/indian-express-malayalam/media/media_files/uploads/2023/04/pachuvum-athbutha-vilakkum-.jpg)
Pachuvum Albhuthavilakkum Movie Review
Pachuvum Albhuthavilakkum Movie Review: അലസനും ആളുകളുടെ പ്രിയപ്പെട്ടവനുമായ നായകൻ, ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള അയാളുടെ ആശയക്കുഴപ്പങ്ങൾ, പ്രണയികൾക്കിടയിൽ ഉണ്ടാവുന്ന ജീവിത പാഠങ്ങൾ കൈമാറൽ, പ്രധാന കഥാപാത്രങ്ങളിലാരുടെയെങ്കിലും അനാഥത്വത്തെ പിൻപറ്റിയുള്ള ഒരു കഥ… 'പാച്ചുവും അത്ഭുതവിളക്കും' തുടക്കം മുതൽ ഒടുക്കം വരെ ഒരു സത്യൻ അന്തിക്കാട് സിനിമയെ വളരെ പ്രകടമായി ഓർമിപ്പിച്ചു കൊണ്ടിരുന്നു. സത്യൻ അന്തിക്കാടിന്റെ ഒഴികെ മറ്റൊരു സംവിധായകന്റെ സാന്നിധ്യം പോലും ഓർമിപ്പിക്കാത്ത വിധം സത്യൻ അന്തിക്കാട് സിനിമയാണെന്ന് തോന്നുന്ന സിനിമയാണ് അദ്ദേഹത്തിന്റെ മകൻ അഖിൽ സത്യന്റെ 'പാച്ചുവും അത്ഭുതവിളക്കും.'
മുംബൈ നഗരത്തിന്റെ അത്രയൊന്നും പരിചിതമല്ലാത്ത, കാണാൻ കൗതുകമുള്ള കാഴ്ചകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഇവിടെയുള്ള മലയാളി ജീവിതവും അതിന്റെ രസങ്ങളുമൊക്കെയാണ് 'പാച്ചുവും അത്ഭുതവിളക്കും' ആദ്യ ഭാഗത്തെ മുന്നോട്ട് നയിക്കുന്നത്. പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ലെങ്കിലും ഈ ഭാഗം കാണാൻ ഒഴുക്കുണ്ടായിരുന്നു. സ്വാഭാവികമെന്ന് കാണുന്നവർക്ക് അനുഭവപ്പെടുന്ന എന്തൊക്കെയോ അനുഭവങ്ങളിലൂടെ കഥാപാത്രങ്ങൾ കടന്നു പോകുന്നു. മുന്നോട്ട് പോകെ ഒരുപാട് സംഭവങ്ങൾ ഒന്നിച്ചു നടന്ന്, മൂന്ന് മണിക്കൂർ കൊണ്ട് പോലും മുഴുവനും പറഞ്ഞു തീരാത്ത കഥയും സിനിമയുമൊക്കെയായി മാറുകയാണ് 'പാച്ചുവും അത്ഭുതവിളക്കും.'
പാച്ചു എന്ന ഓമനപ്പേരിൽ എല്ലാവരും വിളിക്കുന്ന പ്രശാന്തിലൂടെയാണ് സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കും പോലെ കഥ നീങ്ങുന്നത്. മുംബൈയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഫ്രഞ്ചയിസി വാടകക്ക് ഏറ്റെടുത്ത് നടക്കുന്ന അയാൾക്ക് തന്റെ ബിസിനസ്സ് വലുതാക്കണമെന്ന ആഗ്രഹമുണ്ട്. എല്ലാവരുടെയും സന്തോഷിപ്പിച്ചു കൂടെ നിർത്താൻ കഴിവുള്ള ഇയാൾ ആളുകളെ പെട്ടന്ന് കയ്യിലെടുക്കാൻ മിടുക്കനാണ്. മുപ്പതുകളുടെ മധ്യത്തിലെത്തിയെങ്കിലും അവിവാഹിതനായി തുടരുന്ന ഇയാൾക്ക് വേണ്ടി പെണ്ണന്വേഷിക്കുന്ന തിരക്കിലാണ് ചുറ്റുമുള്ളവർ.
ഒരു ബിസിനസ്സ് ആവശ്യത്തിനായി നാട്ടിലെത്തുന്ന ഇയാൾക്ക് മുംബൈയിലേക്ക് തിരിച്ചു പോകുമ്പോൾ കടമുറിയുടെ ഉടമയുടെ അമ്മയെയും തിരികെ കൂട്ടേണ്ടി വരുന്നു. ആ യാത്രയിൽ അയാളുടെ ജീവിതം മാറി മറയുന്നു. അത്ഭുതവിളക്ക് മുന്നിൽ വന്നെന്ന പോലെ പാച്ചു തന്റെ യാത്ര തുടങ്ങുന്നു. ഇങ്ങനെ ഒരു കഥ പറയും പോലെ പറഞ്ഞു തുടങ്ങിയവസാനിപ്പിക്കുന്ന വളരെ ലിനിയർ ആയ കഥയാണ് 'പാച്ചുവും അത്ഭുതവിളക്കിന്റെയും.' കഥ പറച്ചിലിനെയും നിർമിതിയെയും ഒന്നും സിനിമ ഒരിക്കലും പരീക്ഷണങ്ങൾക്ക് വിട്ട് കൊടുക്കുന്നില്ല. പൊതുവേ അത്തരം സിനിമകൾ സമകാലിക മലയാള സിനിമയിൽ നിരന്തരം വന്നു പോകുമ്പോൾ 'പാച്ചുവും അത്ഭുതവിളക്കും' മാറി നടക്കുന്നു എന്നത് ശ്രദ്ധേയമായി.
ഒരു കഥാപാത്രത്തിലൂടെ മുന്നോട്ട് പോകുന്ന സിനിമ രീതിയിൽ പൂർണമായും ആശ്രയിക്കുന്നത് ഫഹദ് ഫാസിലിൻറെ പ്രശാന്തിനെ തന്നെയാണ്. ഫഹദ് ചെയ്ത 'ഒരു ഇന്ത്യൻ പ്രണയകഥ'യിലെ അയ്മനം സിദ്ധാർഥിന്റെയും 'ഞാൻ പ്രകാശനി'ലെ പ്രകാശന്റെയും തുടർച്ചയാണ് പാച്ചു. സംഭാഷങ്ങളിൽ സ്വഭാവങ്ങളിൽ ശരീര ചലനങ്ങളിൽ ഒക്കെ പാച്ചു ഇവരെ ആദ്യം മുതൽ അവസാനം വരെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. രണ്ട് പേരുടെയും മിശ്രണം പാച്ചുവിലുണ്ട്. രണ്ട് കഥാപാത്രങ്ങളും ശ്രദ്ധ നേടിയത് കൊണ്ട് ആ നിലക്ക് പ്രേക്ഷകർ ഓർക്കാനും സാധ്യതയുണ്ട്. വളരെ നന്നായി ഫഹദ് ആ റോൾ ചെയ്തിട്ടുണ്ടെങ്കിലും ഈ രണ്ട് കഥാപാത്രങ്ങളുടെയും നിഴൽ സിനിമയിൽ കാണാം.
മുകേഷ്, ശാന്തി കൃഷ്ണ, നന്ദു അൽത്താഫ് തുടങ്ങീ പ്രേക്ഷകർക്ക് പ്രിയപ്പെട്ട, സുപരിചിതരായ താരങ്ങൾക്ക് സിനിമയിൽ വലിയ റോളൊന്നുമില്ല. മരണ ശേഷം ഇന്നസെന്റിനെ വലിയ സ്‌ക്രീനിൽ കണ്ട സിനിമ കൂടിയാണിത്. അദ്ദേഹത്തിനും കാര്യമായി ഒന്നും ചെയ്യാനില്ല. വിനീതിന്റെ റിയാസ് അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിജി വെങ്കടേശ് തുടങ്ങീ പ്രേക്ഷകർക്ക് അത്ര കണ്ട് പരിചിതരല്ലാത്ത മുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. ജസ്റ്റിൻറെ പശ്ചാത്തല സംഗീതം സിനിമയെ നല്ല അനുഭവമാക്കുന്നു. തിരക്കഥ ഹാസ്യത്തെ ചില ഭാഗങ്ങളിൽ ആശ്രയിക്കുന്നുണ്ട്. ഇതിലെ ചില ഭാഗങ്ങൾ തീയറ്ററുകളിലെ ആൾക്കൂട്ടം ആസ്വദിക്കുന്നുണ്ട്. മുംബൈ, ഗോവ തുടങ്ങി കേരളത്തിലെ മധ്യവർത്തി വിവാഹവേദി വരെ നന്നായി എസ്റ്റാബ്ലിഷ് ചെയ്ത സിനിമ കൂടിയാണ് 'പാച്ചുവും അത്ഭുതവിളക്കും.'
'പാച്ചുവും അത്ഭുതവിളക്കും' ആദ്യ ഷോ മുതൽ വിമർശിക്കപ്പെടുന്നത് അതിന്റെ നീളക്കൂടുതൽ കൊണ്ടാണ്. നീള കൂടുതലും കുറവും സിനിമയെ സംബന്ധിച്ച് മെച്ചപ്പെട്ടതാണോ മോശമായതാണോ എന്നൊക്കെ നിർണയിക്കുന്നത് ആ സിനിമക്ക് അതിന്റെ ആവശ്യമുണ്ടോ ഇല്ലയോ എന്നത് കാണികൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്. 'പാച്ചുവും അത്ഭുതവിളക്കും' കഥക്കോ നിർമിതിക്കോ യാതൊരു രീതിയിലും ആവശ്യമില്ലാത്ത നീളകൂടുതൽ കൊണ്ട് പ്രേക്ഷകരെ ചിലയിടങ്ങളിൽ ബുദ്ധിമുട്ടിക്കുന്നുണ്ട് ഈ സിനിമ. യാതൊരു ആവശ്യവുമില്ലാത്ത കുറെ സംഭാഷണങ്ങളും സന്ദർഭങ്ങളും കൊണ്ട് നിറയുന്നുണ്ട് 'പാച്ചും അത്ഭുതവിളക്കും.' സിനിമ തരുന്ന കൗതുകങ്ങളെ അത് ഇല്ലാതാക്കുന്നു. കുത്തി നിറച്ച നന്മ, മോട്ടിവേഷൻ, സ്നേഹത്തെയും നന്മയെയും ഉയർച്ചയെയും മരണത്തെയും സന്തോഷത്തെയും ഒക്കെ പറ്റിയുള്ള ഇൻസ്റ്റഗ്രാം റീലിൽ കാണും പോലുള്ള തത്വചിന്തകൾ ഒക്കെ പലയിടങ്ങളിലും അനാവശ്യമായി തോന്നി.
'ഓൾഡ് സ്കൂൾ' എന്ന് വിളിപ്പേരുള്ള ഒരു കഥാഗതിയെയും നിർമിതിയെയും ആശ്രയിക്കുന്ന, വളരെയധികം പറഞ്ഞു പഴകിയ കഥ വീണ്ടും പറയുന്ന, ഇടക്ക് കുടുംബ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന സിനിമയാണ് 'പാച്ചുവും അത്ഭുതവിളക്കും.'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.