ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യ എന്നത് മാത്രമല്ല ഗൗരി ഖാന്റെ മേൽവിലാസം. ഇന്റീരിയർ ഡിസൈനറും നിർമാതാവുമൊക്കെയാണ് ഗൗരി ഖാൻ. എന്നാൽ, ഷാരൂഖിന്റെ ഭാര്യ എന്ന മേൽവിലാസം പകുതിയോളം സമയവും തനിക്ക് ഗുണം ചെയ്യുന്നതിനു പകരം എതിരെ പ്രവർത്തിക്കുകയാണെന്ന് തുറന്നു പറയുകയാണ് ഗൗരി ഖാൻ. ഷാരൂഖ് ഖാന്റെ ഭാര്യ എന്ന മേൽവിലാസം തനിക്ക് സുഗമമായൊരു പ്രൊഫഷണൽ കരിയർ ഉറപ്പു നൽകുന്നില്ലെന്നും ഗൗരിഖാൻ വെളിപ്പെടുത്തി.
നിരവധി ബോളിവുഡ് താരങ്ങളുടെ വീടുകൾ ഡിസൈൻ ചെയ്ത ഇന്റീരിയർ ഡിസൈനറാണ് ഗൗരി. അടുത്തിടെ സ്വന്തം റിയാലിറ്റി ഷോയായ ഡ്രീം ഹോംസിലൂടെ ടിവി അവതാരകയായും ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. “ഒരു പുതിയ പ്രോജക്റ്റ് പരിഗണിക്കുമ്പോൾ, എന്നെ ഒരു ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഷാരൂഖ് ഖാന്റെ ഭാര്യയ്ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ബാഗജായി കാണുന്ന ചിലരുണ്ട്. പകുതിയോളം സമയവും ഇതെനിക്കെതിരെയാണ് പ്രവർത്തിക്കുന്നത്,” ഗൗരി ഖാൻ പറയുന്നു.
കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയിൽ അതിഥിയായി എത്തിയതായിരുന്നു ഗൗരി ഖാൻ. മഹീപ് കപൂർ, ഭാവന പാണ്ഡെ എന്നിവരും ഗൗരി ഖാനൊപ്പമുണ്ടായിരുന്നു. ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സിന്റെ രണ്ടാം സീസണിൽ അടുത്തിടെ മൂവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ പുരോഗമിക്കുകയാണ്. ഷോയിൽ ഇതിനകം ആലിയ ഭട്ട്-രൺവീർ സിംഗ്, സാമന്ത റൂത്ത് പ്രഭു-അക്ഷയ് കുമാർ, ജാൻവി കപൂർ-സാറാ അലി ഖാൻ, അനന്യ പാണ്ഡെ-വിജയ് ദേവരകൊണ്ട, കിയാര അദ്വാനി-ഷാഹിദ് കപൂർ, കത്രീന കൈഫ്-സിദ്ധാന്ത് ചതുർവേദി-ഇഷാൻ എന്നിവർ പങ്കെടുത്തു.