Rorschach Malayalam Movie Review & Rating: ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ റോഷാക്ക്. റോഷാക്കിന്റ ലോകത്തേക്കുള്ള ആദ്യകാഴ്ച തന്നെ അത്രയേറെ ഇംപ്രസീവ് ആയിരുന്നു, പിന്നീടു വന്ന ടീസറും ട്രെയിലറുമൊക്കെ ആ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നതും. കാത്തിരിപ്പിനു വിരാമമിട്ട് റോഷാക്ക് ഇപ്പോൾ തിയേറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്.
ചിത്രം തിയേറ്ററിലേക്ക് എത്തുമ്പോഴും, ആദ്യകാഴ്ചയിൽ സിനിമാസ്വാദകർക്ക് തോന്നിയ പ്രതീക്ഷയും പുതുമയുമെല്ലാം ഒട്ടും ചോർന്നുപോവാതെ കാക്കാനും ഗംഭീരമായൊരു തിയേറ്റർ അനുഭവം സമ്മാനിക്കാനും റോഷാക്കിനു സാധിച്ചിട്ടുണ്ട്. സാമ്പ്രദായികമായ സിനിമാ ആസ്വാദന രീതികളെയെല്ലാം പുറത്തുനിർത്തി വേണം റോഷാക്കിന് കയറാൻ. കാരണം, അവിടെ നായകനെ പരിചയപ്പെടുത്തുന്ന ഗംഭീര ഇൻട്രോ സീനുകളോ മാസ് ബിജിഎമ്മോ ഒന്നുമില്ല. വിജനമായൊരു വഴിയുടെ ഒരപ്രതീക്ഷിത തിരിവിൽ നിന്നും ലൂക്ക് ആന്റണി സ്ക്രീനിലേക്ക് കയറിവരികയാണ്. നിഗൂഢതയുടെ പരിവേഷവുമായി എത്തുന്ന ലൂക്കിനൊപ്പം ഉദ്വേഗഭരിതമായ മനസ്സോടെ പ്രേക്ഷകരും നടന്നുതുടങ്ങുകയാണ് അവിടം മുതൽ.
വിദേശത്ത് ജനിച്ചുവളർന്നയാളാണ് ലൂക്ക് ആന്റണി. ഹിൽസ്റ്റേഷനിലെ ആ പൊലീസ് സ്റ്റേഷനിലേക്ക് അയാൾ എത്തുന്നത്, യാത്രയ്ക്കിടയിൽ അയാളുടെ ഗർഭിണിയായ ഭാര്യയെ കാണാതെയായി എന്ന പരാതിയുമായാണ്. പൊലീസും ആ നാടുമെല്ലാം ലൂക്കിനൊപ്പം അന്വേഷണത്തിന്റെ ഭാഗമാവുന്നു. എന്നാൽ, ആദ്യകാഴ്ചയിൽ പാവമെന്നു തോന്നിക്കുന്ന ലൂക്കിന്റെ ഇടപെടലുകളും അയാളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും പലരിലും സംശയമുണർത്തുന്നു. ആരാണ് ലുക്ക് ആന്റണി? എന്താണ് അയാളുടെ വരവിന്റെ യഥാർത്ഥ ഉദ്ദേശം? ആ ചോദ്യങ്ങൾക്കുത്തരം തേടുന്ന കഥാപാത്രങ്ങൾക്കൊപ്പം കാഴ്ചക്കാരും സഞ്ചരിച്ചു തുടങ്ങുന്നിടത്ത് റോഷാക്ക് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യപ്പെടുകയാണ്.
മമ്മൂട്ടിയുടെ സമാനതകളില്ലാത്ത പ്രകടനമാണ് റോഷാക്കിൽ കാണാനാവുക. ആദ്യഫ്രെയിമിൽ തുടങ്ങി ക്ലൈമാക്സിൽ വരെ നിറഞ്ഞു നിൽക്കുകയാണ് ലൂക്ക്. സൂക്ഷ്മമായ ഭാവങ്ങളും ചലനങ്ങളും ശരീരഭാഷയും കൊണ്ടും ആദ്യസീനുകളിൽ തന്നെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ സമർത്ഥമായി രേഖപ്പെടുത്താൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെന്ന താരത്തിനെയോ മുൻപു ചെയ്തു കഥാപാത്രങ്ങളുടെ ഭാരമോ ലൂക്ക് ചുമക്കുന്നില്ല. ഏറ്റവും പ്രിയപ്പെട്ടൊരാളെ നഷ്ടമായാൽ ഒരു മനുഷ്യൻ ഏതറ്റം വരെ സഞ്ചരിക്കും? പ്രിയപ്പെട്ടൊരാൾക്കായി ഒരു മനുഷ്യനു സഞ്ചരിക്കാവുന്ന ദൂരത്തിന്റെ ഔന്നത്യങ്ങളിലാണ് തലയോട്ടി ആഷ്ട്രേയാക്കി, എതിരാളിയെ അടിച്ചുവീഴ്ത്താനൊരു ഇരുമ്പു ചുറ്റികയുമായി ലൂക്ക് ഇരുപ്പുറപ്പിക്കുന്നത്.
ലൂക്കിന്റെ ജീവിതം അയാൾ അതുവരെ കണ്ടിട്ടില്ലാത്ത ഒരുപറ്റം മനുഷ്യരുമായി കൂടെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ, ലൂക്കിന്റെ മാത്രം കഥയല്ല റോഷാക്ക്, അയാളോളം തന്നെ പ്രാധാന്യമുള്ള ശക്തരായ കഥാപാത്രങ്ങൾ വേറെയുമുണ്ട് ചിത്രത്തിൽ. ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം എന്നിവരും വളരെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സൂത്രധാരനു ശേഷം ഏറെ ശക്തമായ കഥാപാത്രമായി ബിന്ദു പണിക്കരെ കാണാവുന്നൊരു ചിത്രം കൂടിയാണിത്. പലവിധത്തിലുള്ള വൈകാരികതയിലൂടെ കടന്നുപോവുന്ന കഥാപാത്രാണ് ബിന്ദുപണിക്കരുടെ സീതമ്മ. അസാധ്യമായ ഭാവപകർച്ചകളോടെ രണ്ടാം പകുതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചുകളയുന്ന ബിന്ദു പണിക്കർ പലപ്പോഴും ലൂക്കിന് ഒത്തൊരു എതിരാളിയായി സീതാമ്മയെ ഉയർത്തുന്നുണ്ട്.

ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ ലഭിക്കുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾക്ക് അതിൽ എന്ത് കാണുന്നു എന്ന് പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ധാരണകൾ രേഖപ്പെടുത്തുകയും ചെയ്യുന്നൊരു സൈക്കോളജിക്കൽ ടെസ്റ്റാണ് റോഷാക്ക്.
മനഃശാസ്ത്രപരമായ വ്യാഖ്യാനമോ സങ്കീർണ്ണമായ അൽഗോരിതങ്ങളോ ഉപയോഗിച്ച് ഇതുവഴി വ്യക്തികളെ വിശകലനം ചെയ്യും. ഒരാളുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക അവസ്ഥകളും പ്രതിഫലനങ്ങളുമൊക്കെ മനസ്സിലാക്കാനും ആ വ്യക്തിക്കുള്ളിൽ അന്തർലീനമായ ചിന്താവൈകല്യങ്ങൾ കണ്ടെത്താനുമൊക്കെ റോഷാക്ക് ടെസ്റ്റിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.
ഇവിടെ പ്രേക്ഷകർക്കുള്ള റോഷാക്ക് ടെസ്റ്റാണ് ലൂക്ക് എന്ന കഥാപാത്രം. നിഗൂഢതകളിലൂടെയും ഭ്രമകല്പനങ്ങളിലൂടെയും കടന്നുപോവുന്ന ലൂക്കിന്റെ യാത്രകൾ, അയാളുടെ മൈൻഡ് ഗെയിമുകൾ എന്നിവയെല്ലാം കാഴ്ചയ്ക്ക് അവസാനം പ്രേക്ഷകർക്ക് നൽകുക മനശാസ്ത്രപരമായ ചില തിരിച്ചറിവുകളാണ്.
വെറുതെ കണ്ടുപോകാനാവുന്ന ഒരു ചിത്രമല്ല റോഷാക്ക്, അവിടെ പ്രേക്ഷകരുടെ ശ്രദ്ധയും പൂർണ്ണമായ മുഴുകലും ആവശ്യമാണ്. റോഷാക്ക് ടെസ്റ്റു പോലെ, പേപ്പറിൽ പടർന്ന മഷിയിൽ നിന്ന് വ്യാഖ്യാനങ്ങളിലെത്തി ചേരുന്നതുപോലെ, ചിതറി കിടക്കുന്ന വിഷ്വലുകളിലൂടെയും സൂചകങ്ങളിലൂടെയും വേണം പ്രേക്ഷകർ കഥയുടെ ഭൂമികയിലേക്ക് സ്വയമെത്തിച്ചേരാൻ. അവിടെ മാത്രമേ ചിത്രത്തിന്റെ പൂർണമായ ആസ്വാദനം സാധ്യമാകുകയുള്ളൂ. ഒരു സിനിമാനുഭവമെന്നതിനപ്പുറം മനോഹരമായൊരു ഫിക്ഷന്റെ സുഖം കൂടി തരുന്നുണ്ട് റോഷാക്ക്.

കെട്ട്യോളാണ് എന്റെ മാലാഖയിൽ നിന്നും റോഷാക്കിലേക്ക് എത്തുമ്പോൾ തീർത്തും വ്യത്യസ്തമായൊരു ട്രീറ്റ്മെന്റാണ് സംവിധായകൻ നിസാം ബഷീർ സ്വീകരിച്ചിരിക്കുന്നത്. വെറുമൊരു പ്രതികാരകഥയായി മാറാതെ റോഷാക്കിനെ വേറിട്ട അനുഭവമാക്കുന്നത് സംവിധായകന്റെ മേക്കിങ് മികവ് തന്നെയാണ്.
പ്ലോട്ടിന്റെ പുതുമയും മേക്കിംഗിലെ പരീക്ഷണാത്മകമായ സമീപനങ്ങളുമെല്ലാം ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ കളർ ടോൺ, നിമിഷ് രവിയുടെ സിനിമോട്ടോഗ്രാഫി, കിരൺ ദാസിന്റെ എഡിറ്റിംഗ് തുടങ്ങിയ സാങ്കേതികമായ വശങ്ങളും മികവു പുലർത്തുന്നു. സംഘർഷഭരിത നിമിഷങ്ങളെ അപ് ലിഫ്റ്റ് ചെയ്യുന്നതിൽ മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതത്തിന് വലിയൊരു പങ്കുണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റോഷാക്ക് റിലീസ് ചെയ്തിരിക്കുന്നത്.
പല ലെയറുകളുള്ള തിരക്കഥയാണ് റോഷാക്കിന്റെ അടിത്തറയുറപ്പിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വ്യക്തികൾക്കുള്ളിലെ ഗ്രേ ഷെയ്ഡുകളെ കൂടി തുറന്നുകാണിക്കുന്നുണ്ട് ചിത്രം. സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറുന്ന മനുഷ്യരെ, അവരിലെ നന്മ തിന്മകളെയൊക്കെ അടരുകളായി, മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നു റോഷാക്ക്.
പേരുകളുടെ മഹിമ പേറുന്നവർ, മരണത്തിനപ്പുറവും മറ്റുള്ളവരുടെ മനസ്സുകളിലൂടെ ജീവിക്കുന്നവർ- വ്യക്തികളെ സാമൂഹികമായും വൈകാരികമായും കൊളുത്തിയിടുന്ന ഇത്തരം ലേബലുകളെയെല്ലാം മറ്റൊരു വീക്ഷണകോണിലൂടെയാണ് റോഷാക്ക് സമീപിക്കുന്നത്. പല തലങ്ങളിലായി വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന റോഷാക്ക് തിയേറ്ററിന്റെ ആമ്പിയൻസിൽ കാണേണ്ടൊരു ചിത്രമാണ്. ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ചിത്രത്തിന് ടിക്കറ്റെടുക്കാം, കാശ് പോവില്ല.