ലോക്ക്ഡൗണിനു പിന്നാലെ സജീവമാകുന്ന മലയാള ചലച്ചിത്ര രംഗത്ത് വീണ്ടും വിവാദത്തിന്റെ അലയൊലികൾ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ഏടുകളിലൊന്നായ 1921ലെ മലബാര്‍ കലാപത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചർച്ചകളും വിവാദങ്ങളും കൊഴുത്തിരിക്കുന്നത്.

Read More: മലബാര്‍ വിപ്ലവം മൂന്ന് സിനിമകളാവുന്നു; വിവാദം, പൃഥിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം

ആഷിഖ് അബു ചിത്രമായ ‘വാരിയം കുന്നനും’ നായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.

ഈ സാഹചര്യത്തിൽ പൃഥ്വിരാജിനും ആഷിഖ് അബുവിനും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകർ. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, അരുൺ ഗോപി, നടൻ ഹരീഷ് പേരടി തുടങ്ങി നിരവധി പേർ രംഗത്തെത്തി.

“സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.. !!” എന്നായിരുന്നു മിഥുൻ മാനുവൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

“ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ,” അരുൺ ഗോപി കുറിച്ചു.

“മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?…കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്…കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു…ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്…സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാൻ പഠിക്കുക…,” എന്നായിരുന്നു ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ആഷിഖ് അബു, പി.ടി.കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര എന്നിവരാണ് ചിത്രങ്ങളൊരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook