Ariyippu Movie Review & Rating: ലൊക്കാർണോ ചലച്ചിത്ര മേള, ബി എഫ് ഐ ലണ്ടൻ ചലച്ചിത്രമേള, എഫ്എഫ്‌കെ എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതിനു ശേഷം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 17 വർഷത്തിന് ശേഷം ലൊക്കാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതിയും അറിയിപ്പ് നേടിയിരുന്നു. ഒരു സിനിമാക്കാഴ്ച എന്നതിനേക്കാൾ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചാനുഭവമാണ് ‘അറിയിപ്പ്’ സമ്മാനിക്കുന്നത്.
മലയാളികളായ ഹരീഷും (കുഞ്ചാക്കോ ബോബൻ) രശ്മിയും (ദിവ്യ പ്രഭ) മെഡിക്കൽ ഗ്ലൗസുകൾ നിർമ്മിക്കുന്ന ഡൽഹിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. വിദേശത്തേക്ക് പോവണമെന്നും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതമുണ്ടാവണമെന്നുമാണ് ഇരുവരുടെയും സ്വപ്നം. അതിനായുള്ള ശ്രമങ്ങളിലാണ് ഹരീഷും രശ്മിയും. വർക്ക് ചെയ്യുന്ന കമ്പനിയിലെ സൂപ്പർവൈസർ അറിയാതെ രശ്മിയുടെ ഒരു സ്കിൽ വീഡിയോ ഷൂട്ട് ചെയ്ത് വിസ പ്രോസസിംഗിനായി അയക്കുകയാണ് ഹരീഷ്. എന്നാൽ ആ വീഡിയോ പിന്നീട് അശ്ലീലമായ ദൃശ്യങ്ങൾ കൂട്ടികലർത്തി വാട്സ് ആപ്പിൽ പ്രചരിക്കുന്നു. ഇത് ജോലി സ്ഥലത്തും ഇരുവരുടെയും ദാമ്പത്യത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. വീഡിയോയ്ക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികളെ കണ്ടെത്താനായി ഹരീഷ് കേസ് ഫയൽ ചെയ്യുകയാണ്. രശ്മിയേയും കടുത്ത സമ്മർദ്ദത്തിലേക്കാണ് തുടർന്നുള്ള സംഭവവികാസങ്ങൾ കൊണ്ടെത്തിക്കുന്നത്. താനല്ല ആ വീഡിയോയിൽ എന്നു തെളിയിക്കാനായി രശ്മി നടത്തുന്ന പോരാട്ടത്തിന്റെയും വീഡിയോയ്ക്ക് പിന്നിലെ സത്യമറിയാനായി ഹരീഷ് നടത്തുന്ന അന്വേഷണത്തിന്റെയും കഥയാണ് ‘അറിയിപ്പ്’.
കുഞ്ചാക്കോ ബോബൻ എന്ന നടനെയല്ല, അതിജീവനത്തിനായി പോരാടുന്ന ഹരീഷിനെ മാത്രമേ അറിയിപ്പിൽ കാണാനാവൂ. തനിക്കേൽക്കേണ്ടി വന്ന ചൂഷണങ്ങളോടു ചെറുത്തുനിൽക്കുന്ന രശ്മിയുടെ മാനസികാവസ്ഥകളെ കയ്യടക്കത്തോടെ ദിവ്യപ്രഭയും അവതരിപ്പിച്ചിട്ടുണ്ട്. പുകമഞ്ഞിൽ മറഞ്ഞുകിടക്കുന്ന ഡൽഹിയിലെ റോഡുകളും പ്രാന്തപ്രദേശങ്ങളും ഗ്ലൗസ് ഫാക്ടറിയുടെ പരിസരവുമെല്ലാം പുത്തനൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. നിറപ്പകിട്ടുകളൊന്നുമില്ലാത്ത ചിത്രത്തിലെ ഫ്രെയിമുകൾ ഒപ്പിയെടുക്കുന്നത് കഷ്ടപ്പാടുകളാൽ നരച്ചുപോയ ചില ജീവിതങ്ങളെ തന്നെയാണ്. സനു വർഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
കോവിഡ് കാലത്ത് ചിത്രീകരിച്ച ചിത്രം, ഓരോ ഫ്രെയിമിലും ആ കാലഘട്ടത്തെയും ഓർമ്മപ്പെടുത്തുന്നതാണ്. മാസ്ക് ധരിച്ച അഭിനേതാക്കളും തൊഴിലാളികളുമൊക്കെയാണ് ഭൂരിഭാഗം ഫ്രെയിമിലും നിറയുന്നത്. ടേക് ഓഫ്, സീ യൂ സൂൺ തുടങ്ങിയ ചിത്രങ്ങളിൽ നിന്നും ‘അറിയിപ്പി’ലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ എന്റർടെയിൻമെന്റ് മൂല്യത്തിനേക്കാളും കലാമൂല്യത്തിനാണ് മഹേഷ് നാരായണൻ പ്രാധാന്യം നൽകുന്നത്. ഏച്ചുക്കെട്ടലുകളിലാതെ, ചില യാഥാർത്ഥ്യങ്ങളെ/ മാനസികാവസ്ഥകളെ അതിന്റെ പരുക്കൻ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹേഷ് നാരായണൻ. തന്റെ ചിത്രങ്ങൾ ഒന്നും ലിറ്റററി വർക്കുകൾ അല്ല, ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ നിന്നും കണ്ടെടുക്കുന്നവയാണെന്ന് മഹേഷ് നാരായണൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ വാക്കുകളെ ശരിവയ്ക്കുന്ന ചിത്രമാണ് അറിയിപ്പും.