scorecardresearch
Latest News

ദുരിതപർവം താണ്ടാൻ ആയിരങ്ങൾക്ക് കരുത്തായ വിജി ഇനി സിനിമാതാരം

സത്യൻ അന്തികാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുകയാണ് വിജയലക്ഷ്മി എന്ന വിജി

Viji Venkatesh, Paachuvum Albhudhavilakkum, malayalam Movie
വിജി വെങ്കടേഷ്

കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്റെ ഏഷ്യൻ ഹെഡ് ഒരു മലയാളിയാണെന്ന കാര്യം എത്ര പേർക്ക് അറിയാം. തൃശൂർ പൂങ്കുന്നം സ്വദേശിയായ വിജയലക്ഷ്മി വെങ്കടേഷാണ് ആ വലിയ ദൗത്യത്തിന്റെ അമരത്തുള്ളത്. വർഷങ്ങളായി മാക്സിൽ പ്രവർത്തിക്കുന്ന വിജയലക്ഷ്മി മുംബൈയിലെ തന്റെ സ്ഥിര ജോലിയിൽ നിന്ന് ഇടവേളയെടുത്ത് കേരളത്തിലേക്കെത്തി. സിനിമാ ലോകത്തേയ്ക്കുള്ള ചുവടുവപ്പിനു മുന്നോടിയായ ഇടവേളയായിരുന്നു അത്. സത്യൻ അന്തികാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുകയാണ് വിജയലക്ഷ്മി എന്ന വിജി.

കാസ്റ്റിങ്ങ് ഡയറക്ടർ വഴിയാണ് മലയാള സിനിമയിലേക്കും അതിലുപരി അഭിനയ ലോകത്തേയ്ക്കുമുള്ള ക്ഷണം വിജിയ്ക്കു ലഭിക്കുന്നത്. സിനിമയോടുള്ള അഖിലിന്റെ സ്നേഹമാണ് തന്നെ ഈ കഥാപാത്രത്തിലേക്ക് അടുപ്പിച്ചതെന്ന് വിജി പറയുന്നു. മലയാളം ശരിക്കും വഴങ്ങാത്ത വിജിയെ ഭാഷ പഠിപ്പിക്കാനായി ട്യൂട്ടറെ ഏർപ്പാടാക്കിയതും സംവിധായകൻ തന്നെയാണ്. അഭിനയവും സിനിമയും തന്റെ സ്വപ്നത്തിൽ പോലും കാണാത്ത വിജിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല താൻ ഒരു സിനിമയുടെ ഭാഗമായെന്ന്.

ഡൽഹിയിൽ പഠിച്ച് വളർന്ന വിജിയ്ക്ക് താൻ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് വിശ്വസിക്കാനാകുന്നില്ലെങ്കിൽ അതു സ്വാഭാവികം മാത്രമാണ്. കാരണം, വിജിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഡൽഹി, മുംബൈ, അമേരിക്ക എന്നീ നഗരങ്ങളിലാണ് ചെലവഴിച്ചത്. ഒരുപക്ഷേ ജന്മനാടിനോട് വിജിയെന്നും മനസ്സിൽ കാത്തു സൂക്ഷിച്ച അടുപ്പമായിരിക്കാം വിജിയെ മലയാള സിനിമയിലെത്തിച്ചത്.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ വിജി വിവാഹ ശേഷം ഒരു സാധാരണ വീട്ടമ്മായി ജീവിതം ആസ്വദിക്കുകയായിരുന്നു. ഭർത്താവിന്റെ ജോലിയുടെ ഭാഗമായി അമേരിക്കയിലെ വെനിൻസ്വലയിലെത്തിയതോടെ വിജിയുടെ ജീവിതം മാറിമറിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കുടുംബത്തെ പിന്തുണയ്ക്കാൻ വിജി ജോലിയ്ക്കിറങ്ങി. വീടുകൾ തോറും മേക്കപ്പ് സാധനങ്ങൾ വിറ്റും മറ്റു ചെറിയ ജോലികൾ ചെയ്തുമാണ് വിജി കുടുംബത്തെ നയിച്ചത്. വിജിയുടെ ഭർത്താവ് ആ സമയത്ത് എംബിഎയ്ക്ക് പഠിക്കുകയായിരുന്നു. തിരികെ മുംബൈയിലെത്തിയ വിജി വളരെ യാദൃശ്ചികമായാണ് കാൻസർ രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായത്. സമൂഹത്തിലെ താഴേ തട്ടിലുള്ളവരോടെല്ലാം ഇടപെട്ട് വിജി വളർത്തിയത് ഒരു സമൂഹത്തിന്റെ അവബോധവും അതിലുപരി തന്നെ തന്നെയായിരുന്നു.

“അർബുദം എന്നത് ജീവനു വളരെ ആപത്തായേക്കാവുന്ന ഒരു അസുഖമാണ്. ഇതു ബാധിച്ചവർ ജീവിതത്തെ നോക്കി കാണുന്ന രീതിയിൽ നല്ല വ്യത്യാസമുണ്ട്. ഒരുപാട് ആളുകളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്, അവരോട് സംസാരിക്കുമ്പോൾ പ്രത്യേക ഊർജവും ധൈര്യവുമൊക്കെ തോന്നാറുണ്ട്” വിജി പറഞ്ഞു.

തന്റെ പ്രവർത്തനമേഖല മുംബൈയാണെങ്കിലും കേരളത്തെക്കുറിച്ചുള്ള നല്ല ഓർമകൾ ഇന്നും വിജിയുടെ മനസ്സിലുണ്ട്. കുട്ടികാലത്ത് വേനൽ അവധിയ്ക്കു കേരളത്തിലേക്ക് ട്രെയിൻ കയറുന്നത് ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയോടെ വിജി വിശദീകരിച്ചു. തൈക്കാവിലുള്ള തന്റെ മുത്തശ്ശിയുടെ വീടും പൂങ്കുന്നത്തെ വീട്ടിൽ നിന്നൊരിക്കൽ തൃശൂർ പൂരം കാണാൻ പോയതുമെല്ലാം വിജി ഓർത്തെടുത്തു. ഏതു നാട്ടിൽ പോയാലും കേരളത്തിലെത്തുമ്പോഴാണ് ഹോം ഫീലിങ്ങ് തോന്നുന്നതെന്നും വിജി പറയുന്നു. ഇതേ കാരണം കൊണ്ടാണ് അമേരിക്കയിലെ 7-8 വർഷത്തെ ജീവിതത്തിനു ശേഷം വിജിയും കുടുംബവും മുംബൈയിലേക്ക് മടങ്ങിയെത്തിയത്.

സിനിമയിൽ ആദ്യമായാണ് വിജി എത്തുന്നതെങ്കിലും ബോളിവുഡിലെ സൂപ്പർ സ്റ്റാർ സൽമാനുമായി അടുത്ത ബന്ധം നിലനിർത്തുന്നു. സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിജിയെ സൽമാൻ ആദ്യമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി വിജിയ്ക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സൽമാനും കൂടെയുണ്ട്.

ഇത്രയും കാലം വിജി വെങ്കടേഷെന്ന പേര് മുംബൈ നഗരത്തിൽ മാത്രമാണ് നിറഞ്ഞു നിന്നത്. എന്നാൽ ഇനി മലയാളക്കരയിലും വിജിയുടെ പേര് നിറയാൻ ഒരുങ്ങുകയാണ്. മലയാള സിനിമയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിജി ഇഷ്ടനടനായ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ്.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Max foundation asia region head viji vekatesh to act in akhil satyan new movie paachuvum albudhavilakum