സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകങ്ങളുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും.
കഴിഞ്ഞ ദിവസം മഞ്ജുവും പൂര്‍ണിമയും തങ്ങളുടെ സൗഹൃദ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇന്നിപ്പോള്‍ ഗീതുവും എത്തിയിട്ടുണ്ട്. മുംബൈ ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായി തന്‌റെ ഏറ്റവും പുതിയ ചിത്രം മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് ടെന്‍ഷന്‍ കയറിയ തനിക്ക് ധൈര്യം പകര്‍ന്നത് മഞ്ജുവും പൂര്‍ണിമയുമാണെന്ന് ഗീതു പറയുന്നു. എന്‌റെ മാലാഖമാര്‍ എന്നാണ് ഗീതു ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇടയ്ക്കിടെ ഇത്തരം പോസ്റ്റുകൾ ഈ കൂട്ടുകാരികളുടെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്.
‘Best Friend For Life Whether You Like It Or Not’ അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് മഞ്ജു ഉദ്ദേശിച്ചത്.
‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് 38 കാരിയായ ഗീതു. ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഗീതു പിന്നീട് ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, സ്നേഹം, പകൽപ്പൂരം, അകലെ, നാലു പെണ്ണുങ്ങൾ, സീതാ കല്യാണം, രാപ്പകൽ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഗീതു പിന്നീട് സംവിധാനരംഗത്ത് ശ്രദ്ധയൂന്നുകയായിരുന്നു.
Read More: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു
മൂത്തോൻ ആണ് ഗീതുവിന്റെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ 18ന് മൂത്തോൻ ആയിരുന്നു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് ലഭിച്ചത്. നിവിൻ പോളി നായകനായ ചിത്രത്തിന് ടൊറന്റോ ഫെസ്റ്റിവലിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
തന്റെ ആദ്യ തമിഴ് ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജുവിപ്പോൾ. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി അഭിനയിച്ചത് ധനുഷാണ്.
പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂർണിമ ഇന്ദ്രജിത് സിനിമയിലേക്ക് മടങ്ങിവരവ് നടത്തിയത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമഖം ആണ് പൂർണിമയുടെ ഏറ്റവും പുതിയ ചിത്രം. തുറമുഖത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുകയാണ്.