഫാസിലിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ഈ ചിത്രം അന്നേറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ‘കണ്ണാംത്തുമ്പി പോരാമോ,’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പുരാവൃത്തം
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘പുരാവൃത്തം’ എന്ന സിനിമയിലും ശക്തമായ കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്. സി വി ബാലകൃഷ്ണന്റെ കഥയ്ക്ക് സി വി ബാലകൃഷ്ണനും ലെനിൻ രാജേന്ദ്രനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ഓംപുരിയായിരുന്നു പ്രധാന നടൻ. ഒപ്പം മുരളി, ബാബു നമ്പൂതിരി, ഇന്നസെന്റ്, എംഎസ് തൃപ്പൂണിത്തുറ, ജയരാഘവൻ, കെപിഎസി ലളിത എന്നിവരും അഭിനയിച്ചിരുന്നു. ദേവു എന്ന കഥാപാത്രത്തെയാണ് രേവതി അവതരിപ്പിച്ചത്.

വരവേൽപ്പ്
സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുക്കെട്ടിൽ 1989 ൽ പുറത്തിറങ്ങിയ ‘വരവേൽപ്പ്’ എന്ന ചിത്രത്തിലെ രേവതിയുടെ രമ എന്ന കഥാപാത്രത്തെയും മറക്കാൻ ആവില്ല. വർഷങ്ങളോളം മണലാരണ്യത്തിൽ കിടന്ന് വിയർപ്പൊഴുകി ഒടുവിൽ പിറന്ന നാട്ടിൽ ജീവിതം പടുത്തുയർത്താനായി തിരിച്ചെത്തുന്ന മോഹൻലാലിന്റെ മുരളി എന്ന കഥാപാത്രം. കുടുംബക്കാരുടെ സ്വാർത്ഥത കലർന്ന സ്നേഹം തിരിച്ചറിയുന്ന, ജീവിതോപാധിയായി വാങ്ങിയ ബസ്സും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളിലും വലയുന്ന മുരളിയെ ഇട്ട് വട്ടം കറക്കുന്ന രമ.
ആദ്യക്കാഴ്ചയിൽ സാമർത്ഥ്യക്കാരിയായി തോന്നുന്ന രമയെ കൂടുതൽ അറിയുന്തോറും മുരളിയ്ക്ക് ആദരവ് തോന്നുകയാണ്. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതി നിൽക്കുന്ന, ചെറുപ്രായത്തിലെ കുടുംബത്തിന്റെ ഉത്തരവാദിത്വം തലയിലേറ്റിയ കരുത്തയായ നായികയാണ് ‘വരവേൽപ്പി’ലെ രമ.
കിലുക്കം
മലയാളികളെ ഒന്നടക്കം കുടുകുടാ ചിരിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്ത കഥാപാത്രമാണ് കിലുക്കത്തിലെ നന്ദിനി. ടൂറിസ്റ്റ് ഗൈഡായി ഊട്ടിയിൽ ജീവിതം തള്ളി നീക്കുന്ന ജോജിയുടെയും സഹമുറിയൻ നിശ്ചലിന്റെയും ജീവിതത്തിലേക്ക് പ്രശ്നങ്ങളുടെ മാറാപ്പുമായി കടന്നുവന്ന നന്ദിനിയെന്ന ഭ്രാന്തിപ്പെണ്ണ് ചിരിപ്പിച്ചതു പോലെ ചിരിപ്പിച്ച മറ്റേതു കഥാപാത്രമുണ്ട് മലയാളികൾക്ക് ചൂണ്ടികാട്ടാൻ.
മലയാളികളുടെ ഫലിതബിന്ദുക്കളിലേക്ക് ഇന്നും ആഘോഷിക്കപ്പെടുന്ന ‘അങ്കമാലിയിലെ പ്രധാനമന്ത്രി എന്റെ അമ്മാവൻ’, ‘ജ്യോതിയും വന്നില്ല തീയും വന്നില്ല’, ‘വെച്ച കോഴീന്റെ മണം’ തുടങ്ങിയ സംഭാഷണങ്ങളെല്ലാം സംഭാവന ചെയ്തത് രേവതിയുടെ കഥാപാത്രമാണ്.
പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ‘കിലുക്ക’ത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്റ് എന്നീ പ്രതിഭകൾക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്ന രേവതിയെയാണ് കാണാൻ കഴിയുക. മറ്റാർക്കും കഴിയാത്ത രീതിയിൽ ‘നന്ദിനി’ എന്ന കഥാപാത്രത്തെ അനശ്വരയാക്കാൻ രേവതിയ്ക്കു കഴിഞ്ഞു.

ദേവാസുരം
മലയാള സിനിമ കണ്ട ഏറ്റവും കരുത്തയായ നായികമാരിൽ ഒരാളാണ് ‘ദേവാസുര’ത്തിലെ ഭാനുമതി. ഒരു നാടിനെ മുഴുവൻ വിറപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ മനസ്ഥൈര്യം കൊണ്ട് നിഷ്പ്രഭയാക്കുന്നവൾ. ദുർബലയെന്ന് അയാൾ വിധിയെഴുതിയ ഒരു പെണ്ണ് എത്ര ശക്തയാണെന്ന്, എന്താണ് പെണ്ണിന്റെ അഭിമാനബോധമെന്ന് ജീവിതം കൊണ്ട് അയാളെ പഠിപ്പിച്ചവൾ. താന്തോന്നിയും തെമ്മാടിയുമായി ലോകം മുഴുവൻ വിറപ്പിച്ചു നടന്നവനെ പ്രണയം കൊണ്ട് സ്ഫുടം ചെയ്തെടുത്തവൾ. രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനം ചെയ്ത ‘ദേവാസുര’ത്തിലെ ഭാനുവിനെ മലയാളസിനിമയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ലെന്നു പറയേണ്ടി വരും.
മായാമയൂരം
ഉയരങ്ങൾ മാത്രം സ്വപ്നം കണ്ട നരേന്ദ്രൻ എന്ന ആർക്കിടെക്റ്റിന്റെ പ്രണയിനിയായ നന്ദ എന്ന കഥാപാത്രത്തെയാണ് ‘മായാമയൂര;ത്തിൽ രേവതി അവതരിപ്പിച്ചത്. പ്രേമത്തിന്റെ ഔന്നിത്യങ്ങളിൽ നിന്നും മരണത്തിലേക്ക് പറന്നുപോവുന്ന പ്രിയപ്പെട്ടവൻ. അതോടെ അതു വരെ ജീവിച്ച നഗരം നന്ദയ്ക്ക് ഓർമ്മകളുടെ ശവപ്പറമ്പായി മാറുകയാണ്. ചുട്ടുപൊള്ളുന്ന ഓര്‍മകളില്‍ നിന്ന് മോചനം തേടി, അഭയം തേടി നന്ദ നരേന്ദ്രന്റെ നാട്ടിലെത്തുമ്പോൾ അവിടെ അവളെ കാത്തിരുന്നത്, നരേന്ദ്രന്റെ ഛായയുള്ള അയാളുടെ ഇരട്ട സഹോദരന്!
നഷ്ട വേദനകളുടെയും ഭ്രമങ്ങളുടെയും ഇടയിൽ പെട്ട് ഉഴലുന്ന നന്ദയെ അവിസ്മരണീയമാവും വിധത്തിലാണ് രേവതി ആവിഷ്കരിച്ചത്. നന്ദ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെല്ലാം മനാേഹരമായി തന്നെ ഒപ്പിയെടുക്കാൻ രേവതിയ്ക്ക് കഴിഞ്ഞു. രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിലിൽ സംവിധാനം ചെയ്ത ‘മായാമയൂര’വും ഏറെ ശ്രദ്ധിക്കപ്പെട്ട രേവതി ചിത്രങ്ങളിൽ ഒന്നാണ്.
പാഥേയം
വളരെ കുറച്ചു സീനുകളിൽ മാത്രം രേവതി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഭരതന് സംവിധാനം ചെയ്ത ‘പാഥേയം’. മമ്മൂട്ടി നായകനായ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് സ്റ്റോറിയ്ക്ക് ഇടയിൽ വന്നു പോകുന്ന കഥാപാത്രം. നക്സലൈറ്റായ ഭർത്താവിനെ കൊന്ന പൊലീസിനോട് കണക്കു തീർക്കുന്നവൾ. അധികം സംഭാഷണങ്ങൾ പോലുമില്ലാത്ത ചിത്രത്തിൽ നോട്ടം കൊണ്ടും കണ്ണുകൾ കൊണ്ടും സംസാരിക്കുന്ന കഥാപാത്രമാണ് രേവതിയുടെ രാധ.
ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ തന്ത്രപ്രധാനമായൊരു കഥാപാത്രത്തെ തന്നെയാണ് രേവതി അവതരിപ്പിച്ചത്. യഥാർത്ഥത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്ദ്രദാസും ഭാര്യ അനിതയും വേർപ്പിരിയാനുള്ള മൂലകാരണം പോലുമായി മാറുന്നത് രേവതിയുടെ രാധ എന്ന കഥാപാത്രമാണ്. വെറുമൊരു അതിഥിതാരം മാത്രമായി ആളുകൾ എളുപ്പം മറന്നുപോയേക്കാവുന്ന ഒരു കഥാപാത്രത്തിന് ഓജസ്സ് നൽകി അവിസ്മരണീയമാക്കി മാറ്റിയത് രേവതിയിലെ പ്രതിഭ തന്നെയാണെന്ന് പറയാം.

ഗ്രാമഫോണ്‍
പല സംസ്കാരങ്ങൾ കൈകോർത്തു വാഴുന്ന മട്ടാഞ്ചേരിയുടെ തെരുവിൽ കലാകാരനായ രവീന്ദ്രനാഥനെ പ്രണയിച്ച ജൂതപെൺകുട്ടി, സാറാ. അയാളുടെ മരണത്തിനു ശേഷവും ജീവിക്കുന്ന പ്രണയസ്മാരകം പോലെ ജീവിതം തള്ളിനീക്കുന്നവൾ. ഇക്ബാൽ കുറ്റിപ്പുറം കഥയെഴുതി കമൽ സംവിധാനം ചെയ്ത ‘ഗ്രാമഫോണി’ലെ സാറയാണ് രേവതിയുടെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം. ഒരു പ്രണയനഷ്ടത്തിന്റെ നോവിൽ ജീവിതം അർപ്പിച്ച സാറായും പ്രേക്ഷകർ നെഞ്ചിലേറ്റിയ രേവതി കഥാപാത്രം തന്നെ.
നന്ദനം
ചെറുപ്പത്തിലെ കാലം വൈധവ്യത്തിന്റെ കുപ്പായം എടുത്തു നീട്ടിയപ്പോഴും തളരാതെ, ആരെയും ആശ്രയിക്കാതെ, മകന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത്, അവനെ പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കുന്ന സ്നേഹമയിയായ അമ്മ. അതായിരുന്നു ‘നന്ദന’ത്തിലെ തങ്കം എന്ന കഥാപാത്രം. ഏതിനും കുറ്റം കണ്ടെത്താൻ മിടുക്കരായ ബന്ധുക്കളോടൊന്നും ഒരു സഹായവും തങ്കം ആവശ്യപ്പെടുന്നില്ല. മകന്റെ ഭാവി മാത്രമാണ് ആ അമ്മയുടെ മുന്നിലുള്ള ലക്ഷ്യം. അഭിമാനിയായ ആ അമ്മ കഥാപാത്രത്തെയും മികവോടെ തന്നെ രേവതി അവതരിപ്പിച്ചു.
നാളെ ‘വൈറസ്’ പ്രേക്ഷ്കരിലെക്ക് എത്തുമ്പോള്‍ രേവതിയുടെ അഭിനയത്തിന്റെ മറ്റൊരു മികച്ച അദ്ധ്യായം കൂടി കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. സമകാലിക മലയാള സിനിമയിലെ പ്രധാന സംരംഭങ്ങളില്‍ ഒന്നായ ‘വൈറസ്’, താരബാഹുല്യം കൊണ്ട് കൂടി ശ്രദ്ധേയമാണ്. രേവതി കൂടാതെ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, അസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രമ്യാ നമ്പീശന്, സജിതാ മഠത്തില്‍ തുടങ്ങിയ വലിയ താരനിരയാണ് കേരളം കണ്ട മഹാമാരിയുടെ കഥയില്‍ അണിനിരക്കുന്നത്. ട്രെയിലര്‍ തന്ന സൂചനകള്‍ ശരിയാണെങ്കില്‍ രേവതിയുടെ ശൈലജ ടീച്ചര്‍ തന്നെയായിരിക്കും അതില്‍ ഏറ്റവും കൈയ്യടി നേടുക.
Read more: Mother’s Day 2019: ശോഭന, രേവതി: മാതൃത്വത്തിന്റെ വേറിട്ട വഴികൾ