/indian-express-malayalam/media/media_files/uploads/2019/12/suraj-.jpg)
ഒരു സൂപ്പർസ്റ്റാറിന്റെയും അയാളെ ആരാധിക്കുന്ന എക്സ്‌ട്രീം ആരാധകന്റെയും കഥ പറയുന്ന ചിത്രമാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസൻസ്'. ഹരീന്ദ്രൻ (പൃഥ്വിരാജ്) എന്ന സൂപ്പർസ്റ്റാറിനു പിറകെ കടുത്ത ആരാധനയുമായി നടക്കുന്ന ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. സിനിമയിൽ ഒരു അഡാർ ആരാധകന്റെ വേഷം ചെയ്യുമ്പോൾ, വർഷങ്ങൾക്കു മുൻപ് അത്തരമൊരു ആരാധകന്റെ മനസ്സോടെ മോഹൻലാലിനെ കാണാൻ പോയ ജീവിതാനുഭവങ്ങൾ ഓർക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
"വർഷങ്ങൾക്കു മുൻപ് ലാലേട്ടനെ കാണാൻ ഞാനിതുപോലെ പോയിട്ടുണ്ട്. ലാലേട്ടനും ശിവാജി ഗണേശൻ സാറും ഒന്നിച്ച് അഭിനയിക്കുന്ന 'ഒരു യാത്രാമൊഴി'(1997) എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുന്ന വിവരമറിഞ്ഞ് ചെന്നതായിരുന്നു ഞാൻ. ലാലേട്ടനെ കാണണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം, അതുമാത്രമാണ് ലക്ഷ്യം. പഴയൊരു ഫിലിം ക്യാമറയും സംഘടിപ്പിച്ചാണ് പോക്ക്." സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/07/mohanlal-2.jpg)
"ലൊക്കേഷനിലെത്തിയപ്പോൾ അവിടെ നല്ല സെക്യൂരിറ്റിയുണ്ട്, പുറത്തുനിന്നുള്ള ആരെയും കയറ്റിവിടുന്നില്ല. ആളുകൾ കടക്കാതിരിക്കാൻ കയറൊക്കെ കെട്ടിവച്ചിരിക്കുകയാണ്. ആ കയറിനപ്പുറത്തേക്ക് കടക്കാൻ വല്ല വഴിയുമുണ്ടോ എന്നു നോക്കി കുറേനേരമിരുന്നു. സമയം പോവുന്നതല്ലാതെ ഒരു ഫലവുമില്ല. ഒടുവിൽ ആരും കാണാതെ ആ കയർവേലിയ്ക്ക് അകത്തൂടെ നുഴഞ്ഞുകയറി. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്ന ജോലി സ്വയം ഏറ്റെടുത്തു. "ആരും തിരക്കുണ്ടാക്കല്ലേ, ഷൂട്ടിംഗ് തടസ്സപ്പെടുത്തരുത്," എന്നൊക്കെ പറയുന്നുണ്ട് ഞാൻ. അപ്പോഴത്തെ എന്റെ ഉത്സാഹവും ആത്മാർത്ഥതയുമൊക്കെ കണ്ടാൽ ഞാനും സിനിമാസംഘത്തിലുള്ളതാണെന്നേ ആർക്കും തോന്നൂ."
"അങ്ങനെ ആൾക്കൂട്ടത്തെയൊക്കെ നിയന്ത്രിച്ച്, എങ്ങനെ ലാലേട്ടന് അരികിലെത്തും എന്നു ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അപ്പുറത്തെ കതകിലൂടെ ലാലേട്ടൻ ധൃതിപിടിച്ച് ഇറങ്ങി പോവുന്നത് കണ്ടത്. ബോംബേയിലേക്ക് പോവാനുള്ള ധൃതിയിലായിരുന്നു അദ്ദേഹം. ഒന്നൊന്നര മണിക്കൂറോളം കാത്തിരുന്നേലും അദ്ദേഹത്തെ ഒരു സൈഡ് മാത്രമേ അന്ന് കാണാൻ കഴിഞ്ഞുള്ളൂ," സുരാജ് ഓർക്കുന്നു.
Read more: ഒരേയൊരു സുരാജ്, രണ്ടുതരം അഭിനേതാക്കൾ; അഭിമുഖം
ആദ്യശ്രമം നടന്നില്ലെങ്കിലും ലാലേട്ടനൊപ്പമുള്ള ഫോട്ടോ എന്ന സ്വപ്നം അവിടെ ഉപേക്ഷിക്കാൻ സുരാജ് എന്ന ആരാധകൻ തയ്യാറായിരുന്നില്ല. വീണ്ടും ആ ശ്രമം തുടർന്നു.
"2001 ലാണ് പിന്നീടൊരു അവസരം കിട്ടിയത്. ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയിൽ പോയതായിരുന്നു. അവിടെ എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ നടൻ നന്ദു ചേട്ടൻ വിളിച്ച് ഒരു സിംഗപ്പൂർ ഷോ ഉണ്ട്, മോഹൻലാൽ ഒക്കെ വരുന്നുണ്ട്. നീ വരുന്നോ എന്ന് ചോദിക്കുന്നു."
"ആ ചോദ്യം കേട്ടിട്ട് എനിക്ക് അടങ്ങിയിരിക്കാൻ പറ്റുമോ? അന്നു മുതൽ എങ്ങനെ സിംഗപ്പൂർ പോവുമെന്ന ആലോചനയായിരുന്നു. അമേരിക്കയിലെ ഷോ തീരാനാണെങ്കിൽ ഇനിയുമുണ്ട് സമയം. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാനൊരു അറ്റകൈപ്രയോഗം നടത്തി, കടുത്ത വയറുവേദന അഭിനയിക്കാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോയേ പറ്റൂ, ഒട്ടും വയ്യെന്ന ദയനീയ അവസ്ഥയിൽ നിൽക്കുകയാണ്. ഒടുവിൽ എന്നെയും കലാഭവൻ പ്രജോദിനെയും സംഘാടകർ തിരിച്ച് കയറ്റിവിട്ടു. എയർപോർട്ടിൽ നിന്നും വീട്ടിലെത്തിയ ഞാനാദ്യം ചെയ്തത്, സിംഗപ്പൂരിലേക്ക് പോവാനുള്ള കാര്യങ്ങൾ റെഡിയാക്കുകയാണ്."
"രണ്ടാഴ്ച കൊണ്ട് പേപ്പറെല്ലാം ശരിയാക്കി അങ്ങനെ സിംഗപ്പൂർ എത്തി. ഞങ്ങളുടെ റിഹേഴ്സൽ നടന്നു കൊണ്ടിരിക്കുകയാണ്. ലാലേട്ടനെ മാത്രം പക്ഷേ എവിടെയും കാണുന്നില്ല. അദ്ദേഹം ഗസ്റ്റ് ആയി വരുന്ന പ്രോഗ്രാം ആയിരുന്നു അത്."
"ഒരു ദിവസം ലിഫ്റ്റിൽ നിന്നും എന്തോ ആലോചിച്ച് പുറത്തിറങ്ങി, പെട്ടെന്നാണ് ഇപ്പോൾ എന്നെ കടന്നു ലിഫ്റ്റിലേക്ക് കയറിപ്പോയത് ലാലേട്ടനല്ലേ എന്നൊരു തോന്നൽ. തിരിഞ്ഞു നോക്കിയപ്പോൾ പുറംതിരിഞ്ഞുനിൽക്കുന്ന ലാലേട്ടനെ കണ്ടു, അപ്പോഴേക്കും ലിഫ്റ്റിന്റെ വാതിൽ അടയുകയും ചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അന്നും മിസ്സായി."
"പിന്നെ ലാലേട്ടനെ കാണുന്നത് പരിപാടി കഴിഞ്ഞ് ഗ്രീൻ റൂമിൽ ഡ്രസ്സ് മാറികൊണ്ടു നിൽക്കുമ്പോഴാണ്. ഒരാൾ പെട്ടെന്ന് ധൃതിപിടിച്ചുകൊണ്ട് എന്റെ മുന്നിൽ വന്നു നിന്നു. മോനേ, വാഷ് റൂമിലേക്കുള്ള വഴി ഏതാണെന്ന് ചോദിച്ചു. നോക്കിയപ്പോൾ സാക്ഷാൽ ലാലേട്ടൻ. ആശ്ചര്യവും സന്തോഷവും ഞെട്ടലുമൊക്കെയായി നിന്ന ആ നിമിഷത്തിൽ വഴി പറഞ്ഞു കൊടുത്തതേ ഓർമ്മയുള്ളൂ. ഫോട്ടോയുടെ കാര്യമൊക്കെ മറന്നു പോയി. അപ്പോഴും ലാലേട്ടനൊപ്പമൊരു ഫോട്ടോ എന്ന സ്വപ്നവുമായി ആ പഴയ ഫിലിം ക്യാമറ എന്റെ ബാഗിൽ ഇരിപ്പുണ്ടായിരുന്നു."
/indian-express-malayalam/media/media_files/uploads/2019/12/suraj-venjaramoodu-mohanlal.jpg)
"പിന്നീട് ലാലേട്ടനൊപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാനും ഒരുപാട് വേദികളിൽ ഒന്നിച്ച് വരാനുമൊക്കെ പറ്റി. അന്നും ഫോട്ടോ എടുക്കാൻ പറ്റിയില്ലെന്നതാണ് സത്യം. പിന്നീടെപ്പോഴോ ആണ് ഒന്നിച്ചൊരു ചിത്രമെടുക്കുന്നത്. ഇപ്പോൾ ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ കൈനിറയെയുണ്ട്, അതു കാണുമ്പോഴൊക്കെ അന്ന് 'ഒരു യാത്രാമൊഴി'യുടെ ലൊക്കേഷനിൽ കാത്തിരുന്ന ആ ദിവസത്തെ കുറിച്ചോർക്കും," സുരാജ് പറയുന്നു.
സൂപ്പർസ്റ്റാർ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. ഒരു സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ആരാധനയുടെയും ഈഗോയുടേയുമെല്ലാം കഥയാണ് 'ഡ്രൈവിംഗ് ലൈസൻസ്' പറയുന്നത്. 'ഹണി ബീ ടു'വിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2019/12/prithviraj-suraj.jpg)
ഒമ്പത് വർഷത്തിനു ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ഡ്രൈവിംഗ് ലൈസൻസി'ന് ഉണ്ട്. 'തേജാഭായ് ആന്‍ഡ് ഫാമിലി'യിൽ ആയിരുന്നു ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച് സ്ക്രീൻ പങ്കിട്ടത്. പൃഥ്വിരാജിനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് 'ഡ്രൈവിംഗ് ലൈസൻസി'ൽ സുരാജിനുമുള്ളത്. ഡിസംബർ 20 നാണ് ചിത്രത്തിന്റെ റിലീസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.