scorecardresearch

Ini Utharam Movie Review & Rating: വാർപ്പ് മാതൃകകളിൽ കുടുങ്ങി മറ്റൊരു ത്രില്ലർ; ഇനി ഉത്തരം റിവ്യൂ

Ini Utharam Malayalam Movie Review & Rating: പൊതുവെ മലയാളത്തിലെ ക്രൈം ത്രില്ലറുകളും ഇൻവെസ്റ്റിഗെഷൻ സിനിമകളുമൊക്കെ ഒരു പ്രത്യേക തരം സംഭാഷണശൈലിയും പശ്ചാത്തല സംഗീതവുമൊക്കെക്കൊണ്ട് ഒരു ഏകതാനത സൃഷ്ടിക്കാറുണ്ട് . ഇനി ഉത്തരവും അതെ പതിവ് രീതികളിലൂടെ സഞ്ചരിച്ചാണ് കഥ പറയുന്നത്

Ini Utharam Malayalam Movie Review & Rating: പൊതുവെ മലയാളത്തിലെ ക്രൈം ത്രില്ലറുകളും ഇൻവെസ്റ്റിഗെഷൻ സിനിമകളുമൊക്കെ ഒരു പ്രത്യേക തരം സംഭാഷണശൈലിയും പശ്ചാത്തല സംഗീതവുമൊക്കെക്കൊണ്ട് ഒരു ഏകതാനത സൃഷ്ടിക്കാറുണ്ട് . ഇനി ഉത്തരവും അതെ പതിവ് രീതികളിലൂടെ സഞ്ചരിച്ചാണ് കഥ പറയുന്നത്

author-image
Aparna Prasanthi
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ini Utharam, Ini Utharam Review, Ini Utharam movie review, Ini Utharam OTT, Ini Utharam movie download

Aparna Balamurali starrer Ini Utharam Malayalam Movie Review & Rating: ഹിൽസ്റ്റേഷനിലെ അരിച്ചിറങ്ങുന്ന തണുപ്പിൽ സംഭവിക്കുന്ന ഭീകരമായ കുറ്റകൃത്യം, അതിനു പിന്നിലെ ദുരൂഹത അന്വേഷിച്ചുള്ള സഞ്ചാരം തുടങ്ങി മലയാള ത്രില്ലർ ചിത്രങ്ങൾ കുറച്ചധികം കാലമായി പിന്തുടരുന്ന അതെ വഴിയിലാണ് ഇനി ഉത്തരവും സഞ്ചരിക്കുന്നത്.

Advertisment

പൂപ്പാറ, കുന്നിറങ്ങി വരുന്ന ബസ്, ഒഴിഞ്ഞയിടത്തിലെ പോലിസ് സ്റ്റേഷൻ തുടങ്ങി ഭൂമികയിലും കഥാ സന്ദർഭങ്ങളിലും വാർപ്പ് മാതൃകകളെ സിനിമ അതെ പടി പിന്തുടരുന്നു. പൊതുവെ മലയാളത്തിലെ ക്രൈം ത്രില്ലറുകളും ഇൻവെസ്റ്റിഗെഷൻ സിനിമകളുമൊക്കെ ഒരു പ്രത്യേക തരം സംഭാഷണശൈലിയും പശ്ചാത്തല സംഗീതവുമൊക്കെക്കൊണ്ട് ഒരു ഏകതാനത സൃഷ്ടിക്കാറുണ്ട്. 'ഇനി ഉത്തരവും' അതെ പതിവ് രീതികളിലൂടെ സഞ്ചരിച്ചാണ് കഥ പറയുന്നത്.

നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത 'ഇനി ഉത്തരം' ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം അപർണ ബാലമുരളി പ്രധാന വേഷത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. സിനിമയുടെ പ്രധാന ഹൈലൈറ്റും പരസ്യവുമെല്ലാം അപർണയുടെ സാനിധ്യമായിരുന്നു.

Advertisment

വളരെ നന്നായി തന്നെ സ്വന്തം റോൾ ആദ്യാവസാനം അപർണ കൈകാര്യം ചെയ്തു. പക്ഷെ അത്ഭുതകരമെന്ന് പറയട്ടെ, അവരുടെ സ്ക്രീൻ ടൈം വളരെ കുറവായിരുന്നു. അവരിലൂടെ മുന്നോട്ട് പോകുന്ന കഥയിൽ ഷാജോണും ഹരീഷ് ഉത്തമനുമൊക്കെയാണ് പ്രധാന റോളുകളിൽ ആദ്യം മുതൽ അവസാനം വരെ നിറഞ്ഞു നിൽക്കുന്നത്.

പല കാലങ്ങളിൽ പല സിനിമകളിൽ വന്നു പോയ കഥാപാത്രങ്ങളുടെ നിഴലുകൾ വല്ലാതെ പ്രതിഫലിക്കുന്നുണ്ടെങ്കിലും പ്രധാന താരങ്ങളുടെ പ്രകടനം തന്നെയാണ് സിനിമയെ ചിലയിടങ്ങളിലെങ്കിലും പരിക്കേൽക്കാതെ രക്ഷിക്കുന്ന ഘടകം.

സിനിമയുടെ കഥാഗതിയിലേക്ക് വന്നാൽ എറണാകുളത്തെ പ്രശസ്തമായ ഒരാശുപത്രിയിലെ ഓർത്തോ സർജനായ ജാനകി ഇടുക്കിയിലെ പൂപ്പാറ എന്ന ഒഴിഞ്ഞ ഗ്രാമത്തിലെ പോലിസ് സ്റ്റേഷനിൽ എത്തുന്നതും ആ സ്റ്റേഷൻ പരിധിയിൽ വച്ചു താൻ ഒരു കൊലപാതകം നടത്തി എന്ന് വിളിച്ചു പറയുന്നതും അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും ആ വെളിപ്പെടുത്തൽ പിന്നീട് എത്തിക്കുന്ന വിചിത്രമായ ഉത്തരങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ കഥാഗതി.

ഒറ്റ വരിയിൽ പറയുമ്പോൾ പുതുമയുള്ള, ആകാംക്ഷയുണ്ടാക്കുന്ന ഈ കഥാഗതി ഒരു സിനിമയുടെ വലിയ ഫ്രെയിമിലേക്ക് വന്നാൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ യുക്തികളോട് കലഹിച്ചാണ് സിനിമ സഞ്ചരിക്കുന്നത്.

ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളെക്കാൾ വൈകാരികമായ സംഘർഷങ്ങൾ നിറഞ്ഞ നിമിഷങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു സിനിമ. സിദ്ദിഖ്, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ നിർണായക സന്ദർഭങ്ങളിൽ വന്നു പോകുന്നുണ്ട്. പക്ഷെ കൃത്യമായി നിർവചിക്കപ്പെട്ട രീതിയിൽ എഴുതപ്പെട്ട കഥാപാത്രങ്ങൾ സിനിമയിൽ കുറവാണ്.

എല്ലാ ഉത്തരങ്ങൾക്കും ഒരു ചോദ്യമുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ആ പരസ്യ വാചകത്തെ ആദ്യ ഭാഗത്ത് സിനിമ ആശ്രയിക്കുന്നുണ്ട്. വ്യക്തമായ ഉത്തരത്തിനു പിന്നിലെ ചോദ്യങ്ങളിലേക്കാണ് സിനിമ കടന്നു പോകുന്നത്. കൊലപാതകം, കുഴിച്ചിട്ട മൃതദേഹം, കുഴി മാന്തൽ തുടങ്ങി ഷാജോണിന്റെ പാത്ര നിർമിതിയിൽ വരെ പ്രത്യക്ഷമായ 'ദൃശ്യം' സ്വാധീനം കാണാം.

ഇടക്കാലത്തെപ്പോഴോ മലയാള സിനിമ ഉപേക്ഷിച്ചിരുന്ന ഉത്തരത്തിനു പുറകിലെ ചോദ്യം കണ്ടെത്തൽ 'ദൃശ്യ'ത്തിന്റെ വൻ വിജയത്തിന് ശേഷം വീണ്ടും സജീവമാകുകയാണ്. 'ഇനി ഉത്തരവും' അതെ പാതയിൽ തന്നെയാണ് മുന്നോട്ട് പോയത്. പക്ഷെ യുക്തിഭദ്രമായ കെട്ടുറപ്പ് സിനിമക്ക് നഷ്ടപ്പെട്ടു പോകുന്നു.

മലയാള സിനിമയിൽ രാഷ്ട്രീയക്കാർ, മന്ത്രിമാർ ഒക്കെ കടന്നു വരുന്നത് ഒരേ അച്ചിലിട്ട് വാർത്തത് പോലെയാണ്. രഞ്ജി പണിക്കർ - ഷാജി കൈലാസ് ടീമിന്റെ പൊളിറ്റിക്കൽ ഡ്രാമയിലെ വില്ലന്മാർ ആണ് ഇപ്പോഴും പോപ്പുലർ സിനിമ ഇത്തരം കഥാപാത്രങ്ങളെ നിർമ്മിക്കുമ്പോൾ ഉള്ള റഫറൻസ്.

കാലവും രാഷ്ട്രീയ നേതാക്കളും അടിമുടി മാറിയപ്പോഴും വസ്ത്ര ധാരണം മുതൽ സംഭാഷണങ്ങൾ വരെ മലയാള സിനിമ പലപ്പോഴും ആവർത്തിച്ചു. ആ ആവർത്തനത്തിന്റെ വിരസത 'ഇനി ഉത്തര'ത്തിലും കാണാം. തന്റെ അധികാരത്തിനു നേരെ വരുന്ന ഓരോരുത്തരെയും കൊന്നു കൊണ്ടേ ഇരിക്കുന്ന രാഷ്ട്രീയക്കാരൻ, അയാളുടെ കാവൽക്കാരനായ പോലീസുകാരൻ, അധികാര വടംവലി ഒക്കെ എത്രത്തോളം സത്യമാണ് എന്നറിയില്ല, എന്തായാലും മലയാള സിനിമയിലെ കാണുന്നവരെ എല്ലാം കൊല്ലുന്ന ആഭ്യന്തര മന്ത്രി വലിയൊരു ക്‌ളീഷേ ആണ്. 'ദൃശ്യ'ത്തിനു ശേഷം വരുന്ന സമാന സ്വഭാവമുള്ള പോലിസ് വേഷങ്ങൾ ഷാജോണിന്റെ കരിയറിനും വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.

സാങ്കേതികതയിലും കഥാപാത്ര നിർമിതിയിലും കഥാഗതിയിലും സംഭാഷണങ്ങളിലും ക്യാമറയിലും പശ്ചാത്തല സംഗീതത്തിലുമൊക്കെ ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്ന ത്രില്ലർ സിനിമകളുടെയും ത്രില്ലർ പോപ്പുലർ ഫിക്ഷന്റെയും സ്വഭാവങ്ങൾ വ്യത്യസ്തതകളൊന്നുമില്ലാതെ പിൻപറ്റുന്ന സിനിമയാണ് 'ഇനി ഉത്തരം.' അത്തരം സിനിമകളുടെ കാഴ്ചക്കാർക്ക് പുതുതായി ഒരനുഭവം എവിടെയും ചിത്രം പകർന്നു നൽകിയതായി തോന്നിയില്ല. അത്തരം പുതുമകൾ ഒന്നും പ്രതീക്ഷിക്കാതെ ക്രൈം സിനിമകൾ ആസ്വദിക്കുന്നവർക്ക് മാത്രം ചിലപ്പോൾ രസിച്ചേക്കാവുന്ന സിനിമയാണ് ഇനി ഉത്തരം.

Aparna Balamurali Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: