/indian-express-malayalam/media/media_files/uploads/2023/10/Ranveer-Singh-Ranbeer-Kapoor-Deepika.jpg)
കോഫി വിത്ത് കരൺ സീസൺ എട്ടിൽ അതിഥികളായി എത്തിയതായിരുന്നു ദീപികയും രൺവീറും
'കോഫി വിത്ത് കരൺ' സീസൺ എട്ടിന്റെ പ്രീമിയർ എപ്പിസോഡിൽ അതിഥികളായി എത്തിയത് രൺവീർ സിങ്ങും ദീപിക പദുക്കോണുമായിരുന്നു. ഇതാദ്യമായാണ് ദീപികയും രൺവീറും ഒന്നിച്ച് കോഫി വിത്ത് കരണിലെത്തുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതം കടന്നുപോയ പ്രതിബദ്ധങ്ങളെ കുറിച്ചുമൊക്കെ ഇരുവരും ഷോയിൽ മനസ്സു തുറന്നു.
'റാപ്പിഡ് ഫയർ' സെഗ്‌മെന്റിൽ കരൺ ജോഹറിന്റെ ഒരു ചോദ്യത്തിന് രൺവീർ നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ത്രികോണ പ്രണയകഥ വന്നാൽ ദീപികയ്ക്കും നിങ്ങൾക്കുമൊപ്പം ആര് അഭിനയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കരൺ ചോദിച്ചപ്പോൾ, രൺബീർ കപൂർ എന്നായിരുന്നു രൺവീറിന്റെ ഉത്തരം.
സംഗം റീമേക്ക് ചെയ്യാൻ കരൺ ജോഹർ ആഗ്രഹിച്ചിരുന്നല്ലോ, ആ ഐഡിയയ്ക്ക് എന്തു പറ്റിയെന്നും രൺവീർ തിരക്കി. “ഞങ്ങൾ മൂന്നുപേരെയുംം ചേർത്ത് സംഗം നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നല്ലോ. ആ പ്രൊജക്റ്റിന് എന്ത് സംഭവിച്ചു?" എന്ന രൺവീറിന്റെ ചോദ്യത്തിന് " എനിക്ക് എപ്പോൾ വേണമെങ്കിലും സംഗം ചെയ്യാം," എന്നായിരുന്നു കരണിന്റെ മറുപടി. ആ ചിത്രത്തിൽ നിങ്ങൾ ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് തീർച്ചയായും എന്നു ദീപിക മറുപടി നൽകുകയും ചെയ്തു.
റാപ്പിഡ് ഫയർ റൗണ്ടിൽ, റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ നിന്ന് 'ഡോല രേ ഡോല' പുനർനിർമ്മിക്കാൻ ഏത് സമകാലീന നടനെയാണ് താങ്കൾ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് രൺവീർ പറഞ്ഞതും രൺബീറിന്റെ പേരായിരുന്നു.
രൺബീറും ദീപികയും അവരുടെ സിനിമായാത്ര ആരംഭിച്ച കാലത്ത് തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ആ സമയത്ത് രൺബീർ തന്നെ ചതിച്ചുവെന്ന് ദീപിക പറഞ്ഞിരുന്നു. 2010-ൽ കോഫി വിത്ത് കരൺ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ദീപിക ഇക്കാര്യത്തെ കുറിച്ചു സംസാരിച്ചിരുന്നു. രൺബീറും ദീപികയും വേർപിരിഞ്ഞതിനു ശേഷം ഇരുവരും യേ ജവാനി ഹേ ദീവാനി, തമാശ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. രൺബീറിനുമായി പിരിഞ്ഞതിനു ശേഷം 2012ൽ ദീപിക രൺവീറുമായി ഡേറ്റിംഗ് തുടങ്ങി. 2015ൽ ഇരുവരും രഹസ്യമായി എൻഗേജ്മെന്റ് നടത്തുകയും 2018ൽ വിവാഹിതരാവുകയും ചെയ്തു. പിന്നീട് ആലിയ ഭട്ടുമായി രൺബീർ പ്രണയത്തിലായി. ഇരുവരും 2022 ഏപ്രിൽ 14ന് വിവാഹിതരായി. റാഹ കപൂർ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.
ദീപികയുമായി ആരാണ് മികച്ച കെമിസ്ട്രി പങ്കിടുന്നത് എന്ന ചോദ്യത്തിന് ഷാരൂഖ് ഖാൻ എന്നായിരുന്നു രൺവീറിന്റെ മറുപടി. അടുത്തിടെ ജവാൻ, പത്താൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിൽ ദീപികയും ഷാരൂഖും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ഹൃത്വിക് റോഷൻ, അന്തരിച്ച നടൻ ഇർഫാൻ ഖാൻ എന്നിവരെയാണ് താനുമായി മികച്ച കെമിസ്ട്രി പങ്കുവെച്ച അഭിനേതാക്കളായി ദീപിക തിരഞ്ഞെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.