മണിരത്നത്തിന്റെ ഇതിഹാസചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗവും തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ആദിത്യ കരികാലൻ, കുന്ദവി, നന്ദിനി എന്നിവരുടെയെല്ലാം കുട്ടിക്കാല കഥകളിലേക്ക് കൂടുതൽ പ്രധാന്യം കൊടുത്തുകൊണ്ടാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം എത്തിയത്. ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സിനിമ-സീരിയൽ താരങ്ങളായ കവിത ഭാരതിയുടെയും കന്യയുടെയും മകൾ നിലായാണ്.
‘കുട്ടി കുന്ദവൈയെ കണ്ടാൽ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്’ എന്നാണ് കവിത ഭാരതി കുറിച്ചത്.
തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് കവിതാ ഭാരതി. പരമ്പരകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി കന്യയും.

മണിരത്നത്തിന്റെ ഇതിഹാസചിത്രം ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് ചെയ്ത് രണ്ടാഴ്ചപിന്നിടുമ്പോൾ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 300 കോടി രൂപയാണ്. എന്നാൽ പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തെ വച്ചുനോക്കുമ്പോൾ രണ്ടാം ഭാഗത്തിന്റെ ഇനീഷ്യൽ കളക്ഷൻ പിന്നിലാണ്. ആദ്യഭാഗം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 500 കോടി രൂപയോളം നേടിയിരുന്നു. ഇതിനെ മറികടക്കാൻ രണ്ടാം ഭാഗത്തിനു കഴിയുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
ചോള സാമ്രാജ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചോള രാജ്യത്തിലെ ചക്രവര്‍ത്തിയായ സുന്ദര ചോളന്റെയും മക്കളായ ആദിത്യ കരികാലന്‍, കുന്ദവി, ഇളയ മകന്‍ അരുള്‍ മൊഴി വര്‍മന്‍ എന്നിവരിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായ്, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തിയത്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുക്കിയിരിക്കുന്നത്.