/indian-express-malayalam/media/media_files/uploads/2023/05/vikram-anurag-kashyap.jpg)
Entertainment Desk/ IE Malayalam
കെന്നഡി എന്ന ചിത്രത്തിനായി വിക്രമിനെ സമീപിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ലെന്ന് അനുരാഗ് കശ്യപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്രം. ചിത്രത്തിലേക്കുള്ള ക്ഷണം സംബന്ധിച്ചുള്ള മെയിലോ സന്ദേശമോ തനിക്ക് ലഭിച്ചിട്ടില്ലെന്ന കാര്യം ഒരു വർഷം മുൻപ് അനുരാഗിനോട് പറഞ്ഞു എന്നാണ് വിക്രമിന്റെ മറുപടി.
"പ്രിയപ്പെട്ട അനുരാഗ് കശ്യപ്, നമ്മുടെ സുഹൃത്തുകൾക്കും ആരാധകർക്കു വേണ്ടി ഒരു വർഷം മുൻപ് നമ്മൾ തമ്മിലുണ്ടായ ആ സംഭാഷണം ഓർത്തെടുക്കാം. മറ്റൊരു നടനിൽ നിന്നാണ് നിങ്ങളെന്നെ വിളിച്ചിരുന്നെന്നും പക്ഷെ പ്രതികരിച്ചില്ലെന്നുമുള്ള പരാതി ഞാൻ ആദ്യം കേട്ടത്. ഉടൻ തന്നെ ഞാൻ നിങ്ങളെ വിളിക്കുകയും അത്തരത്തിലൊരു സന്ദേശവും എനിക്ക് ലഭിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. താങ്കൾ എന്നെ സമീപിക്കാൻ നോക്കിയ ഇമെയിൽ ഐഡിയും ഫോൺ നമ്പറും കാലങ്ങൾക്കും മുൻപെ റദ്ദാക്കപ്പെട്ടവയാണ്. എന്റെ പേര് ആ ചിത്രത്തിന്റെ പേരുമായ സാമ്യമുള്ളതു കൊണ്ടു കൂടി ഇതിനായി വളരെ എക്സൈറ്റഡാണെന്നും നിങ്ങളോട് പറഞ്ഞിരുന്നു," വിക്രം ട്വീറ്റ് ചെയ്തു.
Dear @anuragkashyap72 ,
— Vikram (@chiyaan) May 22, 2023
Just revisiting our conversation from over a year ago for the sake of our friends and well wishers on social media. When I heard from another actor that you had tried to reach me for this film & that you felt I hadn’t responded to you, I called you myself…
"നിങ്ങൾ പറഞ്ഞത് സത്യമാണ് വിക്രം സർ. ഞാൻ അദ്ദേഹത്തിനെ സമീപിക്കാനായി ശ്രമിക്കുകയാണെന്നറിഞ്ഞപ്പോൾ തന്നെ സർ എന്നെ ഇങ്ങോട് വിളിച്ചു. തിരക്കഥ വായിക്കാനുള്ള താത്പര്യം അദ്ദേഹം കാണിച്ചെങ്കിലും അപ്പോഴത്തേയ്ക്കും ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിരുന്നു. കെന്നഡി എന്ന പേര് ഉപയോഗിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ചിത്രത്തിനു എങ്ങനെ കെന്നഡി എന്ന പേര് വന്നെന്ന് മാത്രമാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്. ഓവർറിയാക്റ്റ് ചെയ്യേണ്ട ആവശ്യമിവിടെയില്ല. നമ്മുക്ക് ഒന്നിച്ച് വർക്ക് ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," വിക്രമിന്റെ വിശദീകരണ പോസ്റ്റിനു അനുരാഗ് കശ്യപും മറുപടി നൽകി.
വിക്രമിനെ മനസ്സിൽ കണ്ടാണ് താൻ കെന്നഡി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. രാഹുൽ ഭട്ട് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. "ഒരു ചിത്രത്തിനായി മുഴുവൻ സമയവും ചെലവിടുന്ന ആളുകളെയാണ് എനിക്ക് ആവശ്യം. രാഹുൽ ഭട്ടിനു വേണ്ടിയല്ല ഞാൻ കെന്നഡി എന്ന കഥാപാത്രം എഴുതിയത്. ഒരു നടനു വേണ്ടിയാണ് ഞാൻ ആ കഥാപാത്രത്തെ സൃഷ്ടിച്ചത്, അങ്ങനെയാണ് കെന്നഡി എന്ന പേരും നൽകിയത്. അത് ചിയാൻ വിക്രമായിരുന്നു. കെന്നഡി ജോൺ വിക്ടർ എന്നാണ് വിക്രമിന്റെ മുഴുവൻ പേര്. ഞാൻ അദ്ദേഹത്തെ സമീപിക്കാൻ നോക്കിയെങ്കിലും പ്രതികരിച്ചില്ല" എന്നാണ് അനുരാഗ് കശ്യപ് അഭിമുഖത്തിൽ പറഞ്ഞത്.
സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അനുരാഗ് കശ്യപ് ചിത്രം 'കെന്നഡി' കാൻ ഫിലിം ഫെസ്റ്റിവൽ 2023ൽ പ്രദർശിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെവൽ രണ്ടാം ഭാഗത്തിലാണ് വിക്രം അവസാനമായി അഭിനയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.