Ponniyin Selvan PS Movie Review: ‘പൊന്നിയിൻ സെൽവൻ’ ആദ്യ ഭാഗം പുറത്തിറങ്ങും മുൻപ് കുറെ പേരെങ്കിലും ഇപ്പോൾ പുറത്തിറങ്ങുന്ന തരത്തിലുള്ള ‘ബാഹുബലി’ മോഡൽ മാഗ്നം ഓപ്പസ് സിനിമ എന്ന നിലയിൽ അതിനെ പ്രതീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്തിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോൾ സിനിമയുടെ നിർമിതിയെ സംബന്ധിച്ചു പ്രേക്ഷകർക്ക് ധാരണ കിട്ടി. ഒരു മാസ് മസാല സിനിമ എന്നതിലുപരി, ഒരു മണിരത്നം സിനിമ എന്നതിലുപരി, അദ്ദേഹം സിനിമയെടുക്കാൻ തുടങ്ങിയ കാലം മുതൽ കണ്ട യാഥാർഥ്യമാക്കാൻ ബുദ്ധിമുട്ടുള്ള സ്വപ്നം എന്ന നിലയിൽ തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരുന്നു. ആ കാത്തിരിപ്പിനെ ഏറെക്കുറെ മുഴുവനായി ശരി വെക്കുന്ന തരത്തിൽ തന്നെയാണ് ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. താൻ പറയാൻ ശ്രമിച്ച കഥയെ, കണ്ട സ്വപ്നത്തെ… ഒക്കെ മറ്റൊരു സിനിമാ ഗിമ്മിക്കുകളും കലർത്താതെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലും മണിരത്നം തുടർന്നു.
വന്ദ്യ തേവൻ എന്ന കാർത്തിയുടെ കഥാപാത്രത്തിലൂടെയാണ് ‘പൊന്നിയിൻ സെൽവൻ’ ആദ്യ ഭാഗത്തിന്റെ കഥ വികസിച്ചത്. പൊന്നി നദി കാണാൻ പോയ അയാളുടെ പല ദേശങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ് ചോള-പാണ്ട്യ രാജ വംശങ്ങളുടെ പകയുടെയും പ്രതികാരത്തിന്റെയും രാജ്യ നിർമിതിയുടേയുമൊക്കെ ചരിത്രം വികസിക്കുന്നത്. എന്നാൽ രണ്ടാം ഭാഗത്തെത്തുമ്പോൾ ആളുകളിൽ നിന്ന് മാറി കുറെ സംഭവങ്ങളിലേക്ക്, വൈകാരികതകളിലേക്ക്, അതിന്റെ തുടർച്ചകളിലേക്ക് ഒക്കെ കഥ നീങ്ങുന്നു. തുടങ്ങി വച്ചത് മുഴുവൻ പറഞ്ഞു കൊണ്ട് തന്റെ സ്വപ്നം അവസാനിപ്പിക്കാനുള്ള മണിരത്നത്തിന്റെ വാശിയാണ് സ്‌ക്രീനിൽ കണ്ടത്. അവിടെ അദ്ദേഹത്തിന്റെ സംവിധാന മികവും രവി വർമന്റെ ക്യാമറയും താരങ്ങളുടെ പ്രകടനവും റഹ്മാന്റെ സംഗീതവുമൊക്കെ ഈയൊരു ആഗ്രഹത്തെ പിന്തുണക്കുന്നു.
‘ഇത് കർമ പരമ്പരകളുടെ സ്നേഹ-രഹിതമായ കാലം’ എന്ന് ഓ വി വിജയൻ എഴുതിയതാണ് ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം സ്‌ക്രീനിൽ കണ്ടപ്പോൾ ഓർമ വന്നത്. സിനിമയിൽ, ഒരു പരിധി വരെ ആ നോവലിലും പറഞ്ഞ കാര്യങ്ങളിൽ നില നിൽക്കുന്ന ഒരേയൊരു കാര്യം അതാണ്. സിനിമയുടെ രണ്ടാം ഭാഗത്തിൽ മിന്നൽ വേഗത്തിൽ നടക്കുന്ന സംഭവങ്ങളിൽ സ്ഥായിയായി നിലനിൽക്കുന്നത് ആ ഒരവസ്ഥ മാത്രമാണ്. ആദ്യ ഭാഗത്തിലെ യാത്ര, പ്രണയം, അന്വേഷണം, ആവേശം, കൊതികൾ ഒക്കെ രണ്ടാം ഭാഗത്തിൽ ഇല്ലാതാവുന്നു. കിരീടവും രാജ്യവും അധികാരവും കയ്യിലുള്ള ഒരു പറ്റം നിസ്സഹായരായ മനുഷ്യരായി ‘പൊന്നിയിൻ സെൽവ’നിലെ കഥാപാത്രങ്ങൾ മാറുന്നു. നിസ്സഹായതയിലൂടെ കഥ വികസിക്കുന്നു. ആദിത്യ കരികാലന്റെ, നന്ദിനിയുടെ, സുന്ദര ചോളന്റെ, വന്ദ്യ തേവന്റെ, കുന്ദവൈയുടെ, അരുൺമൊഴിയുടെ ഒക്കെ നിസ്സഹായതകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
നന്ദിനിയിലൂടെയാണ് ‘പൊന്നിയിൻ സെൽവൻ 2’ വികസിക്കുന്നത്. അവരുടെ അനാഥത്വവും നിസ്സഹായതയും പകയും പ്രതികാരവും പ്രണയവും ഒക്കെ വളരെ വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. അവരുടെ ഭൂത കാലവും വർത്തമാനവുമാണു സിനിമയുടെ ഗതി നിർണയിക്കുന്നത്. സിനിമയിൽ പ്രാധാന്യത്തോടെ കാണിക്കുമെന്ന് കരുതിയ പല കഥാപാത്രങ്ങളെയും മണിരത്നം നിർദാക്ഷിണ്യം ഒഴിവാക്കിയതായി അല്ലെങ്കിൽ പ്രാധാന്യമില്ലാതെ സ്‌ക്രീനിൽ അവതരിപ്പിച്ചതായി കാണാം.
‘പൊന്നിയിൻ സെൽവന്റെ’ മണിരത്നം കാഴ്ച്ചയിൽ കഥയിൽ ഇരുട്ടത്തു നടക്കുന്ന വളരെ പ്രധാനപ്പെട്ട സംഭവമുണ്ട്. ഒരുപക്ഷേ കഥയുടെ ആത്മാവ് എന്ന് തന്നെ പറയാവുന്ന സംഭവമാണത്. അതിനെ വെളിച്ചത്ത് കൊണ്ട് വരുന്നുണ്ട് സിനിമയിൽ. ഒരുപാട് വ്യാഖ്യാന സാധ്യതകൾ ഉണ്ടായിരുന്ന ഒന്നിനെ തുറസായ ഒന്നിലേക്ക് കൊണ്ട് വന്നു അവിടെ. ഒരു ഊഹത്തെ വായനക്കാരന്റെ, ഭാവനയുടെ സാധ്യത വച്ച് സ്‌ക്രീനിൽ എത്തിക്കുകയാണ് സംവിധായകൻ ചെയ്തത്. കാഴ്ചയുടെ തുടർച്ച ആവശ്യമുണ്ടോ എന്ന ചോദ്യത്തെ പോലും ഗൗനിക്കാതെയാണ് സംവിധായകൻ ആ രംഗത്തെ സ്‌ക്രീനിൽ എത്തിച്ചത്.
മാഗ്നം ഓപ്പസ്, ബ്രഹ്‌മാണ്ട സിനിമ എന്നൊക്കെയുള്ള സാധ്യതകൾ സ്വാഭാവികമായും ഈ സിനിമക്ക് ചുറ്റും ഉയരും. പക്ഷേ അതിനോടുള്ള തിരസ്കരണം ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗത്തിൽ തെളിഞ്ഞു കാണാം. ‘ലാർജർ ദാൻ ലൈഫ്’ ആയ ഒന്നും തന്നെ സിനിമ ഒരിടത്തും തരുന്നില്ല. മനഃപൂർവ്വം ഒരുക്കിയ നീളകൂടുതലും കുറവും ഒന്നും ആ രീതിയിൽ കാണുന്ന ആരെയും തൃപ്തിപ്പെടുത്തില്ല. വൈകാരികമായ ഉയർച്ച താഴ്ചകളും മനുഷ്യരുടെ അധികാരത്തിന്റെ ഒക്കെ മറ്റൊരു തരത്തിലുള്ള അന്വേഷണം മാത്രമാണ് സിനിമ.

ടിപ്പിക്കൽ മണിരത്നം കാഴ്ചകൾ ഒന്നും ‘പൊന്നിയിൻ സെൽവനിൽ’ പൊതുവായി ഇല്ല. രണ്ടാം ഭാഗത്തിൽ പ്രത്യേകിച്ചും. വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയം രവി, തൃഷ, പ്രകാശ് രാജ്, ശരത്ത് കുമാർ, പാർഥിപൻ, നാസർ, വിക്രം പ്രഭു,ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ശോഭീത ദുലിപാലാ തുടങ്ങി വലിയൊരു താര നിര സിനിമയിലുണ്ട്. മണിരത്നത്തിനൊപ്പം സിനിമയിലേക്ക് ആളുകളെ ആകർഷിച്ചത് ഈ താര നിര തന്നെയാണ്. ഇതിൽ ആദ്യ ഭാഗത്ത് കാർത്തിയും രണ്ടാം ഭാഗത്ത് ഐശ്വര്യ റായിയുമാണ് പ്രകടനത്തിനു സാധ്യതയുണ്ടായിരുന്ന താരങ്ങൾ. പകരം വെക്കാൻ മറ്റാരുമില്ല എന്ന് തോന്നിപ്പിക്കും വിധം ആ റോളുകൾ ഇരുവരും മികച്ചതാക്കി. രണ്ട് ഭാഗങ്ങളിലും വിക്രത്തിന്റെ ആദിത്യ കരികാലൻ കിട്ടിയ ഇടങ്ങളിൽ സ്വന്തം സ്ക്രീൻ സ്പേസ് ഉറപ്പിക്കുന്നുണ്ട്. മറ്റു താരങ്ങളെല്ലാം സ്വന്തം ഇടങ്ങളിൽ ചെറുതാണെങ്കിലും അവിടെ പ്രകടനങ്ങൾ കൊണ്ട് മികച്ചു നിൽക്കുന്നുണ്ട്. ജയം രവിയുടെ ടൈറ്റിൽ കഥാപാത്രം, ബാബു ആന്റണി, ജയറാം, ഐശ്വര്യ ലക്ഷ്മി ഒക്കെ സ്വന്തം സാധ്യതകളെ ഉപയോഗിക്കുന്നുണ്ട്.
രവി വർമന്റെ ക്യാമറയാണ് സിനിമയുടെ ആത്മാവ്. മണിരത്നം ഉദ്ദേശിച്ച ‘പൊന്നിയിൻ സെൽവ’ന്റെ ദൃശ്യ ഭാഷയൊരുക്കിയത് രവി വർമനും ചേർന്നാണ്. തോട്ടാധാരണിയുടെ പ്രൊഡക്ഷൻ ഡിസൈൻ, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ് ഒക്കെ പ്രതീക്ഷിച്ച മികവ് പുലർത്തി. മണിരത്നത്തോടൊപ്പം ജയമോഹനും ഇളങ്കോയും ചേർന്നൊരുക്കിയ തിരക്കഥയും ഈ താളം തന്നെ പിന്തുടർന്നു. എ ആർ റഹ്മാന്റെ പാട്ടുകൾക്ക് ആ വഴി പിന്തുടരാനായോ എന്ന് സംശയമാണ്.
വളരെ നീണ്ട ഇതിഹാസത്തെ, സങ്കല്പത്തെ ഒക്കെ സ്ക്രീനിലെത്തിക്കാൻ ബുദ്ധിമുട്ടാണ്. ‘പൊന്നിയിൻ സെൽവൻ’ കുറച്ചധികം വലിയ വെല്ലുവിളിയാണ്. കണ്ട സ്വപ്നത്തോട് മണിരത്നം നീതി പുലർത്തിയിട്ടുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിൽ കഥയവസാനിപ്പിക്കാനുള്ള തിടുക്കത്തിൽ ഇടക്ക് സിനിമ ‘ക്ലംസിയാവുന്ന’ അനുഭവമാവും ചില പ്രേക്ഷകർക്കെങ്കിലും അനുഭവപ്പെടുക. ‘ഇസ്തെറ്റിക്കൽ’ പൂർണതക്കപ്പുറം നിൽക്കുന്ന തിടുക്കം അവസാന ഭാഗത്ത് തെളിഞ്ഞു കാണാം. മൂല കഥയിൽ നിന്നുള്ള മാറ്റവും ഇവിടെ അത്ര കണ്ട് രസിപ്പിക്കുന്നില്ല. വീരം വിളഞ്ഞ മണ്ണിനോടുള്ള തമിഴ് സ്നേഹവും ഈ ഭാഗത്തിൽ കുറവാണ്. സ്വത്വ ബോധത്തിനപ്പുറം വൈകാരികത നിഴലിച്ച രംഗങ്ങൾ ആണ് ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തെ നയിക്കുന്നത്.
മണിരത്നത്തെ പോലൊരു സംവിധായകൻ കണ്ട ‘പൊന്നിയിൻ സെൽവന്റെ’ കാഴ്ചയും സ്വപ്നവും ആണ് ‘പൊന്നിയിൻ സെൽവ’നെന്ന സിനിമ. വലിയ സിനിമ എന്ന ബോധ്യത്തേക്കാൾ, താര നിരയേക്കാൾ, ബ്രഹ്‌മാണ്ട സാധ്യതയെക്കാൾ ആ സ്വപ്നത്തിനു മാത്രമാണ് ഈ സിനിമ തുടങ്ങിയവസാനിക്കും വരെ പ്രാധാന്യം. അതിനപ്പുറമുള്ള ഒരു പ്രതീക്ഷയും ‘പൊന്നിയിൻ സെൽവൻ’ കാക്കുന്നില്ല. അത്തരത്തിലുള്ള ഒരു പ്രതീക്ഷയെയും അഡ്രസ് ചെയ്യുന്നത് പോലുമില്ല എന്ന് പറയാം. ആ സ്വപ്നത്തിനു വേണ്ടി തന്റെ പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിലെ കൂടെ പോന്ന സിനിമ സങ്കേതങ്ങളെ പോലും ദൂരെ കളയുന്ന മണിരത്നത്തെ ‘പൊന്നിയിൻ സെൽവനിൽ’ കാണാം.