/indian-express-malayalam/media/media_files/2025/01/07/9nDdumItUavtbiEi56Hq.jpg)
പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. അല്ലു അർജുൻ ആശുപത്രി സന്ദർശിച്ചപ്പോൾ തെലങ്കാന സ്റ്റേറ്റ് ഫിലിം ഡവലപ്മെൻ്റ് കോർപ്പറേഷൻ (എഫ്ഡിസി) ചെയർമാൻ ദിൽ രാജുവും കൂടെ ഉണ്ടായിരുന്നു. താരത്തിൻ്റെ സന്ദർശനം കണക്കിലെടുത്ത് ആശുപത്രിയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ നടനെ കാണാൻ ആരാധകർ ഒത്തുകൂടിയ സമയത്താണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീ മരിക്കുകയും അവരുടെ എട്ട് വയസ്സുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ അപകടത്തെ തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ആ കേസിൽ 11-ാം പ്രതിയാണ് അല്ലു അർജുൻ.
കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13ന് അല്ലു അർജുൻ അറസ്റ്റ് ചെയ്യപ്പെട്ടു. ഡിസംബർ 14ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജനുവരി 3ന് സിറ്റി കോടതി നടന് റെഗുലർ ജാമ്യവും അനുവദിച്ചു.
ജനുവരി അഞ്ചിന് തന്നെ അർജുൻ ആശുപത്രി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചില നിയമപ്രശ്നൾ ഉള്ളതിനാൽ പ്ലാൻ റദ്ദാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വൈദ്യ പരിചരണത്തിൽ തുടരുന്ന കുട്ടിയെ കുറിച്ച് താൻ വളരെയധികം ആശങ്കാകുലനാണെന്ന് അല്ലു അർജുൻ പത്രസമ്മേളനത്തിടെ പറഞ്ഞിരുന്നു. കുട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച അല്ലു, കുഞ്ഞിനെയും കുടുംബത്തെയും കാണാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ നിലവിലുള്ള നിയമനടപടികൾ കാരണം പെട്ടെന്ന് വേണ്ടെന്നാണ് നിയമവിദഗ്ധരുടെ ഉപദേശമെന്നും വ്യക്തമാക്കിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.