സുരാജ് വെഞ്ഞാറമൂടിന്റെ ഉള്ളിലേക്കു നോക്കുമ്പോൾ രണ്ടു സുരാജ് ഉണ്ടെന്ന് തോന്നിപ്പോവും. ദശമൂലം രാമു പോലുള്ള കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ഫൈനൽസ്’, ‘വികൃതി’ എന്നിവയിലൂടെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിൽ എത്തിനിൽക്കുമ്പോൾ മറ്റൊരു അഭിനേതാവാണ്.
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ പ്രായഭേദമന്യേ പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലായിരുന്നു അഭിമുഖത്തിനായി ചെല്ലുമ്പോൾ സുരാജ് വെഞ്ഞാറമൂട്. ഭാസ്കര പൊതുവാൾ കലക്കിയെന്ന് അറിയിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ ഫോൺ കോളുകൾ തുടർച്ചയായി വന്നുകൊണ്ടേയിരുന്നു. “അവാർഡിനേക്കാൾ എത്രയോ ഇരട്ടി സന്തോഷം തരുന്നതാണ് ആളുകളുടെ നേരിട്ടുള്ള ഈ പ്രതികരണങ്ങൾ,” നിറഞ്ഞ സന്തോഷത്തോടെ സുരാജ് സംസാരിച്ചു തുടങ്ങി.
സൗബിന്റെ അച്ഛനായി അഭിനയിക്കുന്നു. ഇരട്ടിയോളം പ്രായമുള്ള കഥാപാത്രം? എത്രത്തോളം ചലഞ്ചിങ് ആയിരുന്നു ഭാസ്കര പൊതുവാൾ?
അഞ്ചാറു വയസിന്റെ വ്യത്യാസമേയുള്ളൂ ഞാനും സൗബിനും തമ്മിൽ. ഇതാദ്യമായല്ല ഇങ്ങനെ ഞാൻ അഭിനയിക്കുന്നത്. ഞാനും ചാക്കോച്ചനും സമപ്രായക്കാരാണ്, ചാക്കോച്ചന്റെ അച്ഛനായും ചേട്ടനായും ഞാൻ ‘ഗോഡ് ഫോർ സെയിൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാസ്കര പിള്ള പക്ഷേ ഏറെ ബുദ്ധിമുട്ടേറിയ കഥാപാത്രമായിരുന്നു. സിനിമയുടെ നെടുംതൂണായ ഒരു കഥാപാത്രം, സിനിമയിൽ ആദ്യവസാനമുണ്ട്.
കുഞ്ഞപ്പന്റെ സ്ക്രിപ്റ്റ് ആദ്യം കേൾക്കുന്നത് കാനഡയിൽ വച്ചാണ്. അന്ന് വേറെ ഒരാൾ നിർമിക്കാനിരുന്ന ചിത്രമാണ്. കഥകേൾക്കുന്ന സമയത്ത് ഞാൻ ആ പ്രൊജക്റ്റിൽ ഇല്ല. വേറെ രണ്ടുപേരായിരുന്നു അവരുടെ മനസിൽ. കഥ കേട്ടപ്പോൾ എനിക്ക് ആ കഥാപാത്രത്തെ വല്ലാതെ ഇഷ്ടമായി. ആറേഴുമാസം കഴിഞ്ഞാണ് നിർമാതാവ് സന്തോഷ് ടി കുരുവിള വിളിക്കുന്നത്. ‘സുരാജേ, ഞാനാണ് ഇനി ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ചെയ്യാൻ പോവുന്നത്. താനാണെങ്കിൽ ഞാനത് ചെയ്യാം’ എന്നു പറഞ്ഞു. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനോ, ആ കഥ ഞാൻ കേട്ടിട്ടുണ്ട്, എന്നെ ത്രില്ലടിപ്പിച്ച കഥാപാത്രമാണ്. ഞാൻ ചെയ്യാം,’ എന്നു അപ്പോൾ തന്നെ സമ്മതിച്ചു. ഞാൻ ആഗ്രഹിച്ചത് എന്നെ തേടിയെത്തി എന്നു വേണം പറയാൻ.
എന്തൊക്കെയായിരുന്നു കഥാപാത്രത്തിനു വേണ്ടിയുള്ള തയാറെടുപ്പുകൾ?
തയാറെടുപ്പുകൾ എന്നു പറഞ്ഞാൽ, മിമിക്രി തന്നെയാണ് എന്നെ കൂടുതൽ സഹായിച്ചത്. അച്ഛനെയാണ് ഞാൻ ഈ കഥാപാത്രത്തിനായി നിരീക്ഷിച്ചത്. അദ്ദേഹത്തിന് 78 വയസ്സായിരുന്നു, കഴിഞ്ഞ വർഷം നവംബർ 14 നാണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഞാൻ അച്ഛന്റെ രൂപവും ചലനവുമെല്ലാം കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഭാസ്കരൻ എന്ന കഥാപാത്രത്തിന്റെ മേക്ക് ഓവർ സെഷനിൽ സംവിധായകനും മേക്കപ്പ്മാനും കൂടി എന്റെ മുടി വടിച്ച് വടിച്ച് ഒടുവിൽ കറക്റ്റായി വന്നത് അച്ഛന്റെ രൂപമായിരുന്നു. മേക്കപ്പ് കഴിഞ്ഞപ്പോൾ എനിക്ക് അച്ഛനെ ഫീൽ ചെയ്തു. അതുകഴിഞ്ഞ് ഞാൻ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചപ്പോൾ ചേച്ചിയും ഞെട്ടി. എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു. അച്ഛൻ മരിച്ചിട്ട് ആറുമാസം ആവുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. വീട്ടിൽ അച്ഛൻ ഇരിക്കാറുള്ള ഒരു ചാരുകസേരയുണ്ട്, അതുപോലെ ഒന്നിലായിരുന്നു ഞാനും ഇരുന്നത്.
മേക്കപ്പ് ഇട്ടപ്പോൾതന്നെ എനിക്ക് ആ കഥാപാത്രത്തിനു വേണ്ട കറക്റ്റ് ബോഡി ലാങ്വേജ് കിട്ടി. പിന്നെ കഥ വായിച്ച് മനപാഠമായപ്പോൾ മുതൽ ആ കഥാപാത്രത്തിനോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. എന്റെ അച്ഛനും ഇങ്ങനെത്തന്നെ ആയിരുന്നു. അൽപ്പം കാർക്കശ്യമൊക്കെയുള്ള ഒരാൾ.
ആ റോബോട്ടിനു പിന്നിലെ രഹസ്യമെന്താണ്? ശരിക്കും അങ്ങനെയൊരു മെഷീൻ നിങ്ങൾ ഉണ്ടാക്കിയിരുന്നോ?
അത്രയും ഒർജിനാലിറ്റി റോബോട്ടിനു തോന്നുന്നുവെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനാണ്. നാലു വർഷമായി സംവിധായകൻ ഇതിനു പിറകിലാണ്. കഥ കേട്ടപ്പോൾ എനിക്കുള്ള പ്രധാന ടെൻഷൻ, സിനിമയിലെ റോബോട്ട് എങ്ങനെ വർക്ക് ചെയ്യും എന്നതായിരുന്നു. റോബോട്ടിന്റെ ഒരു മോൾഡ് ഉണ്ടാക്കിയിരുന്നു, കുറച്ച് ഭാഗങ്ങൾ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്തിട്ടുണ്ട്. ചില രംഗങ്ങളിൽ മെഷീൻ വച്ച് വർക്ക് ചെയ്യാൻ പറ്റില്ലായിരുന്നു. അതുചെയ്യാൻ അതിനകത്ത് ഒരു ഐറ്റം ഉണ്ടായിരുന്നു. റോബോട്ടിനു പിന്നിലെ രഹസ്യം ഞങ്ങൾ കുറച്ചു ദിവസങ്ങൾക്കം വെളിപ്പെടുത്തും (ചിരിക്കുന്നു).
ഒരു സഹതാരം അഭിമുഖമായി നിന്ന് അഭിനയിക്കുന്നതുപോലെയല്ലല്ലോ, ഒരു റോബോട്ടുമൊത്ത് അഭിനയിക്കുന്നത്?
എതിർവശത്ത് ഒരു അഭിനേതാവാണെങ്കിൽ നമുക്ക് കണ്ണുകളിൽ നോക്കി അഭിനയിക്കാം. ഇത് പക്ഷേ ചലഞ്ചിങ് ആയിരുന്നു. ഏറെ അധ്വാനം വേണ്ടിവന്നു. ഗിവ് ആൻഡ് ടേക്ക് ആണ് അഭിനയം എന്നാണല്ലോ പറയുക, ഇവിടെ കൂടുതൽ സീനിലും റോബോട്ട് മാത്രം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ റോബോട്ട് എന്റെ മകനായി എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങി. മെഷീനാണെന്ന കാര്യം ഞാൻ മറന്നു. മകനോട് സംസാരിക്കുന്നതു പോലെയങ്ങ് അഭിനയിച്ചു.
45 ദിവസത്തോളമായിരുന്നു ഷൂട്ടിങ്. അവസാനമായപ്പോഴേക്കും റോബോട്ടുമായി വെെകാരിക ബന്ധം വന്നു. അവസാന സീനൊക്കെ കണ്ടപ്പോൾ തിയേറ്ററിൽ ഇരുന്ന് എന്റെ കണ്ണുനിറഞ്ഞു. ആ ഒരു നന്മയൊക്കെ സിനിമയ്ക്കും ഗുണം ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. സിനിമ കണ്ട് മക്കൾക്കൊക്കെ ഇഷ്ടമായി. ഒരു കുഞ്ഞപ്പനെ മേടിച്ചുതരുമോ എന്നാണ് മോൾടെ ആവശ്യം, ‘പ്ലീസ് അച്ഛാ… ഒരു കുഞ്ഞപ്പനെ മേടിച്ചു തരൂ, ഞങ്ങൾ മൂന്നു പേരും കൂടി അഡ്ജസ്റ്റ് ചെയ്തോളാം.’
യമണ്ടൻ പ്രേമകഥ, ഫൈനൽസ്, വികൃതി, ഇപ്പോ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ- ഈ വർഷം നല്ല കഥാപാത്രങ്ങളാണല്ലോ കൂടുതലും? അച്ഛൻ കഥാപാത്രങ്ങളും കൂടുന്നുണ്ടോ?
അതെ. നല്ല വർഷമാണ്, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ കിട്ടുന്നുവെന്നതു സന്തോഷമാണ്. ശരിയാണ്, കൂടുതലും അച്ഛൻ കഥാപാത്രങ്ങളാണ്. ഇനി കുറച്ചുനാളത്തേക്ക് അച്ഛനില്ല. വേറെ പരിപാടികളാണ്, ചെയ്യാൻ പറ്റും എന്നു കാണിച്ചുകൊടുത്തല്ലോ.
മമ്മൂക്ക ഇന്നലെ പറഞ്ഞു, “നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥ അറിയാലോ. ചെറിയ പ്രായത്തിൽ തന്നെ വലിയ സംഭവങ്ങൾ ചെയ്തു.” ഇല്ല ഇക്കാ, ഞാൻ ഇതോടെ പരിപാടി നിർത്താ, എന്നിട്ട് ഇക്കയുടെ ചുവടുപിടിക്കാം എന്നു പറഞ്ഞു.
കോമഡി ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട്; സീരിയസ് റോൾ ചെയ്യുന്ന മറ്റൊരു സുരാജ്. ഒരേ സമയം രണ്ടു ഇമേജ്?
അതാണ് ഇപ്പോ എനിക്കുള്ള ഒരു ഇമേജ്. ആ ദശമൂലം രാമു ആണോ ഈ ഭാസ്കര പൊതുവാൾ എന്നൊക്കെ ഇപ്പോ ആളുകൾ ചോദിക്കുന്നുണ്ട്. വലിയ സന്തോഷമാണത്. ധാരാളം ഹ്യൂമർ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അത് ആളുകളുടെ മനസിൽ നിൽക്കുമ്പോൾ തന്നെ ഇത്തരം കഥാപാത്രങ്ങളെ ലഭിക്കുന്നു. അതൊരു ഭാഗ്യമായി കരുതുന്നു. എനിക്ക് തോന്നിയ കൗതുകം തന്നെയാണ് ആളുകൾക്കും തോന്നുന്നത്.
Read more: കേക്ക് മുറിച്ചും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയും സുരാജും സൗബിനും; ചിത്രങ്ങൾ
എന്താണ് ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം?
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ശരിക്കും എന്നെ വച്ച് ആലോചിച്ച സിനിമയല്ലായിരുന്നു. വേണുചേട്ടനെ പോലെ മറ്റു പലരെയും വച്ച് ആലോചിച്ച സിനിമയായിരുന്നു. അവസാനം അതെന്നെ തേടിയെത്തി എന്നു മാത്രം.
ഒരു കഥാപാത്രം തേടി വരുമ്പോൾ, ആദ്യം ആലോചിക്കുന്നത് ഈ കാലഘട്ടത്തിന് ചേർന്നതാണോ ഇതെന്നാണ്. ഈ കാലത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തേണ്ടതാണോ എന്നു നോക്കാറുണ്ട്. പിന്നെ സിനിമയുടെ ടോട്ടാലിറ്റി നോക്കും. എന്റെ കഥാപാത്രം വ്യത്യസ്തമാണോ, ഇതുവരെ ചെയ്തതിന്റെ ഷെയ്ഡ് ഇല്ലാത്ത കഥാപാത്രമാണോ, പെർഫോം ചെയ്യാൻ ഉണ്ടോ, എന്റെ കഥാപാത്രത്തിന് സിനിമയ്ക്ക് എന്തുമാത്രം പങ്ക് നൽകാനാവും എന്നൊക്കെ നോക്കാറുണ്ട്. ശരീരഭാഷയിലും അഭിനയത്തിലുമെല്ലാം വ്യത്യസ്തരാവണം എന്നാഗ്രഹിക്കാറുണ്ട്. അതല്ലെങ്കിൽ പുതുമയില്ല.
ദേശീയ പുരസ്കാരത്തോടെയാണോ കരിയർ മാറിയത്?
നല്ലൊരു കഥാപാത്രം ചെയ്തിട്ട് ആ സിനിമ ആളുകൾ കണ്ടില്ലെങ്കിൽ വിഷമമാണ്. ദേശീയ അവാർഡ് കിട്ടിയ സിനിമ ആളുകൾ അധികം കണ്ടില്ല. അത് വലിയ സങ്കടമായിരുന്നു. അവാർഡിനേക്കാളും സന്തോഷം സിനിമ കണ്ടിട്ട് ആളുകൾ നേരിട്ട് വിളിച്ച് അണ്ണാ ഗംഭീരമായിട്ടുണ്ടെന്നു പറഞ്ഞ് കേൾക്കുന്നതാ. ആ സന്തോഷം വേറെയാണ്.
അവാർഡ് കിട്ടിയപ്പോഴാണ് ഞാനും അത് ആലോചിക്കുന്നത്. അവാർഡ് കിട്ടി, പക്ഷേ ആളുകൾ ചിത്രം കണ്ടില്ല. എന്തിനാണ് ഇവന് അവാർഡ് കൊടുത്തത് എന്നവർ ഓർക്കില്ലേ? അതിനു ശേഷമാണ് ആക്ഷൻ ഹീറോ ബിജുവിലെ ആ രണ്ടുസീൻ കിട്ടുന്നത്. അതോടെയാണ് ‘കുഴപ്പമില്ല, അവന് അവാർഡ് കൊടുക്കേണ്ടത്’ ആയിരുന്നു എന്ന രീതിയിൽ ആളുകൾ നോക്കിക്കാണുന്നത്.
‘ആക്ഷൻ ഹീറോ ബിജു’ ആണ് എന്റെ ലൈഫിന്റെ മറ്റൊരു ടേണിങ് പോയിന്റ്. അതിനു ശേഷമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടൻപിള്ളയുടെ ശിവരാത്രി ഒക്കെ വരുന്നത്. ഭാഗ്യം മാത്രം പോരാ, നമ്മുടെ പ്രവൃത്തിയും കൂടെ വേണം നല്ല കഥാപാത്രങ്ങൾ തേടിയെത്താൻ എന്നാണ് ഞാൻ കരുതുന്നത്. ‘1983’ കണ്ട് എനിക്കിഷ്ടമായി, ഞാൻ എബ്രിഡിനെ അങ്ങോട്ട് വിളിച്ച് സംസാരിക്കുകയായിരുന്നു. എനിക്ക് അടുത്ത സിനിമയിൽ ഒരു വേഷം തരണമേയെന്ന് പറഞ്ഞു.
‘ആക്ഷൻ ഹീറോ ബിജു’വിന്റെ സമയത്ത് എബ്രിഡ് വിളിച്ചു പറഞ്ഞു, ” രണ്ടു സീനേയുള്ളൂ. പക്ഷേ ചെയ്ത് കഴിഞ്ഞാൽ നിന്റെ ലൈഫിന്റെ ടേണിങ് പോയിന്റാണ്. നിനക്ക് ചെയ്യാൻ പറ്റുമോ?” ആ കഥാപാത്രത്തോടെ ഞാൻ ഹാപ്പിയായി. വരുന്നത് സ്വീകരിക്കുക മാത്രമല്ല, കഥാപാത്രങ്ങൾക്ക് പിറകെ പോവാറുമുണ്ട്. അല്ലെങ്കിൽ നിലനിൽപ്പില്ലല്ലോ.
സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ കരിയറിൽ ഏറെ സ്വാധീനിച്ച വ്യക്തി?
അമ്മ എന്നും സപ്പോർട്ടാണ്. അച്ഛന് ആദ്യം ഇഷ്ടമില്ലായിരുന്നു, ഞാൻ മിമിക്രിയുമായി നടക്കുന്നത്. അന്നെന്റെ ചേട്ടൻ സജിയും മിമിക്രിയുമായി നടക്കുകയായിരുന്നു. എന്നെ മിലിട്ടറിയിൽ വിടാൻ ആയിരുന്നു അച്ഛന് ആഗ്രഹം. എന്റെ കയ്യൊടിഞ്ഞതോടെ അച്ഛൻ മിലിട്ടറി സ്വപ്നം ചേട്ടനെ ഏൽപ്പിച്ചു. അങ്ങനെ ചേട്ടൻ മിലിട്ടറിയിലേക്കും ഞാൻ മിമിക്രിയിലേക്കും ശ്രദ്ധയൂന്നി.
സിനിമയിൽ ആണെങ്കിൽ, മമ്മൂക്ക ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ലാലേട്ടനും. ഒരു സിനിമയിലേക്ക് എന്റെ പേര് പറയുമ്പോൾ അവരാരും നോ പറഞ്ഞിട്ടില്ല. അതാണ് സന്തോഷം.
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ കണ്ടിട്ട് ലഭിക്കുന്ന പ്രതികരണങ്ങൾ?
ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്നെ എപ്പോഴും വിമർശിക്കുന്ന ഒരു സുഹൃത്തുണ്ട്. അവൻ വിളിച്ചിട്ട്, താൻ അടുത്തുണ്ടെങ്കിൽ ഞാനൊരു ഉമ്മ തന്നേനെ എന്നു പറഞ്ഞു. വിമർശിക്കുന്ന ഒരാൾ പറഞ്ഞ ആ നല്ല വാക്കുകൾ ഒരുപാട് സന്തോഷം തന്നു. മന്ത്രി ഇ പി ജയരാജേട്ടൻ വിളിച്ചു. നെടുമുടി വേണുച്ചേട്ടൻ വിളിച്ചു. “അതു ശരി, നീ ഒടുവിൽ ഇറങ്ങിയല്ലേ, അസ്സലായിട്ടുണ്ട്,” എന്നൊക്കെ പറഞ്ഞു. ചേട്ടനും ചെറിയ വയസ്സിൽ ഇരട്ടിയിലേറെ പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ആളല്ലേ.
താങ്കളുടെ തിരുവനന്തപുരം ഭാഷയിലുള്ള സംസാരം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇപ്പോൾ പയ്യന്നൂർ ഭാഷ? ഭാഷ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടിയോ?
പയ്യന്നൂർ സ്ലാങ് മസ്റ്റായി പിടിക്കണം എന്ന് ആദ്യമേ സംവിധായകൻ പറഞ്ഞിരുന്നു. സിനിമയിൽ എല്ലാവരും അതാണ് സംസാരിക്കുന്നത്, പിന്നെ ഞാൻ മാത്രം ചെയ്യാതിരിക്കുന്നത് ശരിയല്ലല്ലോ. പയ്യന്നൂർ ഭാഷ പഠിക്കാൻ എന്നെ ഏറെ സഹായിച്ചത്, പയ്യന്നൂർകാരനായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സംവിധായകനും പയ്യന്നൂർകാരനാണ്. അവർ ലൊക്കേഷനിൽ ഇവിടെ വന്നിനി, പോയിനി എന്നൊക്കെ പറയുമ്പോൾ രസം തോന്നി. രണ്ടാമത്തെ ദിവസം മുതൽ അവിടുത്തെ ആളുകളോട് ആ ഭാഷയിൽ സംസാരിക്കാൻ ശ്രമിച്ചു തുടങ്ങി.
പുതിയ ചിത്രങ്ങൾ?
ഡ്രൈവിങ് ലൈസൻസിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. പിന്നെ ‘ഹിഗ്വിറ്റ’ വരുന്നുണ്ട്. അതും കണ്ണൂരാണ്. ഞാനിനി കുറേ കാലത്തേക്ക് കണ്ണൂരാണ്. (ചിരിക്കുന്നു). അതുകഴിഞ്ഞാൽ തിരുവനന്തപുരത്തേക്ക്, വേണുസാറിന്റെ ഒരു പടമുണ്ട്.
Read more: Android Kunjappan Version 5.25 Review: ഈ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ ക്യൂട്ടാണ്; റിവ്യൂ