/indian-express-malayalam/media/media_files/2025/06/14/Z7Pvn4fcRQTeZOuRvSO6.jpg)
ജ്യോത്സ്ന
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന സിനിമാ പിന്നണി രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ, തന്നെ സംബന്ധിക്കുന്ന നിർണായകമായൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ജ്യോത്സ്ന.
തനിക്ക് ഓട്ടിസം ഉണ്ടെന്നാണ് ജ്യോത്സ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ‘ടെഡ് എക്സ് ടോക്സ്' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം ജ്യോത്സ്ന തുറന്നു പറഞ്ഞത്. ഓട്ടിസത്തെ ആളുകൾ ശരിയായി മനസ്സിലാക്കേണ്ടതുണ്ടെന്നും സമൂഹത്തിൽ ഓട്ടിസത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് താൻ ഈ കാര്യം തുറന്നു പറയുന്നതെന്നും ജ്യോത്സ്ന പറഞ്ഞു.
Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
താൻ ദൈനംദിന ജീവിതത്തിൽ കടന്നുപോവുന്ന പല കാര്യങ്ങളും തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും സ്വയം തോന്നിയ ചില സംശയങ്ങൾ മാനസികരോഗ വിദഗ്ധനുമായി ചർച്ച ചെയ്യുകയും തുടർന്ന് പരിശോധനകൾ നടത്തുകയും ചെയ്തപ്പോഴാണ് തനിക്ക് ഓട്ടിസം സ്ഥിരീകരിച്ചതെന്നും ജ്യോത്സ്ന വെളിപ്പെടുത്തി.
"ഒരു ഘട്ടത്തിൽ ജീവിതം വലിയ ബുദ്ധിമുട്ടിലായപ്പോൾ എന്താണ് എനിക്കു സംഭവിക്കുന്നത് എന്ന അവസ്ഥയിലായി ഞാൻ. അപ്പോഴാണ് ഭർത്താവ് വന്നു പറയുന്നത്, അദ്ദേഹം രണ്ടു വർഷത്തേക്ക് യുകെയിൽ ഒരു ജോലിയ്ക്ക് പോവുകയാണെന്ന്. അതാണ് പെർഫെക്റ്റ് ടൈം എന്നെനിക്കും തോന്നി. അങ്ങനെ ഞങ്ങൾ യുകെയിലേക്ക് താമസം മാറി."
Also Read: ബിഗ് ബോസ് താരം സനയ്ക്ക് ലിവർ സിറോസിസ്; രോഗനിർണയം 32-ാം വയസ്സിൽ
"അവിടെയെത്തിയ ആദ്യമാസങ്ങളിൽ എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു. വളരെ വ്യത്യസ്തമായ ലോകം, കാലാവസ്ഥ. വല്ലാത്ത ഏകാന്തത തോന്നി. ഞാൻ അവിടെയൊരു ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്ത്, വായന തുടങ്ങി. ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി. പിന്നാലെ അവിടെ ഒരു കോഴ്സിനു ജോയിൻ ചെയ്തു. ഇടയ്ക്ക് നാട്ടിൽ വന്ന് വീട് മാനേജ് ചെയ്യുന്നു, പഠിക്കുന്നു, പ്രാക്റ്റീസ് ചെയ്യുന്നു, ഇടയ്ക്ക് കൺസേർട്ടുകൾക്ക് പോവുന്നുമുണ്ട്."
" ഇടയ്ക്ക് എനിക്കു എന്നെക്കുറിച്ച് ചില സംശയങ്ങൾ തോന്നി. ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു. മൂന്നു തവണയാണ് ഞാൻ ടെസ്റ്റു ചെയ്തത്, എന്റെ അവസ്ഥയെന്തെന്ന് സ്ഥിരീകരിക്കാനായി. ഒടുവിൽ വളരെ വൈകി ഞാനെന്റെ അവസ്ഥ എന്തെന്ന് തിരിച്ചറിഞ്ഞു. ഞാനൊരു ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്."
"ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടാവും, എന്നെ കണ്ടാൽ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്നാവും ചിന്ത. അത് നമുക്ക് ഓട്ടിസത്തെ കുറിച്ച് അധികം അറിയാത്തതുകൊണ്ടാണ്. നമ്മൾ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുമുണ്ട്. പക്ഷേ അതങ്ങനെയല്ല. ഒന്നിനുകിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും, അല്ലെങ്കിൽ ഇല്ല. ഓട്ടിസം എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നതാണ്."
"ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തിൽ അതുവരെ ഞാൻ നേരിട്ട പല പ്രശ്നങ്ങൾക്കും എനിക്കുത്തരം കിട്ടിയത്. എന്റെ ചുറ്റുമുള്ള എല്ലാത്തിനോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്, എനിക്കെന്തുകൊണ്ടാണ് എല്ലാം ഡീപ്പായി ഫീൽ ചെയ്യുന്നത് എന്നെല്ലാം അപ്പോഴാണ് മനസ്സിലായത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകൾക്ക് വേണ്ടി നിർമിക്കപ്പെട്ടൊരു ലോകത്ത് ജീവിക്കുന്നതിനാൽ തന്നെ എന്നെ മാസ്ക് ചെയ്യാൻ നിരന്തരമായിശ്രമിക്കേണ്ടി വന്നിരുന്നു എനിക്ക്."
ഓട്ടിസത്തെ ആളുകൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ടെന്നും ഓട്ടിസം കണ്ടുപിടിക്കാനുള്ള ടൂളുകൾ നമുക്ക് ആവശ്യമാണെന്നും ജ്യോത്സ്ന കൂട്ടിച്ചേർത്തു. ഓട്ടിസ്റ്റിക്കായ ആളുകൾക്ക് ജീവിക്കാൻ അൽപ്പം ദുസ്സഹമായ ഈ ലോകത്ത്, അവരുടെ കഷ്ടപ്പാടുകൾ പുറത്ത് കാണാൻ കഴിയുന്നില്ലെന്നത് അത്തരം വ്യക്തികളുടെ അവസ്ഥ കൂടുതൽ മോശമാക്കുകയാണ് ചെയ്യുന്നതെന്നും ജ്യോത്സ്ന പറഞ്ഞു.
Also Read: 10,300 കോടിയുടെ ആസ്തി, ഷാരൂഖിനേക്കാളും സമ്പന്നൻ: ബിസിനസ് സാമ്രാജ്യം പിന്നിൽ ഉപേക്ഷിച്ച് സഞ്ജയ് കപൂർ മടങ്ങുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.