/indian-express-malayalam/media/media_files/uploads/2020/06/Prithvi-Aashiq.jpg)
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ഏടുകളിലൊന്നായ 1921ലെ മലബാര്‍ കലാപത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന 'വാരിയംകുന്നൻ' എന്ന ചിത്രം പ്രഖ്യാപിച്ചതു തൊട്ട്, ഇരുവർക്കും, പ്രത്യേകിച്ച് പൃഥ്വിരാജിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ സംവിധായകൻ ആഷിഖ് അബു ആദ്യമായി ഈ സംഭവങ്ങളോട് പ്രതികരിക്കുകയാണ്. മനോരമ ന്യൂസിനോടായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
"ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. സൈബർ ആക്രമണം നടത്താൻ പ്രത്യേകിച്ച് ഒര ശക്തിയുടെയൊന്നും ആവശ്യമില്ല. കുറച്ച് ആളുകൾ വിചാരിച്ചാൽ നടക്കും. ഇത് പൃഥ്വിരാജിനെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഇതിന്റെ ഒരുപാട് മോശം വശങ്ങൾ കണ്ട്, അതിൽ നിന്ന് ശക്തിയാർജിച്ച് സ്വയം വളർന്നു വന്നിട്ടുള്ള ഒരാളാണ്. ഞങ്ങളെ ആരേയും സൈബർ ആക്രമണങ്ങൾ ബാധിക്കുന്നേയില്ല. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും," ആഷിഖ് അബു പറഞ്ഞു.
Read More: 'നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?' വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം
പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.
Read More: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്
അതേസമയം, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആഷിഖ് അബു, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര എന്നിവരാണ് ചിത്രങ്ങളൊരുക്കുന്നത്.
കഴിഞ്ഞ ആറോളം വർഷങ്ങളായി ചിത്രത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നുവെന്നും, ആദ്യം അൻവർ റഷീദ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇതെന്നും ആഷിഖ് പറയുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ലെന്നും അദ്ദേഹം പറയുന്നു.
Read More: മലബാര്‍ വിപ്ലവം മൂന്ന് സിനിമകളാവുന്നു; വിവാദം, പൃഥ്വിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം
മലബാർ വിപ്ലവത്തെ കുറിച്ച് കൂടുതൽ പേർ സിനിമകൾ ചെയ്യണം എന്നാണ് തന്റെ അഭിപ്രായമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. തങ്ങൾ ഈ സിനിമയെ കാണുന്നത് പോലെയാകില്ല മറ്റുള്ളവർ കാണുന്നതെന്നും, അതിനാൽ എല്ലാ തരം വ്യാഖ്യാനങ്ങളും പുറത്തുവരണം എന്നും അദ്ദേഹം പറയുന്നു.
‘ഷഹീദ് വാരിയംകുന്നന്‍’ എന്ന പേരിലാണു പിടി കുഞ്ഞമുഹമ്മദ് ചിത്രമൊരുക്കുന്നത്. ചലച്ചിത്ര നിരൂപകന്‍ ജിപി രാമചന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുകഴിഞ്ഞ ചിത്രം ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പോസ്റ്റില്‍ പറയുന്നു.
പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്’ എന്ന പേരിലാണ് സിനിമയൊരുക്കുന്നത്. കുറെകാലം പഠനം നടത്തിയശേഷശേഷമാണു സിനിമയുടെ കഥഴുതിയതെന്ന് ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയുടെ വണ്‍ ലൈന്‍ അദ്ദേഹം ‘വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജി’ എന്ന പേരില്‍ ഏകപാത്ര നാടകമായി സുഹൃത്ത് അലി അരങ്ങാടത്തിന് എഴുതിക്കൊടുത്തിരുന്നു. നാടകം സ്‌റ്റേജുകളില്‍ അവതരിപ്പിച്ചുവരികയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.