മൂന്നാം വയസ്സിലാണ് പത്മപ്രിയ എന്ന പെൺകുട്ടി നൃത്തത്തിന്‍റെ ലോകത്തേക്ക് ചുവടു വയ്ക്കുന്നത്. പാട്ടിനൊപ്പം താളബോധത്തോടെ ചുവടു വയ്ക്കാൻ ശ്രമിക്കുന്ന ആ പെൺകുട്ടിയ്ക്കുള്ളിലെ കല ആദ്യമായി തിരിച്ചറിഞ്ഞത് അമ്മ വിജയയാണ്. നാലര വയസ്സിൽ ആദ്യ സ്റ്റേജ് പ്രോഗ്രാം, അവിടുന്നിങ്ങോട്ട് ഇന്നോളം എത്രയോ വേദികള്‍.
എന്നാൽ, കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന്, കേരളത്തിലെ വിഖ്യാതമായ സൂര്യ നൃത്തസംഗീതോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ നടത്തിയ പ്രകടനം പത്മപ്രിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം, സ്വന്തം ശരീരവുമായി നടത്തിയ ഒരു പോരാട്ടത്തിനൊടുവിൽ പത്മപ്രിയയിലെ കലാകാരി തിരികെ പിടിച്ചതായിരുന്നു ആ വേദി. രണ്ടു-രണ്ടര വർഷം മുൻപു വരെ കുറച്ചു ദൂരം നടക്കുമ്പോഴേക്കും നീരു വന്ന് വേദനയാൽ പുളയുന്ന കാലുകളും ഒരടി പോലും മുന്നോട്ട് ചലിക്കാനാവാത്ത അവസ്ഥയുമായിരുന്നു പത്മപ്രിയയുടെ യാഥാർത്ഥ്യം. ആ യാഥാർത്ഥ്യത്തെയും ശാരീരിക അസ്വസ്ഥതകളെയും മറി കടന്ന് ഒന്നരമണിക്കൂർ തുടർച്ചയായി നൃത്തം ചെയ്യാനായതിന്‍റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം.
കടന്നു പോയ വെല്ലുവിളികളെ കുറിച്ചും അതിജീവനത്തെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് പത്മപ്രിയ.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
ഒരു തരത്തിലുള്ള പേശികളുടെ ബലക്ഷയം ( Muscle Weakness) ആയിരുന്നു പ്രശ്നം. അരയ്ക്കു താഴ്ഭാഗം മുതൽ കാൽപാദം വരെ പ്രശ്നമായിരുന്നു, ഒരു നൂറു മീറ്റർ നടക്കുമ്പോഴേക്കും അത്രയും ഭാഗം നീരു വയ്ക്കും. നീര് മാറി പഴയതു പോലെയാവാൻ, തലയിണയിലും മറ്റും കാല് ഉയർത്തി വച്ച് ഇരിക്കുകയായിരുന്നു പിന്നെ ചെയ്യാനുണ്ടായിരുന്നത്. സാധാരണ മൂവ്മെന്റ്സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന എന്‍റെ ശരീരഭാരം 85 കിലോയിലെത്തി. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ഡോക്ടേഴ്സിനു കൃത്യമായി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. വേദന കൂടി വഷളാവുമ്പോൾ ഡോക്ടേഴ്സിനെ കാണും. അവർ എക്സ്റേ എടുത്തു നോക്കും, എല്ലുകൾക്കോ പേശികൾക്കോ ഒന്നും പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നവും കാണാനില്ല. ഒടുവിൽ ഫിസിയോതെറാപ്പി നിർദ്ദേശിക്കും. പക്ഷേ ഫിസിയോതെറാപ്പിയൊന്നും എനിക്ക് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല, ഫിസിയോ ചെയ്യാൻ തുടങ്ങിയതോടെ പലപ്പോഴും സ്ഥിതി കൂടുതൽ വഷളായി.
‘ഷെഫ്’ എന്ന ഹിന്ദി സിനിമ ഇറങ്ങി കഴിഞ്ഞ്, 2018 അവസാനത്തോടെയാണ് ഈ പ്രശ്നം തുടങ്ങുന്നത്. പ്രശ്നം ഭീകരമായാരു അവസ്ഥയിലേക്ക് എത്തിയത് 2019 പകുതിയോടെയാണ്. അവിടുന്നങ്ങോട്ട് ഒരു 18 മാസത്തോളം ശരിക്കും കഷ്ടപ്പെട്ടു. വേദനയും നീരും കൂടിയും കുറഞ്ഞുമിരിക്കും. എങ്ങനെയാണ് ആ അവസ്ഥയെ കുറിച്ച് പറയുക എന്നറിയില്ല, പലപ്പോഴും വിശദമായി എഴുതണം എന്നോർത്തിട്ടുണ്ട്. ശരിക്കും നടക്കാൻ സാധിക്കുമായിരുന്നില്ല, വേദന മാത്രമല്ലായിരുന്നു പ്രശ്നം. നടക്കാൻ ശ്രമിച്ചാൽ മസിലിനു ടെൻഷനാവും, കാലിലേക്ക് ഫ്ളൂയിഡ് വന്ന് കാലു വീങ്ങി വീർത്തു വരും. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം നിറയെ തലയണ വച്ച് അതിനു മുകളിൽ കാലു കയറ്റി വച്ച് വിശ്രമിക്കും.
ഇന്നലെ വരെ നമ്മൾ ആഗ്രഹത്തോടെയും എളുപ്പത്തിലും ചെയ്ത കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ ചെയ്യാൻ കഴിയാതെ വരികയെന്നത് സങ്കടമാണ്. ശരീരം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ചലിക്കാതെയാവുമ്പോഴും, മനസ്സിന് ആ ‘റിയാലിറ്റി’യോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാവും. ഡാൻസർ, ബാസ്കറ്റ് ബോൾ പ്ലെയർ, അഭിനേത്രി ഈ നിലകളിലെല്ലാം മൂവ്മെന്റ് എന്നത് വളരെ അവിഭാജ്യമായൊരു ഘടകമാണല്ലോ. അതിനു കഴിയാതെ വരുമ്പോൾ സൈക്കളോജിക്കലായി തന്നെ പ്രതിരോധിക്കാനുള്ള ഒരു പ്രവണത തോന്നും. ഒന്നു ഭേദമായി എന്നു തോന്നുമ്പോൾ ഞാൻ കൂടുതൽ വ്യായാമം ചെയ്യാൻ ശ്രമിക്കും. 7-8 കിലോമീറ്ററൊക്കെ പതിവായി നടന്നിരുന്ന ആളാണ് ഞാൻ, അതേ ദിനചര്യ തന്നെ പിന്തുടരാൻ ശ്രമിച്ചു. ഇടയ്ക്ക് ഡാൻസ് ക്ലാസ്സിനു പോയി ചേർന്നു. എന്നാൽ, അതെല്ലാം ശരീരത്തിനു കൂടുതൽ പരുക്കേൽപ്പിക്കുകയായിരുന്നു.
ആഗ്രഹിക്കുന്നതു പോലെ ശരീരം ചലിപ്പിക്കാനാവുന്നില്ല എന്ന വസ്തുത വൈകാരികമായും മാനസികമായും അസ്വസ്ഥമാക്കി തുടങ്ങി. അതേ സമയം, ശരീരഭാരം കൂടിവരികയും ചെയ്യുന്നു. അതു വരെ ഒരിക്കലും 58ൽ മുകളിലേക്ക് എന്‍റെ ശരീരഭാരം പോയിരുന്നില്ല. എത്രയോ വർഷമായി ഒരു അത്ലറ്റിക് ബോഡി പരിപാലിച്ചു കൊണ്ടു വന്നതായിരുന്നു. പെട്ടെന്ന് ഭാരം കൂടിയതോടെ അതെങ്ങനെ മാനേജ് ചെയ്യണമെന്നുപോലും അറിയാതെയായി. സുഗമമായി ചലിക്കാൻ പറ്റുന്നില്ല, വസ്ത്രങ്ങളൊക്കെ പാകമല്ലാതാവുന്നു. ആ സമയത്ത് ഞാൻ ഫോട്ടോകളിൽ പോലും വരാതിരിക്കാൻ ശ്രമിച്ചു. സോഷ്യൽ ഫംഗ്ഷനുകളിൽ നിന്നെല്ലാം അകന്നു നിന്നു. 9-5 ജോലിയായതുകൊണ്ട് ഞാൻ ആളുകളുമായി കൂടുതലും ഓൺലൈനിലായിരുന്നു സംസാരിച്ചിരുന്നത്. എന്‍റെ ഫിസിക്കൽ പ്രസൻസ് എവിടെയും വരുന്നുണ്ടായിരുന്നില്ല. സത്യത്തിൽ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങൾ മുൻപു തന്നെ എന്‍റെ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു. അതു കൊണ്ടാവും പിന്നീട് കോവിഡ് ലോക്ക്ഡൗൺ വന്നപ്പോൾ അതൊരു നോർമലായ കാര്യമായി എനിക്ക് അനുഭവപ്പെട്ടത്.
എങ്ങനെയാണ് ആ അവസ്ഥയെ മറി കടന്നത്?
എന്താണ് യഥാർത്ഥ പ്രശ്നമെന്ന് മനസ്സിലാക്കാതെ, ഞാനെന്‍റെ ശരീരത്തിന് അനാവശ്യമായ പ്രഷർ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു തരം ഡിപ്രഷനിലൂടെയാണ് കടന്നു പോവുന്നത് എന്ന് ഞാനറിയുന്നു പോലുമുണ്ടായിരുന്നില്ല. അതൊരു ‘സൈക്കിൾ’ പോലെ തുടർന്നു കൊണ്ടിരുന്നു. അതിനെയൊന്ന് ബ്രേക്ക് ചെയ്ത് പുറത്തു കടക്കാൻ ശ്രമം തുടങ്ങുന്നത് കോവിഡ് സമയത്താണ്. മിക്കയാളുകളും കോവിഡ് ടൈമിൽ അൺഹെൽത്തി ആയപ്പോൾ, ഞാൻ കോവിഡ് ടൈമിലാണ് എന്‍റെ ആരോഗ്യം തിരിച്ചുപിടിച്ചു തുടങ്ങിയത്.
ഭാഗ്യത്തിന് എനിക്കൊരു നല്ല ട്രെയിനറെ കിട്ടി, ദിഷാന്ത് തരേജ. നാലു മാസം കൊണ്ട് ബെഡ്ഡിൽ നിന്ന് എണീറ്റ് നിന്ന് 45 മിനിറ്റോളം കുഴപ്പമില്ലാതെ ചലിക്കാവുന്ന രീതിയിലേക്ക് ദിഷാന്തിന്‍റെ ട്രെയിനിംഗ് എന്നെ എത്തിച്ചു. പത്തു സ്ക്വാറ്റ് ചെയ്താൽ അതെന്നെ സംബന്ധിച്ച് എക്സ്ട്രാ ഓർഡിനറി അച്ചീവ്മെന്റായിരുന്നു ആ സമയത്ത്. ഭക്ഷണത്തിൽ ഏറെ മാറ്റങ്ങൾ വരുത്തി, കുറേ വ്യായാമങ്ങൾ… എല്ലാ ദിവസവും ദിഷാന്ത് ചിട്ടയോടെ വ്യായാമങ്ങൾ ചെയ്യിപ്പിക്കും. ന്യൂട്രീഷനിസ്റ്റായ ജിവി ശശി, റിതേഷ് ഭാവ്‌രി എന്നിവരുടെ നിർദ്ദേശങ്ങളും ഏറെ ഗുണം ചെയ്തു. കോവിഡ് സമയമായതിനാൽ പുറത്തിറങ്ങി നടക്കുന്നതും വ്യായാമം ചെയ്യുന്നതും സാധ്യമായിരുന്നില്ല. ആറു മാസത്തോളമെടുത്തു, ബ്രേക്ക് ഇല്ലാതെ 15 സ്ക്വാറ്റ്സ് ഒറ്റ സ്ട്രെച്ചിൽ ചെയ്യാവുന്ന പരുവത്തിൽ എത്താൻ. കുട്ടികൾ നടക്കാൻ പഠിക്കുന്നതു പോലെ വളരെ സാവകാശമായിരുന്നു എന്‍റെ റിക്കവറി.
ആ സമയത്ത് ഭർത്താവ് ജാസ്മിന്‍റെ ഭാഗത്തു നിന്നുള്ള പിന്തുണയെ കുറിച്ചും എടുത്തു പറയാതെ വയ്യ. എന്‍റെ സ്പെഷൽ ഡയറ്റ് തന്നെ അദ്ദേഹവും ഫോളോ ചെയ്യാൻ തുടങ്ങി. വളരെ ഹെൽത്തിയായ ആളാണ് ജാസ്മിൻ, ലോങ് ഡിസ്റ്റൻസ് മാരത്തോൺ റണ്ണറാണ്. എന്നിട്ടും ആൾ എനിക്കൊപ്പം ഡയറ്റ് ചെയ്ത് 10 കിലോയോളം കുറച്ചു. അത്തരമൊരു സപ്പോർട്ട് വളരെ പ്രധാനമായിരുന്നു ആ സമയത്ത്. എല്ലാവരും കോവിഡ് കാലത്ത് ദിനചര്യയിൽ മാറ്റം വരുത്തി, വീടിനകത്ത് ഒതുങ്ങിയിരിക്കുമ്പോൾ, ഞാൻ രാവിലെ നേരത്തെയെണീറ്റ് വ്യായാമം ചെയ്ത്, കൃത്യമായ ഡയറ്റ് നോക്കി, സ്വയം മോട്ടിവേറ്റ് ചെയ്ത് എന്‍റെ ശരീരത്തോട് തന്നെ മത്സരിക്കുകയായിരുന്നു.
വെല്ലുവിളിയേറിയ ആ സമയം തന്ന തിരിച്ചറിവുകൾ എന്തൊക്കെയാണ്?
ഞാനെന്‍റെ ശരീരത്തെ കൂടുതൽ മനസ്സിലാക്കിയ കാലയളവാണത്. പരമ്പരാഗതമായ ഡാൻസ് പരിശീലനത്തിൽ നമ്മൾ ആദ്യം മുതൽ അവസാനം വരെ ക്രമത്തിൽ ഓരോ സ്റ്റെപ്പുകളായി ചെയ്ത് ശരീരം വാമപ്പ് ചെയ്തൊക്കെയാണ് തുടങ്ങുന്നത്. പക്ഷേ ഇപ്പോൾ പലപ്പോഴും നേരിട്ട് വർണ്ണമൊക്കെയാണ് ചെയ്യുന്നത്. ഇതൊക്കെ ശരീരത്തിനു അധികമായ പ്രഷർ നൽകിയിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല, 20കളിൽ ഭക്ഷണകാര്യങ്ങളിലും മറ്റും ഞാൻ കുറച്ചു ശ്രദ്ധക്കുറവ് കാണിച്ചിട്ടുണ്ട്. ആ ദിനചര്യയുടെ കുഴപ്പങ്ങളുമാവാം മുപ്പതുകളിൽ പ്രതിഫലിക്കുന്നത്. ഇതെല്ലാം തമ്മിൽ ബന്ധമുണ്ടാവാം, കാരണം ശരീരം വളരെ സങ്കീർണ്ണമായൊരു മെഷീനാണല്ലോ! നമ്മൾ നമ്മുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കുക എന്നത് പരമപ്രധാനമാണ്. നമുക്കൊരു വേദന വന്നാൽ ശരീരം എന്തോ കുഴപ്പമുണ്ടെന്ന് താക്കീത് തരുന്നതാണെന്ന് മനസ്സിലാക്കി ശ്രദ്ധ നൽകണം. അപ്പോൾ വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നാൽ പിന്നീട് കൂടുതൽ വഷളാവും. പലപ്പോഴും ഗുരുതരമായ അസുഖങ്ങളിലേക്ക് നയിക്കുന്നത് ഇത്തരം ചെറിയ അശ്രദ്ധകളാവും.
മറ്റൊരു വലിയ തിരിച്ചറിവ്, നമ്മൾ തന്നെയാണ് നമ്മുടെ പരിമിതികളും അതിർത്തികളും നിർണയിക്കുന്നത് എന്നതാണ്. നമുക്കുള്ളിലെ ഇച്ഛാശക്തിയുടെ കരുത്ത് കൂടുതൽ മനസ്സിലാക്കിയ ഒരു സമയം കൂടിയാണ് കടന്നു പോയത്. സൂര്യ വേദിയിൽ ഒന്നര മണിക്കൂർ, ബുദ്ധിമുട്ടില്ലാതെ തുടർച്ചയായി നൃത്തം ചെയ്യാൻ കഴിഞ്ഞത്, എന്നെ സംബന്ധിച്ച് വളരെ വലിയ വിജയമാണ്. ആ നിമിഷത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പവുമായിരുന്നില്ല.
സൂര്യ ഫെസ്റ്റിവലിലേക്കുള്ള ക്ഷണം വന്നപ്പോൾ വീണ്ടും ഡാൻസ് ചെയ്യാനാവുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നോ?
സൂര്യ ഫെസ്റ്റിവലിൽ ഡാൻസ് ചെയ്യണമെന്ന് സൂര്യ കൃഷ്ണമൂർത്തി സാർ ആദ്യം പറയുമ്പോൾ ‘ഓപ്പണിംഗ് സോളോ പെർഫോമൻസ്’ എന്ന രീതിയിൽ അല്ല പറഞ്ഞത്. ആറാമത്തെയോ ഏഴാമത്തെയോ ദിവസം ഗ്രൂപ്പ് പെർഫോമൻസ് എന്ന രീതിയിലായിരുന്നു. എന്നാൽ പരിപാടിയ്ക്ക് കൃത്യം ഒരാഴ്ച മുൻപാണ് ഓപ്പണിംഗിലെ സോളോ പെർഫോമൻസ് പ്രിയ ചെയ്യണമെന്ന് സാർ വിളിച്ചു പറയുന്നത്. നല്ല ടെൻഷനുണ്ടായിരുന്നു അപ്പോൾ. അദ്ദേഹം തന്ന ഗംഭീരമായ പിന്തുണയും എന്‍റെ തീവ്രമായ ആഗ്രഹവും പരിശീലനവും ഗുരുക്കന്മാരുടെയും കുടുംബത്തിന്‍റെയും പിന്തുണയും കൊണ്ട് മാത്രമാണ് ആ സ്റ്റേജിൽ എനിക്ക് നൃത്തം ചെയ്യാനായത്.

പ്രോഗ്രാമിന്‍റെ തലേ ദിവസം റിഹേഴ്സലിൽ വരെ കാലിൽ നീരു വന്ന് ഇടയ്ക്ക് വേദനിച്ചിരുന്നു. എന്നാൽ പ്രോഗ്രാമിന്‍റെ അന്ന് എനിക്ക് യാതൊരു ക്ഷീണവും തോന്നിയില്ല. ഞാനത്ര വിശ്വാസിയായ ആളൊന്നുമല്ല, പക്ഷേ കല, മനുഷ്യരുടെ ഇച്ഛാശക്തി അതിലൊക്കെ ആത്മീയമായ ചില ഘടകങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായത് അന്നാണ്. മുൻപ് പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും സമാന അവസ്ഥയിലൂടെ കടന്നു പോയപ്പോഴാണ് എനിക്കത് കൃത്യമായി ബോധ്യമായത്. വളരെ വൈകാരികമായ നിമിഷമായിരുന്നു എനിക്കത്. അതൊരു മേജർ പുഷായിരുന്നു എന്നെ സംബന്ധിച്ച്.
ഇപ്പോൾ കൂടുതൽ കോൺഫിഡൻസുണ്ട്. ഇരുപതുകളിൽ ഉണ്ടായിരുന്നതിനേക്കാൾ ആത്മവിശ്വാസം ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. അന്ന് ഇതിലേറെ എനർജിയുണ്ടായിരുന്നു, എന്നാൽ ഇന്ന് സ്വന്തം കലയില്‍ ഉള്ള ആത്മവിശ്വാസം അതിലുമേറെയാണ്. നൃത്തത്തിലൂടെ എന്താണ് സംവേദനം ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ധാരണയ്ക്ക് വ്യക്തത വന്നിട്ടുണ്ട്. ഇരുപത് വയസ്സിൽ കലയെ കുറിച്ചുള്ള എന്‍റെ മനസ്സിലാക്കൽ അല്ല ഇപ്പോഴുള്ളത്. പരമ്പരാഗതമായ കാര്യങ്ങൾ മാത്രമല്ല, സമകാലികമായ കാര്യങ്ങൾ കൂടി നൃത്തത്തിലേക്ക് സമന്വയിപ്പിക്കണം എന്നാണ് ആഗ്രഹം. എന്‍റെ കാലത്തിന്‍റെ സംഗീതവും സാഹിത്യവുമൊക്കെ അടയാളപ്പെടുത്തുന്ന പെർഫോമൻസുകൾ നടത്തണമെന്നുണ്ട്. വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ ഞാനതിനു ശ്രമിക്കും. എത്രത്തോളം വേദികളിൽ പെർഫോം ചെയ്യുന്നു എന്നതല്ല, എന്‍റെ നൃത്തം ആരോടാണ് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടതെന്നതിനെ കുറിച്ചുള്ള ധാരണയോടെ പെർഫോം ചെയ്യുക എന്നതിനാണ് ഇനിയങ്ങോട്ട് പ്രാധാന്യം നൽകുക.

മൂന്നു വയസ്സിലാണ് ഞാൻ നൃത്തം പഠിച്ചു തുടങ്ങുന്നത്, നാലര വയസ്സിൽ ആദ്യത്തെ സ്റ്റേജ് പ്രോഗ്രാം നടത്തി. അമ്മയാണ് നൃത്തത്തിനോടും സംഗീതത്തോടുമുള്ള എന്‍റെ അഭിരുചി കണ്ടെത്തിയത്. വളരെ ചെറുപ്പത്തിൽ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു, പക്ഷേ ഡാൻസ് ചെയ്യാൻ തുടങ്ങിയതോടെ അതെല്ലാം മാറി. ചെറുപ്പം മുതലെ ജൈവികവും വൈകാരികവുമായ ഒരു കണക്ഷൻ ഞാനും നൃത്തവുമായുണ്ട്. ഇടയ്ക്ക് മറന്നു പോയ ആ കണക്ഷൻ വീണ്ടെടുത്തിരിക്കുകയാണ് ഞാനിപ്പോൾ.