/indian-express-malayalam/media/media_files/uploads/2023/06/Aishwarya-Rai-Shahid-Kapoor.png)
Entertainment Desk/ IE.Com
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ ഷാഹിദ് കപൂർ. 2003ൽ പുറത്തിറങ്ങിയ 'ഇഷ്ക്ക് വിഷ്ക്ക്' എന്ന ആദ്യ ചിത്രത്തിലൂടെയാണ് ഷാഹിദ് കപൂർ എന്ന നടനെ സിനിമാപ്രേക്ഷകർ അറിയുന്നത്. എന്നാൽ അതിനു മുൻപ് തന്നെ ഷാഹിദ് സിനിമാലോകത്തുണ്ട്, പക്ഷെ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണെന്നു മാത്രം. ഐശ്വര്യ റായ് ചിത്രം 'താലി'ൽ 'കഹീൻ ആഗ് ലഗേ ലഗ് ജായേ' എന്ന ഗാനത്തിൽ പിന്നണിയിൽ നൃത്ത ചെയ്യാനെത്തിയത് ഷാഹിദായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ലതും മോശവുമായ സമയം എന്നാണ് ആ കാലഘട്ടത്തെ കുറിച്ച് ഷാഹിദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
റേഡിയോ നാഷയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഷാഹിദ് തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഷൂട്ടിങ്ങ് സെറ്റിലേയ്ക്ക് പോകും വഴി തനിക്കൊരു അപകടം സംഭവിച്ചെന്നും വളരെയധികം പരിഭ്രമിച്ചാണ് സ്ഥലെത്തെത്തിയതെന്നും ഷാഹിദ് പറയുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗത്തിൽ മുഖം കാണിക്കാനുള്ള അവസരവും ഷാഹിദിനന്ന് ലഭിച്ചിരുന്നു.
"ഇതുവരെ ഈ കാര്യം ആർക്കും അറിയില്ല, പക്ഷെ അന്ന് എനിക്കൊരു അപകടം സംഭവിച്ചു. ഞാൻ അന്ന് മോട്ടോർസൈക്കിൾ ഓടിച്ച് പല സ്ഥലങ്ങളിലും വീഴാറുണ്ടായിരുന്നു. വണ്ടിയിൽ നിന്ന് വീണ ഞാൻ പരിഭ്രാന്തിയിലാണ് സെറ്റിലെത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകുന്നുണ്ടായില്ല. എന്നാൽ അതേ ദിവസമാണ് ഈ കാര്യവും സംഭവിക്കുന്നത്. അതുകൊണ്ടാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും മോശം ദിവസവും അതാണെന്ന് പറഞ്ഞത്," ഷാഹിദിന്റെ വാക്കുകളിങ്ങനെ.
താലിനു മുൻപ് യഷ് ചോപ്ര ചിത്രം 'ദിൽ തോ പാഗൽ ഹേ'യിലും ഷാഹിദ് ബാക്ക്ഗ്രൗണ്ട് ഡാൻസറായി എത്തിയിട്ടുണ്ട്. ഒരുപാട് ഡാൻസ് നമ്പറുകളുള്ള ചിത്രത്തിന്റെ നൃത്ത സംവിധായകൻ ഷിയാമക്ക് ദാവറായിരുന്നു.
'ദിൽ തോ പാഗൽ ഹേ'യുടെ സെറ്റിൽ തനിക്ക് ചെറിയ പേടിയുണ്ടായിരുന്നതായും ഷാഹിദ് പറഞ്ഞു. ഷിയാമക്കിന്റെ ആദ്യ ചിത്രമായതു കൊണ്ടു തന്നെ അത് കൃത്യതയോടെ നിർവ്വഹിക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു. "ദിൽ തോ പാഗൽ ഹേയിൽ എനിക്ക് പ്രിയപ്പെട്ട ഓർമകളൊന്നും തന്നെയില്ല. എന്റെ മുടി നല്ലവണ്ണം ബൗൺസ് ചെയ്യുന്നുണ്ടായിരുന്നു, ഷോർട്ട് അതുകൊണ്ട് മോശമാകുമോയെന്ന് ഞാൻ ഭയന്നു. അന്ന് ഞാൻ ഷിയാമക്കിന്റെ ഡാൻസ് ട്രൂപ്പിലെ പുതിയ മെമ്പറായിരുന്നു. എനിക്ക് എപ്പോഴും ടെൻഷനാണ്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്യുമോയെന്ന ഭയമായിരുന്നത്," ഷാഹിദ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.