മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൽ സെൽവന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ലോകമെമ്പാടും നിന്നും 200 കോടിയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്. പൊന്നിയിൻ സെൽവന്റെ പ്രമോഷൻ സമയത്ത് താരങ്ങളെത്തുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താരങ്ങൾ പ്രമോഷന്റെ ഭാഗമായെത്തി. വലിയ സ്വീകരണമാണ് ആരാധകർ താരങ്ങൾക്കു നൽകിയത്.
പ്രമോഷൻ സമയത്തുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങളായ ഐശ്വര്യ റായ്, വിക്രം എന്നിവരെ വീഡിയോയിൽ കാണാം. ഇരുവരും പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിൽ പകർത്തിയ ദൃശ്യങ്ങളാണെന്നാണ് വ്യക്തമാകുന്നത്.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ തയാറെടുക്കുകയാണ് ഐശ്വര്യ. ഇതിനിടയിൽ താരം വിക്രമിനോട് താഴെയിരിക്കുന്ന മൈക്ക് എടുത്തു കൊടുക്കാൻ ആവശ്യപ്പെടുന്നു. വിക്രം മൈക്ക് എടുക്കാനായി കുനിയുമ്പോൾ ഐശ്വര്യ അദ്ദേഹത്തെ തൊട്ട് പ്രാർത്ഥിക്കുന്നു. ലോക സുന്ദരിയാണെങ്കിലും ഐശ്വര്യ ഭാരതീയ സംസ്കാരം കൈവിട്ടിട്ടില്ലെന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റുകൾ. ഒരാളെ ചവിട്ടിയാൽ ക്ഷമ ചോദിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പ്രവർത്തിയാണ് അയാളെ തൊട്ട് പ്രാർത്ഥിക്കുക എന്നത്.
‘മറ്റൊരു ലോകത്തുള്ള എന്റെ മാതാപിതാക്കൾ’ എന്ന കുറിപ്പോടെയാണ് താരങ്ങളുടെ ഈ ക്യൂട്ട് വീഡിയോ വൈറലാകുന്നത്. ചിത്രത്തിൽ ഇരുവരും പ്രണിയാക്കളായാണ് വേഷമിടുന്നത്. പൊന്നിയിൻ സെൽവനു പുറമെ രാവണനിലും ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.