Naalam Mura Movie Review & Rating: മലയാളത്തിന്റെ സിനിമാ നിഘണ്ടുവിൽ അടുത്തിടെ വലിയ പ്രചാരം നേടിയ ഒരു വാക്കാണ് എക്സ്റ്റൻഡഡ് ഷോർട്ട് ഫിലിം. കഥയുടെയും നിർമിതിയുടെയും രീതി, സമയം, പരിസരം, പശ്ചാത്തലം ഒക്കെ ഒരു ഷോർട്ട് ഫിലിമിന്റെ ചട്ടകൂടുകൾ പിൻപറ്റുന്ന സിനിമകളെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ‘നാലാം മുറ’ പല സമയത്തും ആ സ്വഭാവം പേറുന്ന സിനിമയാണ്.
വളരെ പതിഞ്ഞ പേസിൽ നടക്കുന്ന ഒരു കുറ്റാന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. പലപ്പോഴും ഇരുണ്ട മുറിക്കുള്ളിൽ നടക്കുന്ന ചോദ്യം ചെയ്യലിലൂടെയാണ് കഥയും സിനിമയും മുന്നോട്ട് നീങ്ങുന്നത്. ഇതിലേക്ക് കാണികളേ എത്തിക്കാനാവുമോ ഇല്ലയോ എന്നത് മാത്രമാണ് ഈ സിനിമയുടെ ഒരേയൊരു സാധ്യത. ആ സാധ്യതയിലേക്ക് ‘നാലാം മുറ’ എത്തിയോ ഇല്ലയോ എന്ന് ചോദിച്ചാൽ ചിലയിടങ്ങളിൽ എത്തി എന്നും മറ്റു ചിലയിടങ്ങളിൽ അതിനു സാധിച്ചില്ല എന്നും പറയേണ്ടി വരും.
ആദ്യത്തെ ചില ഭാഗങ്ങളിൽ ത്രില്ലർ സിനിമയുടെ സാധ്യതകൾ ‘നാലാം മുറ’ ഉപയോഗിച്ചു. പക്ഷേ മറ്റു ചിലയിടങ്ങളിൽ നേരത്തെ പറഞ്ഞ എക്സ്റ്റൻഡഡ് ഷോർട്ട് ഫിലിം ആയി ചിത്രമൊതുങ്ങുകയും ചെയ്തു.
മലയാളം സിനിമകൾ പൊതുവെ കുറ്റംകൃത്യങ്ങളുടെ പശ്ചാത്തലമായി ഉപയോഗിക്കുന്നത് ഹിൽ സ്റ്റേഷനുകളാണ്. ‘നാലാം മുറ’ യിലും അതിനു യാതൊരു വ്യത്യാസവുമില്ല. ഇടുക്കികാരനായ, നിഷ്കളങ്കമായ പ്രവാസിയെ ക്രൈം ബ്രാഞ്ച് സംഘം അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതും തുടർന്ന് നടക്കുന്ന അവിചാരിതവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ‘നാലാം മുറ’ യുടെ കഥ മുന്നോട്ട് നീങ്ങുന്നത്. തീർത്തും വ്യത്യസ്തമായ അന്വേഷണ രീതിയിലൂടെയാണ് ചിത്രത്തിലെ ക്രൈമും അതിനു പിന്നിലെ ലക്ഷ്യവുമൊക്കെ കാണികൾക്ക് മുന്നിലേക്ക് കടന്നു വരുന്നത്.
ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിലയർ, പ്രശാന്ത്, ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീലു എബ്രഹാം എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വളരെ കുറച്ച് താരങ്ങളിലൂടെ വളരെ കുറച്ച് ലൊക്കെഷനിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു.
നായകൻ / വില്ലൻ സംഘർഷങ്ങൾക്ക് പകരം രണ്ട് ശരികൾ അല്ലെങ്കിൽ നീതികൾ തമ്മിലുള്ള യുദ്ധം മലയാളത്തിൽ സമീപ കാലത്ത് പരീക്ഷിച്ചു വിജയിച്ച ഒരു ഫോർമുലയാണ്. ‘അയ്യപ്പനും കോശി’യിലൂടെ ബിജു മേനോനും ‘മിന്നൽ മുരളി’യിലൂടെ ഗുരു സോമസുന്ദരവും ഈ ഫോർമുലയെ വിജയത്തിലെത്തിക്കുന്നയത്തിൽ വലിയ പങ്ക് വഹിച്ച നടന്മാരാണ്. അവരൊന്നിച്ചുള്ള അത്തരം സംഘർഷങ്ങളുടെ സാധ്യതയെ സിനിമ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഗുരു സോമസുന്ദരത്തിന്റെ പാത്ര സൃഷ്ടിയും സംഭാഷണങ്ങൾ പോലും പലയിടങ്ങളിലും ‘മിന്നൽ മുരളി’യിലെ ഷിബുവിനെ ഓർമിപ്പിച്ചു. ഇരുവരുടെയും പല ജീവിത സന്ദർഭങ്ങളും ഒന്ന് തന്നെയാണ്. തമിഴ് സംസാരിക്കുന്ന, മാനസിക സംഘർഷങ്ങൾ പേറുന്ന വില്ലന്മാരുടെ പതിവ് മാനറിസങ്ങളെല്ലാം അയാളിൽ കുത്തി നിറക്കാൻ ശ്രമിച്ചത് പോലെ തോന്നി. ബിജു മേനോനും അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളുടെ തുടർച്ചയിൽ നിന്നു. കാലങ്ങളായി വനിതാ ഐ പി എസ് ഉദ്യോഗസ്ഥകളെ അവതരിപ്പിക്കുന്ന അതേ രീതി ‘നാലാം മുറ’യും പിന്തുടർന്നു. സിനിമക്ക് വേണ്ടി യഥാർത്ഥത്തിൽ സൃഷ്ടിച്ചു ചർച്ചയായ ലോൺലി സുമ എന്ന അക്കൗണ്ടിനും വലിയ ഇമ്പാക്ട് സ്ക്രീനിൽ ഉണ്ടാക്കാൻ പറ്റിയിട്ടില്ല.
വയലൻസിന്റെയും നായകന്റെ അതിബുദ്ധിയുടെയും അതിപ്രസരമില്ലാതെ കഥയെയും കേസ് അന്വേഷണത്തെയും മുന്നോട്ട് കൊണ്ട് പോകുന്നത് കാണാൻ കൗതുകയുണ്ടായിരുന്നു. മാനസിക പിരിമുറുക്കങ്ങളിലൂടെ കുറ്റം തെളിയിക്കുന്ന രീതി മലയാള സിനിമയിൽ സി ബി ഐ സീരിസിലാണ് അധികം കണ്ടിട്ടുള്ളത്. ‘നാലാം മുറ’ ആദ്യ പകുതിയിൽ ആ ഫോർമുല നന്നായി ഉപയോഗിച്ചു. പക്ഷേ പിന്നീട് മോട്ടിവിന്റെയും തിരക്കഥയുടെയും ദൗർബല്യം ആ കൗതുകത്തെ മുഴുവനായും ഇല്ലാതാക്കി. പലപ്പോഴും സംഭാഷണങ്ങളിലെ കൃത്രിമത്വവും ആവർത്തന വിരസതയും സിനിമയുടെ രസംകൊല്ലികളായി.
ഓൺലൈൻ സിനിമാസ്വാദന കുറിപ്പുകളിൽ വളരെയധികം കേട്ട വാചകമാണ് ഒറ്റ തവണ കാണാവുന്ന സിനിമ. കുറെ ക്ളീഷെകൾ, ആവർത്തന വിരസതകൾ, ദുർബലമായ മോട്ടിവ് ഒക്കെയുള്ള ഒറ്റ തവണ കാണാവുന്ന സിനിമകളിലൊന്നാണ് ‘നാലാം മുറ.’