scorecardresearch

വായനയുടെ സാധ്യതകൾക്ക് ഒപ്പമെത്താനാവാതെ ഓടിതോറ്റും, ചിലപ്പോൾ കുതിച്ചൊപ്പം എത്തിയും; 'പൊന്നിയിൻ സെൽവൻ' റിവ്യൂ; Ponniyin Selvan PS1 Movie Review & Rating:

Ponniyin Selvan PS1 Movie Review & Rating: സൂക്ഷ്മമായ കാഴ്ചയും പിന്തുടർച്ചയും സിനിമ ഓരോ രംഗത്തിലും ആവശ്യപ്പെടുന്നു. ആ സൂക്ഷ്മത നഷ്ടപ്പെടുമ്പോൾ പൊട്ടുന്ന രസചരട് 'പൊന്നിയിൻ സെൽവ'നുണ്ട്. അലസമായ കാഴ്ചയിൽ കഥഗതി കൈവിട്ട് പോകും

Ponniyin Selvan PS1 Movie Review & Rating: സൂക്ഷ്മമായ കാഴ്ചയും പിന്തുടർച്ചയും സിനിമ ഓരോ രംഗത്തിലും ആവശ്യപ്പെടുന്നു. ആ സൂക്ഷ്മത നഷ്ടപ്പെടുമ്പോൾ പൊട്ടുന്ന രസചരട് 'പൊന്നിയിൻ സെൽവ'നുണ്ട്. അലസമായ കാഴ്ചയിൽ കഥഗതി കൈവിട്ട് പോകും

author-image
Aparna Prasanthi
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ponniyin Selvan, Ponniyin Selvan movie review, Ponniyin Selvan movie download, Ponniyin Selvan ott, Ponniyin Selvan ticket booking, Ponniyin Selvan film review

Ponniyin Selvan PS1 Movie Review & Rating:

Ponniyin Selvan PS1 Movie Review & Rating: 'ഈ യുദ്ധം, രക്തം, പാട്ട് ഒക്കെ അതിനെ മറക്കാനാ, എന്നെ മറക്കാനാ, അവളെ മറക്കാനാ…' ചോള സാമ്രാജ്യത്തിന്റെ വലിയ പോരാട്ടങ്ങളെക്കാളും മായക്കാഴ്ചകളെക്കാളും മണിരത്നത്തെ 'പൊന്നിയിൻ സെൽവ'നിലേക്ക് കാലങ്ങളായി നയിച്ചു കൊണ്ടേയിരിക്കുന്നത് അതിതീവ്രമായ പ്രണയനഷ്ടവും പകയുമൊക്കെയാണെന്ന് സിനിമയുടെ ആദ്യഭാഗം പ്രത്യക്ഷമായി തന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. 'പീരിയഡ് ഡ്രാമ ' എന്നദ്ദേഹം തന്നെ പല തവണ വിശേഷിപ്പിച്ചിട്ടുണ്ട് ഈ സിനിമയെ. പക്ഷേ തന്റെ മുൻ സിനിമകളെ പോലെ തന്നെ മനുഷ്യ മനസിന്റെ സങ്കീർണതകളാണ് 'പൊന്നിയിൻ സെൽവ'നിലും മണിരത്നത്തെ നയിക്കുന്നത്. രാജ രാജ ചോളൻ എന്ന ശക്തനായ രാജാവ് എങ്ങനെ പൊന്നിയിൻ സെൽവൻ (കാവേരി നദിയുടെ മകൻ) ആയി എന്ന അന്വേഷണം തന്നെയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പോലെ ഈ സിനിമയും. നോവലും മിത്തുമൊക്കെ കുറച്ചു കൂടി യുദ്ധങ്ങളെയും ശക്തി-ദൗർബല്യങ്ങളെയുമൊക്കെ അതിനാശ്രയിക്കുമ്പോൾ മണിരത്നം അതിനു പിന്നിലെ വൈകാരികമായ കാരണങ്ങളിലൂടെ സഞ്ചരിക്കുന്നു. 'ദളപതി'യിലെയും 'രാവണ'നിലെയും പോലെ അതിൽ ടിപ്പിക്കൽ മണിരത്നം ശൈലി കൊണ്ട് വരുന്നതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

Advertisment

പീരിയഡ് ഡ്രാമ സിനിമകൾ ഈ കാലത്ത് വലിയ വിജയം നേടുന്നത് അതിന്റെ യൂണിവേഴ്സൽ അപ്പീൽ കൊണ്ടും വി എഫ് എക്സ് അടക്കമുള്ള സാങ്കേതികതയുടെ ബുദ്ധിപരമായ ഉപയോഗം കൊണ്ടുമാണ്. പക്ഷേ മേല്പറഞ്ഞ യൂണിവേഴ്സൽ അപ്പീലിനെയും സാങ്കേതിക വിദ്യയുടെ അമിത ഉപയോഗത്തെയും പൂർണമായി സിനിമ നിരാകരിച്ചു. ചിത്രം തമിഴ് പ്രാദേശിക ചരിത്രത്തെ, ഭാഷയെ മുറുകെ പിടിച്ചു. ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു എന്ന മട്ടിൽ ലോകത്തെവിടെയും ചേർന്ന് പോകുന്ന ഒരു തുടക്കം ഒടുക്കമോ സിനിമക്കില്ല. കണ്ണ് മഞ്ഞളിക്കുന്ന, കാത് തുളഞ്ഞു പോകുന്ന സാങ്കേതിക വിദ്യകൾ സിനിമയിൽ കണ്ടില്ല. ഒരർത്ഥത്തിൽ മണിരത്നത്തെ പോലൊരു സംവിധായകന്റെ ധൈര്യത്തെയും ക്രാഫ്റ്റ്സ്മാൻ ഷിപ്പിനെയും കാണിക്കുന്ന ഈ തീരുമാനം മറ്റൊരു പീരിയഡ് ഡ്രാമ പ്രതീക്ഷിച്ച ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താതെ കടന്നു പോകാനും സാധ്യതയുണ്ട്. ആ വിഭാഗത്തെ കൂടി ലക്ഷ്യം വച്ചുള്ള സിനിമയുടെ മാർക്കറ്റിങ് ആണ് ആദ്യ ദിവസത്തെ ചിത്രത്തിന്റെ റെക്കോർഡ് ബുക്കിങ്ങിനു കാരണം.

Advertisment

Read Here: Ponniyin Selvan 1 Vikram Vedha Movie Release & Review LIVE UPDATES: രണ്ടു വലിയ ചിത്രങ്ങൾ ഇന്ന് തിയേറ്റററുകളിൽ, പ്രതീക്ഷയോടെ ബോക്സോഫീസ്

കമൽഹാസൻ - മണിരത്നം ടീമിന്റെ സ്വപ്ന പദ്ധതിയായിരുന്ന 'പൊന്നിയിൻ സെൽവൻ' രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം യാഥാർഥ്യമാകുമ്പോഴും താരങ്ങളുടെ തെരഞ്ഞെടുപ്പ് ഏറ്റവുമധികം പ്രേക്ഷകരുടെ കൗതുകം പതിഞ്ഞ ഒന്നാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, ശരത് കുമാർ, പ്രകാശ് രാജ്, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല തുടങ്ങീ വലിയതാരനിര സിനിമയിലുണ്ട്. സ്ക്രീൻ സ്പേസിനപ്പുറം വെല്ലുവിളിയുയർത്തുന്ന റോളുകളാണ് ഓരോരുത്തർക്കും ചെയ്യാനുണ്ടായത്. മണിരത്നത്തിന്റെ ഇതു വരെയുള്ള എല്ലാ സിനിമകളിലെയും പോലെ ഇവരോരുത്തരുടെയും സൂക്ഷ്മമായ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. പ്രണയ നഷ്ടവും പകയും ദുരൂഹതയും പേറുന്ന കണ്ണുകളുള്ള നന്ദിനിയായി ഐശ്വര്യ റായിയും നിപുണയായ രാഷ്ട്ര തന്ത്രജ്ഞയായ കുന്ദവൈയായി തൃഷയും സരസനും ധീരനുമായ വന്തിയതേവനായി കാർത്തിയും 'ഷോസ്റ്റീലർമാരായി.' പ്രേക്ഷകർ ഏറ്റവുമധികം കാത്ത് നിന്ന കുന്ദവൈ - നന്ദിനി ഫേസ് ഓഫ്‌ ഒക്കെ കാവ്യാത്മകമായാണ് സംവിധാനം ചെയ്തിട്ടുള്ളത്.

സിനിമയിൽ ബാക്കി നിൽക്കുന്ന ദുരൂഹത ജയറാമിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ്. ആഴ്വാർകടിയൻ നമ്പി എന്ന വൈഷ്ണവൻ സിനിമയുടെ കോമിക് റിലീഫും ഒപ്പം തന്നെ ഇനിയും തുറക്കാത്ത വലിയ ദുരൂഹതതകളിലേക്കുള്ള വാതിലുമാണ്. ഹാസ്യത്തെയും ശരീര ഭാഷയെയും ഭംഗിയായി ഉപയോഗിച്ച് ജയറാം സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു. പൂങ്കുഴലി എന്ന തന്റെ കഥാപാത്രത്തെ ആദ്യ കാല ഫെമിനിസ്റ്റ് എന്നാണ് ഐശ്വര്യ ലക്ഷ്മി വിശേഷിപ്പിച്ചു കണ്ടിട്ടുള്ളത്. സമുദ്രകുമാരി എന്നറിയപ്പെടുന്ന പൂങ്കുഴലി ധീരയായ പ്രണയിനിയാണ്… ഒരർത്ഥത്തിൽ നന്ദിനിയുടെയും ആദിത്യകരികാലന്റെയും പ്രണയത്തെ പോലെ പൂങ്കുഴലിക്ക് പൊന്നിയിൻ സെൽവനോടുള്ള പ്രണയം കൂടിയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. പൊന്നിയമ്മക്കൊപ്പം അവൾ കൂടി ചേർന്നാണ് അയാളെ ആപത്തിൽ നിന്നു രക്ഷിച്ചത്. സുന്ദരിയായ, കടൽനടുവിൽ പോലും അചഞ്ചലയായ പൂങ്കുഴലിയെ തന്റെ ശരീര ഭാഷയിലെ അനായാസത കൊണ്ട് ഐശ്വര്യ ലക്ഷ്മി ഭംഗിയായി സ്ക്രീനിലെത്തിച്ചു.

സിനിമയിലെ സംഭാഷണങ്ങളിൽ, മിറർ ഷോട്ട് അടക്കമുള്ള മണിരത്നം സ്റ്റൈൽ ദൃശ്യങ്ങളിൽ ഒക്കെ ഈ കാവ്യാത്മകതയുണ്ട്. 'സ്വർണതാക്കോൽ കൊണ്ടുള്ള തടവറയിൽ പൂട്ടുന്ന റാണി' പോലെ, ചിലയിടങ്ങളിൽ നോവൽ വായിക്കുന്നത് പോലെ തന്നെ തോന്നുന്ന തരം സംഭാഷണങ്ങളുണ്ട്. എന്നാൽ താരങ്ങളുടെ അതിപ്രസരം, അവരർക്ക് സ്‌ക്രീനിൽ ഇടം കൊടുക്കാനുള്ള ഓട്ടം ഒക്കെ അനാവശ്യമായ കുഴഞ്ഞുമറിയൽ പോലെ ചിലയിടങ്ങളിൽ തോന്നിച്ചു.

കോഡിങ്, ഡിക്കോഡിങ് രീതിയാണ് ഈ സിനിമ പ്രേക്ഷകരോട് അറിഞ്ഞോ അറിയാതെയോ പിന്തുടരാൻ ആവശ്യപ്പെടുന്നത്. 'പൊന്നിയിൻ സെൽവൻ' ഡിക്കോഡിങ് ആയി ആയിരക്കണക്കിന് ലേഖനങ്ങളും വീഡിയോയാകളും കഴിഞ്ഞ കുറെ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. 60 വർഷം മുൻപ് എഴുതിയ 1000 വർഷം പഴക്കമുള്ള കഥക്ക് സ്വാഭാവികമായും ഈ ഡിക്കോഡിങ് ആവശ്യമായി വരും.

2000 പേജ് വലിപ്പമുള്ള ഈ നോവലിന്റെ വിവിധ പ്രാദേശിക ഭാഷാ വിവർത്തനങ്ങൾ ഏറ്റവുമധികം വിറ്റ് പോയതും ഈ മാസങ്ങളിലാണ്. ആ ഡീക്കോഡിങ് സിനിമയുടെ കാഴ്ചക്കു ചിലയിടങ്ങളിലെങ്കിലും ആവശ്യമാണെന്ന് തോന്നി. ഒട്ടും സ്പൂൺ ഫീഡിങ് ഇല്ലാത്ത, നോൺ ലീനിയർ രീതിയിൽ കഥ പറയുന്ന, ഓരോ ഫ്രേയിമിലും വ്യാഖ്യന സാധ്യതയുടെ അനന്തതകളുള്ള സിനിമയാണ് 'പൊന്നിയിൻ സെൽവൻ.' സൂക്ഷ്മമായ കാഴ്ചയും പിന്തുടർച്ചയും സിനിമ ഓരോ രംഗത്തിലും ആവശ്യപ്പെടുന്നു. ആ സൂക്ഷ്മത നഷ്ടപ്പെടുമ്പോൾ പൊട്ടുന്ന രസചരട് 'പൊന്നിയിൻ സെൽവ'നുണ്ട്. അലസമായ കാഴ്ചയിൽ കഥഗതി കൈവിട്ട് പോകും.

രണ്ട് ഭാഗമായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം മാത്രമേ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തുടർ സംഭവങ്ങളുടെ ഒരു പരമ്പരയല്ല 'പൊന്നിയിൻ സെൽവൻ -1.' ആദ്യ ഭാഗം കണ്ടിറങ്ങിയവർക്ക് മുന്നിൽ ഭൂതകാല സമസ്യകളുടെ വലിയൊരു നിര തന്നെ വച്ച് കൊടുത്താണ് സിനിമ അവസാനിക്കുന്നത്. അതൊക്കെ പൂരിപ്പിക്കാൻ എന്തായാലും രണ്ടാം ഭാഗമാവശ്യവുമാണ്.

കാവേരി അഥവ പൊന്നി നദി എന്ന ബിംബം പോലും അടയാളപ്പെടുന്നത് സിനിമയുടെ രണ്ടാം പകുതിയിലാണ്. ആ ബിംബത്തിനു ചുറ്റും നടന്ന കഥയുടെ ചില അടരുകൾ കാണാൻ രണ്ടാം ഭാഗം വരെ കാത്തിരിക്കേണ്ടി വരും. ഒരു ജിഗ്സോ പസ്സിൽ പൂരിപ്പിക്കും പോലെ കൗതുകവും ദുരൂഹതകളും അതുണ്ടാക്കുന്നു. അതോടൊപ്പം സിനിമയുടെ ലളിതമായ കാഴ്ചയെ ആശ്രയിക്കുന്നവർക്ക് വലിയൊരു ഭാരം ഇതിലൂടെ 'പൊന്നിയിൻ സെൽവൻ' നൽകുന്നു.

'പൊന്നിയിൻ സെൽവ'നോളം തന്നെ പ്രതീക്ഷയുണ്ടായിരുന്ന റഹ്മാന്റെ സംഗീതം തീയറ്ററുകളിൽ വലിയ രീതിയിൽ സിനിമയെ സഹായിച്ചതായി തോന്നിയില്ല. ചിത്രത്തിൽ യുദ്ധ രംഗങ്ങൾ തുടക്കവും ഒടുക്കവുമില്ലാതെ നിന്ന പോലെ തോന്നി. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് പൂർണമായും അറിയാൻ രണ്ടാം ഭാഗം പുറത്തിറങ്ങും വരെ കാത്തിരിക്കേണ്ടി വരും.

രവി വർമന്റെ ക്യാമറ സിനിമയുടെ മൊത്തം മൂഡിനെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബി ജയമോഹന്റെ സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ പതിവ് ശൈലി ആവർത്തിച്ചു. മണിരത്നത്തിന്റെ സിനിമകളിൽ തുടക്കം മുതൽ സുപ്രധാന സാന്നിധ്യമായിരുന്ന കവി വൈര മുത്തു പൊന്നിയിൻ സെൽവനുമായി സഹകരിച്ചിട്ടില്ല. 'മീ റ്റു' ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിൽ നിന്നും മാറ്റി നിർത്തപ്പെടുകയായിരുന്നു. പകരം, ഇളങ്കോ കൃഷ്ണനാണ് പൊന്നിയിൻ സെൽവനിലെ ഗാനരചന നടത്തിയത്.

മണിരത്നതോടൊപ്പം ചേർന്ന് ഇളങ്കോ കുമരവേൽ എഴുതിയ തിരക്കഥയിൽ മനുഷ്യ മനസിന്റെ ദുരൂഹതകളുടെ ആഴം കൂടുതൽ ശക്തമായി തെളിഞ്ഞു. ഏക ലഖാനിയുടെയും പ്രതീക്ഷ പ്രശാന്തിന്റെയും വസ്ത്ര, ആഭരണ ഡിസൈനുകൾ ശൈവ റെഫറൻസ് അടക്കമുള്ള സൂക്ഷ്മമായ കാലത്തിന്റെ രേഖകൾ അതീവ ജാഗ്രതയോടെ കാണികളിലേക്ക് എത്തിക്കുന്നു. ചിത്രത്തിൽ യുദ്ധ രംഗങ്ങൾ തുടക്കവും ഒടുക്കവുമില്ലാതെ നിന്ന പോലെ തോന്നി. സിനിമ കൂടുതൽ ആശ്രയിച്ചത് വൈകാരികതയെ ആയതുകൊണ്ടാവാം മാസ് കാണികൾക്കായി എന്ന മട്ടിൽ ഒരുക്കിയ രംഗങ്ങൾ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കിയില്ല.

Ponniyin Selvan, Ponniyin Selvan movie review, Ponniyin Selvan movie download, Ponniyin Selvan ott, Ponniyin Selvan ticket booking, Ponniyin Selvan film review

ആയിരം വർഷങ്ങൾക്ക് മുൻപേ നടന്ന ഒരു നാടിന്റെ ചരിത്രവും രാഷ്ട്രീയവുമാണ് 'പൊന്നിയിൻ സെൽവ'നിലേക്ക് തന്നെ ആകർഷിച്ചതെന്ന് മണിരത്നം എപ്പോഴും പറയാറുണ്ട്. അത് രണ്ടും ഭദ്രമായി പ്രേക്ഷകരിലേക്ക് അദ്ദേഹം എത്തിച്ചിട്ടുണ്ട്. അതിലെവിടെയും വ്യക്തതകുറവോ ബോധ്യമില്ലായായമയോ അദ്ദേഹത്തിനോ ടീമിൽ ആർക്കെങ്കിലുമോ ഇല്ല. പക്ഷേ അതിനൊപ്പം മണിരത്നത്തെ 'പൊന്നിയിൻ സെൽവ'നിലേക്ക് ആകർഷിച്ചത്, തന്റെ കുട്ടിക്കാലത്ത് തന്റെ തൊട്ടടുത്തിരുന്ന് കഥ പറഞ്ഞു തന്നിരുന്ന 'പൊന്നിയിൻ സെൽവൻ' നോവലിന്റെ ലാളിത്യമാണ്. ഭാഷയ്ക്ക്, എഴുത്തിനു സാധിച്ച ആ ലാളിത്യം ദൃശ്യഭാഷയിൽ കൈവിട്ട് പോകുന്നു. വായന ഒരുക്കുന്ന അനന്ത സാധ്യതക്ക് മുന്നിൽ ചിലപ്പോൾ ഓടി തോൽക്കുന്നുണ്ട് മണിരത്നം, ചിലപ്പോൾ കുതിച്ച് ഒപ്പമെത്തുന്നുമുണ്ട്.

Review Maniratnam Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: