ആരാണ് പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് കാലാവധി നിശ്ചയിക്കുന്നത്? ഒരുപാട് സ്ത്രീകളെ ചിന്തിപ്പിക്കുകയും വീണ്ടും സ്വപ്നം കണ്ടുതുടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര്‍ യു’. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു സ്ത്രീപക്ഷ സിനിമയുമായി റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും വീണ്ടുമെത്തുകയാണ്.
ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുക്കിയ ‘പ്രതി പൂവൻകോഴി’ എന്ന ചിത്രം ഡിസംബർ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഇത്തവണ, ക്യാമറയ്ക്ക് പിറകിൽ മാത്രമല്ല മുന്നിലും റോഷൻ ആൻഡ്രൂസിനെ കാണാം എന്നതാണ് ‘പ്രതിപൂവൻകോഴി’ കാത്തുവെയ്ക്കുന്ന കൗതുകം. ആന്റപ്പൻ എന്ന വില്ലൻ കഥാപാത്രമായി ‘പ്രതിപൂവൻകോഴി’യിൽ റോഷൻ ആൻഡ്രൂസും അഭിനയിക്കുന്നുണ്ട്.
“നമ്മുടെ അമ്മമാരും സഹോദരിമാരും പെൺമക്കളുമൊക്കെ കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ‘പ്രതിപൂവൻകോഴി’. ജീവിതത്തിൽ ഇത്തരം സംഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്ത സ്ത്രീകൾ ഉണ്ടാവില്ല. ഈ ചിത്രത്തിന്റെ എല്ലാ ക്രെഡിറ്റും ഉണ്ണി ആറിനാണ് കൊടുക്കേണ്ടത്, ഇത്തരമൊരു കഥ ആലോചിച്ച് അത് പറയാൻ കാണിച്ച ആ മനസ്സിനാണ് ക്രെഡിറ്റ്. ഉണ്ണിയുടെ തിരക്കഥയെ ഞാനൊരു സിനിമയാക്കി എന്നേയുള്ളൂ. ഇന്ത്യ മുഴുവൻ ഇത്തരം പ്രശ്നങ്ങൾ കത്തികൊണ്ടിരിക്കുന്ന സമയത്ത്, ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ സിനിമയുടെ വിഷയത്തിന് പ്രാധാന്യമേറുന്നുണ്ട്,” റോഷൻ ആൻഡ്രൂസ് പറഞ്ഞു.
‘പ്രതിപൂവൻകോഴി’യുടെ പ്രമേയം?
മൂന്നു സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ‘പ്രതിപൂവൻകോഴി’. ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ തൂപ്പുക്കാരിയായി ഷീബ (ഗ്രേസ് ആന്റണി), ജീവനക്കാരികളായ റോസമ്മ (അനുശ്രീ), മാധുരി (മഞ്ജു വാര്യർ) ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില പുരുഷന്മാർ- ആന്റപ്പൻ എന്ന വില്ലൻ, എസ് ഐ ശ്രീനാഥ് (സൈജുക്കുറുപ്പ്), ഗോപി (അലൻസിയർ)… ഇവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. കുമരകം- കോട്ടയം പ്രദേശങ്ങളാണ് കഥയുടെ പരിസരം. ‘ഹൗ ഓൾഡ് ആർ യു’ ഒരു സ്ത്രീയുടെ സ്വപ്നത്തെ കുറിച്ചാണ് സംസാരിച്ചത്, ഇവിടെ മാധുരിയും നിങ്ങൾക്ക് ഇടയിൽ തന്നെയുള്ള ഒരു സ്ത്രീയാണ്.
മലയാളത്തിൽ സ്ത്രീപക്ഷ സിനിമകൾ താരതമ്യേന കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ വീണ്ടുമൊരു സ്ത്രീപക്ഷസിനിമയുമായി എത്തുന്നതിനെക്കുറിച്ച്?
വലിയ ക്യാൻവാസിലും സ്കെയിലിലും ചെയ്ത ചിത്രമായിരുന്നു ‘കായംകുളം കൊച്ചുണ്ണി’. ഇനിയൊരു സിനിമ ചെയ്യുമ്പോൾ ഒരു സംവിധായകൻ എന്ന രീതിയിൽ എനിക്കിഷ്ടപ്പെട്ട വിഷയം ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. ഒരു സിനിമയെ സമീപിക്കുമ്പോൾ അതിന്റെ ആശയമാണ് (theme) എനിക്ക് പ്രധാനം. ഇത് പറയപ്പെടേണ്ട ഒരു സിനിമയാണ് എന്ന തോന്നലിൽ നിന്നുമാണ് ‘പ്രതിപൂവൻകോഴി’ യാഥാർത്ഥ്യമാകുന്നത്. അല്ലാതെ സ്ത്രീപക്ഷ സിനിമ ചെയ്തു കളയാം എന്ന രീതിയിൽ അല്ല ഈ പ്രൊജക്റ്റിലേക്ക് എത്തുന്നത്. ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രവും അതിന്റെ കഥ കൊണ്ട് എന്നെ ആകർഷിച്ച ചിത്രമായിരുന്നു.
സ്ത്രീപക്ഷ സിനിമകളെ കുറിച്ച് പറയുകയാണെങ്കിൽ, അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. ബോളിവുഡിൽ നോക്കിയാൽ ‘പികു’, ‘റാസി’ പോലെയുള്ള നിരവധി ചിത്രങ്ങൾ കാണാം. അവിടെ ആലിയ ഭട്ടും ദീപിക പദുകോണുമെല്ലാം നിരവധി സ്ത്രീപക്ഷ സിനിമകൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ അങ്ങനെ എടുത്തുപറയാനായിട്ട് നമുക്കൊരു മഞ്ജുവാര്യർ മാത്രമേയുള്ളൂ. ഇത്തരം സിനിമകൾ വിജയിച്ചാൽ മാത്രമേ, കൂടുതൽ ചിത്രങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനമാകൂ.
നാടകത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണല്ലോ താങ്കളുടെയും വരവ്?
തൃപ്പൂണിത്തുറയിലെ ‘ഭാസഭേരി’ എന്ന തിയറ്റർ ഗ്രൂപ്പുമായി ചേർന്നു പ്രവർത്തിച്ചിരുന്നു മുൻപ്. പിന്നീട് ഫിലിം സ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ചു. ആ പശ്ചാത്തലം സംവിധായകനായപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ട് ഇന്നുവരെ ഞാൻ ചെയ്ത പത്തുസിനിമകളിലും നടീനടന്മാർ മോശമായിട്ടില്ല. അതാണ് വലിയ വിജയവും സന്തോഷവും. അഭിനയിക്കാൻ വരുന്ന എല്ലാവരും നന്നായി അഭിനയിച്ചു പോയിട്ടേയുള്ളൂ, ഒപ്പം വീണ്ടും വർക്ക് ചെയ്യാൻ അവർ താൽപ്പര്യം പ്രകടിപ്പിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. സിനിമയുടെ കഥ തിരഞ്ഞെടുക്കൽ, ഡെവലപ്പ് ചെയ്യൽ, സംവിധാനം അതിനൊപ്പം തന്നെ ആക്റ്റേഴിസിനെ വർക്ക് ചെയ്യിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാൻ.
സ്വന്തം സിനിമയിലൂടെ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തുകയാണല്ലോ ‘പ്രതിപൂവൻ കോഴി’യിൽ. ഒരേ സമയം സംവിധായകനും അഭിനേതാവുമായ അനുഭവം എങ്ങനെയുണ്ടായിരുന്നു?
മുൻപ് നിശ്ചയിച്ച നടൻ തിരക്കുകളും പ്രൊഡക്ഷൻ സംബന്ധമായ മറ്റു ചില പ്രശ്നങ്ങളും കൊണ്ട് പിൻമാറുകയും ഇനിയൊരാളെ കണ്ടെത്തിയെടുക്കാൻ മാത്രം സമയമില്ലാതെയാവുകയും റോഷന് ഈ കഥാപാത്രത്തെ ചെയ്തുകൂടെ എന്ന് ഉണ്ണി ചോദിക്കുകയും ചെയ്ത ഒരു പ്രത്യേക സാഹചര്യത്തിലാണ് ആന്റപ്പൻ എന്ന കഥാപാത്രത്തെ ഞാനേറ്റെടുക്കുന്നത്. ഏറെ ആസ്വദിച്ചാണ് ഞാൻ ആ കഥാപാത്രത്തെ ചെയ്തത്. ഞാൻ അഭിനയിക്കേണ്ട ഭാഗത്ത് ആദ്യം അസിസ്റ്റൻസിനെ നിർത്തി ഞാൻ ഷോട്ട് കമ്പോസ് ചെയ്യും. പിന്നെ എല്ലാം റെഡിയാവുമ്പോൾ അവരെ മാറ്റി ഞാൻ പോയി അഭിനയിക്കും. തെറ്റുണ്ടെങ്കിൽ ഒന്നുകൂടി നോക്കി റീടേക്ക് എടുക്കും. ആക്ഷനും കട്ടും ഞാൻ തന്നെ പറയും. ആസ്വദിച്ചു ചെയ്തതിനാൽ ആവാം, അഭിനയമൊട്ടും ഭാരമായി എനിക്ക് തോന്നിയില്ല.
ചിത്രത്തിലെ എന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോൾ പ്രിയൻ സാർ അതേറെ ഇഷ്ടമായി എന്നു പറഞ്ഞു. ട്രെയിലറിനെ കുറിച്ച് ലാലേട്ടനും നല്ല അഭിപ്രായമാണ് പറഞ്ഞത്. പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ, നിവിൻ, ദുൽഖർ,അനൂപ് മേനോൻ തുടങ്ങിയവരൊക്കെ വിളിക്കുകയും ഫസ്റ്റ് ലുക്ക് ഷെയർ ചെയ്യുകയുമൊക്കെ ചെയ്തു.
ഇൻഡസ്ട്രിയിൽ നിന്നും ഇവരുടെയെല്ലാം വലിയൊരു പിന്തുണ എനിക്ക് ഉണ്ടായിട്ടുണ്ട്. നമ്മുടെ താരങ്ങളുടെ നല്ലൊരു ഗുണമായിട്ടാണ് ഞാനിതിനെ കാണുന്നത്. ഇത്തരം സ്ത്രീപക്ഷ സിനിമകൾ കൂടുതൽ വരണമെന്ന് അവരും ആഗ്രഹിക്കുന്നുണ്ട്. അല്ലെങ്കിൽ അവർക്ക് പിന്തുണയ്ക്കേണ്ട കാര്യമില്ലല്ലോ.
മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യചിത്രം താങ്കൾക്കൊപ്പമായിരുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഞ്ജുവിനൊപ്പം. ഈ കാലയളവിൽ മഞ്ജുവെന്ന അഭിനേത്രി എത്രത്തോളം മാറിയിട്ടുണ്ട്?
സ്വർണത്തിന്റെ മാറ്റുരച്ച് നോക്കാൻ പറ്റില്ല, അതിന്റെ വാല്യു കൂടുകയേ ഉള്ളൂ, മഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അഞ്ചു വർഷത്തിനു മുൻപു കണ്ട അതേ മഞ്ജുവാര്യർ തന്നെയാണ് ഇപ്പോഴും എന്റെ മുന്നിൽ വന്നു നിൽക്കുന്നത്. She is born for acting. തിലകൻ സാർ പലവട്ടം പറഞ്ഞിട്ടുണ്ട്, ലോകത്ത് ഒരാളുടെ മുന്നിൽ നിന്നപ്പോൾ മാത്രമേ ഞാനൊന്നു വിറച്ചുപോയിട്ടുള്ളൂ, അത് മഞ്ജുവാര്യരുടെ മുന്നിലാണെന്ന്. ‘ഇവിടം സ്വർഗമാണ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചും അദ്ദേഹം അതു പറയുകയുണ്ടായി.
തിലകൻ സാർ വരെ അങ്ങനെ ആദരവോടെ കാണുന്ന മഞ്ജു എന്റെ ഫ്രണ്ടാണെന്നു പറയുന്നതിലും മഞ്ജുവിനൊപ്പം വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നതിലും എനിക്ക് അഭിമാനമുണ്ട്. ഈ സിനിമയിൽ വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് മഞ്ജുവിന്റേത്, അഭിനയമെന്നതിനേക്കാൾ റിയൽ ആയി പെരുമാറുകയാണ് ചെയ്തത്.
മഞ്ജുവിന്റെ മികച്ച പെർഫോമൻസുകളിൽ ഒന്നാവും മാധുരി. എത്രമാത്രം ആഴത്തിൽ മഞ്ജു ആ കഥാപാത്രത്തെ മനസ്സിലാക്കിയിട്ടുണ്ടെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവും. ഭാവങ്ങളിലും ചലനത്തിലും ഇരിപ്പിലും നിൽപ്പിലും നോട്ടത്തിലും ശ്വാസത്തിലുമൊക്കെ മഞ്ജു ആ കഥാപാത്രത്തെ ഉൾകൊണ്ടിട്ടുണ്ട്.
രണ്ടാം വരവിലെ ചിത്രങ്ങളിൽ, ‘ഹൗ ഓൾഡ് ആർ യൂ’വിലെ നിരുപമയേക്കാൾ ഒരു പടി മുകളിലാണ് ഞാൻ മാധുരിയ്ക്ക് സ്ഥാനം കൊടുക്കുന്നത്. അതിനർത്ഥം, മഞ്ജു അത്രയും മാറിയിട്ടുണ്ട് എന്നതു കൂടിയാണ്. നിയന്ത്രണങ്ങൾ പിന്നിട്ട്, മറ്റുള്ളവരുടെ നിഴലുകളിൽ നിന്നെല്ലാം മാറി ഒരു ഫ്രീ ബേഡ് ആയിട്ടുണ്ട് മഞ്ജു. കലാകാരൻ ഒരു ഫ്രീ ബേഡാവുന്നതാണ് എപ്പോഴും നല്ലത്. സ്വതന്ത്രയാണ് മഞ്ജു, ആ സ്വാതന്ത്ര്യം അവരിൽ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. ഞങ്ങളുടെ സൗഹൃദവും കൂടിയിട്ടേ ഉള്ളൂ ഈ കാലം കൊണ്ട്. കൂടുതൽ ഫൺ ആണ് ഇപ്പോൾ. ഞങ്ങളെല്ലാം ഏറ്റവും കൂടുതൽ ചിരിച്ച സെറ്റുകളിൽ ഒന്നാണ് പ്രതി പൂവൻകോഴിയുടേത്.
Read more: മാധുരിയായി മഞ്ജു വാരിയര്‍; നിഗൂഢത ഒളിപ്പിച്ച് ‘പ്രതി പൂവൻകോഴി’യുടെ ട്രെയിലർ