scorecardresearch

Anandam Paramanandam Movie Review & Rating: നന്മയുടെ അതിപ്രസരം; 'ആനന്ദം പരമാനന്ദം' റിവ്യൂ

കാലം മാറിയത് അറിയാതെയുള്ള പല രംഗങ്ങളും, റിഗ്രസിവ് എന്ന് പറയാവുന്ന വാർപ്പ് മാതൃകകളും 'ആനന്ദം പരമാനന്ദ'ത്തിൽ ഒരുപാടുണ്ട്

കാലം മാറിയത് അറിയാതെയുള്ള പല രംഗങ്ങളും, റിഗ്രസിവ് എന്ന് പറയാവുന്ന വാർപ്പ് മാതൃകകളും 'ആനന്ദം പരമാനന്ദ'ത്തിൽ ഒരുപാടുണ്ട്

author-image
Aparna Prasanthi
New Update
Anandam Paramanadam, Anandam Paramanadam Movie Review, Anandam Paramanadam Rating, Anandam Paramanadam review

Anandam Paramanandam Movie Review & Rating: ഒരു കാലത്ത് ഉത്സവകാല റിലീസുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം ഡിമാൻഡുള്ള യോണറായിരുന്നു ഹാസ്യ സിനിമകൾ. ഷാഫി അത്തരം സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റാക്കുന്നതിൽ ഏറ്റവുമധികം വിജയിച്ച സംവിധായകരിലൊരാളാണ്. ആ സിനിമകളിലെ ഹാസ്യം രണ്ടോ മൂന്നോ രംഗങ്ങളിൽ മാത്രം ബാക്കി വയ്ക്കുന്ന സിനിമയാണ് 'ആനന്ദം പരമാനന്ദം.' ബാക്കി ഭാഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സന്തോഷവും നന്മയും മാത്രമാണ്. പലപ്പോഴും അത്രയും നന്മയുടെ ആവശ്യമുണ്ടോയെന്നു സമകാലിക സിനിമ പ്രേക്ഷകരെ കൊണ്ട് പലയിടങ്ങളിലും ചിന്തിപ്പിച്ചാണ് 'ആനന്ദം പരമാനന്ദം' തുടങ്ങിയവസാനിക്കുന്നത്.

Advertisment

ഒരു ശുദ്ധാത്മാവിന്റെ കഥ എന്നൊരു ടാഗ്‌ലൈനും സിനിമയ്ക്കുണ്ട്. ആ ടാഗ്‌ലൈൻ കഴിഞ്ഞു സിനിമ കാണുമ്പോൾ ശുദ്ധത അല്പം കൂടിപ്പോയോയന്നു തോന്നാം. എന്തായാലും ഒരു ടിപ്പിക്കൽ ഷാഫി സിനിമയുടെ യാതൊരു ചേരുവകളും 'ആനന്ദം പരമാനന്ദ'ത്തിലില്ല. ഇന്ദ്രൻസ്, ഷറഫുദ്ധീൻ, അജു വർഗീസ്, അനഘ നാരായണൻ, ബൈജു സന്തോഷ്‌, നിഷ സാരംഗ് തുടങ്ങി ഹാസ്യം കൈകാര്യം ചെയ്യാൻ വലിയ താരനിര തന്നെ സിനിമയിലുണ്ട്. പക്ഷേ സ്ക്രീൻ സ്പേസ് എല്ലാവർക്കും കൃത്യമായി നൽകാനാവാതെ തിരക്കഥ വിഷമിക്കുന്നതു പോലെ തോന്നി.

മദ്യപാനത്തിനടിമകളായ അച്ഛനും ഭർത്താവിനുമിടയിൽ കഷ്ടപ്പെടുന്ന അനുപമ എന്ന സ്ത്രീയുടെയും അവരുടെ അമ്മയുടെയും കഥയാണു പ്രാഥമികമായി 'ആനന്ദം പരമാനന്ദം.' മദ്യപരുടെ കുടുംബത്തിൽ സംഭവിക്കുന്ന കഥകൾ കാലങ്ങളായി സിനിമയും പോപ്പുലർ ഫിക്ഷനുമൊക്കെ ഒരു പ്രത്യേക രീതിയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. ആ കാര്യങ്ങളുടെ അതേ പടിയുള്ള ആവർത്തനമാണ് 'ആനന്ദം പരമാനന്ദം.' ഹാസ്യത്തിന്റെ, വൈകാരികതയുടെ, സംഭവ വികാസങ്ങളുടെ, തുടർച്ചയുടെ ഒക്കെ കാലങ്ങളായുള്ള ആവർത്തനം. മനുഷ്യരുടെ കഥ എല്ലായിടത്തും ഒന്നാണെന്നോ അല്ലെങ്കിൽ കാലങ്ങളായുള്ള ആവർത്തനവിരസതയെന്നോ പ്രേക്ഷകർക്കു വിവേചനാധികാരം ഉപയോഗിച്ചു തീരുമാനിക്കാം. പക്ഷേ ഒരു സിനിമയെന്ന രീതിയിൽ 'ആനന്ദം പരമാനന്ദം' ഉണ്ടാക്കുന്ന അനുഭവത്തിനു യാതൊരു പുതുമയുമില്ല. കഥയുടെ നിർമിതിയിൽ കൊണ്ടു വരാൻ ശ്രമിച്ച പുതുമയും പാതിയിൽ തീർത്തതു പോലെ തോന്നി.

Advertisment

മദ്യപാനത്തിനടിമകളായവരുടെ കുടുംബ ജീവിതത്തിൽ സംഘർഷങ്ങളുണ്ടാവുമെന്നതിൽ യാതൊരു സംശയവുമില്ല. അതുണ്ടാക്കുന്ന ആഘാതം വളരെ ഗുരുതരവുമാണ്. പക്ഷേ ഇതു വലിയ സ്‌ക്രീനിൽ ഏതു രീതിയിൽ എടുക്കുന്നുവെന്നതു പ്രധാനമാണ്. 'ലൈറ്റ്-ഫീൽ ഗുഡ്' സിനിമയിൽ ഇടയ്ക്ക് വലിയ വൈകാരികത നിറഞ്ഞു നിൽക്കുന്നത് ആസ്വാദ്യമാവുമോയെന്നതും സംശയമാണ്. കുടുംബത്തിന്റെ, സ്ത്രീകളുടെ ത്യാഗം, സഹനം, കണ്ണുനീർ ഒക്കെ എത്ര കണ്ട് വിറ്റു പോകുമെന്നു സംശയമാണ്. കാലം മാറിയത് അറിയാതെയുള്ള പല രംഗങ്ങളും, റിഗ്രസിവ് എന്ന് പറയാവുന്ന വാർപ്പ് മാതൃകകളും 'ആനന്ദം പരമാനന്ദ'ത്തിൽ ഒരുപാടുണ്ട്. അത് ഇപ്പോഴുള്ള പ്രേക്ഷകരുടെ സിനിമാ പ്രേക്ഷകർക്ക് എത്ര കണ്ട് സ്വീകരിക്കാനാവുമെന്നു സംശയമാണ്.

അറുപതുകൾ മുതൽ രണ്ടായിരത്തിന്റെ തുടക്കം വരെ നിരവധി സിനിമകൾ മദ്യപരുടെ ജീവിതത്തെ ആവിഷ്കരിച്ചിട്ടുണ്ട്. ഹാസ്യവും മെലോ ഡ്രാമയും ഒക്കെ ഇതേ വിഷയത്തെ മുൻനിർത്തി പുറത്തുവന്നിട്ടുണ്ട്. അവിടുന്ന് മുന്നോട്ടുപോയപ്പോൾ സിനിമയുടെ സാങ്കേതികതയും കഥ പറച്ചിൽ രീതിയും ഒരുപാട് മാറി. പഴയ രീതിയിലുള്ള വൈകാരികമായ കഥ പറച്ചിലുകൾ തീയറ്ററുകളിൽ ആളെ കൂട്ടാതായി. കാലം തെറ്റി വന്ന കഥ, സിനിമ എന്നൊക്കെ അത്തരം സിനിമകളെക്കുറിച്ച് ആളുകൾ പറയാൻ തുടങ്ങി. അത്തരത്തിൽ പെട്ട സിനിമയാണ് ആനന്ദം പരമാനന്ദം. ഷറഫുദ്ദീന്റെയും ബൈജുവിന്റെയും നിഷ സാരംഗിന്റെയും ഇവരോട് ഒപ്പം നിൽക്കുന്ന താരതമ്യേന പുതുമുഖമായ അനഘയുടെയും പ്രകടനം മാത്രമാണു സിനിമയുടെ ഹൈലൈറ്റ്.

മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ സിനിമയിൽ ഉപയോഗിക്കാൻ ശ്രമം നടത്തിയുണ്ട്. പക്ഷേ ആയുഷ്ക്കാലവും വിസ്മയവും ഉണ്ടാക്കിയ ഇംപാക്ട് ഒരിടത്തുമുണ്ടാക്കാൻ ആ സാധ്യതയ്ക്കു കഴിഞ്ഞിട്ടില്ല. പ്രേക്ഷകർക്കു കഥാപാത്രങ്ങളുമായി എത്രത്തോളം ആത്മബന്ധമുണ്ടാക്കാനാവുമെന്നതു സംശയമാണ്. ഷാഫിയെ ഹിറ്റ്‌ മേക്കർ ആക്കിയ ഹാസ്യരംഗങ്ങളാണ് ആനന്ദം പരമാനന്ദത്തിനും പ്രേക്ഷകരെ ഉണ്ടാക്കിയത്. പക്ഷേ ആ സാധ്യതയെയും വിശാലമായ അർത്ഥത്തിൽ സിനിമ ഉപയോഗിച്ചിട്ടില്ല. ഒരു അവധിക്കാല ഹാസ്യം ചിത്രമാക്കാൻ സിനിമയ്ക്കു സാധിച്ചിട്ടേ ഇല്ല.

സന്ദേശങ്ങൾ നൽകുന്ന നന്മയുടെ പാഠങ്ങൾ പ്രേക്ഷകരെ പഠിപ്പിക്കുന്ന സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ആനന്ദം പരമാനനന്ദം രസിപ്പിച്ചേക്കാം. സന്ദേശം നൽകുന്ന ഡോക്യു ഫിക്ഷൻ സ്വഭാവുമുള്ള പഴയ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും ആനന്ദം പരമാനന്ദം രസിപ്പിച്ചേക്കാം.

Movie Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: