/indian-express-malayalam/media/media_files/uploads/2019/11/geethu-poornima.jpg)
പഴകും തോറും വീര്യമേറുന്ന വീഞ്ഞാണ് ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും തമ്മിലുള്ള സൗഹൃദം. അതുകൊണ്ട് തന്നെ ഗീതു സംവിധാനം ചെയ്ത 'മൂത്തോൻ' എന്ന ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ, ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നവരിൽ ഒരാൾ പൂർണിമയാണ്. ആ സന്തോഷവും കൂട്ടുകാരിയോടുള്ള സ്നേഹവും ഹൃദയം കവിഞ്ഞപ്പോൾ, മനസിൽ തൊടുന്ന വാക്കുകളായി പുറത്തുവന്നു. ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും ജീവിതത്തിന്റെ പല കാലഘട്ടങ്ങളും പങ്കുവച്ചുകൊണ്ടാണ് ഗീതുവിനും 'മൂത്തോനും' പൂർണിമ ആശംസകൾ നേർന്നത്.
"വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു കൊച്ചു പെൺകുട്ടിയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടു..! വർഷങ്ങൾക്കുശേഷം, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവൾ ഒരു സുന്ദരിയായ യുവതിയായി വളർന്നിരുന്നു, അവളുടെ ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു ..!"
"ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെൺകുട്ടിയുടെ ഏറ്റവും മികച്ച വെർഷന് ഞാൻ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒരു സംഗ്രഹമാണത്. ഇന്ന്, ആ വലിയ കണ്ണുകൾ ഒരു യഥാർഥ വിജയിയുടേതാണ് !! ഞാൻ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു," എന്നാണ് പൂർണിമ കുറിച്ചത്. ഒപ്പം രാജീവ് രവി, നിവിൻ പോളി, റോഷൻ മാത്യു തുടങ്ങി 'മൂത്തോൻ' എന്ന ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും പൂർണിമ വിജയം ആശംസിക്കുകയും ചെയ്തു.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
റിമ കല്ലിങ്കൽ, സംയുക്ത മേനോൻ, നിമിഷ സജയൻ തുടങ്ങിയവർ പൂർണിമയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തി. എന്തൊരു യാത്ര എന്നായിരുന്ന റിമയുടെ കമന്റ്.
Read More: എന്റെ മാലാഖമാർ; മഞ്ജുവിനും പൂർണിമയ്ക്കും ഗീതുവിന്റെ മറുപടി
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയതിനു ശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയേറ്ററുകളിലെത്തുന്നത്. നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്.
Read More: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; 'മൂത്തോൻ' വിശേഷങ്ങളുമായി നിവിൻ പോളി
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read More: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേഴ്സ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.
Read More: New Release: നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവഹിച്ചിരിക്കുന്നു. ബി.അജിത്കുമാറും കിരൺ ദാസും ചേർന്നാണ് എഡിറ്റിംഗ്. സംഗീതം നിർവഹിച്ചത് സാഗർ ദേശായ്. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു, സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.